23 April Tuesday

പരസ്യം നശിപ്പിക്കുന്നത് പരാജയഭീതിക്കാര്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2016

യുഡിഎഫ് വിഷമവൃത്തത്തിലാണ്. അക്കൌണ്ട് തുറക്കാന്‍ കൊതിച്ച ബിജെപിക്ക് കര തൊടാമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുന്നു. ഭരണവിരുദ്ധ വികാരം, അഴിമതി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പരാജയം, കാര്‍ഷികമേഖലയിലെ തകര്‍ച്ച, കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം, വ്യവസായമേഖലയുടെ മുരടിപ്പ്,  പൊതുമേഖലാ വ്യവസായങ്ങളുടെ നഷ്ടത്തിലേക്കുള്ള തിരിച്ചുപോക്ക്, പരമ്പരാഗത വ്യവസായമേഖലയിലെ തകര്‍ച്ച, മുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍, തീരദേശമേഖലയിലെ കടുത്ത പ്രതിസന്ധി, വിലക്കയറ്റം, എല്ലാറ്റിനുമുപരി സമ്പൂര്‍ണ ഭരണ പരാജയം– ഇവ യുഡിഎഫിനെ തെരഞ്ഞെടുപ്പുരംഗത്തെ പരിഹാസ്യചിത്രമായാണ് അടയാളപ്പെടുത്തുന്നത്. ബിജെപിയാകട്ടെ, പുതിയ കൂട്ടുകെട്ടുകളുടെ താങ്ങിലും തണലിലും കേരളത്തില്‍ സാന്നിധ്യം തെളിയിക്കാമെന്ന് ധരിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പുപ്രചാരണം മുന്നേറുമ്പോള്‍, സംസ്ഥാനത്തിന്റെ ഏതാനും ഭാഗങ്ങളില്‍ ഒതുങ്ങുന്ന ദുര്‍ബല സാന്നിധ്യമായി ചുരുങ്ങിയിരിക്കുന്നു. ബിജെപി –കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച വിവരങ്ങളും ഒന്നൊന്നായി പുറത്തുവരുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത് ഈ രണ്ടുശക്തികളുടേതില്‍നിന്നും വ്യത്യസ്തമായ ചിത്രമാണ്. സ്ഥാനാര്‍ഥിനിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി. മികച്ച സ്ഥാനാര്‍ഥിനിരയെ അവതരിപ്പിച്ചു. 64 പുതുമുഖങ്ങളാണ് എല്‍ഡിഎഫ് ലിസ്റ്റിലുള്ളത്.  സിപിഐ എം മാത്രം 44 പുതുമുഖ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുന്നു. യുഡിഎഫില്‍ ഏഴു വനിതകള്‍മാത്രം മത്സരിക്കുമ്പോള്‍ 17 വനിതാ സ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫ് നിരയിലുള്ളത്. 

യുഡിഎഫ് സര്‍ക്കാരിന്റെ നയം മൃദുഹിന്ദുത്വമാണെന്ന് ആ മുന്നണിയുടെയും സര്‍ക്കാരിന്റെയും ഓരോ പ്രവൃത്തിയിലും തെളിയുന്നു. സംസ്ഥാനത്ത് പരക്കെ അക്രമമഴിച്ചുവിടുന്ന ആര്‍എസ്എസിനെതിരെ ചെറുവാക്കുപോലും യുഡിഎഫില്‍നിന്ന് ഉയരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസുമായി ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മതനിരപേക്ഷത കാത്തുസൂക്ഷിക്കപ്പെടണമെങ്കില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം എന്ന ചിന്തയാണ് പൊതുസമൂഹത്തില്‍ ഈ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നത്. അവസാന നാളുകളിലെ ഭൂമിദാനം യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളില്‍പ്പോലും വലിയ അവമതിപ്പാണുളവാക്കിയത്. യുഡിഎഫിന്റെ വികസനവാദങ്ങളൊന്നും ജനങ്ങള്‍ സ്വീകരിച്ചില്ല.   മദ്യം ഉപയോഗിച്ച് വോട്ടുപിടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇത്തരമൊരവസ്ഥയില്‍ ജനാധിപത്യത്തിനും തെരഞ്ഞെടുപ്പു മര്യാദയ്ക്കും നിയമവ്യവസ്ഥയ്ക്കും നിരക്കാത്ത വഴികള്‍ തേടിപ്പോകാന്‍ ബിജെപിയും യുഡിഎഫും തയ്യാറാകുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

