17 April Wednesday

ഗീബല്‍സിന്റെ പിന്മുറക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2017

ഹിന്ദുത്വരാഷ്ട്രീയം പിന്‍പറ്റുന്നത് നാസി പ്രചാരണശൈലിയാണെന്നതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉദാഹരണമേറെയാണ്. അസത്യപ്രചാരണത്തിലൂടെ അണികളിലെ വൈകാരികത മൂര്‍ച്ഛിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടുകയെന്നതായിരുന്നു നാസിസത്തിന്റെ രീതി. ആര്യവംശമഹിമയും ജര്‍മന്‍ തീവ്രദേശീയതയും പ്രചോദിപ്പിച്ച് അനുയായികളെ ഉന്മാദാവസ്ഥയിലെത്തിച്ചാണ് ഹിറ്റ്ലര്‍ ശത്രുക്കളുടെ വംശഹത്യ നടപ്പാക്കിയത്. വംശീയചിന്ത ആളിക്കത്തിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിന്റെ ശക്തികൂടി ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറുടെ പദ്ധതിക്ക് വലംകൈ, പ്രചാരണവിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സായിരുന്നു. ഏത് ഒറ്റപ്പെട്ട സംഭവത്തെയും തങ്ങളുടെ വംശീയ രാഷ്ട്രീയതന്ത്രത്തിന് അനുഗുണമായി പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള ഗീബല്‍സിന്റെ കഴിവ് അന്യാദൃശമായിരുന്നു. 1938ല്‍ ഒരു ജര്‍മന്‍ നയതന്ത്രജ്ഞന്‍ ഒരു ജൂതയുവാവിനാല്‍ കൊലചെയ്യപ്പെട്ട സംഭവത്തിനുപിന്നില്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളായിരുന്നു. എന്നാല്‍, ഈ സംഭവത്തെ വന്‍ കലാപമാക്കി മാറ്റിയത് ഗീബല്‍സിന്റെ ഇടപെടലായിരുന്നു.

പത്രവാര്‍ത്തകളിലൂടെയും പ്രസംഗങ്ങളിലൂടെയും സംഭവം കത്തിപ്പടര്‍ന്നു. ആയിരക്കണക്കിന് ജൂതന്മാര്‍ കൊലചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത കലാപത്തിന് മാധ്യമങ്ങളുടെ സഹായം വളരെ വലുതായിരുന്നു. അന്നത്തെ നവമാധ്യമങ്ങളായ റോഡിയോയും ചലച്ചിത്രവുമൊക്കെയായിരുന്നു ഗീബല്‍സിന്റെ പ്രധാന പ്രവര്‍ത്തനമേഖല. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമാകുമ്പോഴേക്കും ചുരുങ്ങിയത് 60 ലക്ഷം ജൂതന്മാരെങ്കിലും നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും തെരുവുകളിലും കൊലചെയ്യപ്പെട്ടു.

ആശയപരമായും പ്രായോഗികപ്രവര്‍ത്തനത്തിലും തുടക്കംമുതല്‍ ജര്‍മന്‍ ഫാസിസത്തെ പിന്തുടരുന്നവരാണ് ഇന്ത്യയിലെ സംഘപരിവാര്‍. സംഘാചാര്യന്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍തന്നെ ഒരിക്കല്‍ ജര്‍മന്‍ 'മാതൃക'യെ ഇങ്ങനെ പ്രകീര്‍ത്തിച്ചു- 'ജൂതര്‍ക്കെതിരായ നാസി മുന്നേറ്റം ഹിന്ദുസ്ഥാനില്‍ നമുക്ക് ഉള്‍ക്കൊള്ളാവുന്ന ഏറ്റവും നല്ല പാഠമാണ്; ഗുണഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ്'. രാജ്യത്തിന്റെ വിഭജനവും വര്‍ഗീയകലാപങ്ങളും മഹാത്മാഗാന്ധിയുടെ വധവുമൊക്കെ ഫാസിസത്തിന്റെ ഇന്ത്യയിലെ വിളവെടുപ്പുകളായിരുന്നു. ഗീബല്‍സിന്റെ പ്രതിരൂപങ്ങളായ സംഘപ്രചാരകര്‍ ഓരോ സംഭവത്തിനും പരമാവധി പ്രഹരശേഷിയുണ്ടാക്കാന്‍ പ്രയത്നിച്ചു. ഗുജറാത്ത് കലാപത്തിന് തിരികൊളുത്തിയ ഗോധ്ര ട്രെയിന്‍ തീവയ്പും സംഝോത എക്സ്പ്രസ്, മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് സ്ഫോടനങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അസംഖ്യം സംഘപരിവാര്‍ ഗൂഢപദ്ധതികളില്‍ ചിലതുമാത്രം. ഏത് സംഭവവും സംഘപരിവാറിന്റെ കണ്ണില്‍ വിദ്വേഷം വിതയ്ക്കാനുള്ള പ്രചാരണായുധമാണ്. പലപ്പോഴും അവര്‍തന്നെ സംഭവങ്ങള്‍ സൃഷ്ടിക്കുന്നു. സ്വാഭാവികസംഭവങ്ങളെ മറ്റൊന്നായി മാറ്റിത്തീര്‍ക്കാനും അവര്‍ക്ക് മിടുക്കുണ്ട്. രണ്ടായാലും അസത്യങ്ങളുടെയും നുണകളുടെയും കൂമ്പാരമായിരിക്കുമെന്നുമാത്രം.

