25 April Thursday

മാക്രോണിന് വെല്ലുവിളിയുടെ നാളുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 21, 2017


ഫ്രാന്‍സില്‍ ഞായറാഴ്ച നടന്ന രണ്ടാംഘട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇമ്മാനുവല്‍ മാക്രോണിന്റെ ലാ റിപ്പബ്ളിക്ക എന്‍ മാര്‍ഷ് കക്ഷിക്ക് (എല്‍ആര്‍ഇഎം) കേവല ഭൂരിപക്ഷം നേടാനായി. വന്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രവചനമെങ്കിലും 577 അംഗ ദേശീയഅസംബ്ളിയില്‍ 350 സീറ്റ് മാത്രമാണ് എന്‍ മാര്‍ഷിനും സഖ്യക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെന്റിനും കൂടി ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച മാക്രോണിന് ആ കുതിപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായില്ല.

അമ്പത്തിയേഴ് ശതമാനം ജനങ്ങള്‍ വോട്ട്ചെയ്യാത്ത തെരഞ്ഞെടുപ്പിലാണ് മാക്രോണിന്റെ കക്ഷിക്ക് ഈ വിജയം നേടാനായിട്ടുള്ളത്. ജൂണ്‍ 11ന് നടന്ന ആദ്യഘട്ടത്തില്‍ 49 ശതമാനമായിരുന്ന പോളിങ് ജൂണ്‍ 18ന് നടന്ന രണ്ടാംഘട്ടമായപ്പോഴേക്കും 43 ശതമാനമായി കുറഞ്ഞു. അതായത് ഭൂരിപക്ഷം ജനങ്ങളും മാക്രോണില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്ന് അര്‍ഥം. രാജ്യത്ത് രണ്ടു വര്‍ഷമായി അടിയന്തരാവസ്ഥ തുടരുന്നതും ചെലവുചുരുക്കല്‍ നയവുമായി മുന്നോട്ടുപോകുമെന്ന മാക്രോണിന്റെ പ്രഖ്യാപനവുമാണ് ജനങ്ങളെ പോളിങ്ബൂത്തില്‍നിന്ന് അകറ്റി നിര്‍ത്തിയെന്നതാണ് പ്രാഥമിക നിഗമനം.

മാക്രോണിന്റെ വിജയം 'രണ്ടാം ഫ്രഞ്ച് വിപ്ളവ'മാണെന്ന പാശ്ചാത്യ മാധ്യമ വിലയിരുത്തലുകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന് അര്‍ഥം. എങ്കിലും ഫ്രഞ്ച് രാഷ്ട്രീയത്തിലെ ഒരു പ്രധാന വഴിത്തിരിവാണ് മാക്രോണിന്റെ വിജയം എന്നുപറയാം. ഒന്നേകാല്‍ വര്‍ഷം മുമ്പ് രൂപംകൊണ്ട എന്‍ മാര്‍ഷ് പ്രസ്ഥാനം പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വിജയിച്ചുഎന്നത് നിസ്സാരകാര്യമായി കാണാനാകില്ല. ചാള്‍സ് എ ഡി ഗോള്‍ അഞ്ചാം റിപ്പബ്ളിക് സ്ഥാപിച്ചതിനുശേഷം ആദ്യമായാണ് ഒരു പുതിയ പാര്‍ടി ഈ രീതിയിലുള്ള വിജയം കൈവരിക്കുന്നത്. യാഥാസ്ഥിതിക സ്വഭാവമുള്ള റിപ്പബ്ളിക്കന്‍ പാര്‍ടിക്കും മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ടിക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഫ്രാന്‍സിനെ മാറിമാറി ഭരിച്ച ഈ രണ്ടു കക്ഷികള്‍ക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്ഥിതി മെച്ചപ്പെടുത്താനായില്ല. സോഷ്യലിസ്റ്റ് പാര്‍ടിയുടെ നിലനില്‍പ്പുപോലും പ്രശ്നത്തിലാക്കുന്ന ഫലമാണ് ഉണ്ടായത്.  പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഇക്കുറി 49 സീറ്റ് മാത്രമാണ് ലഭിച്ചത്. നാലര ദശാബ്ദമായി ഫ്രഞ്ച് രാഷ്ട്രീയത്തെ നിയന്ത്രിച്ച യുറോപ്പിലെതന്നെ ഏറ്റവും വലിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രസക്തിപോലും ഇല്ലാതാക്കുന്ന പരാജയമാണ് അവര്‍ ഏറ്റുവാങ്ങിയത്. നവ ഫാസിസ്റ്റ് കക്ഷിയായ മരീന്‍ ലെ പെന്നിന്റെ നാഷണല്‍ഫ്രണ്ടിനും നിരാശ സമ്മാനിക്കുന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലേക്കു കടന്ന നാഷണല്‍ ഫ്രണ്ടിന് ഒമ്പതുസീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴുസീറ്റ് മാത്രമാണ് വര്‍ധിച്ചത്. മരീന്‍ ലെ പെന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതു മാത്രമാണ് അവര്‍ക്ക് ആശ്വാസം പകരുന്നത്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിക്കും സീറ്റ് കുറഞ്ഞു. 30 സീറ്റുണ്ടായിരുന്ന പാര്‍ടിക്ക് ഇക്കുറി 10 സീറ്റാണ് ലഭിച്ചത്.

ഫ്രാന്‍സിനെ സാമ്പത്തിക പരിഷ്കരണത്തിലുടെ പുതിയ ജീവിതത്തിലേക്ക് നയിക്കുമെന്നാണ് മാക്രോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.സാമ്പത്തിക പരിഷ്കാരം എന്നതുകൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത് തൊഴില്‍ നിയമങ്ങളുടെ പരിഷ്കരണമാണ്. പ്രസിദ്ധമായ ഫ്രഞ്ച് ലേബര്‍ കോഡ് പൊളിച്ചെഴുതുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. തൊഴില്‍സമയം വര്‍ധിപ്പിച്ചും തൊഴിലാളികളെ ഏതുസമയവും പിരിച്ചുവിടാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കിയും കൂലി കുറച്ചുമുള്ള പരിഷ്കാരങ്ങളാണ് മാക്രോണ്‍ ലക്ഷ്യമാക്കുന്നത്.  നേരത്തെ ഫ്രാന്‍സ്വ ഓളന്ദിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ടി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ശ്രമിച്ചതാണ് അവര്‍ക്ക് വിനയായത്. അന്ന് ധനമന്ത്രി മാക്രോണ്‍ തന്നെയായിരുന്നു. സിഎഫ്ഡിടി, സിജിടി തുടങ്ങിയ ട്രേഡ്യൂണിയന്‍ സംഘടനകള്‍ക്ക് ഇന്നും ശക്തമായ സ്വാധീനം ഫ്രാന്‍സിലുണ്ട്. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി തൊഴിലാളിവിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്ന പക്ഷം അത് ഫ്രാന്‍സിനെ പ്രക്ഷോഭത്തിന്റെ നാളുകളിലേക്ക് നയിക്കും. മാക്രോണ്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയും ഇതുതന്നെയായിരിക്കും. ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ അധികാരം നഷ്ടപ്പെട്ടവരാണ് മുന്‍ പ്രസിഡന്റുമാരായ സര്‍ക്കോസിയും ഓളന്ദും. ഈ ചരിത്രപാഠം മാക്രോണിനും ബാധകമായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top