25 April Thursday

ഗുണ്ടാദേശീയ വാദികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2016

ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും അവസാനമായി ലഭിക്കുന്ന വാര്‍ത്ത. എഐഎസ്എഫ് നേതാവുകൂടിയായ കനയ്യകുമാര്‍ രാജ്യദ്രോഹം നടത്തിയെന്ന് സ്ഥാപിക്കുന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.  പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം കനയ്യകുമാര്‍ വിളിച്ചതിന് തെളിവില്ലെന്ന് ഒടുവില്‍ ഡല്‍ഹി പൊലീസ് കുറ്റസമ്മതം നടത്തി. പൊലീസ് കാട്ടിയ അമിതാവേശമാണത്രേ കേസ് ചാര്‍ജ്ചെയ്യാന്‍ കാരണം.  കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങിന്റെ വീഡിയോദൃശ്യം പരിശോധിച്ചപ്പോള്‍ ഒടുവില്‍ പൊലീസിനുംബോധ്യപ്പെട്ടു. ഏതായാലും കനയ്യകുമാറിനെതിരെയുള്ള കേസ് പിന്‍വലിക്കേണ്ടതുതന്നെയാണ്. 

എന്നാല്‍, ഡല്‍ഹി പൊലീസിന്റെ നടപടി നിരവധി അസ്വസ്ഥകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കനയ്യകുമാറിനെ അറസ്റ്റ് ചെയ്ത് അല്‍പ്പസമയത്തിനകംതന്നെ അഫ്സല്‍ഗുരു അനുസ്മരണച്ചടങ്ങിന്റെ വീഡിയോ ഫെയ്സ്ബുക്കിലും മറ്റും തരംഗം സൃഷ്ടിച്ചിരുന്നു. കനയ്യ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം പല പത്രങ്ങളും അടുത്ത ദിവസംതന്നെ പ്രസിദ്ധീകരിച്ചു. ദേശവിരുദ്ധമല്ലെന്നു മാത്രമല്ല ദേശാഭിമാനപ്രചോദിതമായ പ്രസംഗമാണ് കനയ്യ നടത്തിയതെന്ന് ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. എന്നിട്ടും ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസ് എടുത്തത് എന്തിനാണ്? കേവലം ഒരു പ്രസ്താവനമാത്രംപോരാ, അക്രമത്തിനോ ക്രമസമാധാനലംഘനത്തിനോ ആഹ്വാനംചെയ്താല്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂ എന്നാണ് ചട്ടം.  രാജ്യദ്രോഹപ്രവര്‍ത്തനമാണ് കനയ്യ ഉള്‍പ്പെടെയുള്ള ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തുന്നതെന്ന് തെളിവൊന്നും ലഭിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പ്രസ്താവന നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കനയ്യക്കെതിരെ കേസെടുക്കുന്നതില്‍ ധൃതികാട്ടിയെന്ന് ആഭ്യന്തരമന്ത്രാലയം വിലപിക്കുമ്പോള്‍ തെറ്റായ പ്രസ്താവന നടത്തുന്നതില്‍ ധൃതികാട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെക്കുറിച്ച് മൌനംപാലിക്കുന്നത് എന്തുകൊണ്ടാണ്? 

ഇതുമാത്രമല്ല, കോളനിഭരണം സുഗമമായി നടത്തുന്നതിനും സ്വാതന്ത്യ്രസമരത്തെ നേരിടുന്നതിനും ബ്രിട്ടീഷുകാര്‍ 1860ല്‍ കൊണ്ടുവരികയും 1870ല്‍ നടപ്പാക്കുകയുംചെയ്ത രാജ്യദ്രോഹനിയമം വിവേകരഹിതമായി ഇപ്പോഴും ഉപയോഗിക്കുന്നതിന്റെ സാംഗത്യമെന്താണ്? രാജ്യസ്നേഹികളെ വേട്ടയാടാന്‍ തോമസ് മെക്കാളെ കൊണ്ടുവന്ന കരിനിയമം സ്വതന്ത്ര ഇന്ത്യയിലും രാജ്യസ്നേഹികള്‍ക്കെതിരെ ദുരുപയോഗിക്കുന്നതിലെ വിരോധാഭാസമാണ് ഇവിടെ തെളിയുന്നത്. ദേശീയ സ്വാതന്ത്യ്രസമരത്തിന് നേതൃത്വം നല്‍കിയ ബാലഗംഗാധര തിലകനും ഗാന്ധിജിക്കുമെതിരെ ഉപയോഗിച്ച ഈ നിയമം ഇപ്പോള്‍ കനയ്യകുമാറിനും ഗുജറാത്തില്‍ പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനുമെതിരെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഹിന്ദുത്വശക്തികളെ ചോദ്യംചെയ്യുന്ന ശക്തികളും വ്യക്തികളുമെല്ലാം രാജ്യദ്രോഹികളെന്നു സാരം. മെച്ചപ്പെട്ട നിയമം കൊണ്ടുവന്ന് 124എ വകുപ്പ് എടുത്തുകളയുമെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞെങ്കിലും ആ നിയമം ഇപ്പോഴും തുടരുന്നുവെന്നു സാരം. ഈ കൊളോണിയല്‍കാല നിയമം പുനഃപരിശോധിക്കണമെന്ന ആവശ്യം പ്രമുഖ ചരിത്രകാരിയും ജെഎന്‍യുവിലെ മുന്‍ അധ്യാപികയുമായ റൊമീല ഥാപ്പര്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത് ഈ സാഹചര്യത്തിലാണ്. 

