28 March Thursday

കര്‍ഷക ആത്മഹത്യ ബിജെപിക്ക് ഫാഷന്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2016

വടക്കന്‍ മുംബൈയില്‍നിന്നുള്ള ബിജെപി എംപി ഗോപാല്‍ഷെട്ടി പറയുന്നത് കര്‍ഷക ആത്മഹത്യ ഒരു ഫാഷനാണെന്നാണ്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത് തൊഴിലില്ലായ്മയോ പട്ടിണിയോ ദാരിദ്യ്രമോ ഉള്ളതുകൊണ്ടല്ല. കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് ഗോപാല്‍ ഷെട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആത്മഹത്യചെയ്ത കര്‍ഷകകുടുംബത്തിന് ചില സംസ്ഥാന സര്‍ക്കാരുകള്‍ അഞ്ചുലക്ഷം രൂപയും മറ്റു ചില സംസ്ഥാനങ്ങള്‍ ഏഴുലക്ഷവും മൂന്നാമത് ചില സംസ്ഥാനങ്ങള്‍ ഒമ്പതുലക്ഷം രൂപയും സഹായധനം നല്‍കുന്നതില്‍ പരസ്പരം മത്സരിക്കുകയാണെന്നും ഇത് ആത്മഹത്യക്ക് പ്രേരണയാകുന്നുണ്ടെന്നും ബിജെപി എംപി പറയുന്നു. മഹാരാഷ്ട്രയില്‍ 124 കര്‍ഷകര്‍ ഒരുവര്‍ഷത്തിനകം ആത്മഹത്യചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഗോപാല്‍ ഷെട്ടി കര്‍ഷകരോട് ഒരു അനുഭാവവുമില്ലാതെയാണ് മറുപടി പറഞ്ഞത്. 

മഹാരാഷ്ട്രയുടെ ഭാഗമായ വിദര്‍ഭയിലാണ് ഇന്ത്യയില്‍തന്നെ ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യചെയ്തത്. ആത്മഹത്യ തുടരുകയാണ്. പരുത്തിയുടെ വിലയിടിവാണ് കര്‍ഷകരുടെ ദുരിതത്തിനുള്ള ഒരു കാരണം. ബിജെപി എംപിക്കല്ലാതെ ഇത്ര അനുഭാവശൂന്യമായ നിലപാട്, കഷ്ടപ്പെടുന്ന കര്‍ഷകരോട് സ്വീകരിക്കാനാകില്ല. ഭിക്ഷ കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കുന്ന നിലപാടാണ് ബിജെപി നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലാകെ കഴിഞ്ഞ പത്തുവര്‍ഷത്തിനകം മൂന്നുലക്ഷത്തോളം കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതമായി. കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. ആസിയന്‍ കരാര്‍മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുച്ഛമായ വിലയ്ക്ക് ചുങ്കം ചുമത്താതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇതിന്റെ ഫലമായി കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കനത്തതോതില്‍ വിലയിടിയുന്നു. കേരളത്തിലെ റബര്‍കര്‍ഷകര്‍ ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് മുഖ്യകാരണം റബറും ടയറും അന്യരാജ്യങ്ങളില്‍നിന്ന് ചുങ്കം ചുമത്താതെ ഇറക്കുമതി ചെയ്യുന്നതാണ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ ബാധ്യതപ്പെട്ട ബിജെപിയുടെ എംപി, കര്‍ഷക ആത്മഹത്യ ഫാഷനാണെന്ന് പരിഹസിച്ച് കര്‍ഷകരെ അപമാനിക്കുന്നത് ജനങ്ങള്‍ സഹിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top