16 June Sunday

നല്ല നാളെയ്ക്കുള്ള കര്‍മപദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2016

കേരളം കാത്തിരുന്ന ഒന്ന്–2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രയോഗികമായ കാര്യങ്ങള്‍മാത്രം പറയുക, പറഞ്ഞത് നടപ്പാക്കുക എന്ന സമീപനത്തിലൂന്നി, സംസ്ഥാനം ഇന്നു നേരിടുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് നവകേരളം വാര്‍ത്തെടുക്കാനുള്ള കര്‍മപദ്ധതിയാണ് പ്രകടനപത്രിക അവതരിപ്പിക്കുന്നത്. കേരളീയര്‍ ദൈനംദിനജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങളുള്‍പ്പെടെ സൂക്ഷ്മമായി നിരീക്ഷിച്ച് പരിഹാരം കണ്ടെത്താനും വരിഞ്ഞുമുറുക്കുന്ന പരിമിതികളെ മറികടന്ന്  മതനിരപേക്ഷ, അഴിമതിരഹിത, വികസിതകേരളം സൃഷ്ടിക്കാനുമുള്ള സമഗ്രവും പ്രായോഗികവുമായ സമീപനമാണ് ഈ പ്രകടനപത്രികയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഞ്ചുവര്‍ഷത്തെ ഭരണരാഹിത്യത്തിന്റെയും അഴിമതിയുടെയും അനാശാസ്യമായ അധികാര രാഷ്ട്രീയത്തിന്റെയും മലീമസമായ അവസ്ഥയില്‍നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നുള്ളത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും താല്‍പ്പര്യമാണ്. ആ ജനാഭിലാഷമാണ് എല്‍ഡിഎഫ് 72 പേജും മൂന്നുഭാഗങ്ങളുമുള്ള പ്രകടനപത്രികയില്‍ പ്രതിഫലിപ്പിക്കുന്നത്. 

കാര്‍ഷികരംഗത്തെ മുരടിപ്പ്, തൊഴില്‍മേഖലയിലെ മാന്ദ്യം, വ്യാവസായിക പിന്നോക്കാവസ്ഥ, പരിസ്ഥിതിനാശം, ഊര്‍ജപ്രതിസന്ധി, ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിലെ തിരിച്ചടി, സര്‍വവ്യാപിയായ അഴിമതി എന്നിവയുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍ക്ക് നടുവിലാണിന്ന് കേരളം. അഞ്ചുവര്‍ഷം കേരളത്തില്‍ നടന്നത് അഴിമതിഭരണമാണ്. 2011ല്‍ യുഡിഎഫ് അവതരിപ്പിച്ച പ്രകടനപത്രിക, ഒരു വാഗ്ദാനംപോലും നിറവേറ്റാനാകാതെ കാലഹരണപ്പെടുകയാണ്. വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പുകാലത്തേക്കു മാത്രമുള്ളതാണെന്ന ആ കാഴ്ചപ്പാട് മുറുകെപ്പിടിച്ച് ഭ്രമിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് വീണ്ടും തയ്യാറെടുക്കുമ്പോഴാണ്, പ്രായോഗികതയിലൂന്നിയ സമീപനവും പദ്ധതികളും മൂര്‍ത്തമായ നിര്‍ദേശങ്ങളുമായി എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. അധികാരത്തിലെത്തിയാല്‍  അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, കേരളത്തിലേക്ക് ഇന്നുള്ളതിന്റെ ഇരട്ടി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്‍പ്പാദനം 50 ശതമാനം വര്‍ധിപ്പിക്കും, കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പ് നല്‍കും. റബര്‍ റീ പ്ളാന്റിങ്ങിന് ഹൈക്ടറിന് ഒരുലക്ഷം രൂപ. നെല്‍വയലുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തും. 2500 മെഗാവാട്ട് ഉല്‍പ്പാദനശേഷി വൈദ്യുതിമേഖലയില്‍ കൂട്ടിച്ചേര്‍ക്കും എന്നു തുടങ്ങി, സമസ്ത മേഖലയിലും ചലനമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിലേത്. ഭരണപരിഷ്കരണം, നടപടിക്രമങ്ങളിലെ സുതാര്യത, നികുതിപിരിവിലെ കൃത്യത എന്നിങ്ങനെയുള്ളവയ്ക്കൊപ്പം എല്ലാ കുടുംബങ്ങള്‍ക്കും വീടും കക്കൂസും നല്‍കാനും പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങള്‍ക്ക് അവകാശങ്ങളും കൂടുതല്‍ ആനുകൂല്യങ്ങളും ഉറപ്പാക്കാനുമുള്ള പ്രതിജ്ഞാബദ്ധത എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നു.

