01 December Friday

ആഹ്വാനം മാത്രം പോരാ നടപടികളും വേണം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


 

ലോകജനതയെ മരണഭയത്തിലാഴ്‌ത്തുന്ന കോവിഡ്‌–-19 വൈറസിനെ പ്രതിരോധിക്കുന്നതിന്‌ ശാസ്‌ത്രീയമായ പദ്ധതികളും ഫലപ്രദമായ നടപടികളുമില്ലാതെ രാജ്യം ഇരുട്ടിൽത്തപ്പുകയാണോ എന്ന സംശയം ഉയരുന്ന ഘട്ടത്തിലാണ്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌. വൈറസ്‌ ബാധയെ നിസ്സാരമായി കാണരുതെന്നും  കടുത്ത ജാഗ്രത വേണമെന്നുമാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. മാർച്ച്‌ 22 ന്‌ ജനങ്ങൾ സ്വയം കർഫ്യൂ ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ അന്താരാഷ്ട്ര വിമാനസർവീസുകൾ പൂർണമായും റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമായിട്ടുണ്ട്‌. എന്നാൽ രോഗം തടയുന്നതിന്‌ ഏറ്റവും ആവശ്യമായിട്ടുള്ള കുടുതൽ പരിശോധനയെക്കുറിച്ച്‌  പ്രധാനമന്ത്രി പറഞ്ഞിട്ടുമില്ല. കാത്തിരിക്കുന്ന വലിയ വിപത്തിനെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താൻ വൈകിയാണെങ്കിലും പ്രധാനമന്ത്രി തയ്യാറായത്‌ സ്വാഗതാർഹം തന്നെ. എന്നാൽ പ്രശ്‌നത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറായി എന്ന്‌ ഇതുവരെയുള്ള ഇടപെടലുകൾ ഒരു സൂചനയും നൽകുന്നില്ല. ഭൂഖണ്ഡഭേദമില്ലാതെ ലക്ഷക്കണക്കിനാളുകൾ കോവിഡിന്റെ പിടിയിലകപ്പെട്ടിട്ടും പ്രശ്‌നം ഗൗരവത്തോടെ കാണാൻ കേന്ദ്രസർക്കാർ മടിച്ചുനിൽക്കുകയായിരുന്നു. രോഗപ്രതിരോധത്തിന്‌  മാർഗനിർദേശങ്ങൾ നൽകാനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ കേന്ദ്രത്തിന്‌ ഇതുവരെയും കഴിഞ്ഞിരുന്നില്ല. . 130 കോടി ജനങ്ങളെ അപകടമുനമ്പിൽ അനാഥരാക്കിനിർത്തി നിസ്സംഗരും നിശ്ശബ്‌ദരുമായിരിക്കുകയായിരുന്നു മോഡി സർക്കാർ. ചൈനയിൽ തുടങ്ങി യൂറോപ്പിലും അമേരിക്കയിലും പശ്‌ചിമേഷ്യയിലും മരണക്കാറ്റായി വീശിയടിക്കുന്ന ഈ മാരകവൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ കൈക്കൊണ്ടത്‌ ദുർബലമായ നടപടികൾ മാത്രമായിരുന്നു.

യുദ്ധവും കലാപവും പ്രകൃതിക്ഷോഭവും രോഗങ്ങളുമടക്കം എല്ലാ ദുരിത–-ദുരന്തങ്ങളിലും  ജനങ്ങളുടെ രക്ഷകരാകേണ്ടവരാണ്‌ ഭരണകർത്താക്കൾ. സ്വന്തം ജനതയ്‌ക്ക്‌ സുരക്ഷാബോധവും ആത്മവിശ്വാസവുമേകാൻ രാജ്യം ഭരിക്കുന്നവർക്ക്‌ കഴിയണം. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ്‌–-19 വൈറസിനെ ചെറുക്കാനുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്‌ ധീരമായ നേതൃത്വം വഹിക്കേണ്ടത്‌ കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണ്‌. ഇത്തരം മഹാമാരികളെ സമചിത്തതയോടും കരുത്തോടും നേരിടാനുള്ള ശാസ്‌ത്രീയ അവബോധമോ ഉൾക്കാഴ്‌ചയോ ഇല്ലാത്തവരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. അശാസ്‌ത്രീയമായ കാര്യങ്ങളാണ്‌ മോഡി മന്ത്രിസഭയിലെ അംഗങ്ങൾപോലും പ്രചരിപ്പിക്കുന്നത്‌.

അതേസമയം, ചൈനയിലെ വുഹാനിൽ കൊറോണ വൈറസ്‌ വ്യാപിക്കുന്നുവെന്ന്‌ അറിഞ്ഞ നിമിഷംമുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുകയാണ്‌ കേരളം. വികസിത രാജ്യങ്ങളുടെപോലും അംഗീകാരം പിടിച്ചുപറ്റിയ പ്രതിരോധനടപടികളാണ്‌ കേരളം സ്വീകരിച്ചത്‌. കോവിഡ്‌ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ കേന്ദ്രത്തിനുവേണ്ടി കാര്യങ്ങൾ വിശദീകരിക്കാൻ കേരളത്തിലെ ആരോഗ്യവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയോടാണ്‌ ആവശ്യപ്പെട്ടത്‌. കോവിഡ്‌ പ്രതിരോധത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുപോലും ധാരണയില്ലെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. 

