26 April Friday

അഴിമതിഭരണത്തിന് പിടിവീഴുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2016

അഴിമതികളിലൂടെ പണം കുന്നുകൂട്ടാന്‍ അധികാരം ഉപയോഗിക്കുക. അതേ അധികാരംതന്നെ അഴിമതിയുടെ തെളിവുകള്‍ തേച്ചുമായ്ച്ചുകളയാന്‍ ഉപയോഗിക്കുക. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ ഈ ദ്വിമുഖതന്ത്രം കോടതികളില്‍ തുടര്‍ച്ചയായി ചീട്ടുകൊട്ടാരംപോലെ വീണുതകരുന്നു എന്നുവരുന്നതു ജനാധിപത്യത്തിനു ശുഭോദര്‍ക്കമാണ്. പാമോലിന്‍കേസിലും ബാര്‍ കോഴക്കേസിലും ഒക്കെ തെളിവ് നശിപ്പിക്കാനും തുടര്‍ന്ന് കേസുതന്നെ ഇല്ലാതാക്കാനും നഗ്നമായി ഭരണയന്ത്രം ദുരുപയോഗിക്കുന്നതാണ് കണ്ടത്. എന്നാലിതെല്ലാം തന്നെ കോടതിയില്‍ പിടിക്കപ്പെടു. ആ പരമ്പരയിലെ ഏറ്റവും പുതിയതായി ടൈറ്റാനിയം കേസിലെ ഹൈക്കോടതി ഇടപെടല്‍. 

വിജിലന്‍സിനെക്കൊണ്ട് തനിക്കെതിരായ അഴിമതിക്കേസുകള്‍ കൃത്രിമമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി എന്നത് ചൊവ്വാഴ്ചത്തെ ഹൈക്കോടതി ഉത്തരവിലൂടെ വീണ്ടും വെളിപ്പെട്ടു. ടൈറ്റാനിയം കേസില്‍നിന്ന് രക്ഷപ്പെടാന്‍ സ്വന്തം വിജിലന്‍സിനെക്കൊണ്ട് തെളിവില്ലാ റിപ്പോര്‍ട്ട് എഴുതിച്ചത് അധികാരദുരുപയോഗമായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. സ്റ്റേ നീക്കി തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഒന്നാംപ്രതിയും രമേശ് ചെന്നിത്തല അഞ്ചാംപ്രതിയുമായ കേസ് ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി പഠിച്ചപണി പതിനെട്ടും നോക്കി. അതിന്റെ ഭാഗമായി വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി. അഴിമതി ഇല്ലെന്നും എന്നാല്‍, സര്‍ക്കാര്‍ ഖജനാവിന് 80 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ആ നഷ്ടം വരുത്തിവച്ചത് ആരെന്നു കണ്ടെത്താനാകുന്നില്ലെന്നും പറയുന്ന വിചിത്രമായ റിപ്പോര്‍ട്ട്. ഇത് തള്ളി വിജിലന്‍സ് കോടതിതന്നെ 2014ല്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന്മേലുള്ള സ്റ്റേയാണ് ഇപ്പോള്‍ നീങ്ങിയത്. ഇതോടെ ഈ കേസിലും ഉമ്മന്‍ചാണ്ടിയും കൂട്ടരും തുടരന്വേഷണം നേരിടാന്‍ പോകുകയാണ്. നഷ്ടം വരുത്തിയവര്‍ ആരെന്നു കണ്ടെത്താനാകുന്നില്ലെന്ന് വിജിലന്‍സ് മുമ്പ് എഴുതിവച്ചത് മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി ഇരിക്കുമ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അങ്ങനെയേ പറയാനാകുമായിരുന്നുള്ളൂ എന്നതുകൊണ്ടാണ്. കോടതി ഇക്കാര്യം കണ്ടെത്തിയിരിക്കുകയാണ്.

ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണസംവിധാനമുണ്ടാക്കുന്നതിന്റെ പേരില്‍ നടന്ന വമ്പിച്ച അഴിമതിയാണിത്. 250 കോടി രൂപയുടെ ഈ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള പങ്കിനെക്കുറിച്ച് ആദ്യം കേരള ജനതയോട് പറഞ്ഞത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്രമരഹിതമായി കാര്യങ്ങള്‍ നീക്കാന്‍ വിസമ്മതിച്ച തന്നെ അതേകാരണം കൊണ്ടുതന്നെ മന്ത്രിസഭയില്‍നിന്ന് നീക്കുകയും അഴിമതിയുമായി മുന്നോട്ടുപോകുകയുമാണ് ചെയ്തത് എന്നുകൂടി കെ കെ രാമചന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പറഞ്ഞു. അന്ന് പുറത്തുവന്നിട്ടില്ലാത്ത രേഖകള്‍ പിന്നീട് പുറത്തുവന്നു. ആ രേഖകളെല്ലാം ക്രമരഹിതമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്നനിലയില്‍ ഇടപെട്ടതിന്റെയും ചില പ്രത്യേക വ്യക്തികളോടും സ്ഥാപനങ്ങളോടും അവിഹിത താല്‍പ്പര്യം കാട്ടിയതിന്റെയും അനിഷേധ്യമായ തെളിവുകളായി കേരളജനതയ്ക്കുമുമ്പില്‍ ഉയര്‍ന്നുവന്നു. സംസ്ഥാനത്തിന്റെ ഖജനാവിന് വന്‍നഷ്ടം വരുത്തി ചില പ്രത്യേക കൂട്ടര്‍ക്ക് ആനുകൂല്യം ചെയ്തുകൊടുക്കുകയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് ഉമ്മന്‍ചാണ്ടി ചെയ്തത് എന്നതാണിപ്പോള്‍ രേഖകളിലൂടെ, തെളിവുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടത്.

സുപ്രീംകോടതി ഏര്‍പ്പെടുത്തിയ മേല്‍നോട്ടസമിതിയുടെ അധ്യക്ഷന്‍ ജി ത്യാഗരാജന് ഉമ്മന്‍ചാണ്ടി എഴുതിയ രണ്ടു കത്തുകള്‍ പുറത്തുവന്നു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പച്ചക്കൊടിപോലും കിട്ടാതിരിക്കെ, അതുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പദ്ധതിയുടെ കരാറുറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി കാട്ടിയ വ്യഗ്രതയ്ക്ക് തെളിവായി ഈ കത്തുകള്‍. മലിനീകരണനിയന്ത്രണസംവിധാനം വേണ്ടതോതില്‍ ഇല്ല എന്നതിന്റെ പേരില്‍ ഫാക്ടറി അടച്ചിടണമെന്ന മലിനീകരണനിയന്ത്രണബോര്‍ഡിന്റെ നിര്‍ദേശത്തിന്റെ മറവിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. മലിനീകരണനിയന്ത്രണസംവിധാനം ഉണ്ടാക്കാനും അതുസംബന്ധിച്ച ബോര്‍ഡിന്റെ വ്യവസ്ഥകള്‍ പാലിക്കാനും 10 കോടി രൂപ മതിയായിരുന്നു. ഒരു ന്യൂട്രലൈസേഷന്‍ പ്ളാന്റ് 10 കോടി രൂപ ചെലവുചെയ്ത് സ്ഥാപിച്ചാല്‍ മതിയാകുമെന്ന് 1998 മേയില്‍ ചേര്‍ന്ന ഇന്റേണല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അത് കണ്ടില്ലെന്നുനടിച്ച് 10 കോടിയുടെ സ്ഥാനത്ത് 256 കോടി ചെലവാക്കുന്ന പദ്ധതി നടപ്പാക്കിക്കാന്‍ ഇടപെടുകയായിരുന്നു ഉമ്മന്‍ചാണ്ടി. വിദഗ്ധസമിതികള്‍ ശുപാര്‍ശ ചെയ്ത ചെലവുകുറഞ്ഞ മാലിന്യനിവാരണപദ്ധതികള്‍ ഒഴിവാക്കിയത് എന്തിന്? ഉമ്മന്‍ചാണ്ടി ഇതിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. പത്തുകോടിക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ തയ്യാറുള്ളവരുണ്ടായിരുന്നു. 40 കോടിയുടെ പദ്ധതിക്കാരും 80 കോടിയുടെ പദ്ധതിക്കാരും ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫെഡ്കോ 85 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ സന്നദ്ധമായിരുന്നു. എന്നാല്‍, ഇവയെയൊക്കെ ഒഴിവാക്കിയാണ് വന്‍തുകയുടെ പദ്ധതി നടത്തിപ്പിനായി ഉമ്മന്‍ചാണ്ടി അരങ്ങൊരുക്കിയത്.

ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഖജനാവിന് നഷ്ടമുണ്ടായതായും അധികാരദുര്‍വിനിയോഗം നടന്നതായും കണ്ടെത്തി. പത്തു കോടിക്കും 108 കോടിക്കും ഇടയിലുള്ള തുകകൊണ്ട് പണി തീര്‍ക്കാന്‍ സന്നദ്ധതയുള്ള കമ്പനികളെ ഉപേക്ഷിച്ച് 256 കോടിക്ക് കരാര്‍ നല്‍കിയത് എന്തിനെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരംപറഞ്ഞേ മതിയാകൂ. മെക്കോണ്‍ ഇന്ത്യ എന്ന കമ്പനിക്ക് വൈദഗ്ധ്യമുണ്ട് എന്നുകാണിച്ച് മുഖ്യമന്ത്രി മോണിറ്ററിങ് കമ്മിറ്റിക്ക് കത്തെഴുതിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മെക്കോണിന്റെ പ്രത്യേക വൈദഗ്ധ്യം എങ്ങനെ മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടു? സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരംപോലുമില്ലാത്ത അവസ്ഥയിലാണ് ഈ കമ്പനിയില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്നറിയിക്കുന്ന കത്തയച്ചത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കരാര്‍ ഉറപ്പിക്കാന്‍ അമിത വ്യഗ്രതയാണ് ഉമ്മന്‍ചാണ്ടി കാട്ടിയത്. റെക്കോഡ് വേഗത്തിലാണ് യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയില്‍നിന്ന് കടമായി തുക ലഭ്യമാക്കിയത്. ആ തുക കൊണ്ട് ഇറക്കുമതിചെയ്ത ഉപകരണങ്ങള്‍ കണ്ടെയ്നറിനുള്ളില്‍ കിടന്ന് തുരുമ്പിച്ചു. അതിനിടയില്‍ തന്നെ ചെന്നൈ ഐടിഐയിലെ പ്രൊഫ. പുഷ്പവനം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി അപ്രായോഗികമാണെന്ന് തെളിഞ്ഞിരുന്നു. അഴിമതിയുടെ വിവരങ്ങളും പുറത്തുവന്നു. 2005ല്‍ത്തന്നെ മലിനീകരണനിയന്ത്രണ ബോര്‍ഡ് മെക്കോണ്‍ പദ്ധതിയിലെ അപാകം ചൂണ്ടിക്കാട്ടുകയും അവരുണ്ടാക്കുന്ന സംവിധാനം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും അത് അവഗണിച്ചാണ് അടിയന്തരമായി 62 കോടി രൂപയുടെ ഉപകരണങ്ങള്‍ പദ്ധതിയുടെ പേരില്‍ ഇറക്കുമതി ചെയ്തത്. ഇതിനിടെ 414 കോടി രൂപയുണ്ടെങ്കിലേ പദ്ധതി തീര്‍ക്കാനാകൂ എന്നനിലയ്ക്ക് മെക്കോണ്‍ കമ്പനി വാക്കുമാറ്റുകയും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി അപ്രായോഗികമാകുകയും ചെയ്തു. ഖജനാവിന് വന്‍തുക നഷ്ടം വരുത്തിയത് മാത്രം മിച്ചം.

ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തം കത്തുകളിലൂടെ കൂടുതല്‍ വ്യക്തമായി. കേസാകട്ടെ കോടതിയില്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്നരീതിയില്‍ ഒരു മറുപടിയും ഇതേക്കുറിച്ച് പറഞ്ഞിട്ടുമില്ല. യുഡിഎഫ് സര്‍ക്കാരിനെ അഴിമതിയുടെ പുകപടലം ചൂഴ്ന്നുനില്‍ക്കുന്നെന്ന് ചുരുക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top