20 April Saturday

ചരിത്രം കുറിച്ച് കിസാന്‍ സംഘര്‍ഷ് ജാഥകള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2016


ഇന്ത്യയുടെ കാര്‍ഷികസംസ്കൃതി നേരിടുന്ന ആഴമേറിയ പ്രതിസന്ധി ചര്‍ച്ചചെയ്താണ് കിസാന്‍ സംഘര്‍ഷ് ജാഥകള്‍ പര്യടനം തുടരുന്നത്. രാജ്യം ഇതുവരെ ദര്‍ശിക്കാത്ത പ്രക്ഷോഭപ്രചാരണ മുന്നേറ്റമായി ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന നാല് ജാഥകള്‍ മാറിയിരിക്കുന്നു. കൃഷിക്കും കര്‍ഷകര്‍ക്കും രാജ്യത്തിനും രക്ഷതേടി നാല് മേഖലാ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച ജാഥകള്‍ നാടിന്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി മൂന്നാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ സംഗമിക്കും. നാല്‍പ്പതുകളില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ ജന്മി കടന്നാക്രമണങ്ങളെ  ചെറുത്ത വിരുദുനഗറിലെ ചരിത്രഭൂമിയില്‍നിന്ന് നവംബര്‍ രണ്ടിന് തമിഴ്നാട് മേഖലാജാഥയാണ് ആദ്യം തുടങ്ങിയത്. തുടര്‍ന്ന് കന്യാകുമാരിയില്‍നിന്ന് കേരളജാഥയും കൊല്‍ക്കത്തയില്‍നിന്ന് ബംഗാള്‍ ജാഥയും ജമ്മുവില്‍നിന്ന് വടക്കന്‍ജാഥയും പര്യടനം ആരംഭിച്ചു. രാജ്യത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന കൊടിയ ദുരിതത്തിന്റെ നേര്‍ചിത്രമാണ് ഗ്രാമ-നഗരങ്ങളില്‍ ജാഥാംഗങ്ങള്‍ക്ക് ദര്‍ശിക്കാനായത്. ജീവിതം വഴിമുട്ടിയ കര്‍ഷക ലക്ഷങ്ങള്‍ ജാഥയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പ്രക്ഷോഭപാതയില്‍ അണിചേരാനും സ്വീകരണകേന്ദ്രങ്ങളിലെത്തി. ജാഥകള്‍ നവംബര്‍ 24ന് ഡല്‍ഹി രാംലീല മൈതാനത്ത് സമാപിക്കുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകജീവിതം തിരിച്ചുപിടിക്കാനുള്ള പുതിയ പോരാട്ടത്തിന്റെ പ്രഖ്യാപനം മുഴങ്ങും.

'ആത്മഹത്യക്ക് തയ്യാറല്ല; നവഉദാരവല്‍ക്കരണത്തിനും വര്‍ഗീയശക്തികള്‍ക്കുമെതിരെ സംഘടിച്ച് പോരാടും' എന്ന പ്രതിജ്ഞയാണ് കര്‍ഷകമനസ്സുകളില്‍ അലയടിക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി, കര്‍ഷകര്‍ക്ക് ന്യായവില, ചെറുകിട ഇടത്തരം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ചെറുകിട കര്‍ഷകര്‍ക്ക് പലിശയില്ലാ വായ്പ നല്‍കുക, കാര്‍ഷികവായ്പയുടെ പലിശ നാലുശതമാനമാക്കുക, കൃഷിയിടങ്ങളില്‍ കുറഞ്ഞ നിരക്കില്‍ അസംസ്കൃത വസ്തുക്കളും ജലലഭ്യതയും ഉറപ്പാക്കുക, തൊഴിലുറപ്പുപദ്ധതിയില്‍ 200 തൊഴില്‍ദിനവും 300 രൂപ മിനിമംകൂലിയും അനുവദിക്കുക, ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, എല്ലാ കര്‍ഷകര്‍ക്കും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും ഗ്രാമീണ ദരിദ്രര്‍ക്കും 3000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക തുടങ്ങിയവയാണ് കിസാന്‍ സംഘര്‍ഷ് ജാഥയുടെ ഭാഗമായി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍.

കൃഷിഭൂമി കോര്‍പറേറ്റുകള്‍ കൈയടക്കുന്നതിനെതിരെ ഗവണ്‍മെന്റ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം കാര്‍ഷിക മേഖലയിലെ ഇ മാര്‍ക്കറ്റിങ്ങും നേരിട്ടുള്ള വിദേശനിക്ഷേപവും തടയണം. കര്‍ഷകര്‍ കന്നുകാലികളെ വില്‍ക്കുന്നതിലുള്ള നിരോധനം നീക്കണം. വനിതകള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന കടന്നാക്രമണം തടയണമെന്ന ആവശ്യവും കിസാന്‍സഭ ഉയര്‍ത്തുന്നു.

