26 April Friday

നോട്ട്‌ നിരോധനത്തിലെ സത്യവാങ്‌മൂലവും യാഥാർഥ്യവും

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


തുടർച്ചയായി നുണകൾ പടച്ചുവിടുകയും വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുകയെന്നത്‌ നരേന്ദ്ര മോദി സർക്കാരിന്റെ മുഖമുദ്രയാണ്‌. ഇപ്പോൾ നോട്ട്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിക്കുമുന്നിലും വ്യാജ അവകാശവാദങ്ങൾ സത്യവാങ്‌മൂലമായി സമർപ്പിച്ചിരിക്കുകയാണ്‌. നോട്ട്‌ നിരോധനത്തിലൂടെ വൻ നേട്ടങ്ങൾ കൈവരിച്ചെന്നും വ്യാജ കറൻസികളുടെ പ്രചാരണം കുറയ്‌ക്കാനും കണക്കിൽപ്പെടാത്ത വരുമാനം കണ്ടെത്താനും സാധിച്ചുവെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. യാഥാർഥ്യങ്ങളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാത്തതാണിത്‌. നോട്ട്‌ നിരോധനം എന്നത്‌ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക്‌ നയിച്ച തീരുമാനമായിരുന്നു. കള്ളപ്പണം, അഴിമതി, ഭീകരവാദം എന്നിവ അവസാനിപ്പിക്കാനെന്ന പേരിൽ 2016 നവംബർ എട്ടിന്‌ രാത്രി എട്ടിനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്‌ നിരോധനം പ്രഖ്യാപിച്ചത്‌.  ഇത്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു എന്നായിരുന്നു സാമ്പത്തികവിദഗ്‌ധർ വിലയിരുത്തിയത്‌. വിനിമയത്തിനായി പണം കൂടുതൽ ഉപയോഗിച്ചിരുന്ന ചെറുകിട ഇടത്തരം വ്യവസായങ്ങൾ തകർന്നു, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചു, കാർഷികമേഖലയെ പിന്നോട്ടടിപ്പിച്ചു, വിതരണശൃംഖല പാടെ തടസ്സപ്പെട്ടു. ഈ തകർച്ചയിൽനിന്ന്‌ ഇപ്പോഴും കരകയറാൻ സാധിച്ചില്ല. നോട്ട്‌ നിരോധനം നടപ്പാക്കുമ്പോൾ റിസർവ്‌ ബാങ്ക്‌ ഗവർണറായിരുന്ന രഘുറാം രാജൻതന്നെ കേന്ദ്ര സർക്കാർ നടപടിയെ തള്ളിപ്പറഞ്ഞു. താൻ ഒരിക്കലും നോട്ട്‌ നിരോധനത്തെ പിന്തുണച്ചിരുന്നില്ലെന്നും രഘുറാം വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട്‌ നിരോധനമെന്ന ആശയത്തെ പിന്തുണച്ചിരുന്നില്ലെന്ന്‌ റിസർവ്‌ ബാങ്ക്‌ ബോർഡും വ്യക്തമാക്കിയിരുന്നു.

