26 September Tuesday

യുഡിഎഫിന്റെ കുറുക്കുവഴി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2016

തെരഞ്ഞെടുപ്പ് നേരിടാന്‍ ഏത് ഹീനമാര്‍ഗവും ഉപയോഗിക്കുന്നതില്‍ യുഡിഎഫ് മടിച്ചുനിന്നിട്ടില്ല. സ്വന്തം രാഷ്ട്രീയവും ഭരണനേട്ടങ്ങളും പറഞ്ഞ് ജനങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അസാധ്യമാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം. അവിഹിതവും അവിശുദ്ധവുമായ മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആ മുന്നണിക്ക് പുതിയ അനുഭവമല്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയില്ലാത്ത കക്ഷിയാണ് കേരളത്തില്‍ ബിജെപി. നിയമസഭയില്‍ അക്കൌണ്ട് തുറക്കുക എന്ന ഏകലക്ഷ്യത്തോടെ മൂന്നുപതിറ്റാണ്ടോളമായി ആര്‍എസ്എസ് കാര്‍മികത്വത്തില്‍ ബിജെപി നടത്തുന്ന പരിശ്രമങ്ങള്‍ ഇതുവരെ ഫലംകണ്ടിട്ടില്ല. യുഡിഎഫും ബിജെപിയും പരസ്യമായി കൈകോര്‍ത്ത വടകര–ബേപ്പൂര്‍ മോഡലിന് ദയനീയ അന്ത്യമാണുണ്ടായത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും വോട്ടുകള്‍ ചേര്‍ത്ത് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമെന്ന ലളിതമായ കണക്കുകൂട്ടലുമായി തെരഞ്ഞെടുപ്പിനെ സമീപിച്ചവര്‍ക്ക് ജനങ്ങള്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി. മതനിരപേക്ഷതയ്ക്കും രാഷ്ട്രീയ ധാര്‍മികതയ്ക്കും നിരക്കാത്ത ഒരു കൂട്ടുകെട്ടിനെയും കേരളം അംഗീകരിക്കില്ല എന്നതായിരുന്നു ആ മറുപടി. 

അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് തുടര്‍ന്നും ആര്‍എസ്എസിന്റെ സഹായം തേടുകയാണ്. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ ഇതിനകം പ്രകടമായ യുഡിഎഫ്– ബിജെപി ധാരണ രൂപപ്പെട്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമം, തൊട്ടടുത്ത് മന്ത്രി ശിവകുമാര്‍ മത്സരിക്കുന്ന തിരുവനന്തപുരം, കാസര്‍കോട് ജില്ലയിലെ ഉദുമ, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള ധാരണയാണ് ഇതിനകം വാര്‍ത്തകളില്‍ ഇടംനേടിയത്.

ധാരണ ഈ നാലു മണ്ഡലത്തില്‍ ഒതുങ്ങുമെന്ന് കരുതാനാകില്ല. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ്, ബിജെപിയുടെ സഖ്യകക്ഷിയാണ്. ആ പാര്‍ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ സഹായം യുഡിഎഫിന് കിട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ശ്രമിക്കുന്നുമുണ്ട്. കുപ്രസിദ്ധമായ കോണ്‍ഗ്രസ്– ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരനെന്ന് കണ്ട് ബിജെപിയില്‍നിന്നുതന്നെ നടപടിക്ക് വിധേയനായ പി പി മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതും പുതിയ സഖ്യത്തിന്റെ നാന്ദിയായി കരുതേണ്ടതുണ്ട്. ഉരുത്തിരിയുന്ന അവിശുദ്ധബന്ധത്തെക്കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നിലവിട്ട് പ്രതികരിച്ചതും ശ്രദ്ധിക്കേണ്ടതാണ്.

പരാജയഭീതികൊണ്ടാണ് ബിജെപി– യുഡിഎഫ് ധാരണയെന്ന ആരോപണം കോടിയേരി ഉന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഐ എം മുന്‍കൂര്‍ജാമ്യം എടുക്കുകയാണെന്നും ബിജെപിയുമായി കോണ്‍ഗ്രസ് ഒരിക്കലും കൂട്ടുചേരില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഇതില്‍നിന്നുതന്നെ വസ്തുതകള്‍ വ്യക്തമാകുന്നുണ്ട്.

2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം കിട്ടാനുള്ള ശ്രമം ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന 2011ല്‍തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും ബിജെപിയോട് വളരെ മൃദുസമീപനമാണ് യുഡിഎഫ് ഭരണം സ്വീകരിച്ചത്. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയതിന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചു. എംജി കോളേജില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ആര്‍എസ്എസുകാര്‍ക്കും എബിവിപിക്കാര്‍ക്കുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചു. നിര്‍ബന്ധിച്ചും പണംകൊടുത്തും ആര്‍എസ്എസ് നടത്തിയ ഘര്‍ വാപസിക്ക് സര്‍ക്കാര്‍ സൌകര്യം ചെയ്തുകൊടുത്തു. കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളില്‍ യുഎപിഎ ചുമത്തിയത് ആര്‍എസ്എസ് താല്‍പ്പര്യപ്രകാരമാണ്.

ഡല്‍ഹി കേരള ഹൌസില്‍ പൊലീസ് കയറി ബീഫ് പരിശോധന നടത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നാണ് അന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. ആര്‍ ശങ്കര്‍പ്രതിമ അനാവരണച്ചടങ്ങില്‍നിന്ന് അവസാനനിമിഷം ഒഴിവാക്കപ്പെട്ടത് ആര്‍എസ്എസ് ഇടപെടലിനെതുടര്‍ന്നായിരുന്നു. കേരളത്തിന് അപമാനമായ ഇടപെടലുണ്ടായിട്ടും മുഖ്യമന്ത്രിക്ക് പ്രതിഷേധമുണ്ടായില്ല. ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ, അത് പൊലീസ് സ്റ്റേഷന്‍ ആക്രമണമായാല്‍പ്പോലും മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രതികരിച്ചതായി ആര്‍ക്കും അറിയില്ല. ഇപ്പോള്‍ കേരള നിയമസഭയില്‍ ബിജെപി പ്രതിനിധിയെ കയറ്റിയിരുത്താനുള്ള കരാറാണ് അവര്‍ ഏറ്റെടുക്കുന്നത്. ഉമ്മന്‍ചാണ്ടി എത്രതന്നെ നിഷേധിച്ചാലും ആ സഖ്യം ജനങ്ങള്‍ക്കുമുന്നില്‍ പ്രകടമാണ്. കേരളസമൂഹത്തിന് അപകടമാകുന്ന ഇത്തരം കൂട്ടുകെട്ടുകള്‍ ചെറുത്ത് പരാജയപ്പെടുത്താന്‍ മതനിരപേക്ഷശക്തികളാകെ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. വടകരയിലും ബേപ്പൂരിലും ലഭിച്ചതിനേക്കാള്‍ കടുത്ത മറുപടിയാണ് ഇത്തവണ അഴിമതിഭരണം സംരക്ഷിക്കാനും വര്‍ഗീയവിഷം കുത്തിവയ്ക്കാനും നടത്തുന്ന സംയുക്തനീക്കത്തിന് കേരളം നല്‍കുകയെന്നതില്‍ ഞങ്ങള്‍ക്ക് അശേഷം സംശയമില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top