23 June Sunday

തുര്‍ക്കിയിലെ അട്ടിമറിനീക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 18, 2016


യൂറോപ്പിലെ രോഗിയെന്ന് ഒരുകാലത്ത് വിളിക്കപ്പെട്ട തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അട്ടിമറിശ്രമം പരാജയപ്പെട്ടു എന്ന വാര്‍ത്ത ജനാധിപത്യവാദികള്‍ക്ക് ആഹ്ളാദം പകരുന്നതാണ്. 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന റസപ് തയ്യിപ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം ജനക്കൂട്ടം തെരുവിലിറങ്ങിയാണ് പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തിയത്. ഈജിപ്തില്‍ പട്ടാള അട്ടിമറി വിജയിച്ച സാഹചര്യത്തിലാകണം എര്‍ദോഗന്‍ എന്ന കുശാഗ്രബുദ്ധിക്കാരന്‍ ജനങ്ങളോട് തന്റെ സര്‍ക്കാരിനെ അട്ടിമറിയില്‍നിന്ന് രക്ഷിക്കാന്‍ ആഹ്വാനംചെയ്തത്. ഇസ്ളാമിക രാഷ്ട്രീയപാര്‍ടിയായ ജസ്റ്റിസ് ഡെവലപ്മെന്റ് പാര്‍ടി (എകെപി)യുടെ സ്ഥാപകനേതാവുകൂടിയാണ് എര്‍ദോഗന്‍. നേരത്തെ അഞ്ചുതവണയുണ്ടായ അട്ടിമറിശ്രമത്തില്‍നിന്ന്  വ്യത്യസ്തമായി തുര്‍ക്കിയിലെ എല്ലാ രാഷ്ട്രീയപാര്‍ടികളും കെമാലിസ്റ്റ് മതനിരപേക്ഷവാദികളും (ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ കെമല്‍പാഷ അതാതുര്‍ക്കിന്റെ അനുയായികള്‍) ദേശീയവാദികളും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിഭാഗങ്ങളും ഒറ്റക്കെട്ടായിത്തന്നെ അട്ടിമറിയെ എതിര്‍ത്തു. കടുത്ത ഇസ്ളാമിക– വലതുപക്ഷ നയമാണ് എര്‍ദോഗന്റേതെങ്കിലും ജനകീയ മുന്നേറ്റത്തിലൂടെയാണ്, അല്ലാതെ പട്ടാള അട്ടിമറിയിലൂടെയല്ല അദ്ദേഹത്തെ ഭരണത്തില്‍നിന്ന് മാറ്റേണ്ടതെന്ന വാദമാണ് ഇടതുപക്ഷ– മതനിരപേക്ഷ കക്ഷികള്‍ ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ കെമാലിസ്റ്റ് മതനിരപേക്ഷവാദികളല്ല അട്ടിമറിക്കുപിന്നിലെന്ന് വ്യക്തം.

അട്ടിമറിക്കുപിന്നില്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 17 വര്‍ഷമായി താമസിക്കുന്ന മുസ്ളിം 'പുരോഹിതന്‍' ഫെയ്ത്തുള്ള ഗ്യുലാനാണെന്ന് എര്‍ദോഗനും അദ്ദേഹത്തിന്റെ നീതിന്യായ മന്ത്രിയും അറിയിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനഡോലു, മൊഹറിന്‍ കോസ് എന്ന കേണലാണ് അട്ടിമറിക്കുപിന്നിലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഫെയ്ത്തുള്ള ഗ്യുലാന്റെ അനുയായി എന്നറിയപ്പെടുന്ന ഈ സൈനികോദ്യോഗസ്ഥനെ 2006ലാണ് എര്‍ദോഗന്‍ പുറത്താക്കിയത്. എന്നാല്‍, ഇതേക്കാളും പ്രധാന വെളിപ്പെടുത്തല്‍ നടത്തിയത് അങ്കാറ മേയറും എര്‍ദോഗന്റെ വലംകൈയുമായ മെലന്‍ ഗൊകെക്കാണ്. സിറിയന്‍ ഓപ്പറേഷനില്‍ പങ്കെടുത്ത റഷ്യന്‍വിമാനം അതിര്‍ത്തി ലംഘിച്ചുവെന്നപേരില്‍ വെടിവച്ചിട്ട തുര്‍ക്കി സൈനിക ഓഫീസറും അട്ടിമറിയില്‍ പങ്കെടുത്തുവെന്നാണ് ആ വെളിപ്പെടുത്തല്‍. ഈ 'വില്ലന്‍' കാരണമാണ് തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐഎയുമായി അടുത്ത ബന്ധമുള്ള ഫെയ്ത്തുള്ള ഗ്യുലാനാണ് അട്ടിമറിക്കുപിന്നിലെന്ന എര്‍ദോഗന്റെ വാദവും റഷ്യന്‍ വിമാനം വെടിവച്ചിട്ടയാളും അട്ടിമറിശ്രമത്തില്‍ പങ്കെടുത്തുവെന്ന മെലന്‍ ഗോകെക്കിന്റെ വാദവും കൂട്ടിവായിച്ചാല്‍ മധ്യപൌരസ്ത്യദേശത്തെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റംവരികയാണോ എന്ന് ന്യായമായും സംശയിക്കാം.

