20 April Saturday

കിസാന്‍ മുക്തിയാത്ര സമാനതകളില്ലാത്ത ഐക്യപ്രസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 20, 2017


കര്‍ഷകരുടെ ജീവിത പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യരുതെന്ന് ഭരണകക്ഷിതന്നെ ശഠിക്കുന്ന അപമാനകരമായ സ്ഥിതിയിലാണ് ഇന്ത്യന്‍ ജനാധിപത്യം. ചൊവ്വാഴ്ച ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അത്യന്തം നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കാര്‍ഷികത്തകര്‍ച്ചയും ദളിത് പീഡനവും ഇരുസഭകളിലും ഉയര്‍ത്തിയ പ്രതിപക്ഷത്തെ സഭാമര്യാദകള്‍ മറന്നാണ് ഭരണപക്ഷം നേരിട്ടത്. ഭരണപക്ഷത്തിന്റെ  തടസ്സപ്പെടുത്തലുകള്‍ തുടര്‍ന്നപ്പോള്‍ താന്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് ബഹുജന്‍ സമാജ്വാദി പാര്‍ടി അധ്യക്ഷ മായാവതി ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനു പിന്നില്‍ യുപി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അന്തര്‍നാടകങ്ങള്‍ ഉണ്ടാകാമെങ്കിലും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്താനാകാതെ ഒരു അംഗം സഭ വിട്ടിറങ്ങുന്നത് നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന് ഭൂഷണമാണോ?

കാര്‍ഷികത്തകര്‍ച്ചയുടെ ദുരന്തങ്ങള്‍ ഇന്ന് ഗ്രാമ-നഗര ദേഭമെന്യേ ഇന്ത്യയുടെ ഹൃദയം പിളര്‍ക്കുകയാണ്. ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ മരണത്തില്‍ അഭയംപ്രാപിക്കുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷകര്‍ പ്രക്ഷോഭരംഗത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അരക്ഷിതമായ കര്‍ഷക മനസ്സില്‍ പ്രതീക്ഷ നിറച്ചാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില, പൊതുസംഭരണം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം വിസ്മൃതമായിരിക്കുന്നു. ഓര്‍മപ്പെടുത്തുന്നവര്‍ക്ക് ഒന്നുകില്‍ മരണവാറണ്ട്്. അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മന്ദ്സോറില്‍ സമരംചെയ്ത കര്‍ഷകരെ വെടിവച്ചുകൊല്ലുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള കൃഷിക്കാര്‍ അര്‍ധ നഗ്നരായി ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ഇരിപ്പുതുടങ്ങിയിട്ട് മാസങ്ങള്‍ പലതുകഴിഞ്ഞു. ഇതൊന്നും കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന കക്ഷിക്ക് പ്രശ്നമല്ല. കണ്ട ഭാവവുമില്ല.

പട്ടിണിയും ആത്മഹത്യയും നടമാടുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഇതിന് പുറമെ. ഗോരക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും കടന്നാക്രമിക്കുകയാണ് സംഘപരിവാര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പേരുടെ മരണവിധിയും ഇവര്‍ നടപ്പാക്കി. കാര്‍ഷികവൃത്തിയുടെ ഭാഗമായ കാലിവളര്‍ത്തലും അനുബന്ധതൊഴിലുകളും സാധാരണ ജനങ്ങള്‍ക്ക് അന്യമാകുകയാണ്. ആദായമില്ലാത്ത കാലികളെ അറവിന് നല്‍കുന്നതുവഴി ലഭിച്ചിരുന്ന വരുമാനം കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടു. മാത്രമല്ല ആദായമില്ലാത്ത കാലികളെ തുടര്‍ന്നും സംരക്ഷിക്കുന്നതിനുള്ള ചെലവും വഹിക്കണം. മരിച്ച കാലികളുടെ തൊലി ഉരിച്ചുവിറ്റുകിട്ടുന്ന തുച്ഛവരുമാനംപോലും ദളിതര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഗോഹത്യ ആരോപിച്ചുള്ള ചാട്ടവാറടി വേറെയും. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയവും സവര്‍ണമേല്‍ക്കോയ്മയും ഒത്തുചേരുമ്പോള്‍ ന്യൂനപക്ഷങ്ങളും ദളിതരും ഒരേസമയം കായികമായും സാമ്പത്തികമായും ആക്രമിക്കപ്പെടുന്നു. 

