കോവിഡ്–-19 അനിവാര്യമായ ഒരു നവലിബറൽ ദുരന്തമാണെന്നാണ് നോം ചോംസ്‌കി വിശദീകരിച്ചത്. മത്സരത്തിനും കമ്പോളത്തിനും എല്ലാത്തിനെയും സർവതന്ത്ര സ്വതന്ത്രമായി വിട്ടുകൊടുത്ത മുതലാളിത്ത സാമ്പത്തിക‐ രാഷ്ട്രീയ നയങ്ങളുടെ അനിവാര്യമായ കെടുതിയാണത്. സോഷ്യലിസത്തിനും കെയ്നീഷ്യൻ സിദ്ധാന്തങ്ങൾക്കും വിരാമമിട്ട് അടിച്ചേൽപ്പിച്ച ‘ഘടനാപരമായ പരിഷ്കാര’ങ്ങളുടെ ഫലമാണതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പും അമേരിക്കയും ഉൾപ്പെടെ വൻകിട മുതലാളിത്തലോകം അഭിമുഖീകരിക്കുന്ന അതിജീവന പ്രതിസന്ധിക്ക് കാരണമാരാണെന്ന ചോദ്യവും ചോംസ്‌കി ഉന്നയിച്ചു. ബഹുരാഷ്ട്ര മരുന്നുൽപ്പാദക ഭീമന്മാരുടെ ലാഭതാൽപ്പര്യങ്ങൾക്കുമാത്രം വിശ്വസ്‌തതയോടെ കാവൽനിൽക്കുന്ന കോർപറേറ്റ് നയസമീപനങ്ങളും അതിന്റെ നടത്തിപ്പുകാരായ നവലിബറൽ ഭരണാധികാരികളും തീർത്ത കെടുതികളാണ് മനുഷ്യരാശിയെ തീ തീറ്റിക്കുന്നത്.
കോവിഡ് യൂറോപ്പിൽ പത്തരലക്ഷം ആളുകളെ ബാധിച്ച് മരണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയിലാകട്ടെ ഇത് ആറരലക്ഷവും മുപ്പത്തയ്യായിരവുമാണ്. 1930കളിലെ കനത്ത മാന്ദ്യം ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രതിസന്ധിയിലാണ് യുഎസ് തൊഴിലില്ലായ്‌മാനിരക്ക് 8.2 ശതമാനമായിരിക്കുന്നത്. രണ്ടുകോടി ജനങ്ങൾ തൊഴിലില്ലായ്‌മാ ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചുകഴിഞ്ഞു. കടകളിലെയും സൂപ്പർമാർക്കറ്റുകളിലെയും വിൽപ്പന രണ്ടാം ലോകയുദ്ധ കാലയളവിനെയും പിറകിലാക്കി. ഭരണകർത്താക്കൾ പിന്തുടരുന്ന ജനവിരുദ്ധ നിലപാടുകളാണ് ആരോഗ്യപ്രതിസന്ധിയുടെയും കാരണം. ‘ഒബാമ കെയർ’ പദ്ധതി സ്വകാര്യ ഇൻഷുറൻസ് മേഖലയ്‌ക്ക് പശ്ചാത്തലമൊരുക്കുകയായിരുന്നു. ഇൻഷൂറൻസ് പോളിസി എടുത്തവർക്ക് മാത്രമായിരുന്നു ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചത്. എല്ലാവർക്കും ആരോഗ്യസേവനം എന്ന ഡെമോക്രാറ്റിക്ക് സോഷ്യലിസ്‌റ്റുകളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതുമില്ല. ഇതിന്റെയൊക്കെ അനന്തരഫലമാണ് കൊവിഡ് ദുരന്തത്തിന്റെ വ്യാപ്‌തി. ലോകത്തിലെ വൻകിട നഗരങ്ങളിലൊന്നായ ന്യൂയോർക്കിൽമാത്രം രോഗികൾ ഒരു ലക്ഷത്തിലധികമായി. മരണം 16000 കവിഞ്ഞതോടെ മോർച്ചറികൾ നിറഞ്ഞു. 45 മൊബൈൽ മോർച്ചറി 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. പാതിരാത്രിയിലും പലയിടത്തും കൂട്ടശവസംസ്കാരങ്ങൾ നടക്കുന്നു. തിരക്കുകാരണം ഗുരുതര രോഗികൾക്കുപോലും ഇടമില്ലാതായി. അവിടത്തെ താൽക്കാലിക ആശുപത്രിയിലെ സേവനങ്ങൾക്ക് സൈന്യത്തെ വിളിക്കുകയുമുണ്ടായി.
