23 April Tuesday

അക്രമവും മുതലെടുപ്പും അപലപനീയം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കാഞ്ഞങ്ങാടിനടുത്ത‌് കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊലചെയ്യപ്പെട്ട അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമായ സംഭവത്തിന്റെ ഞെട്ടലിലാണ‌് കേരളം. അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന‌ുമേൽ കെട്ടിവയ‌്‌‌‌ക്കാൻ കോൺഗ്രസും ഒരുവിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം ദുരുദ്ദേശ്യപരമാണ‌്. സിപിഐ എം പ്രവർത്തകരുടെ ഭാഗത്ത‌ുനിന്ന‌് ഒരുതരത്തിലുള്ള അക്രമ പ്രവർത്തനവും പാടില്ല എന്നത‌് പ്രഖ്യാപിതനയമാണെന്ന‌് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വ്യക്തമാക്കിയിട്ടുണ്ട‌്. സിപിഐ എമ്മിന്റെ ഭാഗമായി ആരെങ്കിലും അക്രമം നടത്തിയാൽ പ്രസ്ഥാനമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരിക. അത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ ആരെങ്കിലും ചെയ്യുന്ന സംഭവങ്ങളൊന്നും പാർടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന‌ അസന്ദിഗ‌്ധമായ നിലപാടാണ‌് സിപിഐ എം സ്വീകരിച്ചത‌്.

കാഞ്ഞങ്ങാട‌് കൊലപാതകത്തിൽ പാർടിയുമായി ബന്ധമുള്ളവർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സിപിഐ എമ്മിന്റെ രാഷ്‌ട്രീയ നിലപാട്‌  ഉൾക്കൊള്ളാൻ കഴിയാത്തവരാണെന്ന‌് കോടിയേരിയുടെ വാക്കുകൾ പാർടി ഇക്കാര്യത്തിൽ സ്വീകരിച്ച തുറന്ന സമീപനം വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധമുള്ളവരെ പാർടി ഒരുതരത്തിലും സഹായിക്കില്ല. പ്രതികൾക്കെതിരെ പൊലീസ്‌ ശക്തമായ നിയമ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കോൺഗ്രസ‌് ആരോപണം നിഷേധിച്ചുകൊണ്ട‌് അക്രമം സിപിഐ എമ്മിന്റെ മാർഗമല്ലെന്നും കൊലപാതകത്തിൽ പാർടിക്ക‌് ഒരു ബന്ധവുമില്ലെന്നും കാസർകോട‌് ജില്ലാനേതൃത്വവും വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. അന്വേഷണം ഊർജിതമാക്കി പ്രതികളെ മുഴുവൻ എത്രയും പെട്ടെന്ന‌് അറസ‌്റ്റ‌് ചെയ്യാൻ പൊലീസ‌് മേധാവിക്ക‌് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എൽഡിഎഫ‌് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സുവ്യക്തമായ  നിലപാടുകളും വലിയതോതിൽ ജനകീയ അംഗീകാരം നേടിയ കാലഘട്ടമാണിത‌്. രാഷ്ട്രീയ പാപ്പരത്തംമൂലം കേരളത്തിലെ പ്രതിപക്ഷവും അമിതാധികാര, ജനവിരുദ്ധ പ്രവർത്തനങ്ങൾമൂലം കേന്ദ്ര ഭരണകക്ഷിയും ജനങ്ങളിൽനിന്ന‌് ഒറ്റപ്പെട്ട സമയംകൂടിയാണിത‌്. എൽഡിഎഫ‌് നേതൃത്വത്തിലുള്ള കേരള സംരക്ഷണയാത്രകളിൽ ഒഴുകിയെത്തുന്ന ജനസഹസ്രങ്ങൾ കേരള രാഷ്ട്രീയം കൂടുതൽ ജനപക്ഷത്തേക്ക‌് മാറുന്നതിന്റെ സൂചനയാണ‌്‌. ഈ സവിശേഷ സാഹചര്യത്തിൽ, മുഖം നഷ്ടപ്പെട്ട കോൺഗ്രസ‌് കാഞ്ഞങ്ങാട‌് സംഭവം പിടിവള്ളിയാക്കാനാണ‌് ശ്രമിക്കുന്നത‌്.  സിപിഐ എം പ്രവർത്തകർ കൊലക്കത്തിക്കിരയായ സന്ദർഭങ്ങളിൽ  അക്രമത്തെ തള്ളിപ്പറയാനും ആവർത്തിക്കാതിരിക്കാനുള്ള നിലപാട‌് സ്വീകരിക്കാനും  മറ്റൊരുകക്ഷിയും ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, ഇക്കാര്യങ്ങളിൽ സിപിഐ എം സ്വീകരിക്കുന്ന വ്യത്യസ‌്ത നിലപാടിനെ അംഗീകരിക്കാനോ സഹകരിക്കാനോ ഇവർ തയ്യാറല്ല. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും സിപിഐ എം പ്രവർത്തകരുടെ വീടുകൾക്കും വസ‌്തുവകകൾക്കും നേരെ തുടരുന്ന കിരാതമായ ആക്രമണങ്ങൾ  ഇതിന്റെ തെളിവാണ‌്. 

