07 July Thursday

ഭൂപട ബില്‍: സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2016


രാജ്യത്തെ ഭൂപടം തെറ്റായി കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭൂപട ബില്ലിന്റെ (ജിയോ സ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ബില്‍) കരട് ചര്‍ച്ചയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂരേഖകള്‍, തെരഞ്ഞെടുപ്പ് വിവരങ്ങള്‍, റോഡ്, റെയില്‍ ഭൂപടങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ ഭൂപടംവരെ പ്രസിദ്ധീകരിക്കുന്നതിന് സെക്യൂരിറ്റി വെറ്റിങ് അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി അഥവാ ലൈസന്‍സ് നേടണമെന്നാണ് കരടു ബില്‍ അനുശാസിക്കുന്നത്. ഭൂപടങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന പ്രസിദ്ധീകരണശാലകള്‍മുതല്‍ വരള്‍ച്ച, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥലം കാണിക്കുന്നതിന് അച്ചടിമാധ്യമങ്ങളും വെബ്സൈറ്റുകളും ദൃശ്യമാധ്യമങ്ങളും ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുവരെ  മുന്‍കൂര്‍ ലൈസന്‍സ് നേടേണ്ടിവരും. ഫെയ്സ്ബുക്കിലൂടെയായാലും മൊബൈലിലൂടെയായാലും ഭൂപടസംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന് ലൈസന്‍സ് നേടണമെന്നര്‍ഥം. ഒരുതവണ ലൈസന്‍സ് നേടിയാല്‍ പോരാ, ഓരോ ഉപയോഗഘട്ടത്തിലും ലൈസന്‍സ് നേടണം. തനി അസംബന്ധമാണ് ഈ ശുപാര്‍ശകള്‍ എന്ന് പറയാതിരിക്കാന്‍ വയ്യ. 

ജിപിഎസ് സംവിധാനം ഉപയോഗിച്ച് റോഡ് മാര്‍ഗം കണ്ടെത്തുന്നതിനായി ഗൂഗിള്‍ മാപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന കാലമാണിത്. മൊബൈലിലും ഈ സംവിധാനം ഇന്ന് ഉപയോഗിക്കുന്നു. കാറുകളിലും മറ്റ് വാഹനങ്ങളിലും ഈ സംവിധാനമുണ്ട്്. ഒല, യൂബര്‍ ടാക്സിപോലുള്ള കാര്‍ സര്‍വീസുകളും മറ്റും പ്രവര്‍ത്തിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഇത്തരം ഉപയോഗങ്ങള്‍ക്ക് പുതിയ നിയമം കടുത്ത വിലങ്ങ് തീര്‍ക്കും. ലൈസന്‍സ് ഇല്ലാതെ ഭൂപടവും മറ്റും ഉപയോഗിക്കുന്ന പക്ഷം 100 കോടി രൂപ പിഴയും ഏഴുവര്‍ഷംവരെ തടവും ശിക്ഷ ലഭിക്കുമെന്നു സാരം. രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ് മോഡിസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ഭൂപടസംബന്ധമായ വിവരങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് പ്രോത്സാഹിപ്പിക്കപ്പെടണം. എന്നാല്‍, രാജ്യത്തിന്റെ വികസനത്തെ തടയാനും പിന്നോട്ടു കൊണ്ടുപോകാനുമാണെങ്കില്‍ അത് എതിര്‍ക്കപ്പെടുകതന്നെ വേണം. ബില്ലിലെ വ്യവസ്ഥകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഈ ബില്‍ വലിച്ചെറിയേണ്ടതാണെന്ന് പറയേണ്ടിവരും. 

ബില്ലിലെ ഈ വികസനവിരുദ്ധ ഉള്ളടക്കമല്ല മാധ്യമങ്ങളും മറ്റും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് എന്നത് ദുഃഖകരമാണ്. രാജ്യത്തിന്റെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ പിഴയടയ്ക്കണം എന്ന രീതിയിലാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പാക്അധിനിവേശ കശ്മീരും അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള മേഖലകളും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ 100 കോടി രൂപ പിഴയും ഏഴുവര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന വാര്‍ത്തയ്ക്കാണ് പ്രാധാന്യം ലഭിക്കുന്നത്. മോഡിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഈ ഭൂപടബില്ലിനെതിരെ യുഎന്നില്‍ പരാതിയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത് മോഡിസര്‍ക്കാരിന് അവരുടെ ലക്ഷ്യം കാണാന്‍ സഹായകമായേക്കാം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ നിയമമെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാല്‍, രാജ്യത്തിന്റെ അതിര്‍ത്തിയും വിഭവങ്ങളും കൃത്യമായി രേഖപ്പെടുത്തുകയെന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ പാകിസ്ഥാന്‍ ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ വാദം. 

ഭൂപടത്തിന്റെ വൈവിധ്യമാര്‍ന്ന ഉപയോഗത്തെ വിസ്മരിച്ച് രാജ്യത്തിന്റെ അതിര്‍ത്തി എന്ന എകദിശാബോധത്തിലേക്ക് ബില്ലിനെ ചുരുക്കിക്കാണാനാണ് ആര്‍എസ്എസിനും മോഡിസര്‍ക്കാരിനും താല്‍പ്പര്യം. പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുക, മറ്റെല്ലാംതന്നെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുക എന്നതും ഇവരുടെ തന്ത്രമാണ്. ഭൂപടത്തിന്റെ ഏക ഉപയോഗം അതിര്‍ത്തി രേഖപ്പെടുത്താനും സൈനികാവശ്യങ്ങള്‍ക്കും മാത്രമാണെന്നാണ് സംഘപരിവാര്‍ ധാരണ. ഈ മധ്യകാല ധാരണയ്ക്ക് ചൂട്ടുപിടിക്കുന്നതാണ് ബില്‍ സംബന്ധിച്ചുള്ള ഇന്ത്യ–പാക് വാക്പയറ്റ്. രാജ്യത്തിന്റെ അതിര്‍ത്തിയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും സംരക്ഷിക്കുകയാണ് മോഡിസര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ 2005ലെ നാഷണല്‍ മാപ്പിങ് പോളിസിയില്‍ അതിനുള്ള വകുപ്പുകളുണ്ട്. ആവശ്യമെങ്കില്‍ ആ നയത്തിന് മൂര്‍ച്ച നല്‍കിയാല്‍ മതിയാകും. 'വിവിധങ്ങളായ ഭൂപടങ്ങളി'ല്‍നിന്ന് ഇന്ത്യന്‍ 'അതിര്‍ത്തികളെ' സംരക്ഷിക്കാന്‍ ഒരു ബില്ലിന്റെ ആവശ്യമില്ല തന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top