29 March Friday

തൊഴിലുറപ്പിനെ തകർക്കരുത‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


മതിയായ ഭക്ഷണം കിട്ടാത്തവരുടെ എണ്ണം ലോകത്താകമാനം 82 കോടി മാത്രമാണെന്ന ഐക്യരാഷ്ട്രസഭയുടെ കണക്ക‌് ഇന്ത്യൻ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യയിൽ ഒരു ശതമാനം  കോടീശ്വരന്മാർ കൈയടക്കിയ സമ്പത്തിന്റെ വ്യാപ‌്തി 73 ശതമാനത്തിലേക്ക‌് കുതിച്ചുവെന്നതാണ‌് ഒടുവിലത്തെ കണക്ക‌്. ജനസംഖ്യയുടെ പകുതിവരുന്ന താഴെതട്ടിലെ 67 കോടി പേരുടെ വിഹിതമാകട്ടെ, ഒരു ശതമാനവും. ഇവരെ മുഴുവൻ പട്ടിണിക്കാരുടെ ഗണത്തിൽ  യുഎൻ പെടുത്തിയിട്ടുണ്ടോ എന്ന‌് വ്യക്തമല്ല. ഈ പശ്ചാത്തലത്തിൽവേണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർത്തലാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കത്തെ കാണാൻ. ബജറ്റ‌് വിഹിതത്തിൽ 1084 കോടിരൂപ വെട്ടിക്കുറച്ചതിന‌് തൊട്ടുപിന്നാലെയാണ‌് പദ്ധതിക്കുനേരെതന്നെ കേന്ദ്രം വാളോങ്ങിയത‌്. ഗ്രാമീണ റോഡുകൾ, ജലാശയങ്ങൾ, സംഭരണ കേന്ദ്രങ്ങൾ തുടങ്ങി നിർമാണ, പശ്ചാത്തലമേഖലകളിൽ ഗണ്യമായ സംഭാവനയും കോടിക്കണക്കിന‌് സാധാരണ ജനങ്ങൾക്ക‌് ജീവിതമാർഗവും നൽകുന്ന പദ്ധതിയാണ‌് കേന്ദ്രം  ഇല്ലാതാക്കുന്നത‌്. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടലാണിത‌്. 

തൊഴിലുറപ്പ‌് എക്കാലത്തേക്കുമായി തുടരാൻ കഴിയില്ലെന്നാണ‌് ഗ്രാമവികസനമന്ത്രി നരേന്ദ്രസിങ‌് തോമർ ലോക‌്സഭയിൽ പറഞ്ഞത‌്. ദാരിദ്ര്യനിർമാർജനമാണത്രെ സർക്കാരിന്റെ ലക്ഷ്യം. ദാരിദ്ര്യവും സാമ്പത്തിക അസമത്വത്തിന്റെ സൃഷ്ടികളായ മറ്റ‌് അന്യായങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 90 രാജ്യങ്ങ‌ളിൽ പ്രവർത്തിക്കുന്ന എൻജിഒകളുടെ കോൺഫെഡറേഷനായ  ‘ഓക‌്സ‌്ഫാ’മിന്റെ  ഇന്ത്യാ സിഇഒ  നിഷ അഗർവാൾ ഇതുസംബന്ധിച്ച‌് പറയുന്നത‌് പൊള്ളുന്ന യാഥാർഥ്യമാണ‌്. ഇന്ത്യയിലെ ഒരു പ്രമുഖ ഗാർമെന്റ‌് കമ്പനിയിൽ ഉന്നത എക‌്സിക്യുട്ടീവിന‌് ലഭിക്കുന്ന വാർഷികശമ്പളത്തിന‌്, ഒരു മിനിമംവേജ‌് തൊഴിലാളി 941 കൊല്ലം പണിയെടുക്കണമെന്നാണ‌് അവർ പറയുന്നത‌്.

