29 September Friday

പഴയ വീഞ്ഞ് പഴയ കുപ്പിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2016

കാപട്യത്തെ അറുപത്തിനാല് പേജുകളിലാക്കി കുത്തിക്കെട്ടിയാല്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് അടിത്തറയൊരുക്കാനോ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരാനോ പദ്ധതിയില്ലാത്ത, വീക്ഷണമോ ദര്‍ശനമോ ഇല്ലാത്ത ഒരു വഴിപാട് പ്രകടനപത്രിക. അതിനപ്പുറം ഒന്നുമല്ല ഇത്. പരമ്പരാഗത വ്യവസായങ്ങളെമുതല്‍ അടിസ്ഥാനസൌകര്യ വികസനത്തെവരെ ഇതു വിസ്മരിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങളെ പരാമര്‍ശിക്കുകപോലുംചെയ്യാതെ തള്ളിക്കളഞ്ഞിരിക്കുന്നു. 

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നുപറഞ്ഞാല്‍ പോരാ; പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്നുതന്നെ പറയണം. അഞ്ചുവര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഏതാണ്ട് അതേപടി പകര്‍ത്തിവച്ചിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പത്തേതിലെ മിക്ക കാര്യങ്ങളും അതേപടി ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍, ഈ അഞ്ചുവര്‍ഷങ്ങളില്‍ അതിലൊന്നും നടപ്പാക്കിയിട്ടില്ല എന്നാണല്ലോ. മുമ്പ് പ്രഖ്യാപിച്ചതും എന്നാല്‍ നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്നതുമായ പദ്ധതികളുടെ ആവര്‍ത്തനങ്ങളുണ്ട്. കേന്ദ്രത്തിന്റെ കാലങ്ങളായുള്ള ചില പദ്ധതികള്‍ സംസ്ഥാനമാണ് നടപ്പാക്കുക എന്ന തെറ്റിദ്ധരിപ്പിക്കലുണ്ട്. ഇപ്പോള്‍പോലും ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ മറച്ചുവച്ച് അതിന്റെ നേര്‍ വിപരീത കാര്യങ്ങളാകുമിനി ചെയ്യുക എന്ന പ്രഖ്യാപനമുണ്ട്... അങ്ങനെ ആത്മാര്‍ഥതയില്ലായ്മയുടെ, കാപട്യത്തിന്റെ വാക്കുകള്‍ കൊരുത്തുണ്ടാക്കിയ ഒരു വികലരേഖ. അതിനപ്പുറം ഒന്നുമല്ല ഈ പ്രകടനപത്രിക.

കോട്ടയം കുമരകം പ്രദേശത്ത് മെത്രാന്‍ കായലിന്റെ 378 ഏക്കര്‍ നിലവും എറണാകുളം കടമക്കുടിയില്‍ 47 ഏക്കര്‍ നിലവും നികത്തി സ്വജനപക്ഷക്കാര്‍ക്ക് ദാനംചെയ്യാനുള്ള തീരുമാനമെടുത്തവര്‍ പ്രകടനപത്രികയില്‍ പറയുന്നത് നിലംനികത്തല്‍ നിരോധിക്കുമെന്നും തണ്ണീര്‍ത്തടപദ്ധതികള്‍ സംരക്ഷിക്കുമെന്നുമാണ്.

എട്ട് ബാറുകള്‍ക്കുകൂടി അനുമതി കൊടുത്ത കൂട്ടര്‍ പ്രകടനപത്രികയില്‍ പറയുന്നത് മദ്യവിമുക്ത കേരളം നടപ്പാക്കുമെന്നാണ്! ബാര്‍ അനുവദിച്ച രേഖയില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിന്റെ മഷി ഉണങ്ങിയിട്ടുണ്ടാവില്ല. അതിനുംമുമ്പാണ് ഈ കാപട്യം. എന്നുമാത്രമല്ല, എട്ടു ബാറുകള്‍ക്കുകൂടി അനുമതി കൊടുത്തുകൊണ്ടിറക്കിയ ഉത്തരവ് റദ്ദാക്കുകില്ലെന്ന് പ്രകടനപത്രിക പ്രകാശനംചെയ്യുന്ന ചടങ്ങില്‍ക്കൂടി മുഖ്യമന്ത്രി പറഞ്ഞു. നടപ്പാക്കുന്ന നയം ഇതാണെങ്കില്‍ പ്രകടനപത്രികയിലും അതുതന്നെ എഴുതിവച്ചാല്‍ പോരേ?

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കേന്ദ്ര പാരിറ്റിയെയുംമറ്റും കുറിച്ച് കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞു. അത് ഇത്തവണയും പറയുന്നു. നടപ്പാക്കാനുള്ളതല്ലെങ്കില്‍ ഇങ്ങനെ ഓരോ പ്രകടനപത്രികയിലും തനിയാവര്‍ത്തനം തുടരാം. ക്രമസമാധാനരംഗത്ത് കേരളം ഒന്നാംസ്ഥാനത്ത് നില്‍ക്കുകയാണെന്ന് പ്രകടനപത്രിക പറയുന്നു. ആരുടെ എവിടത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്? അതുമാത്രം പറയുന്നില്ല. കൊള്ളയും കൊലയും നാടുനീളെ തുടരുമ്പോഴാണ് ഈ അവകാശവാദം.

