20 April Saturday

സുപ്രീംകോടതി പറഞ്ഞതെങ്കിലും കേള്‍ക്കുമോ ?

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

 ൾക്കൂട്ട കൊലപാതകങ്ങൾ പുതിയ കാര്യമല്ല.ലോകത്തെല്ലായിടത്തും പെട്ടെന്ന് അക്രമാസക്തരാകുന്ന ജനക്കൂട്ടം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട് .ഇന്ത്യയിലും ഉണ്ടാകാറുണ്ടായിരുന്നു. അപൂർവമെങ്കിലും കേരളത്തിലും സംഭവിക്കുന്നു. ഈ ആൾക്കൂട്ട കൊലപാതകങ്ങൾ പലതും പെട്ടെന്നുണ്ടാകുന്നവയാണ്. അക്രമത്തിനുപിന്നിൽ നിരക്കുന്ന ആൾക്കൂട്ടത്തിൽ  പലർക്കും വംശീയവും ജാതീയവും മതപരവും ഒക്കെയായ പ്രേരണകളും മുൻവിധികളും  ഉണ്ടാകും. അവരെ അക്രമത്തിന‌് പ്രേരിപ്പിക്കുന്ന ഘടകങ്ങളും അതൊക്കെയാകും. കേരളത്തിൽത്തന്നെ ആദിവാസിയായ മധുവിനുനേരെയും അടുത്തിടെ ബംഗാൾ സ്വദേശി മാണിക്കിനുനേരെയും ഉണ്ടായത് ഇത്തരം അക്രമങ്ങളാണ്. കർശനമായ പൊലിസ് നടപടികളിലൂടെ വലിയൊരളവുവരെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാം. കേരളത്തിൽ ഈ രണ്ട് കേസിലും പ്രതികൾ അതിവേഗത്തിൽ പിടിയിലായി.

എന്നാൽ, ഇത്തരം ഒറ്റപ്പെട്ട ആൾക്കൂട്ടക്കൊലകളല്ല ചൊവ്വാഴ്ച സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്.  ആസൂത്രിതവും സംഘടിതവുമായ ആൾക്കൂട്ടക്കൊലകളെ പറ്റിയാണ് കോടതി ഇന്നലെ കർക്കശഭാഷയിൽ സംസാരിച്ചത്.കേന്ദ്രത്തിൽ ബിജെപി അധികാരമേറ്റതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി നടന്ന ആൾക്കൂട്ട അക്രമങ്ങൾ എണ്ണമറ്റതായി. പശുവിന്റെ പേരിൽ 2010മുതൽ 2017വരെ നടന്ന അക്രമങ്ങളിൽ എല്ലാംതന്നെ  നടന്നത് ബിജെപി അധികാരമേറ്റ 2014നുശേഷമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പശുവിന്റെ പേരിൽ, ദളിത്‌ വിരോധത്തിന്റെ പേരിൽ, മുസ്ലിം വിരോധത്തിന്റെ പേരിൽ ഒക്കെ ആയുധമേന്തിയവർ നിരപരാധികളെ കൊന്നുതള്ളി. ചിലരെ ജീവച്ഛവങ്ങളാക്കി. ഏറ്റവുമൊടുവിൽ വന്ദ്യവയോധികനായ സാമൂഹ്യപ്രവർത്തകൻ സ്വാമി അഗ്നിവേശിനുനേരെയും ഇതേ ആൾക്കൂട്ടം ആക്രമണം നടത്തി. ഈ അക്രമങ്ങളൊന്നും പെട്ടെന്നുള്ള പ്രകോപനങ്ങളുടെ ഫലമായിരുന്നില്ല. ബിജെപിയും സംഘപരിവാർ സംഘടനകളും കാലങ്ങളായി വിതയ്ക്കുന്ന  വെറുപ്പിന്റെ വിളവെടുപ്പായിരുന്നു ഈ കൊടുംപാതകങ്ങൾ.
പലയിടത്തും അറിയപ്പെടുന്ന സംഘപരിവാർ നേതാക്കൾതന്നെ നേതൃത്വം നൽകിയാണ്‌ ആക്രമണങ്ങൾ നടന്നത്. ബിജെപി ഭരിക്കുന്നിടങ്ങളിൽ പൊലീസ് അക്രമികൾക്കൊപ്പം നിൽക്കുന്നു. എന്ന് മാത്രമല്ല. ജയിലിലാകുന്നവർ പുറത്തെത്തുമ്പോൾ മാലയിട്ട് സ്വീകരിക്കാൻ കേന്ദ്രമന്ത്രിവരെ കാത്തു നിൽക്കുന്നു. ഇത്തരം അക്രമികൾക്കൊപ്പമാണെന്ന‌് ഭരണസംവിധാനവും ഭരണകർത്താക്കളും മടിയില്ലാതെ പ്രഖ്യാപിക്കുന്ന അവസ്ഥ.

