26 April Friday

കേരളത്തിനെതിരെ കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കേരളത്തിലെ പ്രതിപക്ഷത്തിന് സ്വന്തം സംസ്ഥാനത്തോട് എന്താണിത്ര വിരോധം? ഇപ്പോൾ പ്രതിപക്ഷത്താണെങ്കിലും പലപ്പോഴും അവരും ഭരിച്ചിട്ടുള്ള ഈ നാട് ലോകത്തിന്റെ ആദരം നേടുന്നതിൽ മലയാളികൾ ആകെ ആഹ്ലാദിക്കുമ്പോൾ എന്തേ  ഈ പ്രതിപക്ഷം ഇങ്ങനെ? കോവിഡ്  ബാധ ശക്തമായശേഷം ആരുടെയും മനസ്സിൽ ഉയരുന്ന ചോദ്യങ്ങളാണ്‌ ഇത്.

കോവിഡ്  വ്യാപനത്തിന്റെ ഈ മൂന്നാം ഘട്ടത്തിലും കോൺഗ്രസ് നേതാക്കളുടെ ഈ കേരളവിരോധത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് ചൊവ്വാഴ്ച  മൂന്ന് കോൺഗ്രസ് നേതാക്കൾ ഒന്നിച്ചുനടത്തിയ വാർത്താസമ്മേളനം വ്യക്തമാക്കുന്നു. കോവിഡിന്റെ  പേരിലായാലും കോൺഗ്രസ് നേതാക്കൾ ഇങ്ങനെ ഗ്രൂപ്പ് മറന്ന്‌ ഒന്നിക്കുന്നതൊക്കെ നല്ല കാര്യം. പക്ഷേ, ആ വാർത്താസമ്മേളനത്തിലും നിറഞ്ഞുനിന്നത് കേരള വിരോധമാണെന്നത് കാണാതിരിക്കാൻ വയ്യാ. കേരളത്തെപ്പറ്റി, കോവിഡിനെ ചെറുക്കുന്നതിൽ ഈ ചെറു സംസ്ഥാനം സൃഷ്ടിച്ച മാതൃകയെപ്പറ്റി ലോക മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം സ്പ്രിങ്ക്‌ളർ കമ്പനി കൊടുക്കുന്നതാണെന്നാണ് ആ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി,  വാർത്താസമ്മേളനത്തിൽ ചിരിക്കുന്നതുപോലും പിആർ ഏജൻസി പറയുന്നതനുസരിച്ചാണെന്ന വങ്കത്തംപോലും നേതാക്കൾ  വിളമ്പി.

ലോക മാധ്യമങ്ങളിൽ കേരളത്തെപ്പറ്റി വരുന്ന നല്ല വാർത്തകൾക്കു പിന്നിൽ ഗൂഢനീക്കമാണെന്ന ചെന്നിത്തലയുടെ ആരോപണം ഇന്ന് മലയാള മനോരമ പോലും കൊടുത്തില്ല. അങ്ങനെയൊരു വാർത്ത കൊടുത്താൽ ഈ സംസ്ഥാനത്തിന്റെ നേട്ടങ്ങളിൽ രാഷ്ട്രീയ, മതഭിന്നതകളില്ലാതെ അഭിമാനിക്കുന്ന മുഴുവൻ ലോക മലയാളികളും യുഡിഎഫിനെ വെറുത്തുപോകുമെന്ന് മനോരമ പോലും ആശങ്കപ്പെടുന്നുണ്ടാകും. പക്ഷേ, പ്രതിപക്ഷം അതിൽനിന്നൊന്നും പാഠം പഠിക്കുന്ന മട്ടില്ല. സ്വന്തം കുഴി തോണ്ടിയേ അടങ്ങൂവെന്ന വാശിയിലാണ് കോൺഗ്രസ് നേതാക്കൾ.


 

യഥാർഥത്തിൽ എന്തുകൊണ്ടാണ് കേരളം ശ്രദ്ധിക്കപ്പെടുന്നത്? കോവിഡിന്റെ അപ്രതീക്ഷിത ആക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുത്തുനിൽക്കാൻ എങ്ങനെയാണ് നമുക്കു കഴിഞ്ഞത്? കേരളത്തിന്റെ തനതായ പ്രത്യേകതകളാണ് അതിനു നമ്മളെ പ്രാപ്തരാക്കിയത്. പൊതു ആരോഗ്യസംവിധാനങ്ങളിലൂടെ വ്യാപകമായി ജനങ്ങൾക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ നമുക്ക് കഴിയുന്നു. വിദ്യാസമ്പന്നരായ ജനങ്ങൾ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഏറ്റവും ശക്തമായ പൊതുവിതരണസംവിധാനവും ക്ഷേമനിധി പോലുള്ള സാമൂഹ്യക്ഷേമനടപടികളും ജനങ്ങൾക്ക് ഏതു പ്രതിസന്ധിഘട്ടത്തിലും തുണയായി നിൽക്കുന്നു.

