29 March Friday

വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2016

കാവിവല്‍ക്കരണം ആര്‍എസ്എസിന്റെ എക്കാലത്തെയും അജന്‍ഡയാണ്. വിദ്യാഭ്യാസമേഖലയെയും ചരിത്രരചനയെയും കാവിവല്‍ക്കരിച്ച് വര്‍ഗീയവിദ്വേഷത്തിന്റെ വിഷവിത്തുകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്താനുള്ള ഒരവസരവും സംഘപരിവാര്‍ വിട്ടുകളഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണം രാജ്യത്തിന് ഗുണകരമാകുമെന്ന കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കത്തീരിയയുടെ പ്രസ്താവനയില്‍ അതുകൊണ്ടുതന്നെ അത്ഭുതത്തിന് അവകാശമില്ല. നരേന്ദ്ര മോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതും കരുനീക്കുന്നതും എന്തോ അത് രാംശങ്കര്‍ തുറന്നുപറഞ്ഞുവെന്നുമാത്രം. രാംശങ്കറിന്റേത് ആദ്യത്തെ ഇടപെടലല്ല. വിദ്യാഭ്യാസനയം രൂപീകരിക്കാന്‍ നിയോഗിക്കപ്പെടുന്നവരുടെ പട്ടികയില്‍ ആര്‍എസ്എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപര്‍ ബല്‍ദേവ് ശര്‍മയെ ഉള്‍പ്പെടുത്തിയത് ഒരു ഉദാഹരണം. ശര്‍മ ഉള്‍പ്പെടെയുള്ളവരാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നത്. ആര്‍എസ്എസിന്റെ പ്രതിനിധികളും ബന്ധുക്കളുമായ ഇന്ദര്‍മോഹന്‍ കപാലിയ യുജിസിയിലേക്കും സുദര്‍ശന്റാവു ഇന്ത്യന്‍ ചരിത്രഗവേഷണ കൌണ്‍സിലിന്റെ തലപ്പത്തേക്കും നിയോഗിക്കപ്പെട്ടതും ഇതിന്റെ ഭാഗമാണ്.

വിദ്യാഭ്യാസനയം കാവിവല്‍കൃതമാകണമെന്ന് ആര്‍എസ്എസ് ശഠിക്കുന്നു. ഇന്ത്യന്‍ ഗണിതശാസ്ത്രത്തിന്റെ ഔന്നത്യത്തെയും മഹത്പാരമ്പര്യത്തെയും തമസ്കരിച്ചാണ് വേദഗണിതം അവര്‍ അവതരിപ്പിക്കുന്നത്. റൈറ്റ് സഹോദരന്മാര്‍ക്കുമുമ്പ് 'കണ്ടുപിടിക്കപ്പെട്ട' പുഷ്പകവിമാനത്തെക്കുറിച്ചും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ത്ത് 'പ്ളാസ്റ്റിക് സര്‍ജറി'യിലൂടെ സൃഷ്ടിക്കപ്പെട്ട ഗണപതിയെക്കുറിച്ചും ആര്‍എസ്എസ് പറയുന്നതും നാം കേട്ടു. ഒരുഭാഗത്ത് ഇങ്ങനെ പ്രാകൃതവും വിവേകശൂന്യവുമായ ഇടപെടല്‍ നടത്തുമ്പോള്‍ മറുവശത്ത് വിദ്യാര്‍ഥികളെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള മാര്‍ഗങ്ങളും തേടുന്നു. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യം നയിക്കുന്ന അഞ്ചംഗ സമിതി കലാലയങ്ങളില്‍ രാഷ്ട്രീയ നിരോധനം ശുപാര്‍ശ ചെയ്തിരിക്കുന്നു. രാഷ്ട്രീയത്തെയും രാഷ്ട്രത്തെക്കുറിച്ചുള്ള ചിന്തയെയും അകറ്റിനിര്‍ത്തി വര്‍ഗീയ സംഘാടനം സാധ്യമാക്കാനുള്ള തന്ത്രമാണിത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഉല്‍പ്പന്നമായ യോഗവിദ്യയെ സ്വന്തമാക്കാനും അന്താരാഷ്ട്ര യോഗദിനം ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ ചരമദിനവുമായി കൂട്ടിക്കെട്ടി ആഘോഷിക്കാനും ശ്രമിക്കുന്നത് മറ്റൊരു ഉദാഹരണമാണ്.

