20 April Saturday

മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2017


ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒഴുകിയെത്തുന്ന ശബരിമല ക്ഷേത്രം ദേശീയ തീര്‍ഥാടനകേന്ദ്രം എന്ന പദവിക്കുമപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമാത്രമല്ല, 33 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ശബരിമലയില്‍ എത്തുന്നതായി ദേവസ്വംബോര്‍ഡ് അധികൃതര്‍ പറയുന്നു. അവിടെ എത്തിച്ചേരുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതിന്റെ പ്രാധാന്യമാണ് കഴിഞ്ഞദിവസം ശബരിമല ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചത്. സുഗമമായ തീര്‍ഥാടനവും ശബരിമലയുടെ വികസനവും ആഗ്രഹിക്കുന്നവര്‍ക്കൊക്കെയും ആഹ്ളാദവും പ്രതീക്ഷയും നല്‍കുന്ന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. തിങ്കളാഴ്ച രാത്രി പമ്പയിലെത്തിയ മുഖ്യമന്ത്രി അവിടെനിന്ന് കാല്‍നടയായി സന്നിധാനത്തേക്ക് പോവുകയായിരുന്നു. മലകയറ്റത്തിന്റെ ഓരോ ഘട്ടവും കണ്ടും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയുമാണ് മുഖ്യമന്ത്രി, മന്ത്രി കടകംപള്ളി സുരേന്ദ്രനുമൊത്ത് സന്നിധാനത്തെത്തിയത്.

സന്നിധാനത്തെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ ദേശീയ തീര്‍ഥാടനകേന്ദ്രം എന്ന പദവിയിലും മുകളിലാണ് ഭാഷ- ദേശ വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ പ്രവഹിക്കുന്ന ശബരിമലയുടെ സ്ഥാനം. എന്നാല്‍, ഇവിടം ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ശബരിമല ഉത്സവസീസനുമുന്നോടിയായുള്ള പ്രവൃത്തികള്‍ അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ അവലോകനയോഗത്തില്‍ തീരുമാനമായത്് ഏറെ ആശ്വാസംപകരും. തീര്‍ഥാടകരുടെ പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശുദ്ധജലവും ഗുണനിലവാരമുള്ള ഭക്ഷണവും ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്. പ്ളാസ്റ്റിക് കുപ്പിവെള്ളം തടഞ്ഞത്് മാലിന്യപ്രശ്നത്തിന്റെ തീവ്രത കുറയ്ക്കാന്‍ വലിയതോതില്‍ സഹായകമായി. അതേസമയം, തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷത്തേതുപോലെ വാട്ടര്‍ അതോറിറ്റി ഇതിനായി കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കും. മാത്രമല്ല, ഇത്തവണ കിയോസ്കുകളില്‍നിന്ന് ചൂടുവെള്ളവും  തീര്‍ഥാടകര്‍ക്ക് കിട്ടും.

യാത്ര സുഗമമാക്കാന്‍ കെഎസ്ആര്‍ടിസി 400  ചെയിന്‍സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. മകരവിളക്കിന് ആയിരം ബസുകള്‍ കൂടുതലായി ഓടിക്കുകയും ചെയ്യും. ഉത്സവസീസനുമുമ്പായി ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്. 140.70 കോടി രൂപ ചെലവഴിച്ച് ഒക്ടോബര്‍ 31നകം റോഡുനവീകരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എണ്ണൂറോളം തൊഴിലാളികളെ ശുചീകരണത്തിനായി നിയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രീന്‍ ശബരിമല ക്യാമ്പയിനും രൂപംനല്‍കിയിരിക്കുന്നു. ശബരിമലയിലെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നിര്‍ദിഷ്ട ശബരിമല വിമാനത്താവളവും ശബരി റെയില്‍പ്പാതയും യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായ അനുകൂലനടപടി ഉണ്ടാകണം. ഉത്സവസീസണില്‍ കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ പരിഗണിക്കണം.

