25 September Monday

അഴിമതി മറയ്ക്കാന്‍ ഏതറ്റംവരെയും

വെബ് ഡെസ്‌ക്‌Updated: Sunday Mar 20, 2016

വസ്തുനിഷ്ഠമായി പുറത്തറിയിക്കാന്‍ ഒന്നുമില്ലാതാകുമ്പോള്‍ ഏതു ജനവിരുദ്ധ ഭരണാധികാരിയും സ്വീകരിക്കുന്ന മാര്‍ഗത്തില്‍തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. യാഥാര്‍ഥ്യങ്ങള്‍ മൂടിവയ്ക്കുക, വ്യാജനിര്‍മിതികള്‍ പ്രചരിപ്പിക്കുക എന്നതാണ് കാപട്യത്തിന്റെതായ ആ മാര്‍ഗം. ഒരു ഭാഗത്ത് താന്‍ വികസനനായകനാണ് എന്ന് സ്ഥാപിക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് പൊങ്ങച്ചപ്പരസ്യങ്ങളുടെ പെരുമഴ പെയ്യിക്കുന്നു. മറുവശത്ത് സര്‍ക്കാരിന്റെ ഒരു വിവരവും ജനങ്ങള്‍ അറിയാന്‍ പാടില്ല എന്ന വാശിയോടെ വിവരാവകാശ നിയമത്തിന്റെ കഴുത്തിന് കത്തിവയ്ക്കുന്നു. 

വിവരാവകാശ നിയമത്തിന്റെ മുഖ്യഉദ്ദേശ്യം അഴിമതി നിയന്ത്രിക്കലാണ്. അത് നിയമത്തിന്റെ ആമുഖത്തില്‍തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ നിയമത്തിന്റെ ലക്ഷ്യംതന്നെ തകര്‍ക്കുന്ന വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വിജ്ഞാപനപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇവരെല്ലാംകഴിഞ്ഞാല്‍ പിന്നെ ആരാണ് അവശേഷിക്കുന്നത്? പൊതുജനങ്ങളോ? നികുതിദായകനായ സാധാരണ പൌരനെക്കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമല്ല വിജിലന്‍സ്. അഴിമതി നടത്താന്‍ സൌകര്യമുള്ള എല്ലാവരെയും ഒഴിവാക്കിയാല്‍പിന്നെ എന്തിനാണ് വിവരാവകാശ നിയമം?

വിവിധ കോഴ–തട്ടിപ്പു കേസുകള്‍ പൊലീസ്–വിജിലന്‍സ് സംവിധാനങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കുന്നത് ഉമ്മന്‍ചാണ്ടി ഭരണത്തിലെ പതിവുതന്നെയാണ്. പുതിയ വിജ്ഞാപനത്തിന്റെ പിന്നിലുള്ള ഗുഢലക്ഷ്യം അതില്‍നിന്ന് വേറിട്ടതല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരില്‍ മുമ്പന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എക്സൈസ് മന്ത്രി കെ ബാബു, ധനമന്ത്രിയായിരുന്ന കെ എം മാണി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ ആരോപണവും അന്വേഷണവും സംബന്ധിച്ച വിവരങ്ങള്‍ പൌരന്മാര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയത്.

വിവരാവകാശ നിയമം 24–ാം വകുപ്പുപ്രകാരം രഹസ്യാന്വേഷണ (ഇന്റലിജന്‍സ്) ഏജന്‍സികളെയും സുരക്ഷാഏജന്‍സികളെയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അതനുസരിച്ച് ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്‍ഐഎ, സിബിഐ തുടങ്ങി 25 ഓളം ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍തന്നെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രസുരക്ഷ കണക്കിലെടുത്തും അതിന്റെ മറവിലും ആണത്. അതുതന്നെ തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നു. സിബിഐ ഇന്റലിജന്‍സ് ഏജന്‍സിയോ സുരക്ഷാഏജന്‍സിയോ അല്ല– കുറ്റാന്വേഷണ ഏജന്‍സിയാണ്. സിബിഐയെ ഒഴിവാക്കാമെങ്കില്‍ പൊലീസിനെയും ഒഴിവാക്കാവുന്നതാണ് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ചോദ്യംചെയ്ത് ഒരുകൂട്ടം ഹര്‍ജികള്‍ വിവിധ ഹൈക്കോടതികളില്‍ എത്തിയിരുന്നു. അവയെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഈ കേസ് നിലനില്‍ക്കുമ്പോഴാണ് കേരളത്തില്‍ മറ്റൊരു വിജ്ഞാപനം ഇറങ്ങിയത്. ഇത് നിയമത്തിന്റെ ദുരുപയോഗമാണ്; നിയമത്തെ അട്ടിമറിക്കലാണ്. കേരളത്തില്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയെപോലും നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുപോലും കൊടുക്കില്ലെന്നര്‍ഥം!

സര്‍ക്കാര്‍ വിജ്ഞാപനം കോടതി റദ്ദാക്കുമെന്ന് ഉറപ്പാണ്. അത്രയും നഗ്നമായ നിയമലംഘനമാണിത്. അത് ഉമ്മന്‍ചാണ്ടിക്കും അറിയാം. എന്നാല്‍, കോടതിയില്‍നിന്ന് തീരുമാനം വരുമ്പോഴേക്കും നിയമസഭാ വോട്ടെടുപ്പ് കഴിയും. അതാണ് ലക്ഷ്യം– എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ എല്ലാം മൂടിവയ്ക്കുക.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിവിധ നടപടികളിലൂടെ ഈ നിയമം ദുര്‍ബലമാക്കിയിട്ടുണ്ട്. വിവരാവകാശ കമീഷന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചതാണ് അതിലൊന്ന്. സര്‍ക്കാരില്‍നിന്ന് വിവരം കിട്ടാത്തതിന് അപ്പീല്‍ ഫയല്‍ചെയ്താല്‍ രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞാണ് തീരുമാനമുണ്ടാകുന്നത്. എന്തിനുവേണ്ടി നിയമം കൊണ്ടുവന്നുവോ ആ ലക്ഷ്യം അഴിമതിക്കാര്‍ പരാജയപ്പെടുത്തുന്നു. ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെയും സുപ്രീംകോടതി വിധിന്യായങ്ങളുടെയും നിയമരൂപമായ വിവരാവകാശനിയമത്തെ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇത്തരത്തില്‍ ദുര്‍ബലപ്പെടുത്തുന്നത്, ജനങ്ങളുടെ കണ്ണില്‍പെട്ടാല്‍ പൊട്ടിത്തെറിയുണ്ടാകുന്ന കൂറ്റന്‍ അഴിമതികളാണ് തങ്ങള്‍നടത്തിയത് എന്നതുകൊണ്ടാണ്. പുറത്തറിഞ്ഞാല്‍ നാണംകെടുന്ന രഹസ്യങ്ങള്‍ പേറിനടക്കുന്ന ഒരു സര്‍ക്കാരിന്റെ ഗതികേടാണ് ഈ ഉത്തരവ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top