18 April Thursday

കശ്മീര്‍: വേണ്ടത് ശാശ്വതപരിഹാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2016


ജമ്മു കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ 'കമാന്‍ഡര്‍' ബുര്‍ഹാന്‍ വാനി സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് ജൂലൈ എട്ടിന് കൊല്ലപ്പെട്ടതോടെ കശ്മീര്‍താഴ്വരയില്‍ കലാപം കത്തിപ്പടരുകയാണ്. 43 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. താഴ്വരയില്‍ രണ്ടാഴ്ചയായി തുടരുന്ന സംഘര്‍ഷം കാരണം വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍പോലും നടക്കുന്നില്ല. നാലുദിവസമായി സംസ്ഥാനത്ത് വാര്‍ത്താപത്രങ്ങള്‍ ഇറങ്ങുന്നില്ല. ടെലിവിഷന്‍ സംപ്രേഷണത്തിനും ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്ക് വീണു. സുരക്ഷാസേന ഇടപെട്ടാണ് മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടതെന്നാണ് ആക്ഷേപം. വിവരങ്ങള്‍ കൈമാറാനും ജനങ്ങള്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കാനുമുള്ള എല്ലാ മാര്‍ഗങ്ങളും അധികൃതര്‍ അടച്ചിരിക്കുകയാണെന്നര്‍ഥം. പത്രസ്വാതന്ത്യ്രത്തിനുനേരെയുള്ള ആക്രമണമാണെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഇതിനെ കുറ്റപ്പെടുത്തിയത്. എന്നാല്‍, കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത് മാധ്യമങ്ങള്‍ക്ക് വിലക്ക് അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നാണ്. എന്തായാലും, കടുത്ത ഈ നടപടികള്‍ സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ രോഷം ശമിപ്പിക്കാനല്ല, മറിച്ച് രൂക്ഷമാക്കാനേ ഉപകരിക്കൂ. 

പുല്‍വാമ ജില്ലയിലെ ത്രാല്‍മേഖലയില്‍ ജനിച്ചുവളര്‍ന്ന ഇരുപത്തിരണ്ടുകാരനായ ബുര്‍ഹാന്‍ വാനി, തെക്കന്‍ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോക്കര്‍നാഗില്‍വച്ചാണ് സുരക്ഷാസേനയുമായുണ്ടായ 'ഏറ്റുമുട്ടലില്‍' രണ്ടു കൂട്ടുകാരോടൊപ്പം കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ്വരയില്‍ 1989 മുതല്‍ തുടരുന്ന തീവ്രവാദത്തിന്റെ പുതിയ തലമുറയുടെ പ്രതീകമായാണ് ബുര്‍ഹാന്‍ വാനിയെ വിലയിരുത്തുന്നത്. മുന്‍ സംഘര്‍ഷങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ മാനങ്ങള്‍ ഇപ്പോഴത്തേതിനുണ്ട്. കശ്മീരില്‍ തീവ്രവാദം തുടങ്ങുന്ന ഘട്ടത്തില്‍ പാകിസ്ഥാനില്‍നിന്നെത്തിയ തീവ്രവാദികളാണ് കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. കശ്മീരിലെ തീവ്രവാദികള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധവും സൈനിക പരിശീലനവും ലഭിക്കാറുണ്ടെന്നതും വസ്തുതയായിരുന്നു. എന്നാല്‍, ഇന്ന് താഴ്വരയില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് കശ്മീരിലെതന്നെ യുവാക്കളാണ്. അവര്‍ ഉന്നതവിദ്യാഭ്യാസം ലഭിച്ചവരുമാണ്. തീവ്രവാദികള്‍ക്ക്് ജനങ്ങളുടെ വര്‍ധിച്ച പിന്തുണയും ലഭിക്കുന്നുണ്ട്.

