01 April Saturday

കെജ്‌രിവാളിന്റെ കുത്തിയിരിപ്പ് സമരം

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

 രാജ്യതലസ്ഥാനമാണ് ഡൽഹി. രണ്ട് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന നഗരത്തിൽ ലക്ഷക്കണക്കിന് മലയാളികളും താമസിക്കുന്നുണ്ട്. നാല് മാസമായി ഇവിടെ ഭരണം സ്തംഭനത്തിലാണ്.  ഐഎഎസ് ഓഫീസർമാർ അപ്രഖ്യാപിതസമരം ആരംഭിച്ചതാണ് ഇതിന് കാരണം. ഫെബ്രുവരി 19ന് രാത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർടി എംഎൽഎമാർ ചീഫ് സെക്രട്ടരി അൻഷു പ്രകാശിനെ ആക്രമിച്ചതിനെ തുടർന്നാണ് ഐഎഎസുകാരുടെ അപ്രഖ്യാപിത സമരം.  എന്നാൽ, ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ആപ് എംഎൽഎമാരായ അമാനത്തുള്ള ഖാനെയും പ്രകാശ് ജർവാളെയും അറസ്റ്റ‌് ചെയ്യുകയും ഇതുസംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ ഉറപ്പുനൽകുകയും ചെയ്തു. എന്നിട്ടും മന്ത്രിമാരുംമറ്റും വിളിച്ചുകൂട്ടുന്ന യോഗങ്ങളിൽനിന്ന‌് വിട്ടു നിൽക്കുകയും പ്രധാന ഫയലുകൾ നീക്കാതിരിക്കുകയുമാണ് ഉന്നത ഉദ്യോഗസ്ഥർ.

സമരം നീണ്ടതോടെ ഇതവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും മന്ത്രിസഭയും ഒറ്റക്കെട്ടായും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാളിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. റേഷൻ വീടുകളിൽ എത്തുന്ന പദ്ധതിക്ക‌് അംഗീകാരം നൽകണമെന്ന ആവശ്യവും ലെഫ്.ഗവർണർ ചെവിക്കൊണ്ടില്ല. സമരം ഒത്തുതീർക്കാൻ ഐഎഎസ് ഓഫീസർമാർ തയ്യാറായപ്പോൾ അവർക്കെതിരെ ഭീഷണി മുഴക്കുകയും സമരം നീട്ടിക്കൊണ്ടുപോകാൻ ലെഫ്.ഗവർണർ തന്നെ പ്രേരിപ്പിക്കുകയുംചെയ്യുകയാണെന്നും ആരോപണമുയർന്നു. ഈ ഘട്ടത്തിലാണ് അരവിന്ദ് കെജ്‌രിവാൾ ലെഫ‌്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ട്രാൻസ്‌പോർട്ട‌് മന്ത്രി ഗോപാൽ റായ്, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം കുത്തിയിരിപ്പ് സമരത്തിലാണ്. ഏഴ് ദിവസം സമരം പിന്നിട്ടിട്ടും തലസ്ഥാനനഗരയിലെ ഭരണസ്തംഭനം ഒഴിവാക്കാൻ ഒരു നടപടിയും നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ചിട്ടില്ല. 