ഇതിനെല്ലാമെതിരെ രാജ്യത്താകമാനം അലയടിക്കുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍മുക്കിയും അവഗണിച്ചും ഇല്ലാതാക്കാമെന്ന മോഡിഭരണത്തിന്റെ പ്രതീക്ഷ അസ്ഥാനത്താണ്. അഖിലേന്ത്യ കിസാന്‍സഭയും ചില സംസ്ഥാനങ്ങളില്‍ അതതിടത്തെ കര്‍ഷക കൂട്ടായ്മകളും പ്രക്ഷോഭങ്ങളെ കരുത്തോടെ നയിക്കുകയാണ്. ആറു കര്‍ഷകരെ വെടിവച്ചുകൊന്ന മധ്യപ്രദേശിലും കര്‍ഷകരുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന വിദര്‍ഭ ഉള്‍ക്കൊള്ളുന്ന മഹാരാഷ്ട്രയിലും പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. അറുതിയില്ലാത്ത ദുരിതങ്ങളോട് സന്ധിചെയ്യാന്‍ ഒരിടത്തും കര്‍ഷകന്‍ ഒരുക്കമല്ല. തക്കാളിക്ക് കിലോയ്ക്ക് 80 രൂപയുള്ളപ്പോഴും കര്‍ണാടകത്തിലെ കോലാറില്‍ കൃഷിക്കാരന് ലഭിക്കുന്നത് പത്തില്‍താഴെ.  ഇവിടങ്ങളില്‍ കര്‍ഷക പ്രതിഷേധം തെരുവില്‍ പടരുകയാണ്്.  ഇത്തരം ഒരുപാടു ജീവിതാനുഭവങ്ങളുടെ ചൂരും ചൂടുമായാണ് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ സമന്വയ സമിതി നേതൃത്വത്തിലുള്ള കിസാന്‍ മുക്തിയാത്ര ഡല്‍ഹിയിലെത്തിയത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, യുപി സംസ്ഥാനങ്ങളിലൂടെയാണ് യാത്ര സഞ്ചരിച്ചത്. സമാപന സമ്മേളനത്തില്‍ വിവിധങ്ങളായ സമരധാരകളെ പ്രതിനിധാനം ചെയ്യുന്ന പതിനായിരങ്ങളാണ് പങ്കെടുത്തത്.

രാജ്യം മുമ്പ് ദര്‍ശിച്ചിട്ടില്ലാത്ത കര്‍ഷകഐക്യം വലിയൊരു മാറ്റത്തിന്റെ സൂചനയായി സമാപന റാലിയില്‍ സംസാരിച്ച സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ത്തിക്കാട്ടി. കര്‍ഷക സംഘടനകളുടെയും മറ്റു ജനനന്മാ പ്രസ്ഥാനങ്ങളുടെയും നേതൃത്വവും അനുയായികളും ഒത്തുചേര്‍ന്ന മഹാപ്രസ്ഥാനത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. അഖിലേന്ത്യ കിസാന്‍സഭ, മുന്നൂറോളം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന ഭൂമി അധികാര്‍ ആന്ദോളന്‍, ആദിവാസി, ദളിത് സംഘടനകള്‍ എന്നിവയടങ്ങിയ വിശാല ഐക്യപ്രസ്ഥാനമാണ് കിസാന്‍ മുക്തിയാത്രയില്‍ രൂപപ്പെട്ടത്. മണ്ണും കൃഷിയും കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനുള്ള മോഡിഭരണത്തിന്റെ ഗൂഢനീക്കങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തുറ്റ ശക്തിയായി ഇത് വളരും. പുറത്തെ പ്രക്ഷോഭക്കൊടുങ്കാറ്റിന്റെ അലയൊലികള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് തടയാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അവരുടെ അങ്കലാപ്പിന്റെ സൂചനയാണ്. പക്ഷേ, കര്‍ഷക പ്രശ്നങ്ങള്‍ക്ക് നേരായ വഴിയില്‍ പരിഹാരംകാണാന്‍ ബിജെപിഭരണം നിര്‍ബന്ധിതമാകുകതന്നെ ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top