കോവിഡ്‌ വൈറസ്‌ വൻതോതിൽ ബാധിച്ച രാജ്യങ്ങളുടെ അനുഭവം ഇന്ത്യക്ക്‌ പാഠമാകേണ്ടതുണ്ട്‌. നിരവധിപേരെ ബാധിച്ചശേഷമാണ്‌ വൈറസ്‌ കണ്ടെത്താൻ ചൈനയ്‌ക്ക്‌ കഴിഞ്ഞത്‌. അതാണ്‌ കൂടുതൽ മരണത്തിനിടയാക്കിയത്‌. പ്രശ്‌നത്തെ ഗൗരവത്തോടെ കാണാതിരുന്നതാണ്‌ ഇറ്റലിയിലും സ്‌പെയിനിലും ഇറാനിലും അമേരിക്കയിലും മരണസംഖ്യ വർധിപ്പിച്ചത്‌. നിരീക്ഷണവും മുൻകരുതലും ശക്തിപ്പെടുത്തിയേ കോവിഡിനെ പ്രതിരോധിക്കാൻ കഴിയൂ എന്നാണ്‌ ആരോഗ്യവിദഗ്‌ധർ പറയുന്നത്‌. പരമാവധി ആളുകളെ പരിശോധനയ്‌ക്ക്‌ വിധേയരാക്കി രോഗം പടരുന്നില്ലെന്ന്‌ ഉറപ്പാക്കണം. സാമ്പിൾ പരിശോധനയ്‌ക്ക്‌ കൂടുതൽ കേന്ദ്രങ്ങൾ ഏർപ്പെടുത്തണം. ഇന്ത്യയിൽ കോവിഡ്‌ പരിശോധിക്കാൻ 72 ലാബാണുള്ളത്‌. കൂടുതൽ ലാബ്‌ അനുവദിക്കാൻ തീരുമാനമുണ്ടെങ്കിലും അതും ചിലപ്പോൾ അപര്യാപ്‌തമായേക്കും. മെഡിക്കൽ കോളേജുകളിലെല്ലാം കോവിഡ്‌ പരിശോധന വേണമെന്ന്‌ വിദഗ്‌ധർ ആവശ്യപ്പെടുന്നുണ്ട്‌. അതോടൊപ്പം സാമൂഹ്യമായ അകലം പാലിക്കാനും ജനങ്ങളെ ബോധവൽക്കരിക്കണം.  അങ്ങനെ വിശാലമായ സാമൂഹ്യമുന്നേറ്റം സാധ്യമാക്കണം.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക്‌ ഫണ്ട്‌ അനുവദിക്കേണ്ടതുണ്ട്‌. കേരളം കോടിക്കണക്കിന്‌ രൂപയാണ്‌ പ്രതിരോധത്തിന്‌ ചെലവഴിക്കുന്നത്‌. കാര്യങ്ങളെല്ലാം സംസ്ഥാനങ്ങളുടെ ചുമലിലിട്ട്‌ കേന്ദ്രത്തിന്‌ മാറിനിൽക്കാനാകില്ല. കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ കുടുംബത്തെ രാജ്യം സംരക്ഷിക്കണം. അവർക്ക്‌ ജീവിതസുരക്ഷയേകാൻ സഹായം നൽകണം. മരിച്ചവരുടെ കുടുംബത്തിന്‌ നാല്‌ ലക്ഷംരൂപ നഷ്‌ടപരിഹാരം നൽകുമെന്ന്‌ പ്രഖ്യാപിച്ചശേഷം കേന്ദ്രം പിൻവാങ്ങുകയാണുണ്ടായത്‌. നഷ്‌ടപരിഹാരം പുനഃസ്ഥാപിച്ച്‌ തുക വർധിപ്പിക്കണം.

രാജ്യത്തെ കോവിഡ്‌ വ്യാപനം രണ്ടാംഘട്ട(പരിമിത വ്യാപനം)ത്തിലാണെന്നാണ്‌ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ നിഗമനം. ഇത്‌ മൂന്നാംഘട്ടമായ സാമൂഹ്യവ്യാപനത്തിലേക്ക്‌ മാറാതെ നോക്കുകയാണ്‌ പ്രധാന വെല്ലുവിളി. അഭൂതപൂർവമായ സന്നാഹമൊരുക്കിയും വൻതോതിൽ ആരോഗ്യപ്രവർത്തകരെ അണിനിരത്തിയും വേണം ഈ ഘട്ടത്തെ നേരിടാൻ. ഈ പ്രതിരോധം നയിക്കാൻ കേന്ദ്രസർക്കാർ മുന്നിലുണ്ടാകണം. രോഗവുമായുള്ള നേരിട്ടുള്ള യുദ്ധം നയിക്കാൻ അശാസ്‌ത്രീയതയും അന്ധവിശ്വാസവും മുഖമുദ്രയാക്കിയ മോഡി സർക്കാരിന്‌ കഴിയുമോ എന്നാണ്‌ ഇന്ത്യക്കറിയേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top