19 April Friday

സ്ത്രീകളുടെ അവകാശങ്ങളോട് പ്രതിബദ്ധതയോടെ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019



അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പാകുന്നതോടെ സ്ത്രീകളുടെ അവകാശസംരക്ഷണത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. ഇത്തരമൊരു സ്ത്രീസൗഹൃദ നിയമം യാഥാർഥ്യമാകുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം. സ്ത്രീകളുടെ അവകാശ സംരക്ഷണവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചു തെളിയിക്കുകയാണ്  ഇതുവഴി എൽഡിഎഫ് സർക്കാർ.

വിദ്യാഭ്യാസത്തിൽ മുന്നിൽനിൽക്കുന്ന കേരളത്തിൽപോലും സ്‌ത്രീകൾക്ക്‌ തുല്യപരിഗണനയും അംഗീകാരവും ലഭിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. നമ്മുടെ നിയമങ്ങൾ പലതും സ്ത്രീസൗഹൃദപരമല്ല. സ്ത്രീപുരുഷ വിവേചനത്തിനും സ്ത്രീകൾക്കിടയിലെ വിവേചനത്തിനും പരിരക്ഷ നൽകുന്ന നിയമങ്ങൾ രാജ്യത്ത് നിലനിൽക്കുന്നു. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും നാട്ടുനടപ്പിന്റെയുമെല്ലാം പേരിലുള്ള അവകാശനിഷേധങ്ങളും ധാരാളം. കുടുംബ ബന്ധങ്ങളിലെ പുരുഷാധിപത്യ മനോഭാവം അടിച്ചേൽപ്പിക്കുന്ന വിവേചനങ്ങളും ശക്തമാണ്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീസമൂഹം മുന്നോട്ടുപോകുന്നത്.

ജീവശാസ്ത്രപരമായ കാരണങ്ങളാൽ പ്രസവമടക്കമുള്ള ശാരീരിക ബാധ്യതകളിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ത്രീകളോട് ഉത്തരവാദിത്തവും കരുതലും കാണിക്കാൻ സമൂഹത്തിനും നിയമങ്ങൾക്കും കഴിയണം. അവിടെ പൊതു–-സ്വകാര്യ മേഖലയെന്ന വേർതിരിവ് അപ്രസക്തം. പ്രസവകാല പരിരക്ഷ എല്ലാ മേഖലയിലുള്ള സ്ത്രീകളുടെയും അവകാശമാണ്. എന്നാൽ, നമ്മുടെ നിയമനിർമാതാക്കൾ ഇക്കാലമത്രയും ഇത്തരം കാര്യങ്ങൾ പരിഗണിച്ചിരുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. അവഗണിതർക്കും  പാർശ്വവൽക്കൃതർക്കും എൽഡിഎഫ് സർക്കാർ നൽകുന്ന ശ്രദ്ധയും കരുതലുമാണ് പുതിയ നിയമത്തിലൂടെ വ്യക്തമാകുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ഈ നിയമഭേദഗതി നടപ്പാകുന്ന സുദിനത്തിനായി കാത്തുനിൽക്കുകയാണ് കേരളം.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം സ്ത്രീ സമൂഹത്തിന്റെ ഉന്നമനവും തുല്യനീതിയും ഉറപ്പുവരുത്തുന്നതിന് ഒട്ടേറെ നടപടികളാണ് കൈക്കൊണ്ടത്. രാജ്യത്തിന് മാതൃകയായ ജൻഡർ ബജറ്റിലൂടെ കോടിക്കണക്കിന് രൂപ സ്ത്രീകളുടെ ക്ഷേമത്തിനായി സർക്കാർ നീക്കിവച്ചു. നടപ്പു സാമ്പത്തിക വർഷം 1420 കോടി രൂപയാണ് സ്ത്രീകൾക്കായുള്ള പദ്ധതികൾക്ക് വകയിരുത്തിയ ബജറ്റ് വിഹിതം. കഴിഞ്ഞ വർഷം ഇത് 1267 കോടി രൂപയായിരുന്നു. 2016–-17 കാലയളവിലെ 760 കോടി രൂപയിൽനിന്ന് ഇരട്ടിയോളം വർധിച്ചുവെന്നർഥം.