ശബരിമലയുടെ വികസനത്തിന് ഉയര്‍ന്ന പരിഗണന നല്‍കിയത് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. കഴിഞ്ഞവര്‍ഷത്തെ ഉത്സവസീസനുമുമ്പായാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. ശബരിമലയുടെ സമഗ്രവികസനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് അധികം വൈകാതെ സര്‍ക്കാര്‍ രൂപംനല്‍കി. ആദ്യ ബജറ്റില്‍തന്നെ മാസ്റ്റര്‍പ്ളാന്‍ കമ്മിറ്റിക്ക് 150 കോടി അനുവദിച്ചു. കഴിഞ്ഞവര്‍ഷം  സെപ്തംബര്‍ ആദ്യംതന്നെ ഏഴു മന്ത്രിമാരും വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത് പമ്പയില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗം  ശബരിമലയുടെ ചരിത്രത്തില്‍  ആദ്യാനുഭവമായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വംമന്ത്രിമാരുടെയും യോഗവും പിണറായി മുന്‍കൈയെടുത്ത് അന്ന് വിളിച്ചുചേര്‍ത്തു.

വര്‍ഷങ്ങളായി കടലാസില്‍ ഒതുങ്ങിയ ശബരി റെയില്‍പ്പാതയ്ക്ക് ജീവന്‍വച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തെതുടര്‍ന്നാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഗുണകരമാകുന്ന അങ്കമാലി- എരുമേലി ശബരി റെയില്‍പ്പാത രണ്ടുദശകത്തിലേറെയായി പ്രഖ്യാപനങ്ങളില്‍മാത്രമായിരുന്നു. പദ്ധതിചെലവിന്റെ 51 ശതമാനം വിഹിതം വഹിക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പാത പുനലൂര്‍വരെ നീട്ടാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ ചെറുവള്ളിയില്‍ വിമാനത്താവളം ആരംഭിക്കാന്‍ തീരുമാനിച്ചതും ഈ സര്‍ക്കാര്‍തന്നെ. ഇതിന്റെ പ്രാരംഭഘട്ടപ്രവൃത്തികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ ആവശ്യമായ സമ്മര്‍ദം കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിലും ചെലുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനുപുറമെ എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ വികസനപ്രവൃത്തികള്‍ക്കായി 280 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തു.

മാലിന്യം കുമിഞ്ഞൊഴുകുന്ന പമ്പാനദിയെ രക്ഷിക്കാനുള്ള സമഗ്രപദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ രൂപംനല്‍കിയത്. ഇതിന്റെ പ്രാധാന്യം തുടര്‍ന്നും തീര്‍ഥാടകരിലെത്തിക്കും. വിവിധ ഭാഷകളില്‍ ഇതിനായി അറിയിപ്പ് നല്‍കും. പ്ളാസ്റ്റിക് നിര്‍മാര്‍ജനം എന്ന ദൌത്യം കഴിഞ്ഞവര്‍ഷം 90 ശതമാനത്തിലേറെ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചു. ശബരിമലയുടെ കാനനവിശുദ്ധിയും ഹരിതാഭയും നിലനിര്‍ത്തുകയാണ് മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ലക്ഷ്യം. അനിയന്ത്രിതമായ തിക്കും തിരക്കുമുണ്ടായിട്ടും തീര്‍ഥാടകരുടെ സൌകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം സാധിച്ചു. ദര്‍ശനസമയം വര്‍ധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണംചെയ്തു. ഈ അനുഭവങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഇത്തവണ മുഖ്യമന്ത്രി സന്നിധാനത്ത് നേരിട്ടെത്തി സൌകര്യങ്ങള്‍ വിലയിരുത്തിയതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതും. പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായി ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങാന്‍ തീര്‍ഥാടകര്‍ക്ക് കഴിയണം. അതിന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തീര്‍ച്ചയായും വഴിയൊരുക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top