20 April Saturday

ഭരണമികവിന്റെ മഹാമാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019


പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ജനതാൽപ്പര്യത്തിലൂന്നിയ ഭരണമികവ് അനുഭവിച്ചറിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇടമൺ കൊച്ചി പവർഹൈവേ തിങ്കളാഴ്ച നാടിന്‌ സമർപ്പിച്ചപ്പോൾ സംസ്ഥാനം തൊട്ടറിഞ്ഞത്. ചുരുങ്ങിയ ദിവസങ്ങൾക്കകം പൂർത്തിയാകുന്ന ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ മറ്റൊരു ഉദാഹരണം. നടക്കില്ലെന്നുപറഞ്ഞ് എഴുതിത്തള്ളിയ പദ്ധതികൾ നാടിന്റെ താൽപ്പര്യത്തിനൊത്ത് എങ്ങനെ സാഫല്യത്തിലെത്തിക്കാനാകുമെന്നതിന്റെ ഏറ്റവും നല്ല തെളിവുകളാണ് ഇവ രണ്ടും. ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയിൽ, ഭരണസംവിധാനത്തെയാകെ എങ്ങനെ ചലിപ്പിക്കാൻ കഴിയുമെന്നതിന്റെ മികച്ച മാതൃകകൾ.

കേരളത്തിന്റെ വികസനമുന്നേറ്റത്തിൽ പ്രകാശം പരത്തുന്ന പദ്ധതിയാണ് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ 400 കെവി പവർഹൈവേ. ഉയർന്ന വോൾട്ടേജിൽ പ്രസരണനഷ്ടം കുറച്ച്, കൂടുതൽ ദൂരത്തേക്ക് വൈദ്യുതി എത്തിക്കാനാകുന്ന അന്തർസംസ്ഥാന ലൈനുകളാണ് പവർഹൈവേ. പവർഹൈവേ വഴി മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാം. കൂടംകുളത്തുനിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കുമ്പോൾ നിലവിൽ വലിയ തോതിൽ പ്രസരണനഷ്ടമുണ്ട്. അതിനി സംഭവിക്കില്ല. മറ്റ്‌ ലൈനുകൾ പരമാവധിശേഷിയിൽ പ്രവർത്തിപ്പിക്കേണ്ടിവരുന്ന സാഹചര്യവും മാറും. ഈ ലൈനുകളിലെ തിരക്ക് കുറയുമ്പോൾ മെച്ചപ്പെട്ട വോൾട്ടേജ് ലഭിക്കും. 2005-ൽ ആലോചന തുടങ്ങിയ ഇടമൺ കൊച്ചി പവർ ഹൈവേക്ക് 2006 –---11 കാലത്ത് പൂർണ രൂപമായെങ്കിലും വിവിധ തടസ്സവാദങ്ങളെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ സർക്കാർ പദ്ധതിക്ക് പുതുജീവൻ നൽകി. ചുരുങ്ങിയ കാലം കാണ്ടുതന്നെ പദ്ധതി പൂർത്തിയാക്കുകയും ചെയ്‌തു.


 

ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ കാര്യത്തിലും വർഷങ്ങൾനീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമാണ് വിരാമമാകുന്നത്. 2013 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2009ൽ ആരംഭിച്ച പദ്ധതി ഏതാണ്ട് നിലച്ച മട്ടായിരുന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ തടസ്സങ്ങൾ പരിഹരിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. എല്ലാവരുടെയും പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിച്ചു. ഇനി മൂന്ന്‌ കിലോമീറ്റർകൂടി കഴിഞ്ഞാൽ ആ സ്വപ്നവും പൂവണിയുകയായി. ഇതോടെ കൊച്ചിമുതൽ മംഗലാപുരംവരെ വ്യവസായങ്ങൾക്ക് കുറഞ്ഞ ചെലവിൽ പ്രകൃതിസൗഹൃദ വാതകം ലഭിക്കും. വീടുകളിൽ പ്രകൃതിവാതകം എത്തിക്കാൻ കഴിയുന്ന സിറ്റി ഗ്യാസ് പദ്ധതി, ചെലവുകുറഞ്ഞ വാഹന ഇന്ധനമായ സിഎൻജി എന്നിവയിലും കേരളത്തിന് വലിയ പ്രയോജനം ലഭിക്കും.

ഏതു കസേരയിലിരുന്നാലും ഇരിക്കുന്ന കസേരയോട് നൂറുശതമാനവും ആത്മാർഥത പുലർത്തണമെന്നും ഇടപെടേണ്ടിടത്ത് കൃത്യമായി, ചടുലമായി ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി കാണിച്ചുതരുന്ന ഭരണരീതി. ചെയ്യേണ്ടത് ഭംഗിയായി ചെയ്യുക. ഉടച്ചുവാർക്കേണ്ട നയങ്ങളും നടപടികളും ഉടച്ചുവാർക്കുക. 96 ൽ പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോൾ ആ ഭരണമേൻമ കേരളം കണ്ടു. ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കെ ജനഹിതമറിഞ്ഞുള്ള ഭരണത്തിന്‌ അദ്ദേഹം നേതൃത്വം നൽകിവരുന്നു. ദേശീയപാത വികസനം, തീരദേശപാത, മലയോര ഹൈവേ, ജലപാത, കേരള ബാങ്ക്, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പെൻഷനുകൾ, പൊതുമേഖലാ വ്യവസായ മുന്നേറ്റം, ലൈഫ് വീടുകൾ... ഓരോ മേഖലയിലും മാറ്റവും പുരോഗതിയും ഏവരുടെയും അനുഭവം.

കടുത്ത പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ് ഈ നേട്ടങ്ങളെന്നതും കാണണം. സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച് കേന്ദ്രത്തിലെ ബിജെപി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ, നോട്ട് നിരോധനം, ഒരു മുന്നൊരുക്കവുമില്ലാതെ കേന്ദ്രം നടപ്പാക്കിയ ചരക്കുസേവന നികുതി എന്നിവ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഇതിനിടെയാണ് ഓഖി, നിപാ, മഹാപ്രളയം തുടങ്ങിയ കെടുതികൾ. ഇവിടെയൊന്നും തളരാത്ത ഭരണനേതൃത്വം കേരളത്തിന്റെ ചരിത്രത്തിൽ മഹത്തായ ഏടുകൾ എഴുതിച്ചേർക്കുന്നതായി വിവിധ തലങ്ങളിൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടനിലെയും അമേരിക്കയിലെയും മറ്റ്‌ വിദേശ രാജ്യങ്ങളിലെയും മാധ്യമങ്ങൾ ഇതൊക്കെ കാണുകയും ചർച്ച നടത്തുകയും ചെയ്യുമ്പോൾ കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും ഇതൊന്നും കാണുന്നില്ലെന്നുമാത്രം. പക്ഷേ, ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിലൂടെ വസ്തുതകൾ മനസ്സിലാക്കുന്നുണ്ട്. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതും അവരർപ്പിക്കുന്ന വിശ്വാസവുമാണ് സർക്കാരിന്റെ അതിജീവനത്തിന്റെ കരുത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top