കേന്ദ്ര സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍എസ്എസ് നുഴഞ്ഞുകയറ്റം വന്നതിന്റെ തിക്തഫലമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ കണ്ടത്. എന്‍സിഇആര്‍ടിയിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലും സംഘപരിവാര്‍ ആശയങ്ങളും ആളുകളും ഇരച്ചുകയറുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് ആശയങ്ങള്‍ കുത്തിത്തിരുകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി രാംശങ്കറിന്റെ കാവിവല്‍ക്കരണ പ്രസ്താവനയെ കാണേണ്ടത്. 'ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് പറയുന്നുണ്ട്. ഞാന്‍ ഉറപ്പിച്ച് പറയുന്നു, അത് നടപ്പാക്കുകതന്നെ ചെയ്യും. രാജ്യത്തിന് നല്ലതെന്ന് കണ്ടെത്തിയാല്‍ കാവിവല്‍ക്കരണമോ സംഘവാദമോ എന്തായാലും നടപ്പാക്കും. റാണാ പ്രതാപിനെക്കുറിച്ചും ശിവജിയെക്കുറിച്ചുമല്ലാതെ നമ്മുടെ കുട്ടികള്‍ ചെങ്കിസ്ഖാനെക്കുറിച്ച് വായിക്കണോ'– ഇതാണ് മന്ത്രി പറഞ്ഞ വാക്കുകളുടെ ചുരുക്കം.

ഓരോ അക്ഷരത്തിലും ധാര്‍ഷ്ട്യവും വര്‍ഗീയവികാരവുമാണ് തുളുമ്പുന്നത്. ജാമിയാ മിലിയ യൂണിവേഴ്സിറ്റില്‍ ചെറിയ പാകിസ്ഥാന്‍ വളരുന്നു എന്ന ബിജെപി നേതാവ് രാംമാധവിന്റെ പ്രസ്താവനയില്‍നിന്നും ജെഎന്‍യുവിലെ ആര്‍എസ്എസ് ഇടപെടലില്‍നിന്നും വേറിട്ടുനില്‍ക്കുന്നതല്ല രാംശങ്കറിന്റെ കാവിവല്‍ക്കരണ പ്രഖ്യാപനം. വിദ്വേഷ പ്രസ്താവനയുടെ പേരില്‍ വിവാദത്തിലേക്കിറങ്ങുന്ന ഒറ്റപ്പെട്ട വ്യക്തിത്വമല്ല രാംശങ്കര്‍. ജനങ്ങളില്‍ ആശങ്കയും വര്‍ഗീയവികാരവും ഉണര്‍ത്തുന്ന ഇത്തരം പ്രസ്താവനകളുടെ പരമ്പരകളാണ് വരുന്നത്. അത് കൃത്യമായ അജന്‍ഡയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണ്. കുരുന്നുമനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിവച്ച് ദീര്‍ഘകാല രാഷ്ട്രീയ അജന്‍ഡ പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമമാണ് ആര്‍എസ്എസിന്റേത്. വിദ്യാഭ്യാസ നയസമിതി ശുപാര്‍ശയുടെ മറവില്‍ കലാലയരാഷ്ട്രീയം തടയാനിറങ്ങിയവര്‍തന്നെയാണ് തങ്ങളുടെ വര്‍ഗീയരാഷ്ട്രീയത്തിന്റെ കേളീരംഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റാനൊരുങ്ങുന്നത്. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും തകര്‍ക്കുന്ന ഇടപെടലാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top