ഈ ഘട്ടത്തിലാണ് ബിജെപി ഇതര, കോൺഗ്രസ് ഇതര രാഷ്ട്രീയകക്ഷികളും അവരുടെ മുഖ്യമന്ത്രിമാരും രംഗത്തെത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടകത്തിലെ എച്ച‌് ഡി കുമാരസ്വാമി, ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡു, പശ്ചിമ ബംഗാളിലെ മമത ബാനർജി എന്നിവർ സംഭവത്തിൽ ഇടപെടുന്നത്. നിതി ആയോഗിന്റെ യോഗത്തിന് ഡൽഹിയിലെത്തിയ ഈ മുഖ്യമന്ത്രിമാർ സമരംചെയ്യുന്ന ഡൽഹി മുഖ്യമന്ത്രിയെ കാണാൻ സംയുക്തമായി അനുവാദം ചോദിച്ചെങ്കിലും ലെഫ്. ഗവർണർ അതിന് തയ്യാറായില്ല. അദ്ദേഹം ഡൽഹിയിൽത്തന്നെ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിമാരെ അഭിമുഖീകരിക്കാൻ ഭയന്ന് രാജ്‌നിവാസ് വിട്ട് പുറത്തേക്ക് പോയെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. അവസാനം നാല് മുഖ്യമന്ത്രിമാരും കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി  അദ്ദേഹത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രികാര്യാലയത്തിന്റെ ഇടപെടൽ കാരണമാണ് മുഖ്യമന്ത്രിമാരെ കാണാൻ ലെഫ്റ്റനന്റ് ഗവർണർ വിസമ്മതിച്ചതെന്നും വാർത്തയുണ്ട്. ഉദ്യോഗസ്ഥർ സമരം പിൻവലിപ്പിക്കാത്തതിന്റെപിന്നിലും കേന്ദ്ര സർക്കാർ തന്നെയാണെന്നാണ് അറിയാൻ കഴിയുന്നത്. അതിനാലാണ് സമരം പിൻവലിച്ച് ഭരണപ്രതിസന്ധി ഒഴിവാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് നാല് മുഖ്യമന്ത്രിമാർ കത്തിലുടെയും നേരിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടത്.

ഡൽഹിയിലെ ഭരണപ്രതിസന്ധി ഒരു മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെമാത്രം പ്രശ്‌നമല്ല. ഡൽഹിക്ക് പൂർണ സംസ്ഥാനപദവി ലഭിക്കാത്തതിന്റെകൂടി പ്രശ്‌നമാണ്.  ഡൽഹിയിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായ ബ്രഹ്മപ്രകാശ് 1955 ൽ രാജിവച്ചതുപോലും ഇതേ വിഷയത്തിലാണ്.  തെരഞ്ഞെടുത്ത സർക്കാരിനുതന്നെ അന്ത്യമിട്ടാണ് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ഈ ആവശ്യത്തോട് അന്ന് പ്രതികരിച്ചത്. 1993 മുതൽ വീണ്ടും നിയമസഭ നിലവിൽവന്നെങ്കിലും മാറിമാറി അധികാരത്തിൽവന്ന ബിജെപിയും കോൺഗ്രസും ഈ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. ഭരണത്തിലിരിക്കുമ്പോൾ ഈ ആവശ്യം മറക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോൾ ഈ ആവശ്യം വീണ്ടും ഓർക്കുകയും ചെയ്യുന്ന മെയ്‌വഴക്കമാണ് ബിജെപിയും കോൺഗ്രസും കാണിക്കുന്നത്.  രാജ്യം മുഴുവൻ ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമിക്കുന്ന കോൺഗ്രസ് ഡൽഹിയിൽ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ജനങ്ങളുടെ അവകാശത്തിനായി പൊരുതുന്ന മുഖമന്ത്രിയെയും മന്ത്രിമാരെയും വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തും കോൺഗ്രസ് നേതാവ് അജയ് മാക്കനും വാർത്താസമ്മേളനം നടത്തി പറഞ്ഞത് കെജ്‌രിവാൾ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും ഭരണമില്ലായ്മ മറച്ചുവയ‌്ക്കാനുള്ള തെരുവുയുദ്ധമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നുമാണ്. ബിജെപിക്കെതിരെ യോജിച്ച സമരമുഖം രാജ്യതലസ്ഥാനത്ത്  തുറക്കുന്നതിനുപകരം ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ബിജെപിക്കൊപ്പംനിന്ന് ആം ആദ്മി പാർടി സർക്കാരിനെ വിമർശിക്കാനാണ് കോൺഗ്രസ് തയ്യാറാകുന്നത്. ഡൽഹിയിലെ ജനങ്ങൾ ബിജെപിയുടെയും കോൺഗ്രസിന്റെയും ഈ വഞ്ചനയ‌്ക്ക് ശക്തമായ മറുപടി നൽകുമെന്ന് ഉറപ്പ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top