ആരോഗ്യരംഗത്ത് കുറെ സ്ഥാപനങ്ങൾ രാജഭരണം നിലനിന്ന തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാറിലും മുമ്പേ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ, നിലനിന്ന സാമൂഹ്യ വേർതിരിവുകൾക്കും അടിച്ചമർത്തലുകൾക്കും ഇടയിൽ ഇവയുടെ  മെച്ചം  ദരിദ്രർക്കും സാധാരണക്കാർക്കും കിട്ടിയിരുന്നില്ല. മറ്റു മേഖലകളിൽ എന്നതുപോലെ സാർവത്രികമായ ആരോഗ്യസേവനമെന്ന കാഴ്ചപ്പാടോടെ ഒന്നാമത്തെ കേരള സർക്കാർ സ്വീകരിച്ച നടപടികളാണ്  ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവിന് അടിത്തറ പാകിയത്. ഭരണമേറും മുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടി ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയിരുന്നു.

ഗ്രാമങ്ങളിലെ ആശുപത്രികൾ സർക്കാർ ഏറ്റെടുക്കുകയും  ആധുനികസൗകര്യങ്ങൾ പൊതു ആരോഗ്യമേഖലയിൽ ഏർപ്പെടുത്തുകയും ചെയ്യുകയെന്ന ആ കാഴ്ചപ്പാടിനനുസരിച്ച്‌ സർക്കാർ ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടൽ ഫലം കണ്ടു. അമ്പതുകളുടെ അവസാനത്തോടെ സംസ്ഥാനത്ത്  മരണനിരക്ക് ആയിരത്തിന് 160ൽനിന്ന്‌ എൺപതിലേക്ക് കുത്തനെ താണു. ശിശുമരണനിരക്കിൽ 43 ശതമാനം കുറവുണ്ടായതിലും 57ലെ സർക്കാരിന്റെ നടപടികൾ പ്രധാന പങ്കുവഹിച്ചെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


 

ആരോഗ്യരംഗത്തെ ഈ ജനപക്ഷ കാഴ്ചപ്പാട് ഒന്നിടവിട്ട് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ ഉയർത്തിപ്പിടിച്ചു. എന്നാൽ, തൊണ്ണൂറുകളിൽ ആഗോളവൽക്കരണനയങ്ങൾ പിടിമുറുക്കിയ ഘട്ടത്തിൽ കേരളത്തിൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരുകൾ  ഈ അടിത്തറ ഇളക്കുന്ന നടപടികൾ തുടങ്ങി. പൊതുജനാരോഗ്യ മേഖലയിൽനിന്ന്‌ സർക്കാർ പിന്മാറ്റം കേരളത്തിലും ശക്തമായി. ഈ തിരിച്ചടികളെ മറികടക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് 2006ലും ഇപ്പോൾ 2016ലും അധികാരമേറിയ എൽഡിഎഫ് സർക്കാരുകളാണ്. പൊതുജനാരോഗ്യമേഖലയിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര പുരോഗതി കഴിഞ്ഞ നാലുവർഷം കേരളം നേടിയിട്ടുണ്ട്. അതുകൊണ്ട് കോവിഡിനെ നേരിടുന്നതിൽ കേരളം സൃഷ്ടിക്കുന്ന മാതൃകയെ വാഴ്ത്തുമ്പോൾ കമ്യൂണിസ്റ്റുകാർ ഇടയ്ക്കിടെ ഭരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ലോക മാധ്യമങ്ങൾ പറയുന്നത് സ്വാഭാവികം. അതാണ് പ്രതിപക്ഷനേതാക്കളെ ദയനീയമായ ആരോപണങ്ങൾക്ക് പ്രേരിപ്പിക്കുന്നതെങ്കിൽ  ഒന്നും പറയാനില്ല . അതൊക്കെ ചരിത്രപാഠങ്ങളാണ്.

കേരളത്തിന്റെ പ്രതിപക്ഷത്തെ സർക്കാർ പരിഗണിക്കുന്നതേയില്ല എന്ന് കഴിഞ്ഞദിവസം പരിതപിച്ച കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തിനെതിരായ അധിക്ഷേപങ്ങൾക്കിടയിൽ സർക്കാർ ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യമാണ് പറഞ്ഞത്. അത്‌  സർവകക്ഷിയോഗം വേണമെന്നതായിരുന്നു. ആവശ്യമനുസരിച്ച്‌ അത് വിളിച്ചുകൂട്ടുന്നതിന്‌ ഒരു തടസ്സവുമില്ലെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കി. യുക്തിസഹമായ കാര്യങ്ങൾ ആരുന്നയിച്ചാലും ഈ സർക്കാർ ക്ഷമയോടെ പരിഗണിക്കുന്നുണ്ടെന്നതിന് ഇതിൽപ്പരം എന്ത് തെളിവുവേണം?

അപ്പോൾ അതൊന്നുമല്ല പ്രതിപക്ഷത്തിന്റെ അലട്ടൽ. അവരെ മറ്റെന്തോ ഒരു ഭൂതം ആവേശിച്ചിരിക്കുന്നു. മഹാമാരിയോ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളോ അല്ല അവരുടെ പ്രശ്നം. സർക്കാരിന് ജനപ്രീതി കൂടുന്നുവെന്ന ആശങ്കയാണ് അവരുടെ ഉറക്കംകെടുത്തുന്നത്. പക്ഷേ, അതിന്റെപേരിൽ  ആ ജനങ്ങൾക്കൊപ്പം നിൽക്കാതിരുന്നാൽ എന്താകുമെന്നത് അവരിൽ ബുദ്ധിനാശം വന്നിട്ടില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ ചിന്തിക്കട്ടെ അതിൽ മറ്റാർക്കും ഒന്നും ചെയ്യാനില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top