28 September Thursday

നിരാകരണക്കൊലകൾക്കു പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


പ്രണയം നിരസിക്കപ്പെട്ടു എന്നത് കാരണമാക്കി സ്ത്രീകൾക്കുനേരെ ആക്രമണങ്ങൾ ആവർത്തിക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിയും തീവച്ചും കൊന്ന വാർത്ത നടുക്കമായിട്ട് അധിക നാളായില്ല. കഴിഞ്ഞദിവസം പെട്രോളുമായി ഓടിളക്കി ഒരു യുവതിയുടെ കിടപ്പുമുറിയിൽ ആക്രമണത്തിനെത്തിയ ആൾ പിടിയിലായ വാർത്തയും വന്നു. മുമ്പും സമാനമായ സംഭവങ്ങളുണ്ടായി.

ഈ സംഭവങ്ങളിലെല്ലാം പ്രതികൾ കാരണമായി പറയുക പ്രണയം നിരസിക്കപ്പെട്ടു എന്നതാണ്. ‘ദുരഭിമാനക്കൊല'കളുടെ മാതൃകയിൽ ‘നിരാകരണക്കൊല'കളും വർധിക്കുകയാണോ എന്ന സംശയമാണ് ഉയരുന്നത്. സ‌്നേഹം, സൗഹൃദം, പ്രണയം എന്നിവയൊന്നും പുതിയ കാര്യമല്ല. പ്രണയനിരാസങ്ങളും ബന്ധ ശൈഥില്യങ്ങളും സ്വാഭാവികവുമാണ്. മുമ്പ് പ്രണയനൈരാശ്യം വരുമ്പോൾ ആത്മഹത്യ ചെയ്യുന്ന രമണന്മാരായിരുന്നു ഏറെയും. എന്നാൽ, ഇന്നവർ അജാസ് എന്ന പൊലീസുകാരനെപ്പോലെ ആസൂത്രണംചെയ‌്ത‌് കൊലപാതകം നടത്തുന്ന കുറ്റവാളിയായി മാറുന്നു. സമൂഹത്തിൽ ശക്തമാകുന്ന ആക്രമണോത്സുകതയുടെ മറ്റൊരു ലക്ഷണം തന്നെയാണ‌് ഇത്.

കുട്ടികളുടെ നേരെയുള്ള മാതാപിതാക്കളുടെ ക്രൂരതകളും വൃദ്ധർക്കുനേരെ മക്കളുടെ ക്രൂരതകളും വർധിക്കുകയാണ്. നിയോ ലിബറൽ നയങ്ങളുടെ ഫലമായി സമൂഹജീവി എന്നതിൽനിന്ന് അവനവനിലേക്ക്‌ ചുരുങ്ങുന്നവർ  വ്യക്ത്യാധിഷ്‌ഠിത പ്രശ്നങ്ങളിൽ പോലും അക്രമാസക്തരാകുന്ന പ്രവണത വർധിക്കുന്നതായി സാമൂഹ്യശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾ സ്വന്തമാക്കുന്നതിലൂടെ ‘വ്യക്തിത്വം’ സ്ഥാപിക്കാമെന്നു പഠിപ്പിക്കുന്ന കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥ വ്യക്തിജീവിതത്തെയും സ്വാധീനിക്കുന്നു. എന്തും സ്വന്തമാക്കാൻ ഏതു മാർഗവും സ്വീകാര്യമാകുന്നു. ആഗ്രഹിക്കുന്നത് കിട്ടാതെ വന്നാൽ ഏത് അക്രമവും ആകാമെന്നും വരുന്നു. ആർത്തി അടിസ്ഥാനഘടകമാകുകയും പങ്കുവയ‌്ക്കലിനു പകരം പിടിച്ചെടുക്കൽ ജീവിതലക്ഷ്യമാകുകയും ചെയ്യുന്നു. ആക്രമണോത്സുകതയും കീഴ്പ്പെടുത്തൽ പ്രവണതയും വർധിക്കുന്നു.