സംസ്ഥാന സർക്കാർ സർവീസിൽ ഡ്രൈവർമാരായി സ്ത്രീകളെ നിയമിക്കാനുള്ള തീരുമാനത്തിന്റെ ആഹ്ലാദമടങ്ങും മുമ്പാണ് അൺഎയ്ഡഡ് മേഖലയിൽ പ്രസവാവധി അനുവദിക്കുന്നത്. തുണിക്കടകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളിൽ പകൽ മുഴുവൻ നിന്നു ജോലി ചെയ്യേണ്ടിവന്ന സഹോദരിമാർക്ക് ഇരിക്കാനുള്ള അവകാശത്തിനായി നിയമനിർമാണം നടത്തിയതും ഈ സർക്കാരാണ്. എട്ടും പത്തും മണിക്കൂർ നിന്നനിൽപ്പിൽ ജോലി ചെയ്യാൻ നിർബന്ധിതരായ വനിതകളെ ആ പീഡനത്തിൽനിന്ന് അങ്ങനെ എന്നന്നേക്കുമായി മോചിപ്പിച്ചു.  സ്ത്രീകൾക്ക് അന്തിയുറങ്ങാൻ എല്ലാ ജില്ലകളിലും ഷീ ലോഡ്‌ജുകൾ, ജോലി ചെയ്യുന്ന വനിതകൾക്കുള്ള ഹോസ്റ്റലുകൾ, ജെൻഡർ പാർക്കുകൾ, കുടുംബശ്രീയെ ശക്തിപ്പെടുത്തൽ എന്നിങ്ങനെ ഒട്ടേറെ നടപടികളും സർക്കാർ കൈക്കൊണ്ടു. വ്യവസായ വകുപ്പിന്റെ അനുഭാവപൂർണമായ സമീപനത്തിന്റെ ഫലമായി സംരംഭകരായി ധാരാളം സ്ത്രീകൾ രംഗത്തുവരുന്നു. യുവസാങ്കേതിക വിദഗ്ധരുടെ സ്റ്റാർട്ടപ്പുകളിലും ചെറുപ്പക്കാരികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇങ്ങനെ എല്ലാ തലങ്ങളിലുമുള്ള സ്ത്രീകൾക്ക് സമൂഹത്തിൽ മുഖ്യപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സംസ്ഥാന സർക്കാർ.

തദ്ദേശ ഭരണ സംവിധാനത്തിൽ 50 ശതമാനം സ്ത്രീ സംവരണം അർഥപൂർണമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ദുർബല ജനവിഭാഗങ്ങളിലെ ഒട്ടേറെ സ്ത്രീകളെ ഭരണച്ചുമതലയിലേക്ക് കൊണ്ടുവരാൻ ഇത് സഹായിച്ചിട്ടുണ്ട്. എന്നാൽ,  ഇതുകൊണ്ടുമാത്രം സ്ത്രീസമൂഹമാകെ മുഖ്യധാരയിൽ എത്തില്ലെന്നതാണ് അനുഭവം. വിദ്യാഭ്യാസത്തിൽ മുന്നിലാണെങ്കിലും കേരളത്തിലെ സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യാവകാശങ്ങൾ ലഭിക്കുന്നില്ല. അവഗണിക്കപ്പെടുന്ന ഒട്ടേറെ മേഖലകൾ ഇനിയുമുണ്ട്. ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ ക്ഷേമനടപടികൾ ആവിഷ്‌കരിക്കുന്നത്. അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രസവാവധി അനുവദിക്കാനുള്ള തീരുമാനം അസംഘടിത മേഖലയിലെ സ്ത്രീജീവിതങ്ങൾക്ക് പുതിയ പ്രതീക്ഷ പകരുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top