ആഗോളവല്‍ക്കരണത്തിന്റെ കടന്നുവരവോടെ തകര്‍ച്ചയിലേക്ക് നീങ്ങിയ ശരാശരി ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം മോഡി  ഭരണത്തില്‍ തീര്‍ത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. കര്‍ഷകന്റെ സാമ്പത്തികത്തകര്‍ച്ച മാത്രമല്ല ഇന്നത്തെ ചിത്രം. കാര്‍ഷികവൃത്തിയില്‍നിന്നുതന്നെ അവന്‍ പിഴുതുമാറ്റപ്പെടുന്നു. അസംഘടിതമേഖലയിലെ തൊഴില്‍രഹിതരുടെ കൂട്ടത്തിലാണിന്ന് കര്‍ഷകന്റെ സ്ഥാനം. ആഭ്യന്തര, വിദേശ കോര്‍പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകന്റെ ഭൂമി തട്ടിപ്പറിക്കുന്നു. ബ്രിട്ടീഷ്കാലത്തെ ഭൂമി ഏറ്റെടുക്കല്‍നിയമം കിസാന്‍സഭയുടെ ദീര്‍ഘകാലപ്രക്ഷോഭത്തെ തുടര്‍ന്ന് പരിഷ്കരിച്ചെങ്കിലും ആശങ്ക അകലുന്നില്ല. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന 2013ലെ പുതിയനിയമം കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ വലിയൊരളവുവരെ വിജയിച്ചു. എന്നാല്‍, മോഡിസര്‍ക്കാര്‍ 2014ല്‍ ഇറക്കിയ ഓര്‍ഡിനന്‍സ് കാര്യങ്ങള്‍ തകിടംമറിച്ചു. കര്‍ഷകരുടെ അനുവാദമില്ലാതെതന്നെ വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്ന പഴയനില പുനഃസ്ഥാപിച്ചു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കിസാന്‍സഭ നയിച്ചത്. രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം ഉണര്‍ന്നെണീറ്റ 'ഭൂമി അധികാര്‍ ആന്ദോളന്‍' സംയുക്തപ്രക്ഷോഭത്തിന് ഫലമുണ്ടായി. ഓര്‍ഡിനന്‍സ് നിയമമാക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ തല്‍ക്കാലം പിന്തിരിപ്പിക്കാനായെങ്കിലും ബില്‍ പാര്‍ലമെന്റില്‍നിന്ന് ഔദ്യോഗികമായി പിന്‍വലിച്ചിട്ടില്ലെന്നത് ഭീഷണിയാണ്. ഇതേ നിയമം സംസ്ഥാനങ്ങളില്‍ പാസാക്കിപ്പിച്ച് കോര്‍പറേറ്റ് പ്രീണനം തുടരാനാണ് ബിജെപി ശ്രമം. അവര്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഈ നീക്കത്തിനെതിരെ ജാഗ്രതയും കര്‍ഷകസംഘടനകളുടെ യോജിച്ച പ്രക്ഷോഭപരിപാടികളും തുടരുകയാണ്.

ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരില്‍ ഭൂരിപക്ഷവും കൃഷിയെ മാത്രം ആശയിച്ചു ജീവിക്കുന്നവരല്ല. എന്നാല്‍, ഇത്തരക്കാര്‍ക്ക് ദുര്‍ബലവിഭാഗങ്ങള്‍ എന്ന നിലയില്‍ ലഭിക്കുന്ന എല്ലാ ആനുകുല്യവും തിരിച്ചെടുക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 100 തൊഴില്‍ദിനങ്ങളെങ്കിലും ലഭിക്കേണ്ട സ്ഥാനത്ത് നാല്‍പ്പതില്‍ താഴെമാത്രമാണ് യാഥാര്‍ഥ്യമായത്. വരള്‍ച്ചയും വിളനാശവും രൂക്ഷമാണെങ്കിലും നാമമാത്ര നഷ്ടപരിഹാരംപോലും ലഭിക്കുന്നില്ല. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ഷക ആത്മഹത്യ വാര്‍ത്തപോലും അല്ല. പൊതുവിതരണം തകര്‍ക്കപ്പെട്ടതിനാല്‍ നിത്യോപയോഗസാധനങ്ങളുടെ വില കുതിക്കുകയാണ്. ഭക്ഷ്യ ഭദ്രതാനിയമം നടപ്പാക്കുമ്പോഴും തെറ്റായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ അര്‍ഹരായ ബഹുഭൂരിപക്ഷവും ദാരിദ്യ്രരേഖയ്ക്ക് പുറത്താണ്. ഇവര്‍ക്ക് ഭക്ഷധാന്യംപോലും ലഭിക്കുന്നില്ല.

കൃഷിയില്‍ ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍വിഹിതം കുറഞ്ഞുവരികയാണ്. സബ്സിഡികള്‍ ഏറെക്കുറെ നിലച്ചു. പലിശ കുറഞ്ഞ കാര്‍ഷികവായ്പയും ലഭ്യമല്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിന് ഒരു നടപടിയുമില്ല. ഈ സാഹചര്യത്തില്‍ 41 ശതമാനംപേര്‍ കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ അന്വേഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷികപ്രതിസന്ധിയെ കുറിച്ച് പഠനം നടത്തിയ എം എസ് സ്വാമിനാഥന്‍ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് വാഗ്ദാനംചെയ്താണ് മോഡി അധികാരത്തിലേറിയത്. എന്നാല്‍, ആ റിപ്പോര്‍ട്ട് പൊടിപിടിച്ചുകിടക്കുകയാണ്. ഇത്തരത്തില്‍ ജനവഞ്ചനയും കര്‍ഷകദ്രോഹവും മുഖമുദ്രയാക്കിയ കേന്ദ്രഭരണത്തിനെതിരായ കടുത്ത രോഷമാണ് രാജ്യമെങ്ങും ഉയരുന്നത്. ആ വികാരം അതിവിശാലമായ ഐക്യനിരയായി രൂപപ്പെടുന്നതിന്റെ സൂചനയാണ് കിസാന്‍ സംഘര്‍ഷ് ജാഥകള്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top