തലശേരി കലാപത്തിന് വഴിയൊരുക്കാന്‍ മുസ്ളിങ്ങള്‍ ഹിന്ദുസ്ത്രീകളുടെ മുലയരിഞ്ഞു എന്നുവരെ ആര്‍എസ്എസ് പ്രചരിപ്പിച്ചു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെയാണ് കേരളം ലക്ഷ്യമാക്കിയുള്ള സംഘപ്രചാരണം ഒന്നുകൂടി കൊഴുത്തത്. ഇവിടെ ബിജെപിക്ക് പ്രവര്‍ത്തനസ്വാതന്ത്യ്രമില്ലെന്നും പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്നും ദേശീയതലത്തില്‍ പ്രചരിപ്പിച്ചു. ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒത്തുനീങ്ങുന്ന ചില മാധ്യമങ്ങളും പിന്തുണച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ നടന്ന ആക്രമണങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് മന്ത്രിസഭ ചുമതലയേറ്റതോടെ ബിജെപി പ്രചാരണം ഒന്നുകൂടി മുറുകി. ഒപ്പം സിപിഐ എം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമവും ശക്തിപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വിജയാഹ്ളാദ പ്രകടനത്തിനുനേരെ ബോംബെറിഞ്ഞ് ഒരു സിപിഐ എം പ്രവര്‍ത്തകനെ കൊന്നു. ആര്‍എസ്്്്എസ് കൊലയ്ക്കും അക്രമങ്ങള്‍ക്കും ഇതുവരെ ഇടവേള ഉണ്ടായിട്ടില്ല. പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ വലിയതോതില്‍ പ്രചാരണം നടത്തി സിപിഐ എമ്മിനെതിരെ കുറ്റാരോപണം ചൊരിയുക എന്നതാണ് ആര്‍എസ്എസ് ശൈലി. ഒരുവിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. 'ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍മാത്രം അക്രമം ചര്‍ച്ചചെയ്യപ്പെടുന്നത് എന്തുകൊണ്ട്' എന്ന് ഞങ്ങളുടെ ഒരു സഹജീവി കഴിഞ്ഞദിവസം മുഖപ്രസംഗത്തില്‍ ഉയര്‍ത്തിയ ചോദ്യം ഇവിടെ പ്രസക്തമാണ്.

സമാധാനത്തകര്‍ച്ച സൃഷ്ടിക്കുന്നതും തുടര്‍ന്ന് വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതുമെല്ലാം വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പിണറായി മന്ത്രിസഭ ചുമതലയേറ്റതിനുപിന്നാലെ 'ആഹൂതി' എന്ന ഒരു ബഹുവര്‍ണ സചിത്രപുസ്തകം അച്ചടിച്ചുകൊണ്ടാണ് ആര്‍എസ്എസ് ദേശവ്യാപക പ്രചാരണത്തിനിറങ്ങിയത്. അതിലെ ഉള്ളടക്കം അര്‍ധസത്യവും അസത്യങ്ങളുമായിരുന്നു. തുടര്‍ന്നാകട്ടെ, നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞു. വ്യാജ അക്കൌണ്ടുകളിലൂടെ കള്ളക്കഥകളും ഫോട്ടോകളും പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ വന്‍ സന്നാഹംതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴാകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍തന്നെ വ്യാജ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹം ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് ഇതിനകംതന്നെ വ്യക്തമായി. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരിലെ പാര്‍ടിഗ്രാമങ്ങളില്‍ ആഹ്ളാദപ്രകടനം നടന്നുവെന്നാണ് ബിജെപി നേതാവിന്റെ ആരോപണം. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന അദ്ദേഹത്തിന്റെ പ്രതികരണം കുറ്റസമ്മതമായി കണക്കാക്കാം.

ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് ഏഷ്യാനെറ്റ് ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍ എംപി ആരോപിച്ചത്. രോഗിയുമായി വന്ന ആംബുലന്‍സ് ആര്‍എസ്എസ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങള്‍ നല്‍കിയതാണ്. പൊലീസ് അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമാകും. കാലം മാറിയെങ്കിലും ഗീബല്‍സിന്റെ തന്ത്രങ്ങള്‍ കൈയൊഴിയാന്‍ ആര്‍എസ്എസ് തയ്യാറല്ല. അന്യമതവിരോധവും അക്രമവാഴ്ചയുംപോലെ വ്യാജപ്രചാരണവും കള്ളത്തരങ്ങളും സംഘപരിവാറിന് ആഭരണംതന്നെ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top