20 April Saturday

ട്രംപിന്റെ ക്യൂബന്‍ വിരുദ്ധ നീക്കങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 19, 2017


അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബയുമായി ഉണ്ടാക്കിയ ചരിത്രപരമായ വ്യാപാര-യാത്രാ കരാറുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുര്‍ബലമാക്കിയിരിക്കുന്നുവെന്ന വാര്‍ത്ത അമേരിക്കയ്ക്കെതിരെ സാര്‍വദേശീയമായി രോഷം ഉയരാന്‍ കാരണമായി. ക്യൂബയുടെ സുഹൃദ്രാഷ്ട്രങ്ങളായ വെനസ്വേലയും ബൊളീവിയയും മറ്റും രൂക്ഷമായാണ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കയ്ക്കെതിരായ ആക്രമണമായാണ് ട്രംപിന്റെ നീക്കത്തെ ഈ നേതാക്കള്‍ വിലയിരുത്തുന്നത്. റഷ്യയും കടുത്ത ഭാഷയില്‍ത്തന്നെ ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ്. ക്യൂബയാകട്ടെ അമേരിക്കയ്ക്കുമുമ്പില്‍ വഴങ്ങിനില്‍ക്കില്ലെന്ന സന്ദേശമാണ് നല്‍കിയത്. 

ക്യൂബന്‍വിരുദ്ധ നീക്കങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഫ്ളോറിഡയിലെ മിയാമിയില്‍ ജൂണ്‍ 16ന് നടത്തിയ പ്രസംഗത്തിലാണ് ക്യൂബന്‍ അമേരിക്കന്‍ ബന്ധത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഒബാമയുടെകാലത്ത് ഒപ്പിട്ട കരാറുകള്‍ അമേരിക്കയെ ഒന്നാമതാക്കാന്‍ പര്യാപ്തമല്ലെന്നും ക്യൂബയ്ക്ക് ഗുണകരമാണെന്നും പറഞ്ഞാണ് ട്രംപിന്റെ പിന്മാറ്റം.  മുന്‍ സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുകളില്‍നിന്നുംമറ്റും ഏകപക്ഷീയമായി പിന്മാറുകയെന്നത് ട്രംപിന്റെ രീതിയായി മാറിയിരിക്കുന്നു. നേരത്തേ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ് എഗ്രിമെന്റില്‍നിന്ന് ട്രംപ് പിന്മാറിയിരുന്നു. അമേരിക്കയുടെതന്നെ നേതൃത്വത്തിലുള്ള നാറ്റോവിനും യുഎന്നിനും വാഗ്ദാനംചെയ്ത പണം നല്‍കില്ലെന്നും ട്രംപ് പറയുകയുണ്ടായി.  ആഭ്യന്തരമായി അമേരിക്കയിലെ വംശവെറിയന്മാരുടെയും തീവ്രവലതുപക്ഷത്തിന്റെയും കൈയടിനേടാനായി ട്രംപ് സ്വീകരിക്കുന്ന ഇത്തരം നയങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ വില ഇടിച്ചിരിക്കുകയാണ്. 54 വര്‍ഷങ്ങള്‍ക്കുശേഷം 2014ലാണ് അമേരിക്ക ക്യൂബയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതും തുടര്‍ന്ന് വ്യാപാര- യാത്രാബന്ധം പുനഃസ്ഥാപിച്ചതും. നയതന്ത്രബന്ധം ഉപേക്ഷിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ലെങ്കിലും വ്യാപാര യാത്രാ ബന്ധത്തില്‍ പുതിയ തീരുമാനത്തോടെ താളപ്പിഴകള്‍ ഉണ്ടാകും.

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ത്തന്നെ അധികാരമേറിയാല്‍ ക്യൂബവിരുദ്ധ നടപടികള്‍ കൈക്കൊള്ളുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ട്രംപ് പ്രതിനിധാനംചെയ്യുന്ന റിപ്പബ്ളിക്കന്‍ പാര്‍ടിയിലും വൈറ്റ്ഹൌസിലും ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നുവന്നു. ക്യൂബയുമായി ബന്ധം മെച്ചപ്പെടുത്തിയ ഒബാമ സര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല അത് കൂടുതല്‍ ശക്തമാക്കണമെന്ന് വാദിക്കുന്നവര്‍പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ ഈ ക്യൂബ സ്നേഹത്തിന് പിന്നില്‍ രാഷ്ട്രീയതാല്‍പ്പര്യങ്ങളേക്കാള്‍ വ്യാപാര താല്‍പ്പര്യങ്ങളാണുണ്ടായിരുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ റെക്സ് ടില്ലേഴ്സണ്‍, കാര്‍ഷിക സെക്രട്ടറി സോണി പെര്‍ഡു തുടങ്ങിയവര്‍ ഈ പക്ഷത്താണ് നിലയുറപ്പിച്ചത്. ജൂണ്‍ 19-20 തീയതികളില്‍ മെക്സിക്കോയിലെ കാന്‍കുണില്‍ ചേരുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ് ഉച്ചകോടിയില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ഉയരാനിടയുണ്ടെന്നതും ടില്ലേഴ്സണെ അലോസരപ്പെടുത്തുന്നു.  ക്യൂബ ഇതില്‍ അംഗമല്ലെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും അമേരിക്ക തുടരുന്ന ക്യൂബന്‍വിരുദ്ധ നിലപാടിനെ അംഗീകരിക്കുന്നവരല്ല. 

