18 April Thursday

യുദ്ധസമാനം ഈ രക്ഷാപ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

സംസ്ഥാനത്തെ പ്രളയദുരിതത്തിന് ഇനിയും ശമനമായിട്ടില്ല. മഴയ‌്ക്ക് നേരിയ കുറവുണ്ടെങ്കിലും പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.  ഇടുക്കിയിലും വയനാട്ടിലും സമാനസ്ഥിതിയാണ‌്. പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്.  ചെങ്ങന്നൂർ, ആറന്മുള, മാവേലിക്കര, പന്തളം, ആലുവ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിലും കുട്ടനാട്ടിലും പ്രളയജലം ദുരിതം വിതയ‌്ക്കുകയാണ്. അച്ചൻകോവിലാറ് ഗതിമാറി ഒഴുകി പന്തളം ടൗൺ വെള്ളത്തിലായത് പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.  സംസ്ഥാനത്ത് ഇതിനകം 1568 ദുരിതാശ്വാസ ക്യാമ്പ‌് തുറന്നിട്ടുണ്ട്.  70085 കുടുംബങ്ങളിൽനിന്നായി 3,14,391 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കൂടുതൽ പേരെ രക്ഷപ്പെടുത്തുന്നതിനനുസരിച്ച്  കൂടുതൽ ക്യാമ്പുകൾ തുറന്നുവരികയുമാണ്. ഇവർക്ക‌് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും മരുന്നും എത്തിക്കുക എന്നതും  സർക്കാരിന്റെ മുമ്പിലുള്ള വെല്ലുവിളിയാണ്. വെള്ളിയാഴ്‌ച മാത്രം 82442 പേരെ രക്ഷിച്ചു.

എന്നാൽ, യുദ്ധസന്നാഹത്തോടെ നടക്കുന്ന രക്ഷാപ്രവർത്തനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.  രണ്ട് ദിവസത്തിൽനിന്ന് വ്യത്യസ്തമായി വൻതോതിലുള്ള രക്ഷാനീക്കങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ബോട്ടുകളുടെ ക്ഷാമമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ രക്ഷാപ്രവർത്തനത്തിനുള്ള ന്യുനത. അത് ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നും മറ്റും മത്സ്യബന്ധന ബോട്ടുകൾ വ്യാഴാഴ്ച രാത്രിതന്നെ ലോറികളിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ എത്തിച്ചു.  ബോട്ടുകൾ മാത്രമല്ല, ഇവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെയും രക്ഷാപ്രവർത്തനത്തിനായി വർധിച്ചതോതിൽ നിയോഗിച്ചു. വെള്ളത്തിന്റെ ഒഴുക്കും ഗതിയുംമറ്റും മനസ്സിലാക്കി കാര്യക്ഷമമായി പ്രവർത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയുമെന്നത് രക്ഷാപ്രവർത്തനത്തിന് വേഗം നൽകി. സൈനികരുടെ കൈവശമുള്ള ബോട്ടിനേക്കാൾ മത്സ്യത്തൊഴിലാളികളുടെ ബോട്ട് വലുപ്പമേറിയതായതിനാൽ കൂടുതൽ ആളുകളെ രക്ഷിക്കാനും സഹായിച്ചു. വെള്ളിയാഴ്ച പുലർച്ചെതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയുംചെയ്തു.  

കെട്ടിടങ്ങളിലുംമറ്റും കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിന് ഹെലികോപ്റ്ററുകളും സജീവമായി രംഗത്തിറങ്ങി. രണ്ട് ഡസനോളം ഹെലികോപ്റ്ററുകളാണ് വിവിധ സേനയുടെ ഭാഗമായി വെള്ളിയാഴ്ച ഇറങ്ങിയത്.  ഒറ്റപ്പെട്ടുപോയ പലരെയും രക്ഷിക്കാൻ ഈ ദൗത്യത്തിനായി. പൂർണ ഗർഭിണിയെ നാവികസേനയുടെ ഹെലികോപ്റ്റർ രക്ഷിക്കുകയും അവർ നാവികസേനാ ആശുപത്രിയിൽ പ്രസവിക്കുകയുംചെയ്ത വാർത്ത ആശ്വാസകരമാണ്. കേന്ദ്ര‐സംസ്ഥാന സേനകളും നാട്ടുകാരും ഏകോപിപ്പിച്ച് നടത്തുന്ന പ്രവർത്തനത്തിന്റെ ഫലമായി ആയിരങ്ങളെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞു. ചില ക്യാമ്പുകളിലും വെള്ളം കയറിയത് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. അത്തരം പ്രദേശങ്ങളിൽ കുടുതൽ സുരക്ഷിതമായ പുതിയ ക്യാമ്പുകൾ തുറന്നുവരികയാണ്.  ഒറ്റപ്പെട്ടുപോയവരെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവർക്ക് വെള്ളവും ഭക്ഷണ പാക്കറ്റുകളും പലയിടത്തും നൽകാനായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടും തലസ്ഥാനത്ത് ഉന്നതതലയോഗം ചേർന്ന് സംഭവഗതികൾ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനും കുടുതൽ ആളുകളെയും അവർക്കാവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കാനും ഇതുവഴി കഴിയുന്നുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നുണ്ട്. കുടങ്ങിക്കിടക്കുന്നവരെ മുഴുവൻ എത്രയുംപെട്ടെന്ന് രക്ഷിക്കുന്നതിനാണ‌്  മുൻഗണന നൽകേണ്ടത്. 

ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവ‌്

മൂന്നുവട്ടം പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയി വിടപറഞ്ഞു. ആര്യസമാജിലുടെ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലെത്തുകയും പിന്നീട് അതിന്റെ രാഷ്ട്രീയരൂപങ്ങളായ ഭാരതീയ ജനസംഘത്തിലും ഭാരതീയ ജനതാപാർടിയിലും പ്രവർത്തിക്കുകയും ചെയ്ത വാജ്‌പേയി ആറ് വർഷം രാജ്യത്തെ പ്രധാനമന്ത്രിപദത്തിലിരുന്നു. ആർഎസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറുടെയും പിൻഗാമി ഗോൾവാൾക്കറുടെയും ശിക്ഷണത്തിൽ ഹിന്ദുത്വരാഷ്ട്രീയം പഠിച്ച വാജ്‌പേയി ശ്യാമപ്രസാദ് മുഖർജിയിൽനിന്നും ദീനദയാൽ ഉപാധ്യായയിൽനിന്നുമാണ് രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കം ഹൃദിസ്ഥമാക്കിയത്.  ആദ്യം 13 ദിവസവും പിന്നീട് 13 മാസവും പിന്നീട് നാലരവർഷവും പ്രധാനമന്ത്രിപദത്തിലിരുന്ന വാജ്‌പേയി എന്നും തീവ്ര ഹിന്ദുത്വത്തിന്റെ സൗമ്യമുഖമായിരുന്നു. ഈ സൗമ്യമുഖം മുഖംമുടിയാണ് എന്ന് തുറന്നുപറഞ്ഞത് മറ്റൊരു ആർഎസ്എസ് നേതാവുതന്നെയായിരുന്നു.

ബിജെപിയുടെ പ്രഥമ അധ്യക്ഷനായ വാജ്‌പേയിയാണ് സംഘപരിവാറിനെ കേന്ദ്രാധികാരത്തോട് അടുപ്പിച്ചത്. 1957ൽ യുപിയിലെ ബൽറാംപുരിൽനിന്ന് ലോക‌്സഭയിലെത്തിയ വാജ്‌പേയിയാണ് മൊറാർജി ദേശായ് സർക്കാരിൽ വിദേശമന്ത്രിയായത്. തുടർന്ന് 1996ൽ  പ്രധാനമന്ത്രിയുമായി. എന്നാൽ, ഭൂരിപക്ഷം നേടാനാകാതെ 13 ദിവസത്തിനകം രാജിവച്ചൊഴിയേണ്ടിവന്നു. ഈ പരാജയത്തിൽനിന്നാണ് കോൺഗ്രസിതര കക്ഷികളെ ചേർത്ത് ദേശീയ ജനാധിപത്യസഖ്യത്തിന് രൂപംനൽകിയത്. ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ വംശഹത്യയെ തുറന്നെതിർക്കാൻ വാജ്‌പേയി തയ്യാറായില്ല. അന്ന് ‘രാജധർമത്തെ'കുറിച്ച് വാജ്‌പേയി വാചാലനായെങ്കിലും മോഡിയെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് മാറ്റാൻ തയ്യാറായില്ല.

പ്രധാനമന്ത്രിയായിരിക്കെ കൈക്കൊണ്ട പല നടപടികളും ഏറെ വിമർശനം ക്ഷണിച്ചുവരുത്തി . 1998ൽ പ്രധാനമന്ത്രിപദത്തിലെത്തിയ ഉടനെയാണ് പൊക്രാൻ അണുപരീക്ഷണത്തിന് തയ്യാറായത്. മറുപടിയെന്നോണം പാകിസ്ഥാനും ആണവപരീക്ഷണം നടത്തി. പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചില ശ്രമങ്ങളും വാജ്‌പേയിയുടെ ഭാഗത്തുനിന്നുണ്ടായി. 1999 ഫെബ്രുവരിയിൽ ലാഹോറിലേക്ക് ബസ്‌യാത്ര നടത്തിയതും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായിരുന്നു.  എന്നാൽ, മാസങ്ങൾക്കുശേഷം പാകിസ്ഥാനുമായി കാർഗിലിൽ ഇന്ത്യക്ക് യുദ്ധംചെയ്യേണ്ടിവന്നു. തുടർന്ന് 2001 ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച വേളയിലാണ് പാകിസ്ഥാൻ പട്ടാള ഭരണാധികാരി മുഷറഫുമായി ആഗ്രയിൽ ഉച്ചകോടി സംഭാഷണം നടത്തിയത്. പരാജയമായിരുനു ഫലം.   ഇന്ത്യൻ പാർലമെന്റിനുനേരെ ഭീകരാക്രമണം നടന്നതും വാജ്‌പേയി സർക്കാരിന്റെ കാലത്താണ്. പെട്രോൾ പമ്പ്, ശവപ്പെട്ടി കുംഭകോണം തുടങ്ങി പല അഴിമതികളും വാജ്‌പേയി സർക്കാരിനെ വേട്ടയാടുകയുംചെയ്തു. ‘ഇന്ത്യ തിളങ്ങുന്നു'വെന്ന മുദ്രാവാക്യമുയർത്തി 2004 തെരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയിക്ക് വിജയിക്കാനായില്ല. അതോടെതന്നെ രാഷ്ട്രീയജിവിതത്തിൽനിന്ന് അദ്ദേഹം പിൻവാങ്ങി. കഴിഞ്ഞ 10 വർഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി നിലനിൽക്കുമ്പോഴും പൊതുസ്വീകാര്യത നേടാൻ കഴിഞ്ഞ വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top