രാഷ‌്ട്രീയ മുതലെടുപ്പിനുള്ള സുവർണാവസരമായാണ‌് കോൺഗ്രസ‌്  ഇതിനെ കാണുന്നതെന്ന‌് അവരുടെ നടപടികൾ വ്യക്തമാക്കുന്നു. കേരളത്തിൽ സമീപകാലത്ത‌് വർധിച്ചുവരുന്ന ഹർത്താലുകളെക്കുറിച്ച‌് ഗൗരവതരമായ ചർച്ചകളാണ‌് നടന്നുവരുന്നത‌്. സുപ്രീംകോടതിയുടെ ശബരിമലവിധിയെത്തുടർന്ന‌് സംഘപരിവാർ നടത്തിയ നിരവധി അനാവശ്യ ഹർത്താലുകളുടെ പശ്ചാത്തലത്തിലാണ‌് ഈ ചർച്ച ഉയർന്നുവന്നത‌്. മിന്നൽ ഹർത്താലുകൾ ജനജീവിതത്തിനും തൊഴിൽ, ടൂറിസം സാമ്പത്തിക മേഖലകളിലും ഏൽപ്പിക്കുന്ന കനത്ത ആഘാതത്തെക്കുറിച്ച‌് ആർക്കും വ്യത്യസ‌്ത അഭിപ്രായം ഉണ്ടാകില്ല. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്താനും എൽഡിഎഫ‌് സർക്കാർ മുൻകൈ എടുത്തിട്ടുണ്ട‌്. സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടാൽ കർശനമായ ശിക്ഷ നൽകുന്ന ഓർഡിനൻസും  അംഗീകരിച്ചു.

ഇതേസമയത്ത‌് സുപ്രധാനമായ വിധിയിൽ മിന്നൽ ഹർത്താൽ വിലക്കിക്കൊണ്ട‌് കേരള ഹൈക്കോടതിയും  ഉത്തരവായി. ഏഴ‌് ദിവസംമുമ്പ‌് പൊതുനോട്ടീസ‌് പുറപ്പെടുവിക്കാതെ ഹർത്താൽ നടത്തരുതെന്നാണ‌് ഹൈക്കോടതിവിധി. ഈ നടപടികളോടെല്ലാം സഹകരിക്കുമെന്ന‌് പ്രഖ്യാപിച്ച കോൺഗ്രസ‌് നേതൃത്വത്തിന്റെ കപടമുഖമാണ‌് തിങ്കളാ‌ഴ‌്ചത്തെ മിന്നൽ ഹർത്താൽ പ്രഖ്യാപനത്തിൽ വ്യക്തമായത‌്. അപ്രതീക്ഷിത സംഭവങ്ങളിൽ പ്രതിഷേധവും ദുഃഖവും പ്രകടിപ്പിക്കാൻ പ്രാദേശികമായി ഹർത്തലുകൾക്ക‌് ആഹ്വാനം നൽകുന്നതിന്റെ സാഹചര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കാഞ്ഞങ്ങാട‌് സംഭവത്തിൽ ആദ്യം ജില്ലയിൽമാത്രമായിരുന്നു ഹർത്താൽ പ്രഖ്യാപനം. എന്നാൽ, പുലർച്ചയോടെ ഫെയ‌്സ‌്ബുക്ക‌ുവഴി സംസ്ഥന ഹർത്താലിന‌് ആഹ്വാനം വന്നു. ഇതൊന്നും അറിയാതെ സാധാരണപോലെ രാവിലെ ജീവിതവഴിയിലേക്ക‌് ഇറങ്ങിയ ജനങ്ങൾ സംസ്ഥാനത്തെമ്പാടും വലഞ്ഞു. യുഡിഎഫ‌് പ്രവർത്തകരുടെ അക്രമത്തിന‌് നിരവധി ആളുകളും കെഎസ‌്ആർടിസി ബസുകളും  ഇരയായി. സാധാരണ രാഷ്ട്രീയ പാർടികളോ മുന്നണികളോ ആണ‌് ഹർത്താൽ ആഹ്വാനം ചെയ്യാറുള്ളത‌്. ഇക്കുറി യൂത്ത‌്കോൺഗ്രസാണ‌് ഹർത്താൽ പ്രഖ്യാപിച്ചതും മറ്റൊരു നാടകം. ഹൈക്കോടതി മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട‌്.

രാഷ്ട്രീയ അക്രമമായാലും അനാവശ്യ ഹർത്താലായാലും നാടിന്റെ താൽപ്പര്യങ്ങൾക്ക‌് വിരുദ്ധമായതെന്തും നിരാകരിക്കുക എന്ന കർശന നിലപാടാണ‌് സിപിഐ എമ്മും എൽഡിഎഫും സ്വീകരിച്ചിരിക്കുന്നത‌്. എന്നാൽ, ഇക്കാര്യത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്ന പ്രതിപക്ഷത്തിനോ ചില മാധ്യമങ്ങൾക്കോ ആത്മാർഥത ഇല്ലെന്ന‌് കാഞ്ഞങ്ങാട‌് സംഭവം വ്യക്തമാക്കുന്നു. ഏത‌് നിർഭാഗ്യകരമായ സംഭവമായാലും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസാനത്തെ അവസരവും ഉപയോഗിക്കുക എന്ന ദുഷ‌്ടചിന്തയിൽനിന്ന‌് ഇത്തരക്കാർ പിന്തിരിയണം. എങ്കിലേ ആരോഗ്യകരമായ ഒരു രാ‌ഷ‌്ട്രീയ സംസ‌്കാരത്തിലേക്ക‌് നാടിനെ നയിക്കാനാകൂ. അക്രമികളെ എത്രയും പെട്ടെന്ന‌് അറസ‌്റ്റ‌് ചെയ‌്ത‌് നിയമത്തിന‌് മുമ്പിൽകൊണ്ടുവരണമെന്ന‌് ഞങ്ങൾ സർക്കാരിനോട‌് ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top