24 April Wednesday

കശുവണ്ടി ഫാക്ടറികളില്‍ ആശ്വാസത്തിന്റെ സൈറണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2016


1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ ആദ്യം കണ്ടത്  അടിച്ചമര്‍ത്തപ്പെടുന്നവര്‍ നേരിടുന്ന ദുരിതവും അവകാശനിഷേധവുമാണ്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് ആ സര്‍ക്കാരില്‍നിന്നുണ്ടായത്. ഇ എം എസ് സര്‍ക്കാരിന്റെ ആ കാഴ്ചപ്പാടും ഇച്ഛാശക്തിയും ഒട്ടും ചോര്‍ന്നുപോകാതെ പുതിയ കാലത്തിന്റെ ആവശ്യകതകള്‍ മനസ്സിലാക്കി പ്രതികരിക്കുകയാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് ഏതാനും നാളുകള്‍കൊണ്ടുതന്നെ തെളിയിക്കപ്പെട്ടിരിക്കുന്നു. കശുവണ്ടിവികസന കോര്‍പറേഷന്റെ അടഞ്ഞുകിടന്ന 10 ഫാക്ടറികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നത് അധികാരത്തിലേറി എണ്‍പത്തൊന്നാം ദിവസമാണ്. അടച്ചിട്ട ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുവാഗ്ദാനം  യാഥാര്‍ഥ്യമാക്കാന്‍ മൂന്നുമാസം തികച്ച് വേണ്ടിവന്നില്ല. പതിനൊന്നുമാസമായി അടഞ്ഞുകിടന്ന ഫാക്ടറികളാണ് വീണ്ടും ചലിച്ചുതുടങ്ങിയത്. മുപ്പതിനായിരത്തോളം സ്ത്രീത്തൊഴിലാളികളുടെ ജീവിതത്തിലാണ് വെളിച്ചമെത്തുന്നത്.

മാതൃകാ പൊതുമേഖലാസ്ഥാപനമായിരുന്ന  കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികള്‍ യുഡിഎഫ് കാലത്ത് അടച്ചുപൂട്ടി. തൊഴിലാളികളുടെ നിരന്തരസമരങ്ങളെ തുടര്‍ന്ന് മിനിമം കൂലി കൂട്ടാന്‍  നിര്‍ബന്ധിതമായെങ്കിിലും വര്‍ധിപ്പിച്ച കൂലി നല്‍കാന്‍ തയ്യാറാകാതെ സ്വകാര്യ ഫാക്ടറികളും അടച്ചു. മുന്‍കാലങ്ങളില്‍ പൊതുമേഖലാ ഫാക്ടറികളില്‍ പണിയില്ലാതായാല്‍ സ്വകാര്യ ഫാക്ടറികളില്‍ ജോലിക്കുപോകാം.  ആ വഴിയും അടഞ്ഞതോടെ മൂന്നുലക്ഷത്തോളം തൊഴിലാളികളുടെ വീടുകളില്‍  തീ പുകയാതായി.   കുട്ടിക്കാലംമുതല്‍ തോട്ടണ്ടി തല്ലി ജീവിതം കരുവാളിച്ച അമ്മമാര്‍ ബന്ധുക്കള്‍ക്ക് ഭാരമായി. വാര്‍ധക്യത്തിന്റെ അവശതയിലായ അമ്മമാര്‍ക്ക് പെന്‍ഷനും കുടിശ്ശികയായതോടെ മരുന്നുവാങ്ങാന്‍പോലും   കൈനീട്ടേണ്ട അവസ്ഥയായി.—
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഷം 282 ദിവസംവരെ ഫാക്ടറികളില്‍ ജോലിനല്‍കിയതാണ്.  കുടിശ്ശിക ബോണസ് തീര്‍ത്തുനല്‍കി. എന്നാല്‍, തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിനിടെ തൊഴിലാളികള്‍ക്കു ലഭിച്ചത് നൂറില്‍താഴെ തൊഴില്‍ദിനങ്ങള്‍.  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു തവണ തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി നിശ്ചയിച്ചു. ഒടുവില്‍ 45 ശതമാനമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍വന്ന നാള്‍ മുതല്‍ കശുവണ്ടി കോര്‍പറേഷനില്‍ തൊഴിലാളികളുടെ ഇഎസ്ഐ, ഇപിഎഫ് വിഹിതവും ബോണസ് ബാക്കിയും കുടിശ്ശികയായി. തൊഴിലാളിസമരത്തെ തുടര്‍ന്ന് 2014 ഡിസംബറില്‍ കൂലി 35 ശതമാനമായി പുതുക്കി നിശ്ചയിച്ചു. 2015 ജനുവരി ഒന്നുമുതല്‍ പുതിയ കൂലി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തൊഴിലാളിസമരം ശക്തമായതോടെ ഏപ്രിലില്‍ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും കശുവണ്ടി കോര്‍പറേഷന്‍ മിനിമം കൂലി നല്‍കാതെ ഫാക്ടറികള്‍ അനിശ്ചിതമായി അടച്ചിട്ടു. ശക്തമായ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഓണക്കാലത്ത് 22 ദിവസം ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു.  2015 സെപ്തംബര്‍ 20ന് വീണ്ടും അടച്ചു. 

എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കോര്‍പറേഷന്‍ ഫാക്ടറികള്‍ തുറക്കുമെന്നത്. അധികാരമേറ്റ നാള്‍മുതല്‍ ഫാക്ടറികള്‍ തുറക്കാനാവശ്യമായ തോട്ടണ്ടി ഇറക്കുമതിക്ക് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു.  അഴിമതിയും കെടുകാര്യസ്ഥതയും മൃതപ്രായമാക്കിയ കാഷ്യു കോര്‍പറേഷനെയും കാപ്പെക്സിനെയും ചുരുങ്ങിയ ദിവസംകൊണ്ട് പുനരുജ്ജീവിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ബജറ്റ് വിഹിതം നല്‍കിയും തോട്ടണ്ടി ഇറക്കുമതിയിലെ തമോഗര്‍ത്തങ്ങള്‍ അടച്ചുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഫാക്ടറികള്‍ തുറക്കാന്‍ നടപടി സ്വീകരിച്ചത്. ഫാക്ടറികള്‍ തുറക്കുമെന്ന് ഉറപ്പായതോടെ സമരവുമായി രംഗത്തിറങ്ങിയ യുഡിഎഫിന്റെ ചിത്രം സഹതാപാര്‍ഹമാണ്.  കഴിഞ്ഞ സെപ്തംബറില്‍ യുഡിഎഫ് സര്‍ക്കാര്‍ പുട്ടിയ ഫാക്ടറികളാണ് ഇപ്പോള്‍ തുറന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം ഭൂരിഭാഗം ദിവസങ്ങളിലും കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയായിരുന്നു എന്ന വസ്തുത മറച്ചുവച്ചാണ് യുഡിഎഫ് സമരത്തിനിറങ്ങിയത്. ഇച്ഛാശക്തിയും പ്രതിബദ്ധതയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നേട്ടത്തിന് അടിത്തറ. അതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പുമന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും അഭിനന്ദനമര്‍ഹിക്കുന്നു. ഈ വരികള്‍ എഴുതുമ്പോള്‍ വരുന്ന ഒരു വാര്‍ത്ത മുഖ്യമന്ത്രിയുടെ കടാശ്വാസപദ്ധതിയെക്കുറിച്ചുള്ളതാണ്. സൌദി അറേബ്യയില്‍ കുടുങ്ങിയവര്‍ തിരിച്ചെത്തുമ്പോള്‍, അവര്‍ രാജ്യത്തിന്റെ ഏതു ഭാഗത്തിറങ്ങിയാലും കേരളത്തിലേക്ക് സൌജന്യമായി വിമാനത്തില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വന്നത്.

സര്‍ക്കാര്‍ എന്തിനുവേണ്ടിയാകണം, ആര്‍ക്കുവേണ്ടിയാകണം എന്ന് തെളിയിക്കുന്ന അനുഭവങ്ങളാണിവ. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തെ അപഹസിച്ചവരുണ്ട്. അക്ഷരാര്‍ഥത്തില്‍ ശരിയായിക്കൊണ്ടിരിക്കയാണ്–ജനങ്ങളുടെ ജീവിതം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top