മിനിമംവേതനം 178 രൂപയായി നിജപ്പെടുത്തിയ കേന്ദ്രസർക്കാർ എത്രകാലമെടുത്താണ‌് രാജ്യത്ത‌് പട്ടിണി ഇല്ലാതാക്കുകയെന്ന ചോദ്യമാണ‌് ഉയരുന്നത‌്. കുറഞ്ഞ പ്രതിദിനവേതനം 600 രൂപയാക്കണമെന്ന‌്   ട്രേഡ‌് യൂണിയനുകൾ ആവശ്യപ്പെടുമ്പോൾ, 178 രൂപ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ദാര്രിദ്ര്യം ഇല്ലാതാക്കുമോ അതോ ദാരിദ്രരെ ഒന്നടങ്കം ഇല്ലാതാക്കുമോ എന്നാണറിയേണ്ടത‌്.

തൊണ്ണൂറുകളിലെ സാമ്പത്തിക ഉദരവൽക്കരണത്തോടെയാണ‌് രാജ്യത്ത‌് ദാരിദ്ര്യവൽക്കരണം അതിതീവ്രമായത‌്. പൊതുമേഖലയുടെ തകർച്ചയും സ്വകാര്യവൽക്കരണവും കാർഷികമേഖലയിലേക്കുള്ള കോർപറേറ്റ‌് കടന്നുകയറ്റവും സ്ഥിതി സങ്കീർണമാക്കി. തൊഴിലാളികളും കർഷകരും ആത്മഹത്യയിൽ അഭയം പ്രാപിച്ചു.

ഗ്രാമീണ തൊഴിലില്ലായ‌്മയും കാർഷികത്തകർച്ചയും ഇന്ത്യൻ സമ്പദ‌്ഘടനയുടെ സഹജസ്വഭാവമാണ‌്. എന്നാൽ, ഇതിന്റെ നിരക്ക‌് ക്രമാതീതമായി വർധിച്ചത‌് രണ്ട‌് പതിറ്റാണ്ടിനിടയിലാണ‌്‌. തൊണ്ണൂറുകളിലെ സാമ്പത്തിക ഉദരവൽക്കരണത്തോടെയാണ‌് രാജ്യത്ത‌് ദാരിദ്ര്യവൽക്കരണം അതിതീവ്രമായത‌്. പൊതുമേഖലയുടെ തകർച്ചയും സ്വകാര്യവൽക്കരണവും കാർഷികമേഖലയിലേക്കുള്ള കോർപറേറ്റ‌് കടന്നുകയറ്റവും സ്ഥിതി സങ്കീർണമാക്കി. തൊഴിലാളികളും കർഷകരും ആത്മഹത്യയിൽ അഭയം പ്രാപിച്ചു. ഈ സാഹചര്യത്തിലാണ‌് ഇന്ത്യൻ ഗ്രാമങ്ങളിലെ പട്ടിണിക്ക‌് പരിഹാരമായി സർക്കാർ തൊഴിൽദാനപദ്ധതി ആവിഷ‌്കരിക്കണമെന്ന ആവശ്യം ഇടതുപക്ഷ പാർടികൾ മുന്നോട്ടുവച്ചത‌്.

