19 April Friday

ഗുരുവിന് നേരെയും ഹിന്ദുകാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2016

മലയാളനാട്ടില്‍ നവമാനവികതയുടെ വിശ്വമാതൃക സൃഷ്ടിച്ച ശ്രീനാരായണഗുരുവിനെ ഹിന്ദുമതസന്യാസി എന്ന് ബിജെപി വിശേഷിപ്പിച്ചത് ചെറിയൊരു അവിവേകമായി കണ്ട് അവഗണിക്കാവുന്നതല്ല. ചരിത്രത്തെയും നവോത്ഥാനത്തെയും നിഷേധിച്ച്, മതവിശ്വാസത്തെ വികാരമാക്കി വളര്‍ത്തി ഹിന്ദുത്വരാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, സാമൂഹ്യപരിവര്‍ത്തനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തെളിച്ച മഹദ്വ്യക്തികളുടെ പൈതൃകവും സന്ദേശങ്ങളും പുരോഗമനപ്രസ്ഥാനങ്ങള്‍ പിന്‍പറ്റുന്നത്, മതാധിഷ്ഠിത രാഷ്ട്രീയത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു. കേരളീയ നവോത്ഥാനത്തിന്റെ അഗ്രഗാമിതന്നെയായ ഗുരുവിനെ തങ്ങളുടെ കളത്തിലൊതുക്കാനുള്ള ബിജെപി ശ്രമത്തിന് കാരണമിതാണ്.

ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാംവാര്‍ഷികം പുരോഗമനപ്രസ്ഥാനങ്ങള്‍ വിപുലമായ തോതില്‍ ആഘോഷിച്ചുവരികയാണ്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തിലും പരപ്പിലും ചര്‍ച്ചചെയ്യപ്പെടുന്നത് വേദകാല ചാതുര്‍വര്‍ണ്യവ്യവസ്ഥയെ മുറകെപിടിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്്. ഈയൊരു തിരിച്ചടിയെ മറികടക്കാന്‍ ഗുരുവിനെത്തന്നെ റാഞ്ചിയെടുക്കുകയെന്ന തന്ത്രമാണ് ഇത്തവണത്തെ  ശ്രീനാരായണജയന്തി വേളയില്‍ ബിജെപി ഫെയ്സ്ബുക്ക് സന്ദേശത്തിലൂടെ പ്രയോഗിച്ചത്. ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ന്യായീകരണവുമായി ഇറങ്ങി. എന്നാല്‍, ബിജെപി യുടെ അവകാശവാദങ്ങള്‍ ഗുരുധര്‍മം പിന്തുടരുന്നവരും സാമാന്യജനങ്ങളും ഒരേശബ്ദത്തില്‍ പുച്ഛിച്ചുതള്ളി.

മത ജാതി വിവേചനങ്ങളുടെ ജീര്‍ണതകളില്‍ മുങ്ങിയ കേരളത്തെ സ്വജീവിതംകൊണ്ട് ശുദ്ധീകരിച്ചെടുക്കുകയായിരുന്നു ഗുരു ഉള്‍പ്പെടെയുള്ള സമകാലിക നവോത്ഥാന നായകര്‍. വിശ്വാസം അന്ധവിശ്വാസമായും പ്രവൃത്തിവിഭജനം അയിത്താചാരമായും ചൂഷണമായും പരിണമിച്ചതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുകളിലെ കേരളീയ സമൂഹം. സവര്‍ണ സമ്പന്ന മേധാവിത്വം കൊടികുത്തിവാഴുന്ന നാട്ടില്‍, പിന്നോക്ക അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് കേവല മാനുഷിക പരിഗണനപോലും ലഭിച്ചില്ല. ഈ ദുരവസ്ഥയെയാണ് വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചത്. വേദാന്ത സാരാംശങ്ങളും സനാതന ധര്‍മവും പറഞ്ഞുകൊണ്ടിരുന്നാല്‍ ഈ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഗുരു ചാതുര്‍വര്‍ണ്യവ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവൃത്തിപഥത്തിലേക്ക് ഇറങ്ങിയത്.

നമുക്ക് ജാതിയും മതവുമില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ മതസാഹോദര്യത്തിന്റെ സന്ദേശത്തോടൊപ്പം മതനിഷേധത്തിന്റെ യുക്തിയും ഉള്‍ച്ചേര്‍ന്നിരുന്നു. അരുവിപ്പുറം പ്രതിഷ്ഠ, ആലുവ അദ്വൈതാശ്രമം സ്ഥാപിക്കല്‍, സര്‍വമതസമ്മേളനം, പന്തിഭോജനം, മദ്യവര്‍ജനസന്ദേശം, ധര്‍മസംഘം സ്ഥാപനം, ധര്‍മപരിപാലന യോഗം രൂപീകരണം, ജാതിയില്ല വിളംബരം, പഞ്ചശുദ്ധ നിഷ്ഠ തുടങ്ങിയവയെല്ലാം കേരളത്തെ മാറ്റിമറിച്ച ഗുരുവിന്റെ കര്‍മകാണ്ഡങ്ങളാണ്. ഹൈന്ദവ ദേശീയത എന്ന മറയ്ക്കുളളില്‍ അന്യമതവിരോധവും സവര്‍ണ പക്ഷപാതവും ഒളിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഗുരുവിന്റെ മേല്‍പ്പറഞ്ഞ ധര്‍മദീക്ഷകളില്‍ ഒന്നെങ്കിലും ഉള്‍ക്കൊള്ളാനാകുമോ?