സത്യവാങ്‌മൂലത്തിലെ വിശദീകരണം ഇങ്ങനെയാണ്‌. ‘വ്യാജ കറൻസികളുടെ ഭീഷണി, കണക്കിൽപ്പെടാത്ത സ്വത്തുക്കളുടെ കേന്ദ്രീകരണം, ദേശവിരുദ്ധപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം എന്നിവയ്‌ക്കെതിരായ യുദ്ധമായിരുന്നു നോട്ട്‌ നിരോധനം. ഒറ്റപ്പെട്ട സാമ്പത്തികനയങ്ങളുടെ പ്രവർത്തനമല്ലായിരുന്നു ഇത്‌, മറിച്ച്‌ എല്ലാ വശവും പരിഗണിച്ചുള്ള ഏറ്റവും നല്ല തീരുമാനം. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും ഒപ്പം കള്ളപ്പണത്തിന്റെ വേരറുത്ത്‌ സമാന്തര സമ്പദ്‌വ്യവസ്ഥയെ തകർക്കാനുമായിരുന്നു. 2016 ഫെബ്രുവരി മുതൽത്തന്നെ ഇതേപ്പറ്റി റിസർവ്‌ ബാങ്കുമായി കൂടിയാലോചനകൾ നടത്തി എല്ലാവിധ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. നോട്ട്‌ നിരോധനത്തിലൂടെ സാമ്പത്തികവളർച്ചയിൽ നേട്ടമുണ്ടാക്കി. 2016–-17ൽ 8.2 ശതമാനമായിരുന്ന സാമ്പത്തികവളർച്ച 17–-18ൽ 6.8 ശതമാനമായി  നിലനിർത്താനായി. ഇത്‌ ആ ദശകത്തിലെ ശരാശരി വളർച്ച നിരക്കായ 6.6 ശതമാനത്തിൽ കൂടുതലാണ്‌.’

എന്നാൽ, സത്യവാങ്‌മൂലത്തിനു വിരുദ്ധമായ കാര്യങ്ങളാണ്‌ ജനങ്ങൾ അനുഭവിച്ചത്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിലേക്കാണ്‌ വഴിവച്ചത്‌. ജീവിതച്ചെലവിനുള്ള പണത്തിനായി വരിനിന്ന്‌ കുഴഞ്ഞുവീണും സ്വന്തം പണം നഷ്ടപ്പെടുമെന്ന ഭയത്തിലുമടക്കം നിരവധി പേരുടെ ജീവൻ നഷ്ടമായി. നോട്ട്‌ നിരോധനത്തിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഇപ്പോഴും മറികടക്കാനായിട്ടില്ല എന്നതാണ്‌ യാഥാർഥ്യം. നോട്ട്‌ നിരോധനത്തിലൂടെ 34 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താനാകുമെന്നായിരുന്നു കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചത്‌. നോട്ട്‌ നിരോധനം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഇതിന്റെ അഞ്ച്‌ ശതമാനംപോലും കണ്ടെത്താനായില്ല. കള്ളനോട്ട്‌ ഇപ്പോഴും രാജ്യത്ത്‌ വലിയ തോതിൽ പ്രചാരത്തിലുണ്ടെന്നാണ്‌ റിസർവ്‌ ബാങ്കിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്‌.

നോട്ടിന്റെ പ്രചാരം കുറച്ച്‌ ഡിജിറ്റൽ ഇടപാട്‌ വ്യാപിപ്പിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാൽ, പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം വർധിച്ചു. 2021–- 22ലെ റിസർവ്‌  ബാങ്കിന്റെ വാർഷിക റിപ്പോർട്ട്‌ പ്രകാരം 2022 മാർച്ചിൽ 31,05,721 കോടി രൂപയുടെ നോട്ടുകളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌.  2016 നവംബറിൽ ഇത്‌  17.97 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചിട്ടുണ്ട്‌. നോട്ട്‌ നിരോധനം കൊണ്ടല്ല ഡിജിറ്റൽ പണമിടപാട്‌ വർധിച്ചത്‌. മറിച്ച്‌ 2016നു ശേഷം ചെറുകിട– -ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും സ്‌മാർട്ട്‌ഫോണും വേഗതകൂടിയ ഇന്റർനെറ്റും  വ്യാപകമായതുകൊണ്ടാണ്‌ ഡിജിറ്റൽ ഇടപാട്‌ കൂടിയത്‌. മോദിയുടെ നോട്ട്‌ നിരോധനം രാജ്യത്തിനു സൃഷ്ടിച്ച ദേശീയനഷ്ടം 13 ലക്ഷം കോടി രൂപയിലേറെയാണ്‌. ഈ കാലയളവിൽ ദരിദ്രരുടെ എണ്ണത്തിൽ എട്ട്‌ കോടി വർധിക്കുകയും ചെയ്‌തു. ഇതെല്ലാം മറച്ചുവച്ച്‌ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top