26 April Friday

പ്രബുദ്ധതയ്ക്ക് അഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2016


നിശ്ശേഷം ദുഷിച്ച ഒരു ജീര്‍ണാധികാരാധിപത്യത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനായി വിവേകപൂര്‍വം കേരളജനത നടത്തിയ പ്രബുദ്ധമായ ഇടപെടലാണ് ഈ ജനവിധിയില്‍ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പ് എന്ന അവസരം ഒരു രക്ഷാദൌത്യമായി ഉപയോഗിച്ച് ജനങ്ങള്‍ നാടിനെയും ജനങ്ങളെയും രക്ഷിച്ചു. ഈ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് കേരളത്തിലെ വോട്ടര്‍മാരെ എത്ര അഭിവാദ്യംചെയ്താലാണ് മതിയാകുക!

കേരളത്തെ രക്ഷിക്കാന്‍ ഒരേയൊരു രാഷ്ട്രീയശക്തിയേയുള്ളൂ എന്നും അത് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനമാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകകൂടിയാണ് കേരളജനത. അഴിമതിക്കെതിരെ, വര്‍ഗീയതയ്ക്കെതിരെ, ധാര്‍മികമൂല്യങ്ങളുടെ ധ്വംസനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനും വികസനത്തിന്റെ മഹാവീഥികളിലൂടെ നാടിനെ നയിക്കാനും കെല്‍പ്പുള്ള, ഇച്ഛാശക്തിയുള്ള പ്രസ്ഥാനം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണെന്നതിന്റെ വിളംബരവുമുണ്ട് ഈ ജനവിധിയില്‍.

തൊണ്ണൂറിലേറെ സീറ്റുകളുമായാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി രാഷ്ട്രീയവേലിയേറ്റം സൃഷ്ടിച്ച് വിജയത്തിലേക്ക് ഇരമ്പിക്കയറിയത്. ആ മുന്നേറ്റത്തില്‍ നാല് മന്ത്രിമാര്‍ മന്ത്രിമാര്‍ തകര്‍ന്നടിഞ്ഞു. സ്പീക്കര്‍ ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ചീഫ് വിപ്പ് ഉണ്ണിയാടന്‍ തുടങ്ങിയ അധികാരത്തിന്റെ പ്രതിരൂപങ്ങള്‍ തകര്‍ന്നടിഞ്ഞു. അഴിമതിയുടെ വക്കാലത്തേറ്റെടുത്ത് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഷ്ണുനാഥ്, പുതുശേരി, രാജ്മോഹന്‍ ഉണ്ണിത്താന്‍, പന്തളം സുധാകരന്‍ തുടങ്ങിയ വക്താക്കളും തകര്‍ന്നടിഞ്ഞു. കഷ്ടിച്ച് ജയിച്ചുകയറിയെന്നു പറയുന്ന യുഡിഎഫ് നേതാക്കളുടെ വോട്ടുനില എടുക്കുക. അത് ഇടിഞ്ഞുതാണു. മുഖ്യമന്ത്രിയുടെതന്നെ ഭൂരിപക്ഷം, കഴിഞ്ഞ തവണ 33255 ആയിരുന്നത് ഇത്തവണ 27092 ആയി താണു. എല്‍ഡിഎഫ് ശരാശരി 20000–25000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കില്‍ യുഡിഎഫ് ശരാശരി 1000–2000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്ലാ അര്‍ഥത്തിലും വ്യക്തമായ യുഡിഎഫ് വിരുദ്ധ തരംഗം!

അഭൂതപൂര്‍വമായ അഴിമതി, അധികാര ദുര്‍വിനിയോഗം, വര്‍ഗീയപ്രീണനം, സദാചാരവിരുദ്ധത തുടങ്ങിയവകൊണ്ട് ശ്രദ്ധേയമായിരുന്നു യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലം. ഏതു നീചമാര്‍ഗത്തിലൂടെ നീങ്ങിയാലും ജാതിമത കൂട്ടുകെട്ട് തങ്ങളെ രക്ഷിച്ചുകൊള്ളും എന്ന യുഡിഎഫ് അഹങ്കാരത്തിന്റെ മസ്തകത്തിന് ആഘാതമേല്‍പ്പിക്കുന്നതായി ഈ ജനവിധി.

ബിജെപിക്ക് അക്കൌണ്ട് തുറക്കാന്‍ സാധിച്ചു എന്നതാണ് ചില രാഷ്ട്രീയനിരീക്ഷകര്‍ എടുത്തുപറയുന്ന ഒരു കാര്യം. അത് സത്യമാണ്. നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചു. ഏഴു മണ്ഡലത്തില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. എന്നാല്‍, ഇതെല്ലാംതന്നെ കോണ്‍ഗ്രസിന്റെ ചെലവിലായിരുന്നു എന്നതു കാണേണ്ടതുണ്ട്. നേമത്ത് രാജഗോപാല്‍ ജയിച്ചതിനൊപ്പംതന്നെ ശ്രദ്ധിക്കേണ്ടതാണ്, യുഡിഎഫ് 13860 വോട്ട് എന്ന റെക്കോഡ് സൃഷ്ടിക്കുന്ന കുറവ് വോട്ട് നേടി അവിടെ മൂന്നാംസ്ഥാനത്തായി എന്ന കാര്യം. ബിജെപിയുടെ വര്‍ഗീയതയെ നേരിടാന്‍ ചങ്കൂറ്റമുള്ള പ്രസ്ഥാനം എല്‍ഡിഎഫ് ആണ് എന്നതു തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രതികരിച്ചു. നേമത്താകട്ടെ, ആ ജനമനോഭാവത്തെ അട്ടിമറിക്കാന്‍പോരുംവിധം കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കാതെ ബിജെപിക്ക് നല്‍കി. ഇത് വന്‍തോതില്‍ വന്നതുകൊണ്ടാണ് ഏഴു സീറ്റില്‍ ബിജെപിക്ക് രണ്ടാംസ്ഥാനത്തെത്താന്‍ കഴിഞ്ഞത് എന്നത് വോട്ടുനില പരിശോധിച്ചാല്‍ കൃത്യമായി മനസ്സിലാക്കാനാകും. കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ് ബിജെപിവിജയം.