തൊട്ടുകൂടായ്മയും തീണ്ടലും പട്ടിണിയും വലച്ച മനുഷ്യജന്മങ്ങളോടുള്ള അനുകമ്പയാണ് ഗുരുദര്‍ശനങ്ങളുടെ ആത്മാവ്. ഗോസംരക്ഷണത്തിന്റെ പേരില്‍ ഇതരമതസ്ഥരുടെ അടുക്കള പരിശോധിക്കുകയും ദളിതനെ കെട്ടിയിട്ട് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയവുമായി ഗുരുധര്‍മം എവിടെയാണ് ഒത്തുപോവുക. അവര്‍ണ ശിവനെ പ്രതിഷ്ഠിച്ച് ബ്രാഹ്മണ്യത്തെ ഞെട്ടിച്ച ഗുരുദേവന്‍ ഇന്നും സംഘപരിവാറിന്റെ നിലപാടുകള്‍ക്ക് ബഹുകാതം അകലെയാണ്. ഇതൊക്കെ അനിഷേധ്യമായ വസ്തുതകളായിട്ടും ഗുരു ഹിന്ദുസന്യാസിയാണെന്ന വാദമുയര്‍ത്തുന്നതിനുപിന്നിലെ ദുഷ്ടലാക്ക് ഗൌരവപൂര്‍വം കാണേണ്ടതുണ്ട്.

ഗുരുവിന്റെ സന്ദേശങ്ങളുടെ സമകാലികപ്രസക്തിയും അതിന്റെ പ്രയോഗവുംതന്നെയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം, മതത്തിനല്ല മനുഷ്യനാണ് പ്രാധാന്യം എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാത്ത നാടാണ് ഗുരു സ്വപ്നംകണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. മനുഷ്യമനസ്സുകളെ ഇടുങ്ങിയ ജാതിമതിലുകള്‍കൊണ്ട് വിഭജിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതിനെതിരായ ജാഗ്രതയാണ് അദ്ദേഹം കേരളമനസ്സില്‍ രൂപപ്പെടുത്തിയത്.

ഗുരുദര്‍ശനത്തിന്റെ സാര്‍വജനീന സ്വഭാവം ഒരുതരത്തിലും അംഗീകരിക്കാത്ത ബിജെപി, ഇപ്പോള്‍ ഗുരുഭക്തിയുമായി ഇറങ്ങിയതിനുപിന്നില്‍ അവരുടെ രാഷ്ട്രീയതന്ത്രത്തിലെ പിഴവുകൂടി കാണേണ്ടതുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികളില്‍ ചിലരുടെ രാഷ്ട്രീയതാല്‍പ്പര്യത്തെ മുതലെടുത്ത്, യോഗത്തെ തങ്ങളുടെ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാക്കാന്‍ നടത്തിയ ശ്രമത്തിന്റെ പരാജയമാണത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ കാര്‍മികത്വത്തില്‍ രൂപീകൃതമായ കക്ഷിക്കേറ്റ കനത്ത തിരിച്ചടി ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. യോഗനേതൃത്വത്തില്‍ ചിലരെ വിലയ്ക്കെടുത്ത് ശ്രീനാരായണപ്രസ്ഥാനങ്ങളുടെ പിന്‍ബലം നേടാമെന്ന വ്യാമോഹം പൊലിഞ്ഞത് ബിജെപിയുടെ പുതിയ നീക്കത്തിനുപിന്നിലുണ്ടെന്ന് സംശയിക്കാം. കാരണം എന്തായാലും ഗുരുവിനെ ഹിന്ദുസന്യാസിയാക്കാനുള്ള ശ്രമം, ഓണം വാമനജയന്തിയാക്കാന്‍ ശ്രമിച്ചതുപോലെ തുടക്കത്തിലേ പരിഹാസ്യമായി. എങ്കിലും ബിജെപിയുടെ ആശയങ്ങള്‍ക്ക് നേര്‍വിപരീത ദിശയില്‍ സഞ്ചരിച്ച നവോത്ഥാന നായകരെപ്പോലും പക്ഷംചേര്‍ത്ത് അവതരിപ്പിക്കാനുള്ള ഗൂഢനീക്കത്തിനെതിരെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഉണര്‍ന്നുതന്നെയിരിക്കണം *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top