27 April Saturday

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2016

ഡീസലിന്റെയും പെട്രോളിന്റെയും ചില്ലറവില മോഡിസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം രണ്ടുവര്‍ഷത്തിനകം പത്തുതവണയാണ് വില വര്‍ധിപ്പിച്ചത്. ഇത്തവണ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസലിന് 1.26 രൂപയുമാണ് കൂട്ടിയത്. ഏതാനുംദിവസംമുമ്പ് ഡീസല്‍ ലിറ്ററിന് മൂന്നുരൂപയും പെട്രോളിന് ഒരുരൂപയും മണ്ണെണ്ണയ്ക്ക് മൂന്നുരൂപയും പാചകവാതകത്തിന് 18 രൂപയും വര്‍ധിപ്പിച്ചിരുന്നു. അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 40 ഡോളറായി ഉയര്‍ന്നുവെന്നാണ് വിലവര്‍ധനയ്ക്ക് ന്യായീകരണമായി പറയുന്നത്. ഒരു വീപ്പ അസംസ്കൃത എണ്ണയുടെ വില 140 ഡോളറായി ഉയര്‍ന്നത് മറക്കാറായിട്ടില്ല. ഒരു വീപ്പ 159 ലിറ്ററാണെന്ന് ഓര്‍മ വേണം. വീപ്പയ്ക്ക് 36 ഡോളറായി വില കുത്തനെ ഇടിഞ്ഞതാണ്. അതിനുശേഷം നാല് ഡോളര്‍മാത്രമാണ് വര്‍ധിച്ചത്. അതിന്റെ പേരുപറഞ്ഞാണ് രണ്ടുതവണ ആഭ്യന്തരവിപണിയില്‍ വില വര്‍ധിപ്പിച്ചത്.

ജനങ്ങളുടെമേല്‍ അമിതഭാരം അനാവശ്യമായി അടിച്ചേല്‍പ്പിക്കുകയാണ് മോഡിസര്‍ക്കാര്‍. യുപിഎ ഭരണകാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം നീക്കംചെയ്തിരുന്നു. എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ– റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് തീരുവ 3.65 രൂപയായിരുന്നു. ഇപ്പോഴത് 17.33 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ എക്സൈസ് തീരുവ 9.45 രൂപയില്‍നിന്ന് 21.48 രൂപയായി. എക്സൈസ് തീരുവ കൂട്ടിയിരുന്നില്ലെങ്കില്‍ എണ്ണവില വളരെ കുറയുമായിരുന്നു. കോര്‍പറേറ്റ് മുതലാളിമാരുടെ ലാഭം വര്‍ധിക്കുന്നതോടൊപ്പം ഖജനാവിന്റെ വരുമാനം കൂട്ടുകയും മോഡി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. 140 ഡോളറില്‍നിന്ന് 40 ഡോളറായി അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞാല്‍ ഒരു ലിറ്റര്‍ എണ്ണയുടെ വില എത്രയായി കുറയുമെന്ന് കണക്കുകൂട്ടിയാല്‍ ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എണ്ണവിലയുടെ കാര്യത്തില്‍ തികഞ്ഞ വഞ്ചനയാണ് മോഡിസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ദിവസംതന്നെ എണ്ണവില വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എണ്ണവില കുറയ്ക്കാന്‍ ജനങ്ങളുടെ യോജിച്ച സമരം കൂടിയേ മതിയാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top