26 April Friday

കള്ളൻ കപ്പലിൽതന്നെയോ?

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


ഭീകരവാദത്തിനെതിരെ രാജ്യത്ത്‌ പ്രവർത്തിക്കുന്ന സുരക്ഷാസംവിധാനം കാര്യക്ഷമമാണോ എന്ന ചോദ്യം ശക്തമായി ഉയരുകയാണിപ്പോൾ. ഹിസ്‌ബുൾ മുജാഹിദീൻ ഭീകരനൊപ്പം ജമ്മു കശ്‌മീർ പൊലീസ്‌ ഡിവൈഎസ്‌പി ദവീന്ദർ സിങ് അറസ്‌റ്റിലായതോടെയാണ്‌ ഈ ചോദ്യം  ഉയരാൻ തുടങ്ങിയത്‌. ശ്രീനഗറിലെ ഔദ്യോഗിക വസതിയിൽ ഭീകരവാദികളെ താമസിപ്പിക്കാനും ഈ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥൻ തയ്യാറായി. ഭീകരവാദികളെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ട സുരക്ഷാ ഉദ്യോഗസ്ഥർതന്നെയാണ്‌ അവർക്ക്‌ ഭീകരവാദപ്രവർത്തനം നടത്താൻ എല്ലാ സഹായവും മോഡി ഭരണകാലത്ത്‌ നൽകുന്നത്‌ എന്ന്‌ ഈ സംഭവം വിരൽചൂണ്ടുന്നു.  

ദവീന്ദർ സിങ്ങിനെ ഒരു സാധാരണ ഉദ്യോഗസ്ഥനായി കാണാനാകില്ല. കാരണം, കഴിഞ്ഞ വർഷം  വിശിഷ്ടസേവനത്തിന്‌ രാഷ്ട്രപതി മെഡൽ നൽകി ആദരിച്ച ഉദ്യോഗസ്ഥനാണ്‌ അദ്ദേഹം. മാത്രമല്ല, എസ്‌പി പോസ്‌റ്റിലേക്ക്‌ പ്രൊമോഷൻ നൽകാനുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയായിരുന്നു. കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം  വകുപ്പ്‌ റദ്ദാക്കിയ വേളയിൽ കശ്‌മീർ വിമാനത്താവള സ്‌റ്റേഷൻ ചുമതലയുള്ള ഓഫീസർ കൂടിയായിരുന്നു ദവീന്ദർ. വിദേശരാജ്യങ്ങളിലെ അംബാസഡർമാർ കശ്‌മീർ താഴ്‌വര സന്ദർശിച്ചപ്പോൾ അവരെ അനുഗമിച്ചതും ഈ ഉദ്യോഗസ്ഥൻതന്നെ. അക്കൂട്ടത്തിൽ അമേരിക്കൻ അംബാസഡർ കെന്നത്ത്‌ ജസ്‌റ്ററും ഉണ്ടായിരുന്നു. ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ ഏറെ വിശ്വാസ്യതയുള്ള പൊലീസ്‌ ഓഫീസറാണ്‌ ദവീന്ദർ എന്നാണ്‌.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണം നടക്കുന്ന വേളയിൽ അവിടത്തെ ഡിവൈഎസ്‌പിയായിരുന്നു ദവീന്ദർ. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ മോഡി സ്വന്തം ഭൂരിപക്ഷത്തിൽ രണ്ടാമതും അധികാരത്തിലെത്തിയത്‌. അതുകൊണ്ടുതന്നെ പുൽവാമ ഭീകരാക്രമണത്തിൽ ദവീന്ദറിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്‌

ഇത്തരമൊരു ഉദ്യോഗസ്ഥനെയാണ്‌ ഭീകരവാദികൾക്കൊപ്പം അറസ്‌റ്റ്‌ ചെയ്യുന്നത്‌. ശ്രീനഗറിൽനിന്ന്‌ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അറസ്‌റ്റ്‌. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ തലസ്ഥാന നഗരിയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മാധ്യമവാർത്തകൾ പരക്കവെയാണ്‌ ദവീന്ദർസിങ് ഭീകരവാദികളുമായി ഡൽഹിയിലേക്ക്‌ യാത്രപുറപ്പെട്ടത്‌. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണം നടക്കുന്ന വേളയിൽ അവിടത്തെ ഡിവൈഎസ്‌പിയായിരുന്നു ദവീന്ദർ. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ മോഡി സ്വന്തം ഭൂരിപക്ഷത്തിൽ രണ്ടാമതും അധികാരത്തിലെത്തിയത്‌. അതുകൊണ്ടുതന്നെ പുൽവാമ ഭീകരാക്രമണത്തിൽ ദവീന്ദറിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്‌.