തിരുവനന്തപുരം–ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍പാത മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനം. റെയില്‍പാത നിര്‍മിക്കുന്നത് സംസ്ഥാനമാണോ? റെയില്‍മന്ത്രി ഉമ്മന്‍ചാണ്ടിയാണോ? നാണംകെട്ട നിലയില്‍ ഇങ്ങനെ എട്ടുകാലി മമ്മൂഞ്ഞ് ചമയണോ ഈ മുഖ്യമന്ത്രി? റെയില്‍പാത പൂര്‍ത്തിയാക്കുന്നെങ്കില്‍ അത് എങ്ങനെ യുഡിഎഫിന്റെ ക്രെഡിറ്റിലാകും?

ചൊവ്വാഴ്ചയുമുണ്ടായി കര്‍ഷക ആത്മഹത്യ. കര്‍ഷകരുടെ കടം എഴുതിത്തള്ളലടക്കം ഒരുകാര്യത്തിലും ഒന്നുംചെയ്യാന്‍ സര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതുകൊണ്ടാണല്ലോ, ബത്തേരിയിലെ മാതീശ്വരന്‍ എന്ന കര്‍ഷകന് തിങ്കളാഴ്ച പുഴയില്‍ചാടി ജീവനൊടുക്കേണ്ടിവന്നത്. കര്‍ഷകപ്രതിസന്ധി പരിഹരിക്കാന്‍ നടപടി എടുക്കുമെന്ന് ഭരണത്തിന്റെ അവസാനനാളുകളില്‍ പറയുന്ന യുഡിഎഫ് സത്യത്തില്‍ ആത്മഹത്യചെയ്ത കര്‍ഷകരെയാകെ അപമാനിക്കുകകൂടിയാണ്!

36.6 ലക്ഷം തൊഴിലവസരങ്ങള്‍ കഴിഞ്ഞ പ്രകടനപത്രികയിലവതരിപ്പിച്ചു. ഒരെണ്ണംപോലും സൃഷ്ടിച്ചില്ല. എന്നിട്ട് പുതിയ പ്രകടനപത്രികയില്‍ 'തൊഴിലില്ലായ്മാ പരിഹാരം' എന്ന് ഒരു ഉപവകുപ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നു. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ടുരൂപയ്ക്കും അരി നല്‍കും എന്ന് പഴയ പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നത് എപിഎല്ലുകാര്‍ക്ക് എട്ടു രൂപയ്ക്കു നല്‍കിവരുന്ന അരി ഏഴു രൂപയ്ക്ക് ആക്കും എന്നാണ്! എന്തൊരു വാഗ്ദാനപാലനം!

അഞ്ചുവര്‍ഷംകൊണ്ട് 64,692 കോടി രൂപയുടെ കടബാധ്യത സംസ്ഥാനത്തിന് വരുത്തിവച്ചിട്ട് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഉയര്‍ത്തി എന്ന് അവകാശപ്പെടുന്നു യുഡിഎഫ് പ്രകടനപത്രിക!

വ്യവസായവികസനം വേണമെങ്കില്‍ അടിസ്ഥാനസൌകര്യവികസനം ഉണ്ടാകണം. എന്നാല്‍, ഈ പ്രകടനപത്രിക അടുത്ത അഞ്ചുവര്‍ഷങ്ങളില്‍ ഒരു വൈദ്യുതിനിലയമെങ്കിലും സ്ഥാപിക്കുമെന്നു പറയുന്നില്ല. ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും അധികം ഉല്‍പ്പാദിപ്പിക്കുമെന്നു പറയുന്നില്ല. വ്യവസായ–വാണിജ്യ കേന്ദ്രങ്ങളാകേണ്ട ഇടങ്ങളിലേക്കുള്ള റോഡ് ശൃംഖല വ്യാപിപ്പിക്കുമെന്നു പറയുന്നില്ല. മൂലധനനിക്ഷേപം വര്‍ധിപ്പിക്കുമെന്നു പറയുന്നില്ല.

കേരളത്തിന്റെ പ്രശ്നങ്ങള്‍ എന്താണ്, അവ എങ്ങനെ പരിഹരിക്കാം എന്നതുസംബന്ധിച്ച് ഒരു ഗ്രാഹ്യവുമില്ലാതെ ഭരണമെന്നത് അധികാരപ്രതാപവും സമ്പത്തും പങ്കിടാനുള്ള സംവിധാനമാണെന്നുകരുതി സ്വാര്‍ഥമോഹം മാത്രം മൂലധനമാക്കി കഴിയുന്ന ഒരു അധികാരമോഹസംഘം മാത്രമാണ് യുഡിഎഫ് എന്നത് വീണ്ടും വെളിവാകുകയാണ് ഈ പ്രകടനപത്രികയിലൂടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top