23 April Tuesday

സിബിഐ അന്വേഷണം അട്ടിമറിച്ചത് ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2016

2003ലാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനടുത്തുള്ള മാറാട് കടപ്പുറത്ത് എട്ട് ആര്‍എസ്എസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഒമ്പതുപേരില്‍ ഒരാള്‍ കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് വിവരം. സംഭവത്തില്‍ നിരവധി ആര്‍എസ്എസുകാര്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഈ സംഭവത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് അന്ന് ആര്‍എസ്എസ്– ബിജെപി നേതൃത്വം ആവശ്യപ്പെടുകയുണ്ടായി. സിബിഐ അന്വേഷണത്തിനായി പ്രക്ഷോഭങ്ങളും ഉപരോധസമരങ്ങളും നടത്തിയതിന് നേതൃത്വം നല്‍കിയത് ബിജെപിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു. സംഭവത്തെതുടര്‍ന്ന് മാറാട് പ്രദേശത്തുനിന്ന് പ്രാണരക്ഷാര്‍ഥം നിരവധി മുസ്ളിം കുടുംബങ്ങള്‍ ഓടിരക്ഷപ്പെട്ട് അഭയാര്‍ഥിക്യാമ്പുകളിലാണ് താമസിച്ചിരുന്നത്. ഈ കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ തിരിച്ചുവരുന്നതുവരെ ഒരുമാസക്കാലം ബിജെപിക്കാര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. 

ഈ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എസ്പി പ്രദീപ്കുമാറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. സിബിഐ അന്വേഷണം അട്ടിമറിച്ചത് ബിജെപി നേതൃത്വമാണെന്ന് പ്രദീപ്കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപി നേതൃത്വവും മുസ്ളിം നേതൃത്വവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും പ്രദീപ്കുമാര്‍ പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജുഡീഷ്യല്‍ കമീഷനെ നിയമിച്ച്് ഉത്തരവിറക്കി. കമീഷന്‍ വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കമീഷനുമുമ്പാകെ തെളിവ് നല്‍കി. ആന്റണി നിയമിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കൊലപാതകത്തില്‍ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ശുപാര്‍ശ സ്വീകരിക്കുകയും അന്വേഷണത്തിനായി സിബിഐയെ ചുമതലപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി പലതവണ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണം ഉണ്ടായില്ല. ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശചെയ്തിട്ടും കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താതിരുന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ഇതൊരു വിചിത്രമായ സംഭവമായി തോന്നുന്നു.

ഷുക്കൂര്‍, ഫൈസല്‍, മനോജ് വധക്കേസുകള്‍ സിബിഐ അന്വേഷണം നടത്തുകയും സിപിഐ എം നേതാക്കളെ പ്രതിചേര്‍ത്തും യുഎപിഎ ചുമത്തിയും നിയമവിരുദ്ധമായി ജയിലിലടയ്ക്കാന്‍ ആര്‍എസ്എസ് സമ്മര്‍ദം ചെലുത്തുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ നടത്തി ഒട്ടേറെ പ്രതികളെ വിട്ടയക്കുകയും കോടതി കുറ്റക്കാരാണെന്ന് കണ്ട ചിലര്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, ഈ സംഭവത്തിലും സിബിഐ അന്വേഷണമാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്. കുമ്മനം രാജശേഖരന്‍ തന്റെ വിമോചനയാത്രാവേളയില്‍ ഈ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിയിരിക്കുന്നു. ഇതേ ബിജെപി എട്ട് ബിജെപിക്കാര്‍ കൊല്ലപ്പെട്ട മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതിന്റെ പൊരുളെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതിന് രാജശേഖരന്‍തന്നെ വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്. ഏത് വിഷയമുണ്ടായാലും സിബിഐ അന്വേഷണം എന്ന് വിളിച്ചുകൂവുന്ന ആര്‍എസ്എസ്– ബിജെപി നേതൃത്വം, മാറാട് സംഭവത്തില്‍മാത്രം സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനുള്ള കാരണം ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top