19 April Friday

രാജ്യത്തോട് മോഡിയുടെ യുദ്ധപ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2019


 

ഒരു രാജ്യം ഭരിക്കുന്ന ഗവൺമെന്റ് തന്നെ ആ രാജ്യത്തെ ശിഥിലമാക്കാനും ജനങ്ങളുടെ ഐക്യം തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്. ബിജെപിയുടെ നേതൃത്വത്തിൽ അധികാരത്തിലുള്ള നരേന്ദ്ര മോഡി സർക്കാർ രാജ്യത്തിനു നേരെ, ജനങ്ങൾക്കുനേരെ, ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കുമെതിരെ, മതനിരപേക്ഷതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യ നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തികത്തകർച്ച, പട്ടിണി, തൊഴിലില്ലായ്‌മ, കാർഷിക–-- വ്യാവസായിക മേഖലകളിലെ പിന്നോട്ടടി എന്നിവയൊന്നും സർക്കാർ കാണുന്നില്ല. നാടുനീളെ പ്രസംഗിച്ചു നടക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങളിൽ കനത്ത മൗനം. സർക്കാരിന് ഒറ്റ അജൻഡ -ആർഎസ്എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വരാഷ്ട്ര സ്ഥാപനം. അഞ്ചുവർഷം ഭരിക്കാൻ വീണ്ടും കിട്ടിയ അവസരം അതിനുള്ള ലൈസൻസായി മോഡിയും അമിത് ഷായും  കരുതുന്നു.

ഒരുവശത്ത് ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും തകർക്കുന്നതോടൊപ്പം മറുവശത്ത് രാജ്യത്തിന്റെ സമ്പ‌ദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതത്തെയും കൂട്ടക്കുഴപ്പത്തിലാക്കുകയെന്ന ദ്വിമുഖതന്ത്രമാണ് മോഡി പയറ്റുന്നത്. മോഡി സർക്കാരിന്റെ പ്രധാന നടപടികളെല്ലാം ഈ വഴിക്കായിരുന്നു. ഒന്നാം മോഡി സർക്കാർ 2016 നവംബർ എട്ടിനു പ്രഖ്യാപിച്ച നോട്ട് നിരോധനം, 2017 ജൂലൈ ഒന്നുമുതൽ തിരക്കിട്ട് നടപ്പാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി), 2019 ആഗസ്‌ത്‌ അഞ്ചിന് കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചത്, ഈ ഡിസംബറിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം, ഇനി കൊണ്ടുവരാൻ പോകുന്ന രാജ്യവ്യാപക പൗരത്വ രജിസ്റ്റർ എന്നിവയൊക്കെ  രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ അജൻഡകളാണ്. ഈ നടപടികളെല്ലാം ഇന്ത്യയിലെ ജനജീവിതം താറുമാറാക്കി. ദൈനംദിന ജീവിതം ഒരുതരത്തിലും മുന്നോട്ടു കൊണ്ടുപോകാനാകാതെ നഷ്ടപ്പെട്ട ജീവിതങ്ങളെത്ര. കടത്തിൽ മുങ്ങി നിരവധി കർഷകർ ജീവനൊടുക്കി. നോട്ടുനിരോധനത്തെ തുടർന്ന് നയാ പൈസ കൈയിലില്ലാതെ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ വരിനിന്ന് എത്രയോപേർ മരിച്ചുവീണു. വ്യാപാരം, വ്യവസായം, ജനങ്ങളുടെ പരസ്പരവിശ്വാസം, സൗഹൃദം എന്നീ മേഖലകളിലൊക്കെ ഉണ്ടായ നഷ്ടങ്ങൾ വേറെ.

ചരക്കുസേവന നികുതി സംസ്ഥാനങ്ങൾക്കെതിരായ ആക്രമണമായി. ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ ജിഎസ്ടി മൂന്നാം വർഷത്തിൽ എത്തിയിട്ടും ഒന്നിനും വ്യക്തതയും കൃത്യതയുമില്ല

രാജ്യത്തിനെതിരെ മോഡി പ്രഖ്യാപിച്ച ഏറ്റവും വലിയ മിന്നലാക്രമണമായിരുന്നു നോട്ട് നിരോധനം. അപ്രതീക്ഷിതമായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചത് എന്തിനായിരുന്നെന്ന് യുക്തിസഹമായി വിശദീകരിക്കാൻ പ്രധാനമന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിന്റെ പ്രത്യാഘാതത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥ ഇതുവരെ കരകയറിയിട്ടില്ല. ജനങ്ങളെ ഒറ്റരാത്രികൊണ്ട് പാപ്പരാക്കിയ പ്രഖ്യാപനമായിരുന്നു അത്. എത്രയോപേർ ഒരു ദിവസംകൊണ്ട് ദാരിദ്ര്യരേഖയ്‌ക്ക് കീഴെയായി. രക്ഷപ്പെട്ടത് ബിജെപി നേതാക്കളും ധനികരും ചില വൻകിട വ്യവസായികളും. ചരക്കുസേവന നികുതി സംസ്ഥാനങ്ങൾക്കെതിരായ ആക്രമണമായി. ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ ജിഎസ്ടി മൂന്നാം വർഷത്തിൽ എത്തിയിട്ടും ഒന്നിനും വ്യക്തതയും കൃത്യതയുമില്ല. നഷ്ടപരിഹാരം കിട്ടാൻ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുമെന്നുവരെ പ്രഖ്യാപിക്കേണ്ടിവന്നു. ഫെഡറൽ ഘടനയുള്ള രാജ്യത്ത് നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കുന്നതാണ് ഈ നികുതിസമ്പ്രദായം.

അടുത്ത പ്രധാന ആക്രമണം കശ്‌മീരിനു നേരെയായിരുന്നു. 370–--ാം വകുപ്പുപ്രകാരം കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി താഴ്‌വരയെ വിഭജിച്ചത് ഹിന്ദു രാഷ്ട്രവാദത്തിന്റെ പ്രധാന അജൻഡയാണ്. മുസ്ലിം ജനതയെ തുരത്തുക തന്നെ ലക്ഷ്യം. കശ്‌മീരിൽ ഇപ്പോഴും ജനജീവിതം സാധാരണനില കൈവരിച്ചിട്ടില്ല. പണിയെടുത്ത് ജീവിക്കാനോ ജനങ്ങൾക്ക് പരസ്പരം വർത്തമാനം പറയാനോ കഴിയാത്ത അവസ്ഥ.

ഒടുവിൽ, സിസംബറിൽ ഇതാ വന്നിരിക്കുന്നു പൗരത്വഭേദഗതി നിയമം. മതനിരപേക്ഷതയിലൂന്നിയ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനാണ് ഭേദഗതി. മുസ്ലിം ജനതയെ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇനി രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ പഴുതുകണ്ടാണ് അതും നടപ്പാക്കുകയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

അതെ, ഇങ്ങനെ നാനാതരത്തിലാണ് മോഡിയുടെ ആക്രമണം. സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഇന്ത്യയെ നയിക്കാൻ ബ്രിട്ടീഷുകാരന്റെ തൂക്കുമരങ്ങളെ വെല്ലുവിളിച്ച് ധീരദേശാഭിമാനികൾ കാണിച്ചുതന്ന ഉജ്വല പോരാട്ടങ്ങൾ മാത്രമാണ് പോംവഴി. ഇന്ത്യ ആ വഴിയിൽ ഉണരുന്നു എന്നതുതന്നെയാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top