കോൺഗ്രസ‌് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന‌് ഇടതുപക്ഷം നൽകിയ പിന്തുണയ‌്ക്കുള്ള മിനിമം പരിപാടിയിൽ പ്രധാന ഇനം തൊഴിലുറപ്പുപദ്ധതിയായിരുന്നു. 2005 ആഗസ‌്ത‌് 25ന‌് പാർലമെന്റ് നിയമം പാസാക്കി.  2006ൽ പാലക്കാടും വയനാടും ഉൾപ്പെടെ 200 ജില്ലകൾ പദ്ധതിക്കായി തെരഞ്ഞെടുത്തു. 2007ൽ കാസർകോടും ഇടുക്കിയും ഉൾപ്പെടുത്തി.  2008ൽ അവശേഷിക്കുന്ന ജില്ലകൾകൂടി ചേർത്തതോടെ കേരളത്തിൽ  തൊഴിലുറപ്പ് സാർവത്രികമായി. പിന്നിട്ട വർഷങ്ങളിൽ ഈ പദ്ധതി കേരളത്തിലെ അസംഘടിത തൊഴിൽ മേഖലയിൽ പകർന്ന ആശ്വാസം ചെറുതല്ല. പദ്ധതി നന്നായി ഏറ്റെടുത്ത മറ്റു സംസ്ഥാനങ്ങളിലും നല്ല നേട്ടമുണ്ടായി.  പ്രളയത്തിന്റെ പരാധീനതകൾക്കിടയിലും  9.64 കോടി തൊഴിൽദിനമാണ് കേരളം സൃഷ്ടിച്ചത‌്. കേന്ദ്ര  മാനദണ്ഡത്തിന്റെ 138 ശതമാനമാണിത്. കർണാടകം(103),  തമിഴ്നാട‌്,  മധ്യപ്രദേശ‌്(100) ,ഗുജറാത്ത‌്( 97),  ഉത്തർ പ്രദേശ‌്(-87), ആന്ധ്ര(87), തെലങ്കാന(-85) ശതമാനം തൊഴിൽദിനങ്ങൾ പൂർത്തിയാക്കി. രാജ്യത്ത‌് 14 കോടിയോളം പാവങ്ങളാണ‌്  ഗുണഭോക്താക്കൾ.

രണ്ടാം യുപിഎ  സർക്കാരിന്റെ കാലത്തുതന്നെ തൊഴിലുറപ്പു പദ്ധതിയോട‌് വിമുഖത ആരംഭിച്ചെങ്കിലും മോഡിഭരണത്തിലാണ‌് തകർച്ചയിലേക്ക‌് നീങ്ങിയത‌്. ഫണ്ട് നിശ്ചയിക്കുന്നതിലും  തൊഴിൽദിനങ്ങളും  കൂലിയും അനുവദിക്കുന്നതിലും വീഴ‌്ചവരുത്തി. പ്രതിവർഷം നൂറ് തൊഴിൽദിനം,  15 ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം തുടങ്ങിയ വ്യവസ്ഥകളെല്ലാം ലംഘിക്കപ്പെട്ടു.  മികച്ച രീതിയിൽ പ്രവർത്തിച്ച കേരളത്തിനുപോലും 1316 കോടി രൂപ കുടിശ്ശിക വരുത്തി. പ്രളയാനന്തര പുനർനിർമാണത്തിൽ തൊഴിലുറപ്പിന്റെ സാധ്യതകൾ ഭാവനാപരമായി ഉപയോഗിക്കാനും പുതിയൊരു ദിശാബോധം നൽകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്ന ഘട്ടത്തിലാണ‌് കേന്ദ്രം പദ്ധതിതന്നെ തകർക്കുന്നത‌്.

മൂലധനശക്തികൾക്കുമുന്നിൽ മുട്ടിലിഴയുകയും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ  തൊഴിൽനിയമങ്ങളടക്കം അട്ടിമറിക്കുകയും ചെയ്യുന്ന മോഡിസർക്കാർ ജനങ്ങ‌ളുടെമേൽ മത്രമല്ല, കടന്നാക്രമണം നടത്തുന്നത‌്. സാമ്പത്തിക സ്രോതസ്സുകളാകെ കൈയാളുന്ന കേന്ദ്രത്തിൽനിന്ന‌് സംസ്ഥാനങ്ങൾക്ക‌് ലഭിക്കേണ്ട ന്യായമായ വിഹിതംകൂടിയാണ‌് നിഷേധിക്കുന്നത‌്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നടപടികൂടിയാണിത‌്. ഈ ജനദ്രോഹത്തെ സർവശക്തിയും ഉപയോഗിച്ച‌് ചെറുത്തുപരാജയപ്പെടുത്താൻ രാജ്യസ‌്നേഹികളായ മുഴുവനാളുകളും സജ്ജരാകേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top