ഈ  ഗുരുതരവും മുമ്പില്ലാത്തതുമായ സാമൂഹ്യസാഹചര്യത്തിലാണ് ആൾക്കൂട്ട അക്രമം തടയാൻ സുപ്രീംകോടതിയുടെ സഹായം തേടി പൊതുതാല്പര്യ ഹർജി വരുന്നത്‌. ഗോസംരക്ഷണസംഘങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി അതിക്രമങ്ങൾ അരങ്ങേറുകയാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

ഇക്കാര്യത്തിൽ കോടതി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിരിക്കുന്നു; പറയാവുന്നതിന്റെ പരമാവധി പറഞ്ഞിരിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ കർശനവ്യവസ്ഥകളുള്ള പ്രത്യേക നിയമം ഉണ്ടാക്കണമെന്ന‌്  സുപ്രീംകോടതി പാർലമെന്റിനോട് ശുപാർശ ചെയ്തിരിക്കുകയാണ്.  ‘ആൾക്കൂട്ട കോടതി' രാജ്യത്തെ തെരുവുകളിൽ ദിവസംതോറും നടത്തുന്ന നിയമവിരുദ്ധ വിചാരണയും ശിക്ഷ നടപ്പാക്കലും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെയാകെ നിഷേധിക്കലാണെന്ന‌് കോടതി ചൂണ്ടിക്കാട്ടുന്നു.
വളർന്നുവരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെപ്പറ്റി വിധിയിൽ പ്രത്യേകം പറയുന്നു. അന്ധമായ  വിശ്വാസത്തിൽ അധിഷ‌്ഠിതമായ  മാനസികനിലയിൽ നിന്നുള്ള അസഹിഷ്ണുതയാണ് ഈ ആൾക്കൂട്ടകലാപങ്ങൾക്ക് വിത്തിടുന്നതെന്നും അത് സ്വതന്ത്രചിന്തയ്ക്കും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതായും പരമോന്നത കോടതി പറയുന്നു. അതുകൊണ്ട് സഹിഷ്ണുത വളർത്തുകയും നിലനിർത്തുകയും വേണം. അതിൽ ഒരുതരത്തിലും വെള്ളം ചേർക്കാൻ അനുവദിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനാധിപത്യവാദികളാകെ ബിജെപിയോടും സംഘപരിവാറിനോടും നാലുകൊല്ലമായി ആവശ്യപ്പെടുന്നതാണ് ഈ വിധിയിലൂടെ കോടതിയും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുകൂടിയാണ് ഈ വിധി ബിജെപി ഭരണക്കാർക്കുനേരെ കോടതി പിടിച്ച കണ്ണാടിയാണെന്ന‌്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത്.

ഇത്രയേ കോടതിക്ക‌് ചെയ്യാനാകൂ. ഇനി നിയമനിർമാണത്തിന‌് നടപടി  ഉണ്ടാകേണ്ടത് കേന്ദ്ര സർക്കാരിൽ നിന്നാണ്. പാർലമെന്റ് സമ്മേളനത്തിന‌് ബുധനാഴ്ച തുടക്കമായിട്ടുണ്ട്. ഇനിയൊരു സമ്മേളനം ഉണ്ടാകുമോ എന്ന് ആർക്കും ഉറപ്പില്ല. തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻപോകുന്നു എന്ന് വാർത്തകളുണ്ട് .ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ സമ്മേളനത്തിൽത്തന്നെ സർക്കാരിന് നിയമം കൊണ്ടുവന്ന് പാസാക്കാം. പ്രതിപക്ഷം സഹകരിക്കുമെന്ന് ഉറപ്പ്. എന്നാൽ, ഈ അതിക്രമങ്ങളിലൂടെയടക്കം രൂപപ്പെടുന്ന വർഗീയ ധ്രുവീകരണത്തിൽനിന്ന് നേട്ടം കൊയ്ത് വീണ്ടും അധികാരത്തിലെത്താം എന്ന‌് കരുതുന്ന ഒരു സർക്കാരിൽനിന്നും പാർടിയിൽനിന്നും അത്തരത്തിലൊരു അടിയന്തരനടപടി പ്രതീക്ഷിക്കാൻ വയ്യ. അതുകൊണ്ട് സുപ്രീംകോടതി നിർദേശിച്ചതുപോലെ ഒരു നിയമനിർമാണത്തിന് ജനകീയപ്രക്ഷോഭവും വീണ്ടും കോടതി ഇടപെടലും വേണ്ടിവന്നേക്കാം .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top