ജാതിമതമേലാളന്മാര്‍ പണച്ചാക്കുകളുമായിറങ്ങിയാല്‍ അവര്‍ക്ക്  പിന്നാലെ ചെല്ലുകയല്ല, മറിച്ച് അവര്‍ക്ക് മുഖമടച്ച് അടികൊടുക്കുകയാകും കേരളജനത ചെയ്യുക എന്നതിന്റെ സ്ഥിരീകരണം ഈ തെരഞ്ഞെടുപ്പിലുണ്ട്. ബിജെപിക്ക് പട്ടുപരവതാനി വിരിച്ചുകൊടുത്ത ബിഡിജെഎസ് സ്വയം തെറിച്ചു ചെന്നുവീണത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്. എല്‍ഡിഎഫിനെ നിര്‍ണായകഘട്ടത്തില്‍ വഞ്ചിച്ച് ചേരിമാറിയ ആര്‍എസ്പി കഥാവശേഷമായി. തനിക്ക് എംപി സ്ഥാനം കിട്ടണമെന്ന ഒരാഗ്രഹം മുന്‍നിര്‍ത്തി ആര്‍എസ്പിയെ ചേരിമാറ്റിച്ച പ്രേമചന്ദ്രന് താന്‍മൂലം ആര്‍എസ്പി എന്ന പാര്‍ടി തന്നെ ഇല്ലാതായതിലും, അപ്പുറത്ത് നിന്നിരുന്ന ഷിബു ബേബിജോണിന്റെകൂടി സ്ഥാനമില്ലാതാക്കിയതിലും അഭിമാനിക്കാം! ജെഡിയു, ബിഡിജെഎസ്, ആര്‍എസ്പി എന്നിങ്ങനെ ചില പാര്‍ടികളുടെ അന്ത്യംകുറിച്ചു ഈ ജനവിധി.

സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ചാമ്പ്യന്‍ എല്‍ഡിഎഫ് ആണ് എന്ന മതനിരപേക്ഷ–ന്യൂനപക്ഷ വിഭാഗങ്ങളുടെ തിരിച്ചറിയല്‍, അഴിമതി മുതല്‍ അധാര്‍മികതവരെയുള്ള വിപര്യയങ്ങള്‍കൊണ്ട് അകവും പുറവും ദുഷിച്ച ജനവിരുദ്ധ ശക്തിയാണ് യുഡിഎഫ് എന്ന ജനങ്ങളുടെ പൊതുവായ ബോധ്യപ്പെടല്‍, പുതിയ സഹസ്രാബ്ദത്തില്‍ വികസനത്തിന്റെ വെളിച്ചം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുള്ളത് എല്‍ഡിഎഫിനാണെന്ന ജനങ്ങളുടെ മനസ്സിലാക്കല്‍ എന്നിവയൊക്കെയാണ് എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന ഈ വിജയത്തിനുപിന്നില്‍.

ലീഗ് ഭൂരിപക്ഷത്തിലുണ്ടായ ഇടിവ്, അവരുടെ കോട്ട എന്ന് കണക്കാക്കപ്പെട്ട മേഖലയിലെ ചെറിയ തോതിലെങ്കിലും അവര്‍ക്കുണ്ടായ സീറ്റ് നഷ്ടം, തൃശൂരിലും കൊല്ലത്തും ഉണ്ടായ നിശ്ശേഷമായ തുടച്ചുനീക്കല്‍, കോതമംഗലം, മൂവാറ്റുപുഴ, എറണാകുളം മേഖലയില്‍ ഉണ്ടായ വോട്ടുചോര്‍ച്ച തുടങ്ങിയവയൊക്കെ യുഡിഎഫ് എന്ന സംവിധാനത്തിന്റെ രാഷ്ട്രീയപ്രസക്തിക്ക് നേര്‍ക്കു തന്നെ വലിയ ചോദ്യചിഹ്നം ഉയര്‍ത്തുന്നുണ്ട്.

ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണ നയങ്ങളുടെ തിക്തഫലങ്ങള്‍, മതനിരപേക്ഷഘടന ആക്രമിക്കപ്പെടുന്നതിന്റെ ഭാഗമായുണ്ടാകുന്ന ആശങ്കകള്‍ തുടങ്ങിയവ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ എല്‍ഡിഎഫിനോട് ചേര്‍ത്തുനിര്‍ത്തി. എല്‍ഡിഎഫിന്റെ രാഷ്ട്രീയസാംഗത്യത്തിന് ഇത് അടിവരയിടുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top