നവ ഉദാരവല്‍ക്കരണനയത്തെ പിന്തുണയ്ക്കുന്നതോടൊപ്പംതന്നെ മധ്യപൌരസ്ത്യദേശത്തെ അമേരിക്കയുടെ ശിങ്കിടിയായാണ് തുര്‍ക്കി അറിയപ്പെട്ടത്. സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ളാമികവിമതര്‍ക്ക് എല്ലാ സഹായവും എര്‍ദോഗന്‍ നല്‍കി. അതോടൊപ്പം ഐഎസിനെതിരെ ഫലപ്രദമായി പൊരുതുന്ന കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ടിക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ചു. തുര്‍ക്കിയുടെ ഈ നടപടി സ്വാഭാവികമായും ഐഎസിനെ ശക്തമാക്കി. ബാഷര്‍ വിരുദ്ധ സമീപനമാണ് തുര്‍ക്കിയെ റഷ്യയുടെ ശത്രുവാക്കിയത്. റഷ്യന്‍വിമാനം തുര്‍ക്കി വെടിവച്ചിട്ടതോടെ ബന്ധം തീര്‍ത്തും വഷളായി. സിറിയന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടതിന്റെ ഫലമായി ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലെത്തുകയും ചെയ്തു. ഈ അമേരിക്കന്‍ അനുകൂലനയത്തില്‍നിന്ന് എര്‍ദോഗന്‍ ചുവടുമാറ്റുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. 

റഷ്യയുമായി ബന്ധം വഷളായത് തുര്‍ക്കിയുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. റഷ്യയില്‍നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞുവെന്നുമാത്രമല്ല, തുര്‍ക്കിയുടെ പല ഉല്‍പ്പന്നങ്ങള്‍ക്കും കമ്പോളപ്രവേശം നല്‍കാന്‍ റഷ്യ വിസമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റഷ്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം എര്‍ദോഗന്‍ ആരംഭിച്ചത്. ഇപ്പോഴുണ്ടായ അട്ടിമറിശ്രമത്തെയും ഈ രാഷ്ട്രീയലക്ഷ്യം നേടാന്‍ എര്‍ദോഗന്‍ ഉപയോഗിച്ചേക്കാം. അട്ടിമറിക്കുപിന്നില്‍ പ്രവര്‍ത്തിച്ച ഗ്യുലാനെ വിട്ടുകിട്ടണമെന്ന ആവശ്യം തുര്‍ക്കി ഉന്നയിക്കുന്നപക്ഷം അമേരിക്കയുമായുള്ള ബന്ധം പഴയതുപോലെ തുടരാന്‍ എര്‍ദോഗന് കഴിയില്ല. സിഐഎയുടെ സഹായത്തോടെ ഗ്രീന്‍കാര്‍ഡ് ലഭിച്ച ഗ്യുലാനെ തുര്‍ക്കിക്ക് വിട്ടുനല്‍കാന്‍ അമേരിക്ക തയ്യാറാകുമെന്നും കരുതാനാകില്ല. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യന്‍ റിപ്പബ്ളിക്കുകളില്‍ പലതിലും അമേരിക്കയും സിഐഎയും ഇടപെട്ട് നടത്തിയ സോവിയറ്റ് വിരുദ്ധനീക്കങ്ങള്‍ക്ക് അവര്‍ ഉപയോഗിച്ചത് ഗ്യുലാന്റെ പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടങ്ങുന്ന വലിയ ശൃംഖലയെയാണ്.  ഇതേ അനുഭവം തനിക്കുമുണ്ടാകുമോ എന്ന ഭയം എര്‍ദോഗനെയും വേട്ടയാടിയിട്ടുണ്ടാകണം. അതിനാലാകണം ഗ്യുലാനെതിരെ ശക്തമായി പ്രതികരിക്കാന്‍ എര്‍ദോഗന്‍ തയ്യാറായത്. എന്നാല്‍, സിറിയന്‍ നയത്തില്‍ മാറ്റംവരുത്താതെ റഷ്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ നാറ്റോ അംഗരാഷ്ട്രമായ തുര്‍ക്കിക്ക് കഴിയില്ല. യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള തന്ത്രപ്രധാന പാലമായ തുര്‍ക്കിയെ എളുപ്പം കൈവിടാന്‍ അമേരിക്കയ്ക്കുമാകില്ല. എന്തായാലും മധ്യപൌരസ്ത്യരാഷ്ട്രീയം വലിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top