08 May Wednesday

സവർക്കർക്ക് ഭാരതരത്നയോ?

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019



ചരിത്രം പിടിച്ചടക്കുകയെന്നത് ലോകമാകെ ഫാസിസ്റ്റുകൾ എക്കാലവും അവലംബിച്ച അധിനിവേശത്തിന്റെ ഗൂഢപദ്ധതികളിലൊന്നാണ്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും കാലം അതിന് വലിയ തെളിവുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സംഘപരിവാരം ആ തന്ത്രമാണ് അക്രമാസക്തമായി പിന്തുടരുന്നത്. നാഗ്പുർ കേന്ദ്രമായി ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കങ്ങൾ അതിന്റെ ഭാഗവും. മറ്റു മതവിഭാഗങ്ങളുടെ വ്യത്യസ്ത സംഭാവനകളെ ബോധപൂർവം തമസ്കരിക്കുന്ന പി എൻ ഓകിന്റെ കാഴ്ചപ്പാടുകളാണ് അവർ ആസ്പദമാക്കുന്നതും.

വ്യാഴാഴ്ച വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനംചെയ്യവെ, ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഉന്നയിച്ച പ്രധാന പ്രശ്നം "ഇന്ത്യാ ചരിത്രം തിരുത്തിയെഴുതണ'മെന്നാണ്. അതിന്റെ ദിശ എന്തായിരിക്കണമെന്ന  രൂപരേഖയും  മുന്നോട്ടുവച്ചു. അതിൽ പ്രധാനമാണ് ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദർ സവർക്കറെ വെള്ളപൂശി, വിമോചന നായകനും മഹാനുമായി അവതരിപ്പിച്ച സാമർഥ്യം. ""വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857ലെ യുദ്ധം ചരിത്രമാകുമായിരുന്നില്ല; ബ്രിട്ടീഷ് കാഴ്ചപ്പാടിലേ നാമതിനെ കാണുമായിരുന്നുള്ളൂ. അതിനെ ഒന്നാം സ്വാതന്ത്ര്യയുദ്ധമെന്ന് വിളിച്ചത് സവർക്കറാണ്. അല്ലെങ്കിൽ വിദ്യാർഥികൾ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ.''അമിത് ഷായുടെ ഈ പരാമർശം വരാനിരിക്കുന്ന വൻ അപകടങ്ങളുടെ ചെറിയ സൂചന മാത്രമാണ്.

ദേശീയ വിമോചനസമരത്തെ ഒറ്റുകൊടുത്ത, ബ്രിട്ടീഷുകാരുടെ കാൽക്കൽ വീണ് പലവട്ടം മാപ്പിരന്ന്   ജയിൽ വിമോചിതനായ, കടുത്ത ഗാന്ധിവിരുദ്ധനായ, ഗാന്ധിവധ ഗൂഢാലോചനക്കേസിൽ പ്രതിയായ സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകാൻ ബിജെപി തീരുമാനിച്ചിരിക്കുന്നതും ചരിത്രത്തെ വികൃതമാക്കുന്നതിന്റെ പേടിപ്പെടുത്തുന്ന തുടർച്ചയാണ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്  പുറത്തിറക്കിയ പ്രകടനപത്രികയിലാണ് രാജ്യ ഐക്യത്തെ വെല്ലുവിളിക്കുകയും യഥാർഥ സ്വാതന്ത്ര്യപോരാളികളെ അപമാനിക്കുകയും വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആ വാഗ്ദാനം. പ്രതിഷേധം തണുപ്പിക്കാൻ മഹാത്മാ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ പേരുകൾകൂടി ചേർത്തിട്ടുണ്ട്. മുംബൈയിൽ നടന്ന ചടങ്ങിൽ ദേശീയനേതാവ് ജെ പി നഡ്ഡയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംയുക്തമായാണ് പത്രിക പുറത്തിറക്കിയത്.

"ഹിന്ദുത്വ' പ്രത്യയശാസ്ത്രത്തിന്റെ  ആവിഷ്കർത്താവും പ്രയോക്താവുമാണ് സവർക്കർ.  ബ്രിട്ടീഷുകാരുടെ മുന്നിൽ അനുസരണയോടെ പെരുമാറിയ, അതിതീവ്ര വർഗീയാശയങ്ങൾ പ്രചരിപ്പിച്ച അദ്ദേഹത്തെ ഗാന്ധിജിയേക്കാൾ മൗലിക സംഭാവനകൾ നൽകിയ സ്വാതന്ത്ര്യസമര പിതാവായി കുറച്ചു വർഷങ്ങളായി സംഘപരിവാരം ഉയർത്തിക്കാട്ടുകയാണ്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ, ധീരദേശാഭിമാനികളുടെയും ഹിന്ദു‐മുസ്ലിം ഐക്യത്തിന് രക്തസാക്ഷികളായവരുടെയും ഫോട്ടോകൾക്കിടയിൽ 2003 ഫെബ്രുവരി 27ന് സവർക്കറുടെ ചിത്രം തള്ളിക്കയറ്റി. പോർട്ബ്ലെയർ വിമാനത്താവളം സവർക്കറിന്റെ ബഹുമാനാർഥം 2008 മെയ് എട്ടിന് പുനർനാമകരണം ചെയ്യുകയുമുണ്ടായി. 2017  നെഹ്റു  ചരമ വാർഷികദിനത്തിലെ "മൻ കീ ബാത്തി'ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ അനുസ്മരിച്ചതിനേക്കാൾ സവർക്കറെ പുകഴ്ത്തുകയായിരുന്നു.

  ശിക്ഷയിളവിനായി  സവർക്കർ ആറു പ്രാവശ്യം ബ്രിട്ടീഷുകാരുടെ കാലുപിടിക്കുകയുണ്ടായെന്നതാണ് നിഷേധിക്കാനാകാത്ത വസ്തുത. താനൊരു ധാരാളിയായ മകനാണെന്നും മാപ്പ് അനുവദിക്കണമെന്നും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും  കെഞ്ചി. മോചിപ്പിച്ചാൽ  ധാരാളം ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കാനാകുമെന്നും അവകാശപ്പെട്ടു. ഏതുവിധേനയും സാമ്രാജ്യത്തെ സേവിക്കാൻ ഒരുക്കമാണെന്ന വാഗ്ദാനങ്ങളായിരുന്നു അവയെല്ലാം.  തുടർന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ അംഗീകരിച്ചും അക്രമപ്രവർത്തനങ്ങളെ തള്ളിയും പ്രസ്താവനയിറക്കി.

എക്കാലവും രാജ്യവിഭജനമെന്ന ലക്ഷ്യത്തിനു പിന്നിൽ ഉറച്ചുനിന്ന  സവർക്കർ മുസ്ലിം പ്രദേശങ്ങൾ ഒഴിവാക്കി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി ഗാന്ധിജിക്കെതിരെ വിഷലിപ്തങ്ങളായ പ്രചാരണങ്ങളിൽ മുഴുകി. മുസ്ലിങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദുതാൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്നായിരുന്നു പഴി. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർത്ത് സൈന്യത്തിൽ ആളെക്കൂട്ടാനിറങ്ങി ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ഇത്തരം ദേശദ്രോഹ ചെയ്തികളെ ചായംപൂശി അവതരിപ്പിക്കുമ്പോൾ രാജ്യവും ജനാധിപത്യവാദികളും അതീവജാഗ്രത പാലിച്ചേ മതിയാകൂ; കാരണം ചരിത്രവും  ഒരു സമരായുധമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top