വികസനരംഗത്ത് വ്യക്തമായ കാഴ്ചപ്പാടുള്ള മുന്നണി എല്‍ഡിഎഫ് ആണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. മുന്നണി ജനങ്ങളോടു പറയുന്നത്,”എല്‍ഡിഎഫ് വരും; എല്ലാം ശരിയാകും’എന്നാണ്. സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പിലും ഇത്രയേറെ സ്വീകാര്യതയും വിശ്വാസ്യതയും നേടിയ മുദ്രാവാക്യമുണ്ടായിട്ടില്ല. അതിന് പാരഡികളൊരുക്കി എതിരാളികള്‍ പരിഹസിക്കുന്തോറും, ഇന്നത്തെ സര്‍ക്കാരിന്റെ എല്ലാ ദുഷിപ്പുകളും അവസാനിച്ച്, അഴിമതിക്കാരെ ശിക്ഷിക്കുകയും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയും നാളത്തെ കേരളം കെട്ടിപ്പടുക്കുന്നതിന് അടിത്തറയിടുകയും ചെയ്യുന്ന എല്‍ഡിഎഫ് ഭരണം വരും എന്ന വിശ്വാസം ജനമനസ്സുകളില്‍ വേരോടുകയാണ്. ആ യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍ എതിരാളികള്‍ക്കുണ്ടാകുന്ന വെപ്രാളമാണ്, അക്രമങ്ങളായും നശീകരണ പ്രവര്‍ത്തനമായും പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നു. ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ മാനന്തേരിയില്‍നിന്നുവന്നത് നാലു സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ചു പരിക്കേല്‍പ്പിച്ച വാര്‍ത്തയാണ്. അതിന്റെ മറ്റൊരു വശമാണ്, എല്‍ഡിഎഫിന്റെ പ്രചാരണ സാമഗ്രികള്‍ പരക്കെ നശിപ്പിക്കുന്നത്.

ട്രെയിനുകളിലും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പതിപ്പിച്ച എല്‍ഡിഎഫിന്റെ പരസ്യങ്ങളാണ് ശത്രുക്കളുടെ രോഷത്തിനിരയാകുന്ന ഒന്ന്. കേരളത്തിലൂടെ ഓടുന്ന ആറ് പ്രധാന ട്രെയിനുകളില്‍ പതിപ്പിച്ച പരസ്യങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുവാദത്തോടെ ടെന്‍ഡര്‍ വിളിച്ച് പതിപ്പിച്ച പരസ്യങ്ങള്‍ നശിപ്പിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്. ട്രെയിനുകളിലെ പരസ്യം നിശ്ചിത തുക ഒടുക്കി എല്‍ഡിഎഫ് ചെയ്യുന്നതാണ്. ആകര്‍ഷകത്വമുള്ള അത്തരം മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുപകരം നശിപ്പിച്ച് സായുജ്യമടയുന്ന മനോരോഗ സമാനമായ അവസ്ഥയില്‍ എതിരാളികള്‍ എത്തിയത് ഖേദകരമെന്നേ പറയാനാകൂ. ട്രെയിനുകളില്‍ പതിപ്പിച്ച പരസ്യം നശിപ്പിക്കപ്പെടാതെ സൂക്ഷിക്കാന്‍ റെയില്‍വേ പൊലീസിന് ബാധ്യതയുണ്ട്. റെയില്‍വേയുടെ അധീനതയിലുള്ളിടത്ത് നിര്‍ത്തിയിടുന്ന തീവണ്ടിയിലെ പരസ്യം എല്ലാവരുടെയും കണ്ണുവെട്ടിച്ച് നശിപ്പിക്കുക  അസംഭാവ്യമാണ്. കുറ്റവാളികളെ കണ്ടെത്താനും നിയമത്തിനുമുന്നില്‍കൊണ്ടുവരാനും അധികൃതര്‍ അടിയന്തരമായി ഇടപെടണം. ഇത്തരം  അതിക്രമംകൊണ്ട് എല്‍ഡിഎഫിന്റെ മേല്‍ക്കൈ ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് എതിരാളികള്‍ക്കെങ്കില്‍ അതിനെ ഓര്‍ത്ത് സഹതപിക്കാനേ തരമുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top