26 April Friday

അമേരിക്കയുടെ നാരദജോലി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2016

നാരദന്‍ ഏഷണിയുടെ കാര്യത്തില്‍ വിദഗ്ധനാണെന്ന് ഒരു ധാരണയുണ്ട്. അമേരിക്ക ആ ജോലിയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയല്‍രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം ഏറെക്കാലമായി നിലവിലുണ്ട്. അത് സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള തീവ്രശ്രമം നടന്നുവരികയാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്ത് തര്‍ക്കം പരിഹരിക്കേണ്ടത് ഇരുരാഷ്ട്രങ്ങളുടെയും ഉത്തമ താല്‍പ്പര്യസംരക്ഷണത്തിന് അനിവാര്യമാണുതാനും. ഈ വഴിക്കുള്ള ആത്മാര്‍ഥമായ ശ്രമമാണ് നടക്കുന്നത്. തര്‍ക്കപരിഹാരത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, അമേരിക്ക ഈ സംഭാഷണം വിജയിച്ചുകാണുന്നതില്‍ താല്‍പ്പര്യമുള്ളവരല്ല. അവര്‍ക്ക് ദുഷ്ടലാക്കാണുള്ളത്.

ഈയിടെ പെന്റഗണ്‍ അവരുടെ വാര്‍ഷികറിപ്പോര്‍ട്ടില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയില്‍ ചൈന പട്ടാളസാന്നിധ്യം വളരെ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാനും സമാധാനപരമായ സംഭാഷണം അട്ടിമറിക്കാനുമുള്ള ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയാണ് പെന്റഗണ്‍ ബോധപൂര്‍വം ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് വളരെ വ്യക്തം. പെന്റഗണ്‍ ഇടപെടല്‍ അനുചിതവും അനാവശ്യവുമാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന പതിവിലധികം സൈന്യത്തെ വിന്യസിച്ചെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിവുള്ള രാജ്യമാണ് ഇന്ത്യ. പെന്റഗണിന്റെ ഉപദേശമോ സഹായമോ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്തതാണ്. തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനയ്ക്കും അറിയാം. അമേരിക്കയുടെ ഇടപെടല്‍ ഇന്ത്യയുടെയും ചൈനയുടെയും ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണ്. ചൈന ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചുകഴിഞ്ഞു. "രണ്ട് രാജ്യവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഞങ്ങള്‍ക്കുതന്നെ അറിയാം. അതിന് അമേരിക്കയുടെ സഹായം ആവശ്യമില്ല'' എന്ന് ചൈന വളച്ചുകെട്ടില്ലാതെ പറഞ്ഞുകഴിഞ്ഞു.

ചൈനയെ വളഞ്ഞുവച്ച് ആക്രമിക്കുക എന്ന നയം പ്രയോഗത്തില്‍വരുത്താന്‍ അമേരിക്ക പലതവണ ശ്രമിച്ചതാണ്. ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേനയാണ് അമേരിക്കയുടെ ഇടപെടല്‍. യുഎസ്എയുടെ കള്ളക്കളി പുതിയതൊന്നുമല്ല. ഇന്ത്യയെ നാറ്റോ സഖ്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഏറെ നാളായി ശ്രമിക്കുകയാണ് അവര്‍. ഇന്ത്യയും അമേരിക്കയും തമ്മില്‍ അടിമ–ഉടമ ബന്ധമാണ് അവര്‍ ആഗ്രഹിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിച്ച അനുഭവമില്ല. മോഡി ഭരണത്തില്‍ അമേരിക്കന്‍ ഇടപെടലിന് അനുകൂലമായ കാലാവസ്ഥ നിലവിലുണ്ടെന്ന വസ്തുത ഞങ്ങള്‍ മറക്കുന്നില്ല. അമേരിക്കയുടെ നാരദവേഷം തിരിച്ചറിയാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ആപത്താണ്. അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും കഴിയണം. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വമാണ് നമുക്കാവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top