26 April Friday

കരുതലോടെ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കോവിഡ് വൈറസിനുമുന്നിൽ ലോകമാകെ പേടിച്ചരണ്ടുനിൽക്കുകയാണ്. ഈ മഹാമാരി എന്ന് അവസാനിക്കുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ആർക്കും പറയാനാകാത്ത അനിശ്ചിതത്വം നിറഞ്ഞ സാഹചര്യം. ഒരുപക്ഷേ, കോവിഡ് ഭീഷണി അവസാനിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടനതന്നെ സൂചന നൽകുന്നു. ലോകത്താകെ ഒരു രണ്ടാംഘട്ട വ്യാപനമുണ്ടായേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്.

ഇത്തരമൊരു സന്ദിഗ്ധാവസ്ഥയിൽ ഇനി എല്ലാം ശരിയായിട്ട് സാധാരണ നിലയിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നത് യുക്തിസഹമല്ല. അത് ഭാവി കൂടുതൽ ഇരുളടഞ്ഞതാക്കും. അതുകൊണ്ടാണ്, പതുക്കെയെങ്കിലും നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവർത്തനങ്ങളും സാമൂഹ്യജീവിതവും ആരംഭിക്കുന്നതിന് എവിടെയും ആലോചനകളുണ്ടാകുന്നത്. സമ്പദ്‌വ്യവസ്ഥ സാവധാനമെങ്കിലും തുറന്നാൽ മാത്രമേ ചെറിയ തോതിലെങ്കിലും വരുമാനമുണ്ടാക്കാനും ജീവിതം കരുപ്പിടിപ്പിക്കാനും കഴിയൂ. ഈ അടിസ്ഥാനത്തിലാണ് കേരളത്തിൽ ജീവിതത്തിന്റെ ചില മേഖലകൾ ചലിപ്പിക്കാൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുള്ളത്.

ജില്ലയ്‌ക്കുള്ളിൽ, ആളെണ്ണം കുറച്ച് പൊതുഗതാഗതവും  ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനവും ആരംഭിക്കുന്നത് പ്രധാനമാണ്. ബസും ടാക്സിയും ഓട്ടോയുമെല്ലാം തിരിച്ചെത്തുന്നത് നാടിനെ ചലിപ്പിക്കും. മാളുകൾ തുറക്കില്ലെങ്കിലും ഷോപ്പിങ്‌ കോംപ്ലക്സുകൾ പകുതി തുറക്കാം. ജില്ല കടന്നുള്ള യാത്രയ്‌ക്ക് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പാസ് വേണ്ട. സാമൂഹ്യജീവിതം അടച്ചുപൂട്ടി ഏറെനാൾ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇതൊക്കെ അനിവാര്യമാണ്.  നിയന്ത്രണമേഖലകളിൽ ഇതൊന്നും അനുവദനീയമല്ല.


 

ഇങ്ങനെയൊക്കെ ചില അനുമതികൾ നൽകുമ്പോൾത്തന്നെ, എല്ലാ രംഗത്തും കരുതലും അതീവ ജാഗ്രതയും വേണമെന്ന് സർക്കാരും മുഖ്യമന്ത്രിയും ആവർത്തിച്ചുപറയുന്നത് എല്ലാവരും ഉൾക്കൊള്ളണം. കോവിഡ് കാലത്ത് എങ്ങനെ ജീവിക്കണമെന്ന് ഇപ്പോൾ, കേരളീയരാകെ മനസ്സിലാക്കിയിട്ടുണ്ട്. നേരത്തേ  ജീവിച്ചതിൽനിന്ന് വ്യത്യസ്തമായൊരു ജീവിതമാണ് ഇനി വേണ്ടിവരിക. സാധാരണനില എന്നതുപോലും അസാധാരണമാണ്. കോവിഡ് വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അതിനെ നേരിട്ട്  ജീവിതം സാധ്യമാക്കുകയാകണം ലക്ഷ്യം. സാമൂഹ്യജീവിതവും സാമ്പത്തിക ജീവിതവും സാധ്യമാക്കുന്ന പുതിയൊരു പെരുമാറ്റച്ചട്ടത്തിലൂടെയാണ്‌ നാമെല്ലാവരും  കടന്നുപോകുന്നത്.

രോഗം പടരുന്നത് എങ്ങനെയെന്ന് ഏതാണ്ട് എല്ലാവർക്കും അറിയാം. മാസ്ക് ധരിക്കൽ, കൈ കഴുകൽ, സാനിറ്റൈസർ ഉപയോഗം, ശാരീരിക അകലം, കൂട്ടം കൂടാതിരിക്കൽ  എന്നിവ രോഗവ്യാപനം തടയാനുള്ള മാർഗങ്ങളാണെന്നും എല്ലാവർക്കും ധാരണയായിട്ടുണ്ട്. അടച്ചുപൂട്ടലിൽ ഇളവുകൾ കിട്ടുമ്പോഴും ഇക്കാര്യങ്ങളിൽ ഒരിളവുമില്ലെന്ന് നാമോരോരുത്തരും തിരിച്ചറിയണം. ഇല്ലെങ്കിൽ അത്യാപത്തുതന്നെ വരും. രാജ്യവും കേരളവും കോവിഡിന്റെ കടുത്ത ഭീഷണിയിൽത്തന്നെയാണെന്ന് ഓർമയുണ്ടാകണം. പ്രായമുള്ളവർ, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ, രോഗമുള്ളവർ, ഗർഭിണികൾ എന്നിവർ വീട്ടിൽത്തന്നെ കഴിയണമെന്ന നിർദേശം കർശനമായി പാലിച്ചേ പറ്റൂ.


 

രാജ്യത്ത് ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്.  രോഗം പിടിപെട്ടവർ ലക്ഷം കവിഞ്ഞു. മരണവും വർധിക്കുന്നു. കേരളത്തിലും ഇപ്പോൾ രോഗികളുടെ എണ്ണം കൂടുകയാണ്. വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളിൽനിന്നോ എത്തുന്നവരിലാണ് കേരളത്തിൽ രോഗം വ്യാപിക്കുന്നത്. അവർ നമ്മുടെ സഹോദരങ്ങളാണ്, നമ്മുടെ കുടുംബങ്ങളാണ്. ഇത് അവരുടെ ജന്മനാടാണ്. രോഗഭീതി പറഞ്ഞ് അവരെ ഇവിടേക്ക്  കൊണ്ടുവരാതിരിക്കാനാകില്ല. അതുകൊണ്ടുതന്നെ, ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നമ്മുടെ ആരോഗ്യസംവിധാനം സ്വീകരിച്ച കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണം, തയ്യാറാകണം. അങ്ങനെ മാത്രമേ  രോഗവ്യാപനത്തെ ചെറുക്കാൻ കഴിയൂ.  ലോകം അംഗീകരിച്ച ആ മാതൃകയിൽ ഒരു പിഴവും വരാതിരിക്കാൻ  എല്ലാവരും കൂട്ടായി ശ്രമിക്കണം.

സംസ്ഥാന ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, തദ്ദേശഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവരെല്ലാം ഒറ്റക്കെട്ടായി അണിനിരന്ന മഹാമാതൃകയിലൂടെയാണ് കോവിഡിനെ കേരളം ഇതുവരെ പിടിച്ചുകെട്ടിയത്. ഇനി ഇളവുകളുടെ കാലത്തും ഇങ്ങനെതന്നെ മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. ആ മുന്നേറ്റത്തെ നയിക്കാൻ കെൽപ്പുള്ളൊരു സർക്കാർ കേരളത്തിലുണ്ട്. അതാണ് മലയാളിയുടെ സമാധാനവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top