അതുകൊണ്ടുതന്നെ കാന്‍കുണ്‍ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ട്രംപ് കൈക്കൊണ്ട നീക്കം നയതന്ത്രപരമായി അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന് ഈ പക്ഷം വിലയിരുത്തുന്നു.
എന്നാല്‍, വൈറ്റ്ഹൌസിലെയും റിപ്പബ്ളിക്കന്‍ പാര്‍ടിയിലെയും തീവ്രവലതുപക്ഷം ക്യൂബയുമായി ഒബാമ പുനഃസ്ഥാപിച്ച നയതന്ത്രബന്ധംതന്നെ ഉപേക്ഷിക്കണമെന്ന പക്ഷക്കാരാണ്. റിപ്പബ്ളിക്കന്‍ പാര്‍ടി നേതാവും ഫ്ളോറിഡയില്‍നിന്നുള്ള സെനറ്ററുമായ മാര്‍കോ റൂബിയോവാണ് ഈ പക്ഷത്തിന്റെ നേതാവ്. മെയ് മൂന്നിന് വൈറ്റ്ഹൌസില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍വച്ചായിരുന്നു ക്യൂബ വിരുദ്ധ സംഘം നയതന്ത്രബന്ധം ഉടന്‍ ഉപേക്ഷിക്കണമെന്നും ഹവാനയിലെ അമേരിക്കന്‍ എംബസി ഉടന്‍ അടച്ചിടണമെന്നും വാദിച്ചത്. റൂബിയോവും മിയാമിലെ ബാറ്റിസ്റ്റ(ക്യുബയിലെ മുന്‍ ഏകാധിപതി) ആരാധകരുംചേര്‍ന്ന് ട്രംപ് സര്‍ക്കാരിന്റെ ക്യൂബനയം രൂപപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഇവര്‍ ആവശ്യപ്പെട്ടതുപോലെ ക്യുബയുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കാന്‍ മിയാമി പ്രസംഗത്തില്‍ ട്രംപ് തയ്യാറായില്ല. സ്വന്തം പാര്‍ടിയിലെയും വൈറ്റ്ഹൌസിലെയും ഇരുപക്ഷത്തെയും തൃപ്തിപ്പെടുത്തുംവിധമുള്ള ഒരു ഒത്തുതീര്‍പ്പ് നയമാണ് ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നയതന്ത്രബന്ധം ഉപേക്ഷിക്കാതെ വ്യാപാര-യാത്രാബന്ധങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണ് ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല. 

എന്നാല്‍, ട്രംപിന്റെ ഈ അവ്യക്തമായ നയം പ്രായോഗികമായി നടപ്പാക്കുക വിഷമകരമായിരിക്കും. ക്യൂബന്‍ സേനയുമായി ബന്ധപ്പെട്ട ഹോട്ടലുകള്‍, വിനോദസഞ്ചാരസ്ഥാപനങ്ങള്‍ എന്നിവയുമായി വ്യാപാരംപാടില്ലെന്ന നിയന്ത്രണമാണ് ട്രംപ് ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ മാത്രമല്ല, അമേരിക്കന്‍ പൌരന്മാരും ട്രംപിന്റെ പുതിയ നയത്തിനെതിരെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അമേരിക്ക സാമ്രാജ്യത്വത്തിന് ക്യൂബയെ വേട്ടയാടി തോല്‍പ്പിക്കാനാകില്ലെന്ന് ഉറപ്പിച്ച് പറയാം. അമേരിക്കന്‍ ഉപരോധത്തെ അഞ്ചരപ്പതിറ്റാണ്ട് അതിജീവിച്ച ക്യൂബയുടെ ചരിത്രംതന്നെയാണ് ഈ ഉറപ്പിന് അടിസ്ഥാനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top