25 September Monday

പ്രതിക്കൂട്ടില്‍ യുഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2017


മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയില്‍നിന്ന് പതിവായി ഉയര്‍ന്നുകേട്ട ഒരു ചോദ്യം 'തെളിവെവിടെ' എന്നതായിരുന്നു. ഓരോ ആരോപണം വരുമ്പോഴും അദ്ദേഹം അതാവര്‍ത്തിച്ചു. തെളിവുകള്‍വരുമ്പോള്‍ 'നിയമം നിയമത്തിന്റെ വഴിക്ക് പോകു'മെന്നും തന്റെ മനഃസാക്ഷിയാണ് തനിക്ക് മുഖ്യമെന്നുമുള്ള ന്യായങ്ങളാണ് ഉണ്ടായത്. ഇത്തരം വാചാടോപത്തിന്റെ മറവില്‍ സ്വന്തം നീതിയാണ് ഉമ്മന്‍ചാണ്ടി നടപ്പാക്കിയത്. അന്വേഷണ ഏജന്‍സികളെയും ഭരണ സംവിധാനത്തെയും നഗ്നമായി ദുരുപയോഗം ചെയ്ത് അഴിമതികള്‍ മൂടിവയ്ക്കുകയും നിയമത്തെ കുറ്റവാളികളുടെ വഴിയിലേക്ക് വലിച്ചുകൊണ്ടുപോവുകയുമാണ് ചെയ്തത്. തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ സ്ഥാപിച്ച 16 സെന്റ് പുറമ്പോക്കുഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മിക്കുന്നതിന് സ്വകാര്യ നിര്‍മാണകമ്പനിക്ക് ഒത്താശ ചെയ്തെന്ന കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണിന്ന്. അഞ്ചുപേര്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ നാലാമതായി മുന്‍ മുഖ്യമന്ത്രി. 

നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് കൃത്രിമം കാണിച്ച്, എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് പൊതുമുതല്‍ തീറെഴുതിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലുകളും  അത് മറച്ചുവയ്ക്കാന്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത്ഭൂഷണ്‍ അടക്കമുള്ള ഉദ്യോഗസ്ഥപ്രമാണിമാര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളും ഈ കേസിന്റെ നാള്‍വഴിയില്‍ തെളിഞ്ഞുനില്‍പ്പുണ്ട്. വാട്ടര്‍ അതോറിറ്റി എംഡിയും മന്ത്രിയായിരുന്ന പി ജെ ജോസഫും എഴുതിയ വിയോജനക്കുറിപ്പുകള്‍പോലും തള്ളിക്കളഞ്ഞാണ് ഉമ്മന്‍ചാണ്ടി നേരിട്ട് ഇതില്‍ ഇടപെട്ടതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. താന്‍ ചെയ്തതെല്ലാം ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് വിരമിച്ചശേഷം ഭരത്ഭൂഷണ്‍ വെളിപ്പെടുത്തിയതുമാണ്. 

വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചതോടെ പാറ്റൂര്‍ കേസിന്റെ അന്വേഷണവും നടപടിക്രമങ്ങളും അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുഡിഎഫ് കാലത്ത് അധികാരസ്വാധീനം ഉപയോഗിച്ച് നടത്തിയ അനേകം അഴിമതികളില്‍ ഒന്നുമാത്രമാണിത്. സോളാര്‍, ടൈറ്റാനിയം, പാമൊലിന്‍, ബാര്‍കോഴ തുടങ്ങിയ കേസുകളും ഉമ്മന്‍ചാണ്ടിയെയും അന്നത്തെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, അടൂര്‍ പ്രകാശ് തുടങ്ങിയ യുഡിഎഫ് നേതാക്കളെയും കാത്തിരിക്കുന്നുണ്ട്. അധികാരദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും ഹീനമായ മുഖമാണ് പാറ്റൂര്‍ കേസിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ എന്നിവരുടെ പങ്കാളിത്തം സംശയരഹിതമായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഭൂമികൈയേറ്റമുണ്ടെന്ന വിവിധ വകുപ്പുകളുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ഉമ്മന്‍ചാണ്ടിയും ഭരത്ഭൂഷണും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ്. പുറമ്പോക്കുഭൂമി കൈയേറ്റവും രേഖകളില്ലാത്ത ഭൂമി കൈവശപ്പെടുത്തലുമുണ്ടെന്ന് ലോകായുക്ത നിയോഗിച്ച അഭിഭാഷക കമീഷന്റെ റിപ്പോര്‍ട്ടില്‍ തെളിയുന്നു. ഫ്ളാറ്റ് പണിയുന്നതിന് പുറമ്പോക്കിലുള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ ഉടമകളായ ആര്‍ടെക് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനും  ഉമ്മന്‍ചാണ്ടി വിവാദ ഫയല്‍ വിളിപ്പിച്ചതിനും ഓരോ ഘട്ടത്തിലും കൈയേറ്റക്കാര്‍ക്ക് അനുകൂലമായി നീങ്ങിയതിനുമുള്ള അനിഷേധ്യതെളിവുകളാണ് അന്വേഷകര്‍ പുറത്തുകൊണ്ടുവന്നത്. കലക്ടര്‍, വിജിലന്‍സ്, ലാന്‍ഡ് റവന്യൂ കമീഷണര്‍, റവന്യൂ സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ടുകളിലെ വൈരുധ്യം അവഗണിച്ച്, ഒരു കൈയേറ്റവും നടന്നില്ലെന്നാണ് 2014 ഏപ്രില്‍ 29ന് ചീഫ് സെക്രട്ടറിയെക്കൊണ്ട് ഫയലില്‍ കുറിപ്പിച്ചത്. അന്നുതന്നെ അസാധാരണ ധൃതിയോടെ ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടു.  തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യുഡിഎഫ് ഭരണം എത്രമാത്രം അഴിമതി നിറഞ്ഞതും ജീര്‍ണവുമായിരുന്നുവെന്നത് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നതാണ് പാറ്റൂര്‍ കേസിന്റെ പുരോഗതി. അഴിമതിക്കുള്ള ശിക്ഷയാണ് യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ ദയനീയപരാജയം. അതില്‍നിന് പാഠമുള്‍ക്കൊള്ളാതെ ജനവിരുദ്ധ സമീപനവുമായാണ് തുടര്‍ന്നും യുഡിഎഫ് മുന്നോട്ടുപോകുന്നത്. ഭരണത്തിലിരുന്നപ്പോള്‍ അന്വേഷണ ഏജന്‍സികളെ അഴിമതിയുടെ സംരക്ഷകരാക്കാനുള്ള ശ്രമമായിരുന്നുവെങ്കില്‍, ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അവഹേളിക്കാനുമുള്ള ശ്രമം യുഡിഎഫ് നടത്തുന്നു. നിയമത്തെ അതിന്റെ വഴിക്ക് വിടാന്‍ ഇന്നും അവര്‍ തയ്യാറല്ല. ഉമ്മന്‍ചാണ്ടിതന്നെ കേസില്‍ പ്രതിയായിട്ടും അഴിമതിക്കെതിരെ അരവാക്കുരിയാടാന്‍ കെപിസിസി അധ്യക്ഷനുപോലും കഴിയാത്തതില്‍നിന്ന് വ്യക്തമാകുന്നത്, യുഡിഎഫ് നേരിടുന്ന ഗതികേടാണ്്. യുഡിഎഫ് മന്ത്രിസഭയുടെ അവസാനനാളുകളിലെ അസാധാരണ തീരുമാനങ്ങളുടെ പരിശോധനയും അതിന്മേലുള്ള നടപടികളും വരുംനാളുകളിലുണ്ടാകും. അതോടെ കേരളത്തിലെ യുഡിഎഫ് സംവിധാനം പരിപൂര്‍ണമായും  രോഗശയ്യയില്‍ പതിക്കുന്ന അവസ്ഥയാണുണ്ടാവുക. അത് മുന്നില്‍ കണ്ടെങ്കിലും അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാടെടുക്കാന്‍ ആ മുന്നണിയില്‍ അണിനിരക്കുന്നവര്‍ തയ്യാറാകുമോയെന്നാണ് അറിയേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top