കശ്മീര്‍പ്രശ്നത്തിന് ചരിത്രപരമായ പല കാരണങ്ങളും നിരത്താനാകും. കേന്ദ്രത്തില്‍ മാറിമാറി അധികാരത്തിലിരുന്നവര്‍ തങ്ങളെ വേട്ടയാടുകയായിരുന്നു എന്ന വികാരം താഴ്വരയിലെ ജനങ്ങളിലുണ്ട്. 1953ല്‍ നെഹ്റുസര്‍ക്കാര്‍ ഷേഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചതുമുതല്‍ തുടങ്ങുന്നു ഈ വേട്ടയാടല്‍. ഫാറൂഖ് അബ്ദുള്ള മാറി ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഗ്രസ്– കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി 2008ല്‍ അധികാരമേറ്റപ്പോള്‍ കശ്മീരിലെങ്ങും പുത്തന്‍ പ്രതീക്ഷ ഉടലെടുത്തു. സംഘര്‍ഷത്തിന്റെ പാതയില്‍നിന്ന് മാറി പുതിയ തൊഴില്‍– വിദ്യാഭ്യാസ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുവജനങ്ങള്‍ താല്‍പ്പര്യം കാട്ടി. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഒരു ശുഷ്കാന്തിയും ഒമര്‍ അബ്ദുള്ളയില്‍നിന്നുണ്ടായില്ല. അദ്ദേഹം ജനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയും ചെയ്തു. 2008, 2009, 2010 വര്‍ഷങ്ങളില്‍ കശ്മീര്‍ താഴ്വരയില്‍ വന്‍ സംഘര്‍ഷമുണ്ടായി. 2010ലാണ് പ്രതിഷേധക്കാര്‍ വന്‍തോതില്‍ കല്ലേറുസമരം നടത്തിയത്. 120 പേര്‍ കൊല്ലപ്പെട്ടു. ഇത് നേരിടാനാണ് ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ പൊതുസുരക്ഷാനിയമം അടിച്ചേല്‍പ്പിച്ചത്. ഇതോടെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. കശ്മീരി യുവാക്കളെ ഇത് നിരാശരും രോഷാകുലരുമാക്കി.

ഈ ഘട്ടത്തിലാണ് അവര്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയിലേക്ക് തിരിഞ്ഞത്. ബിജെപി അധികാരത്തില്‍ വരുന്നത് തടയുമെന്ന മുഫ്തികുടുംബത്തിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചായിരുന്നു ഇത്. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം നേര്‍വിപരീതമാണ് നടന്നത്. ബിജെപിയുമായി ചേര്‍ന്ന് പിഡിപി സര്‍ക്കാര്‍ രൂപീകരിച്ചു. മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായി. അദ്ദേഹം മരിച്ചപ്പോള്‍ മകള്‍ മെഹ്ബൂബയും. സ്വാഭാവികമായും ഈ സര്‍ക്കാരിന്റെ ഓരോ നടപടിയെയും സംശയദൃഷ്ടിയോടെയാണ് താഴ്വരയിലെ ജനങ്ങള്‍ വീക്ഷിച്ചത്. പ്രതീക്ഷിച്ചതുപോലെ ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് റദ്ദാക്കുന്നതുസംബന്ധിച്ച് ബിജെപി തുടങ്ങിയ ചര്‍ച്ചതന്നെ ഉദാഹരണം. മാത്രമല്ല, കശ്മീരി പണ്ഡിറ്റുകള്‍ക്കും വിരമിച്ച സൈനികര്‍ക്കും പ്രത്യേക കോളനികള്‍ സ്ഥാപിക്കാനുള്ള നീക്കവും വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇത്തരമൊരു ഘട്ടത്തിലാണ് ബുര്‍ഹാന്‍ വാനി കൊലചെയ്യപ്പെടുന്നത്. 

കശ്മീരില്‍ സംഘര്‍ഷം ഉണ്ടാകുമ്പോഴെല്ലാം കൂടുതല്‍ സൈന്യത്തെ അയച്ച് ക്രമസമാധാനപാലനത്തിന് ശ്രമിക്കുക, ഭരണം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം നല്‍കുക തുടങ്ങിയ പതിവുരീതിക്കപ്പുറത്ത് പ്രശ്നപരിഹാരത്തിന് കാര്യക്ഷമമായ ഒരു നടപടിയും കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രതിഷേധക്കാരുമായും വിഘടനവാദികളുമായും തുറന്നചര്‍ച്ച നടത്തിമാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ. കശ്മീര്‍പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ചയും അനിവാര്യമാണ്. അതിന് മോഡിസര്‍ക്കാര്‍ തയ്യാറാകുമെന്നതിന് സൂചനകളൊന്നുമില്ല. അതുകൊണ്ടുതന്നെ കശ്മീരിലെ തീ അടുത്തൊന്നും അണയുമെന്ന് കരുതാനുമാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top