അതുപോലെ തന്നെ പ്രധാനമാണ് ഇത്തരം ചെയ‌്തികൾക്കു പിന്നിലെ ആണധികാരബോധത്തിന്റെ സ്വാധീനം. അപൂർവം ചില അപവാദങ്ങൾ ഒഴിച്ചാൽ ഇത്തരം ആക്രമണങ്ങളെല്ലാം സ്ത്രീകൾക്കുനേരെയാണ്. പ്രണയത്തിന്റെ പേരിൽ മകളെ കൊല്ലുന്ന അച്ഛനെ നയിക്കുന്ന മാനസികനില തന്നെ പ്രണയനിരാസത്തിന്റെ പേരിലുള്ള ആക്രമണത്തിനു പിന്നിലും  പ്രവർത്തിക്കുന്നു. ‘തന്റെ വരുതിയിൽ നിൽക്കേണ്ട മകൾ തനിക്ക് സ്വീകാര്യനല്ലാത്ത ഒരുവനെ സ്നേഹിച്ചുകൂടാ' എന്ന‌് അച്ഛൻ കരുതുന്നു. ‘പെണ്ണായ അവൾക്കുതന്നെ വേണ്ടെന്നുപറയാൻ എന്തവകാശം' എന്ന‌് കാമുകനും കരുതുന്നു. ഇരുവരും ആണധികാര വ്യവസ്ഥയുടെ വെളിച്ചപ്പാടുകൾ തന്നെ. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വയംനിർണയാവകാശം സ്ത്രീക്ക‌് അനുവദിച്ചുനൽകാത്തവർ പ്രണയത്തിലോ പ്രണയനിരാസത്തിലോ അത് അംഗീകരിക്കുമെന്നു കരുതാൻ വയ്യല്ലോ.

ഇത്തരം കേസുകളിലെ പ്രതികളിൽ പലരുടെയും മാനസികനിലയിൽ എന്തെങ്കിലും കാര്യമായ തകരാറുകൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം സാമൂഹ്യഘടകങ്ങളുടെ പ്രാധാന്യമേറുന്നു. സമാനമായ അതിക്രമങ്ങൾ ഒന്നിനുപിന്നാലെ ഒന്ന് എന്നനിലയിൽ ആവർത്തിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും പരിശോധിക്കപ്പെടണം. പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ ദൃശ്യങ്ങൾ കാട്ടുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ കുറെയൊക്കെ ജാഗ്രത കാട്ടി. എന്നാൽ, സമൂഹ്യമാധ്യമങ്ങളിൽ ഒരു മറയുമില്ലാതെയാണ് കൊല നടന്ന സ്ഥലത്തുനിന്നുള്ള പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിച്ചത്. ഇത്തരം ദൃശ്യങ്ങളിലെ പ്രതിയുടെ കൂസലില്ലായ‌്മയും മറ്റും ഇതേ മനോനിലയുള്ള മറ്റൊരാൾക്ക് കുറ്റം ചെയ്യാൻ പ്രേരണയാകുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടണം.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരിനു ചെയ്യാൻ കഴിയുക പ്രതികളെ പിടികൂടലും അവരെ നിയമത്തിനു മുന്നിൽ എത്തിക്കലും ഇരയുടെ കുടുംബത്തിന‌് ആശ്വാസം നൽകലുമാണ്. ഈ കേസിലെല്ലാം അത്തരം നടപടികൾ സർക്കാർ സ്വീകരിക്കുന്നു. ലിംഗനീതിയിൽ ഊന്നിക്കൊണ്ടുള്ള ബോധവൽക്കരണങ്ങളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിവരും. സർക്കാർ ഈ വഴിക്കുള്ള ശ്രമങ്ങൾ ശക്തമാക്കണം. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എൽഡിഎഫ് സർക്കാർ രൂപംനൽകിയ വനിതാ വകുപ്പിന്റെ മുൻഗണനാ വിഷയങ്ങളിൽ ഇത് വരേണ്ടതാണ്. ഒപ്പം മനുഷ്യനെ കൂടുതൽ സാമൂഹ്യ ജീവിയാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. ഇക്കാര്യത്തിൽ സ്ത്രീ, യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർടികളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top