25 April Thursday

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 20, 2016


അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കൂരിരുട്ടില്‍നിന്നുള്ള മോചനമാണ് കേരളത്തിന് 14–ാം നിയമസഭാ തെരഞ്ഞെടുപ്പുഫലം നല്‍കിയത്. അഴിമതിയിലും അനാശാസ്യത്തിലും ഭരണദുര്‍വിനിയോഗത്തിലും മുങ്ങി, മാഫിയകളുടെ കളിത്തൊട്ടിലായി മാറിയ കേരളത്തെ തിരിച്ചുപിടിക്കാനുള്ള ജനവിധിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉജ്വലമായ വിജയം നല്‍കിയത്. ജനങ്ങളുടെ പ്രതീക്ഷയും അഭിലാഷവും പൂര്‍ത്തീകരിക്കുന്ന നടപടികളാണ് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരില്‍നിന്ന് ഒന്നൊന്നായി ഉണ്ടായത്. ജനങ്ങള്‍ക്കുമുന്നില്‍ വച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സമയബന്ധിതമായ പദ്ധതികള്‍ ആവിഷ്കരിച്ചും പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിനുള്ളതാണെന്ന് തെളിയിച്ചുമാണ് ആദ്യനാള്‍മുതല്‍ സര്‍ക്കാര്‍ മുന്നേറുന്നത്. സംസ്ഥാനത്തിന്റെ സമഗ്രവികസനവും പുരോഗതിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടു.

മന്ത്രിമാരുടെ എണ്ണം പത്തൊമ്പതായി കുറച്ചതും മന്ത്രിമന്ദിരങ്ങള്‍ക്ക് അനാവശ്യ മോടി വേണ്ടെന്ന് തീരുമാനിച്ചതും പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ വരുത്തിയ കുറവും ഇതില്‍ ചിലതുമാത്രമാണ്. ക്ഷേമപെന്‍ഷനുകള്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചതും കശുവണ്ടി കോര്‍പറേഷനുകീഴിലുള്ള എല്ലാ ഫാക്ടറികളും തുറക്കാന്‍ തീരുമാനിച്ചതും ഒഴിവുകള്‍ അതിവേഗം പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചതും മരുന്നുക്ഷാമത്തിന് പരിഹാരമായി കാരുണ്യ ഫാര്‍മസികള്‍ 37.2 കോടി രൂപയുടെ അവശ്യമരുന്നുകള്‍ എത്തിച്ചതും മറ്റു ചില സുപ്രധാന നടപടികള്‍. എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കിയ ഒരു വിഷയം പെരുമ്പാവൂരിലെ ജിഷയുടെ ക്രൂര കൊലപാതകം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. ആ വിഷയത്തില്‍ ആദ്യ മന്ത്രിസഭായോഗംതന്നെ ചില തീരുമാനങ്ങളെടുത്തു. ജിഷയുടെ സഹോദരിക്ക് ജോലി നല്‍കാനും അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനും കേസന്വേഷണത്തിന് വനിതാ എഡിജിപിയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാനും അന്ന് തീരുമാനിച്ചു. ജിഷയുടെ അമ്മയ്ക്ക് ഒന്നരമാസത്തിനകം വീട് നിര്‍മിച്ചുകൊടുക്കും എന്നതായിരുന്നു മറ്റൊരു തീരുമാനം. ആ നിശ്ചിത കാലാവധി തികയുന്നതിനുമുമ്പുതന്നെ വീടുവച്ച് നല്‍കി. കൊലപാതകിയെ നിയമത്തിനുമുന്നില്‍ എത്തിച്ചു. നാനാഭാഗത്തുനിന്നും പ്രശംസ പിടിച്ചുപറ്റി ഇത്തരം നടപടികള്‍. അതിലൂടെ സര്‍ക്കാര്‍ ആര്‍ജിച്ച കീര്‍ത്തി കളങ്കപ്പെടുത്താന്‍ വലതുപക്ഷശക്തികള്‍ നാനാവിധത്തിലും ശ്രമിച്ചു. അത്തരം ശ്രമങ്ങളിലൊന്നായിരുന്നു വിവരാവകാശനിയമം സംബന്ധിച്ച് സൃഷ്ടിച്ച വിവാദം.

മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കില്ലെന്നും അത് സ്ഥാപിച്ചുകിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും പ്രചരിപ്പിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവരാവകാശനിയമം അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചിരുന്നു. അന്നത്തെ ആ പ്രതികരണത്തിലെ വാക്കുകളടക്കം ഉദ്ധരിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ മറുകണ്ടം ചാടിയെന്ന വ്യാഖ്യാനമാണുണ്ടായത്. എന്നാല്‍, വിവരാവകാശനിയമം അതിന്റെ എല്ലാ അര്‍ഥത്തിലും നടപ്പാക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ ഉത്തരവിറങ്ങിയാല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ അത്തരം പ്രചാരകരുടെ വായടഞ്ഞു. യുഡിഎഫിന്റെ കടുംവെട്ട് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ പ്രകൃതിയെയും ഖജനാവിനെയും കൊള്ളയടിക്കുന്നതായിരുന്നു. യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ അനേകമനേകം കേസുകള്‍ ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനാണ് വിവരാവകാശനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ ഉത്തരവിറങ്ങിയ ഉടനെ വിവരാവകാശനിയമത്തിന്റെ പ്രയോഗമില്ലാതെതന്നെ പൊതുജനങ്ങള്‍ക്കുമുന്നില്‍ തുറന്നുവയ്ക്കാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം. തെറ്റിദ്ധാരണ പരത്തിയവരും തെറ്റിദ്ധരിക്കപ്പെട്ടവരും തിരുത്താന്‍ സമയമായി എന്നര്‍ഥം.
അഡ്വ. എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിശ്ചയിച്ചത് അദ്ദേഹത്തിന്റെ നിയമജ്ഞാനവും മുന്‍ അഡ്വക്കറ്റ് ജനറല്‍ എന്ന പദവിയും പരിഗണിച്ചാണ്. സ്ഥാനമേറ്റെടുക്കുന്നതിനുമുമ്പുതന്നെ അദ്ദേഹം ഹാജരാകുന്ന ചില കേസുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശം ഉയര്‍ന്നു. അത് വിവാദമായി വികസിപ്പിക്കാനും കെട്ടുകഥകള്‍ ചമയ്ക്കാനും ചില മാധ്യമങ്ങള്‍ ശ്രമിച്ചു. വിമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ താന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അഡ്വ. ദാമോദരന്‍ തീരുമാനിച്ചതോടെ ആ വിവാദത്തിന്റെ മുനയും ഒടിഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങള്‍ തമസ്കരിക്കാനുള്ള അവസരമായാണ് വലതുപക്ഷം ഈ വിവാദങ്ങളെ ഉപയോഗിച്ചത്. അത്തരം വിവാദങ്ങള്‍ക്കുപിന്നാലെ പോകുകയല്ല, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാരിന്റെ കടമയെന്ന് തെളിയിച്ചുകൊണ്ടാണ്, ആസൂത്രിതമായ ആക്രമണങ്ങളില്‍ പതറാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top