അതോടൊപ്പം 2001 ഡിസംബർ 13ന്‌ നടന്ന പാർലമെന്റ്‌ ഭീകരാക്രമണത്തിലും ദവീന്ദറിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌. ഇത്തരമൊരു ആവശ്യം ഉയരാനുള്ള പ്രധാനകാരണം ആ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു എഴുതിയ കത്തിൽ ദവീന്ദറിനെക്കുറിച്ച്‌ പരാമർശിച്ചതാണ്‌. മൊഹമ്മദ്‌ എന്ന ഒരാളെ ഡൽഹിയിൽ പാർപ്പിക്കാൻ ദവീന്ദർ ആവശ്യപ്പെട്ടിരുന്നുവെന്നും അയാളാണ്‌ പിന്നീട്‌ പാർലമെന്റ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ട  ഒരു ഭീകരവാദിയെന്നുമാണ്‌ അഫ്‌സൽ ഗുരുവിന്റെ കത്ത്‌. പാർലമെന്റ്‌ ആക്രമണക്കേസിലെ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ്‌ ഇതെങ്കിൽപ്പോലും ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നത്‌ അത്ഭുതപ്പെടുത്തുന്നു. ഭീകരവാദികൾക്കെതിരെ രാജ്യത്തുള്ള സുരക്ഷാസംവിധാനം ഈ രീതിയിലാണോ പ്രവർത്തിക്കേണ്ടതെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.

2001ൽ ദവീന്ദർ ഓഫീസറായിരിക്കെ ഉണ്ടായ കസ്‌റ്റഡി മരണത്തിൽ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നപ്പോൾ ബഡ്‌ഗാമിൽനിന്ന്‌ സ്ഥലം മാറ്റപ്പെട്ടു. വ്യാജകേസിൽനിന്ന്‌ ഒഴിവാക്കുന്നതിന്‌ ജനങ്ങളിൽനിന്ന്‌ പണം വാങ്ങിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തികൂടിയാണ്‌ ദവീന്ദർ

സുരക്ഷാസംവിധാനത്തിലെ കാര്യക്ഷമതയില്ലായ്‌മയ്‌ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌ ദവീന്ദർ സിങ് എന്ന ഉദ്യോഗസ്ഥനെ മേൽപ്പറഞ്ഞ മികച്ച പദവികളിൽ വിന്യസിച്ചത്‌. ഈ ഉദ്യോഗസ്ഥന്റെ സർവീസ്‌ റെക്കോഡ്‌ പരിശോധിച്ചാൽ ഒരിക്കലും സുപ്രധാന ചുമതലകൾ അദ്ദേഹത്തെ എൽപ്പിക്കില്ലായിരുന്നു. കാൽനൂറ്റാണ്ടുകാലത്തെ സർവീസിനിടയിൽ നിരവധി പരാതികളാണ്‌ അദ്ദേഹത്തിനെതിരെ ഉയർന്നത്‌. 2000ൽ ജൂനിയർ ഓഫീസറായിരിക്കെയാണ്‌ അഫ്‌സൽ ഗുരുവിനെ മർദിച്ച്‌ 80,000 രൂപ കൈക്കലാക്കിയെന്ന പരാതി ഉയർന്നത്‌. 2001ൽ ദവീന്ദർ ഓഫീസറായിരിക്കെ ഉണ്ടായ കസ്‌റ്റഡി മരണത്തിൽ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നപ്പോൾ ബഡ്‌ഗാമിൽനിന്ന്‌ സ്ഥലം മാറ്റപ്പെട്ടു. വ്യാജകേസിൽനിന്ന്‌ ഒഴിവാക്കുന്നതിന്‌ ജനങ്ങളിൽനിന്ന്‌ പണം വാങ്ങിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തികൂടിയാണ്‌ ദവീന്ദർ. ഇത്തരമൊരു ഉദ്യോഗസ്ഥന്‌ വിശിഷ്ട സേവാ മെഡൽ നൽകിയത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായും ദേശീയ സുരക്ഷാ ഉപദേശകൻ അജിത്‌ ഡോവലും ഉത്തരം പറഞ്ഞേ തീരൂ.

ദവീന്ദറും ഭീകരവാദികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ എൻഐഎ അന്വേഷിക്കുമെന്നും വിശിഷ്ടസേവാ മെഡൽ പിൻവലിക്കുമെന്നും സർവീസിൽനിന്ന്‌ നീക്കി യുഎപിഎ നിയമപ്രകാരം കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, അന്വേഷണം കേന്ദ്ര ഏജൻസിയായ എൻഐഎയെ എൽപ്പിച്ചതും വിമർശിക്കപ്പെടുകയാണ്‌. ഗുജറാത്ത്‌ കലാപക്കേസിലും ഹരേൻ പാണ്ഡ്യ വധക്കേസിലും മോഡിയെ രക്ഷിച്ച ഉദ്യോഗസ്ഥൻ വൈ സി മോഡിയാണ്‌ എൻഐഎയുടെ തലപ്പത്ത്‌ ഇരിക്കുന്നത്‌ എന്നതിനാലാണ്‌ ഈ വിമർശനം ഉയരുന്നത്‌. മോഡി–-ഷാ ഭരണത്തിനുകീഴിൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവും ദുർബലമാകുകയാണെന്ന്‌ വിളിച്ചോതുന്നതാണ്‌ ദവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top