ഇന്ത്യയിലെ ജനങ്ങളില്‍ ആരൊക്കെ ദേശസ്നേഹികള്‍ എന്ന് നിശ്ചയിക്കാനുള്ള അധികാരികള്‍ സംഘപരിവാറല്ല എന്ന കാര്യവും ഞങ്ങള്‍ ഇവിടെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ആശയങ്ങളുടെ സമരം നടക്കുന്ന ജെഎന്‍യുപോലുള്ള സര്‍വകലാശാലകളില്‍ സ്വന്തം വാദമുഖങ്ങള്‍ ഉയര്‍ത്തി വിമര്‍ശത്തെ നേരിടാനുള്ള അക്കാദമിക പിന്‍ബലമില്ലാത്ത സംഘപരിവാറുകള്‍ കയ്യൂക്കിന്റെ രാഷ്ട്രീയമാണ് പയറ്റുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏകശിലാ തത്വശാസ്ത്രത്തില്‍ സ്വതന്ത്രചിന്തയ്ക്കും പ്രതിഷേധത്തിനും ബഹുസ്വരതയ്ക്കും സ്ഥാനമില്ല. തീക്ഷ്ണമായ ആശയസമരത്തില്‍ വിജയിക്കാനാകാതെ ഭരണാധികാരം പ്രയോഗിച്ച് ബലപ്രയോഗത്തിലൂടെ വിജയം നേടാനാണ് ഹിന്ദുത്വരാഷ്ട്രവാദികള്‍ ശ്രമിക്കുന്നത്. 

ഇതിനെ ദേശീയവാദമെന്നല്ല വിളിക്കേണ്ടത് മറിച്ച് ജര്‍മന്‍ചരിത്രകാരനായ ആര്‍തര്‍ റോസന്‍ബര്‍ഗ് വിളിച്ചതുപോലെ ഗുണ്ടാദേശീയവാദമെന്നാണ്. ജെഎന്‍യുവിലും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലും പട്യാല കോടതിയിലും പുറത്തും നാം കണ്ടത് ഇതുതന്നെയാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചതും ഇതേശക്തികളാണ്. റിപ്പബ്ളിക് ദിനം കരിദിനമായി ആചരിക്കുകയും നാഥുറാം വിനായക് ഗോഡ്സെയെ വീരനായകനായി വിശേഷിപ്പിക്കുകയുംചെയ്യുന്ന ഹിന്ദുത്വരാഷ്ട്രവാദികള്‍ ഏത് മാനദണ്ഡമനുസരിച്ചാണ് ദേശസ്നേഹികളാകുന്നത്? നിയമവ്യവസ്ഥയെ കാറ്റില്‍പറത്തി കോടതിയില്‍ കയറിപ്പോലും ആക്രമണം നടത്തുന്ന, നിയമം സ്വന്തം കൈയിലെടുക്കുന്നവരാണോ ദേശസ്നേഹികള്‍? ഈ ഗുണ്ടാ ദേശീയവാദികളില്‍നിന്ന് ദേശസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ട എന്ന് ഉച്ചത്തില്‍ പറയേണ്ട സന്ദര്‍ഭമാണിത്. ഹിന്ദുത്വശക്തികളുടെ അസഹിഷ്ണുതയോട് സഹിഷ്ണുതകാട്ടുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന അമര്‍ത്യസെന്നിന്റെ ആഹ്വാനം നെഞ്ചേറ്റേണ്ട സമയമാണ് ഇത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top