അമേരിക്കൻ ആളോഹരി വരുമാനത്തിന്റെ 20 ശതമാനത്തിൽ താഴെ ജിഡിപി മാത്രമുള്ള തങ്ങളുടെ രാജ്യത്തിന് കോവിഡ് വ്യാപനം ജനസംഖ്യയുടെ 0.01 മാത്രമാക്കി ഒതുക്കിനിർത്താനായെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങിന്റെ പ്രസ്‌താവന നിസ്സാരമല്ല. ഒരു സുപ്രധാന ലക്ഷ്യത്തിലെത്താൻ വിഭവങ്ങളാകെ സമാഹരിക്കാൻ പ്രാപ്തമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് തങ്ങളുടെ മഹത്തായ കരുത്തെന്നും ഷീ പറഞ്ഞു. അന്തിമവിശകലനത്തിൽ ആരാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്നാണ് ഈ കണക്ക് കാണിക്കുന്നത്. ഏത് വർഗഭരണമാണ് നിലവിലുള്ളത് എന്നതാണ് ഏറ്റവും പ്രസക്തം. ബൂർഷ്വാ ഭരണത്തിൻകീഴിൽ ചാലകശക്തി ലാഭമാണെങ്കിൽ തൊഴിലാളിവർഗ ഭരണത്തിനുകീഴിൽ സാമൂഹ്യമായ ഉത്തരവാദിത്തത്തിനാണ് മുൻഗണനയെന്നും ഷി ജിൻപിങ് കൂട്ടിച്ചേർത്തു. വിസ്‌മയകരമായ ഇതേ മാതൃകയുമായാണ് ക്യൂബയും വിയത്‌നാമും ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്നതും. പല മുതലാളിത്ത രാജ്യങ്ങളിലേക്കും ക്യൂബ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ അയച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചതും എടുത്തുപറയേണ്ടതുണ്ട്. അമേരിക്കയും ചില സഖ്യശക്തികളും 1961 മുതൽ ക്യൂബയെ രാഷ്ട്രീയ‐സാമ്പത്തിക ഉപരോധങ്ങളാൽ വീർപ്പുമുട്ടിച്ച ചരിത്രം പ്രതികാരപൂർവം ഓർത്തുവയ്‌ക്കുകയായിരുന്നില്ല ഫിദലിന്റെ നാട്. അമേരിക്ക മാരകമായ ഓറഞ്ചുവാതകം പമ്പുചെയ്‌തും നാപാം ബോംബുകൾ വർഷിച്ചും ശവപ്പറമ്പാക്കിയ വിയത്‌നാം അഞ്ച് ലക്ഷത്തിനടുത്ത് സുരക്ഷാവസ്‌ത്രങ്ങളാണ് ട്രംപ് ഭരണത്തിന് കൈമാറിയത്.
ആരോഗ്യമേഖലയെയടക്കം ലാഭാധിഷ്ഠിതമായി കണക്കാക്കുന്നതിനാലാണ് പതിനായിരങ്ങൾ ചികിത്സ ലഭിക്കാതെ അമേരിക്കയിലും ബ്രിട്ടനിലും ഇറ്റലിയിലും സ്‌പെയിനിലും ഫ്രാൻസിലും മരിച്ചുവീണത്. ആ വ്യവസ്ഥ തുടർന്നുനിലനിൽക്കണമോ എന്ന് കോവിഡാനന്തരകാലം തീരുമാനിക്കുമെന്നതാണ് വാസ്‌തവം. കൊറോണയെ തുരത്താൻ മിസൈലും ബോംബും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളാണ് ആവശ്യമെന്ന് ട്രംപ് ഇന്ത്യൻ ഭരണാധികാരികളെയും ബോധ്യപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ അമേരിക്കയ്‌ക്ക് നേരിട്ടല്ലാതെ സാമ്പത്തികസഹായം വച്ചുനീട്ടുകയാണ് മോഡി സർക്കാർ. ഏറ്റവും ഒടുവിലത്തെ ആയുധക്കച്ചവടം അതാണ് തെളിയിക്കുന്നതും. ലോക്ക്ഡൗണിനെ തുടർന്നുള്ള നിബന്ധനകളും നിർബന്ധങ്ങളും ഇന്ത്യൻ ജനങ്ങളെ അതീവ ദുഷ്‌കരമായ അവസ്ഥയിൽ കെട്ടിയിട്ടിരിക്കുകയാണ്. അത് മറികടക്കാൻ എന്തെങ്കിലും ചെയ്യുന്നതിനുപകരം 1200 കോടിയിലധികം ബാധ്യത വരുന്ന ആയുധങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. വിശദാംശങ്ങൾ ഡിഫൻസ് സെക്യൂരിറ്റി കോ–-ഓപ്പറേഷൻ ഏജൻസി അമേരിക്കൻ കോൺഗ്രസിൽ വച്ച വിജ്ഞാപനത്തിലുണ്ട്. പത്ത് മിസൈൽ, 16 എംകെ 54 ഓൾ അപ്പ് റൗണ്ട് ടോർപിഡോ, മൂന്ന് 54 എക്‌സർസൈസ് ടോർപിഡോ എന്നിവയാണ് നൽകുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യൻ അഭ്യർഥനയെത്തുടർന്നാണ് തീരുമാനമെന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിശദീകരണമെന്നതും പ്രധാനമാണ്. കോവിഡ് പ്രതിരോധത്തേക്കാൾ ആയുധവിൽപ്പനയ്‌ക്കാണോ മുൻഗണന നൽകേണ്ടത് എന്ന ചോദ്യമാണ് ഇവിടെ ഉയരേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..