കേരളം ഇന്നഭിമുഖീകരിക്കുന്ന ഗതാഗതപ്രശ്നത്തിന് പരിഹാരനിര്‍ദേശം ഇതിലുണ്ട്. ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിലെ ദുഷ്പ്രവണതകള്‍ തടയാനും കേരളത്തിന്റെ    ലോകോത്തരപദവി വീണ്ടെടുക്കാനുമുള്ള ക്രിയാത്മകസമീപനവും പ്രകടമാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുംചെയ്യുന്ന യുഡിഎഫ് മാതൃകയിലല്ല ഈ പ്രകടനപത്രിക രൂപപ്പെട്ടത് എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. നാലാം അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസിലുള്‍പ്പെടെ ജനാധിപത്യപരമായ അനേകം ചര്‍ച്ചകളിലൂടെ, വിദഗ്ധരുടെ ഇടപെടലുകളിലൂടെ, പാര്‍ടികള്‍ക്കുള്ളിലെ പരിശോധനകളിലൂടെ രൂപപ്പെട്ടതാണ് ഈ 600 നിര്‍ദേശങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 35 ഇന പരിപാടിയും.  പ്രകടനപത്രികയുടെ ഉപസംഹാരമായി ഇങ്ങനെ പറയുന്നുണ്ട്: “കേരളത്തിന്റെ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടും രാജ്യത്തിന്റെ ഫെഡറല്‍ഘടന വിഭാവനംചെയ്യുന്ന പരിമിതികള്‍ക്കകത്ത് ഒരു സംസ്ഥാന സര്‍ക്കാരിന് ജനപക്ഷത്തുനിന്നുകൊണ്ട് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഈ പ്രകടനപത്രികയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. അധികാരമേറ്റ ഉടനെതന്നെ ഈ പദ്ധതികള്‍ പ്രായോഗികമാക്കുന്നതിനുള്ള ഒരു കലണ്ടര്‍ തയ്യാറാക്കിക്കൊണ്ടായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. ഓരോവര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും ഇതുസംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്തുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ചുകൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണംചെയ്യുകയും ചെയ്യും.

–ഇവിടെയാണ് വ്യത്യസ്തത. ഈ പ്രകടനപത്രികയില്‍ പറയുന്ന ഓരോന്നും നടപ്പാക്കാനുള്ളതാണെന്നും ജനങ്ങളുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കപ്പെടുകയെന്നും പറയാനുള്ള ആര്‍ജവം എല്‍ഡിഎഫിനുമാത്രം അവകാശപ്പെട്ടതാണ്. ഭാവിതലയുറയ്ക്കു വേണ്ടി, പോയകാലത്തെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായി രൂപപ്പെട്ട കേരളമാതൃക സംരക്ഷിക്കുന്നതിനായി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനമാണ് ഈ പ്രകടനപത്രികയുടെ സത്ത. അതാണ് കേരളം ആഗ്രഹിക്കുന്നതും. അഴിമതിയില്ലാത്ത, വിശപ്പില്ലാത്ത, വര്‍ഗീയതയുടെ അഴിഞ്ഞാട്ടമില്ലാത്ത, മുന്നോട്ടുസഞ്ചരിക്കുന്ന കേരളം യാഥാര്‍ഥ്യമാക്കാനുള്ള ഈ ചുവടുവയ്പില്‍ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top