23 April Tuesday

കേരളം നെഞ്ചേറ്റിയ മഹാപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


കീഴടങ്ങാത്ത നിശ്ചയദാർഢ്യം മുറുകെ പിടിച്ച്‌, ബദൽ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ മുഖരിതമാക്കി, ജനലക്ഷങ്ങൾ  ഹൃദയത്തിലേറ്റുവാങ്ങിയ ജനകീയ പ്രതിരോധജാഥ ഇന്ന്‌ സമാപിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേതൃത്വം നൽകിയ സമാനതകളില്ലാത്ത മുന്നേറ്റം, കാലിക രാഷ്ട്രീയം ചർച്ചചെയ്‌ത്‌ 140 നിയമസഭാ മണ്ഡലത്തിലും സഞ്ചരിച്ചു. ആഗോളവൽക്കരണ കാലത്തെ ബദൽ മാതൃകയായ കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മോദിയുടെയും പരിവാരങ്ങളുടെയും നീക്കങ്ങളും  വികസനം അട്ടിമറിക്കാൻ ബിജെപിക്കൊപ്പം കൈകോർത്ത്‌ നിയമസഭപോലും കലാപ ഭൂമിയാക്കാനുള്ള കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഗൂഢാലോചനയും തുറന്നുകാട്ടിയും ജനങ്ങളുമായി സംവദിച്ചുമാണ് ജാഥ മുന്നേറിയത്. വൻലാഭം ചുരത്തുന്ന പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുക, കാർഷികരംഗത്തുനിന്ന്‌ പിന്മാറുക, സാമൂഹ്യസുരക്ഷാ പദ്ധതികൾ  അട്ടിമറിക്കുക, ആരോഗ്യ - ‐വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുക തുടങ്ങിയ നയങ്ങൾക്ക് ബദലുയർത്തിയാണ് പിണറായി  സർക്കാർ പ്രവർത്തിക്കുന്നത്. തൊഴിലുറപ്പുപദ്ധതിയുടെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം  230 കോടി നീക്കിവയ്‌ക്കുകയുണ്ടായി.

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും സംസ്ഥാനങ്ങളോടുള്ള വൈരനിര്യാതന സമീപനങ്ങൾക്കും വർഗീയ ഫാസിസ്റ്റ്‌ പ്രവണതകൾക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി  സർക്കാരിന് രക്ഷാകവചം തീർക്കുകയെന്ന ഉത്തരവാദിത്വം ജാഥ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.  മൃദുഹിന്ദുത്വ നിലപാടുകൾ കാരണം ബിജെപി രാഷ്ട്രീയം തുറന്നുകാണിക്കാൻ കോൺഗ്രസിന്‌  സാധിക്കുന്നില്ല. കോർപറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും ഇരു പാർടിക്കും ഒരേ മുഖമാണ്‌. ഹിന്ദുത്വ അജൻഡകൾ  പ്രതിരോധിക്കുന്നതിൽ ‘ഗാന്ധി ശിഷ്യർക്ക്‌’ശക്തമായ നിലപാടില്ല. അതിനാലാണ്‌ സംഘപരിവാറിനെ നേരിടാൻ പ്രത്യയശാസ്ത്ര കരുത്തില്ലാത്ത കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിൽ അടിയുന്നത്‌. ആ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽനിന്ന്‌ ബിജെപിയെ സ്ഥാനഭ്രഷ്ടമാക്കുക പ്രധാന ഉത്തരവാദിത്വമായി സിപിഐ എം വിലയിരുത്തുന്നു. ആ കാഴ്ചപ്പാട് ജാഥയിൽ വിശദീകരിക്കുകയും ചെയ്‌തു. കേന്ദ്ര നയങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ദുർബലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. അതിൽ പ്രധാനമായ വർഗീയ ധ്രുവീകരണവും ഫാസിസ്റ്റ്‌ പ്രവണതകളും മുൻനിർത്തിയും ജാഥ മുന്നറിയിപ്പുനൽകി.

കേന്ദ്ര അവഗണനയാണ്‌ ജാഥ  ഊന്നിയ കാതലായ മറ്റൊരു പ്രശ്‌നം. കേരളത്തെ സാമ്പത്തികമായി ഏതുവിധേനയും തകർക്കുകയെന്ന  നയം പിന്തുടരുന്ന മോദി സർക്കാർ ഫെഡറൽ സംവിധാനം ദുർബലപ്പെടുത്തുകയുമാണ്‌. ഒരുകാര്യത്തിലും സംസ്ഥാനത്തിന്‌ അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല. റെയിൽ വികസനം, എയിംസ്‌ അനുവദിക്കൽ, വിമാനത്താവളങ്ങളുടെ വിപുലീകരണം തുടങ്ങിയവയിലെല്ലാം പരിപൂർണ അവഗണന. കേന്ദ്ര  സാമ്പത്തിക നിലപാട്‌ സംസ്ഥാനത്തിന്റെ നട്ടെല്ല് തകർത്തു.  അർഹതപ്പെട്ട  40,000 കോടി  വിഹിതം വെട്ടിക്കുറച്ചവർ രണ്ടു രൂപയുടെ  ഇന്ധന സെസിനെതിരെ ഒച്ചവയ്‌ക്കുന്നു. കേന്ദ്രം അടിച്ചേൽപ്പിച്ച  പ്രതിസന്ധി മറികടക്കാൻ ഏർപ്പെടുത്തിയ സെസ്‌ ജനങ്ങളും അംഗീകരിച്ചതാണ്‌.  സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച്‌ അസ്ഥിരപ്പെടുത്താനാണ്‌ കേന്ദ്ര ശ്രമം. അതിന്‌ പിന്തുണ നൽകി തെരുവുകളിൽ അണികളെ ഇളക്കിവിടുകയാണ്‌  യുഡിഎഫ്‌ നേതൃത്വം. എത്ര വീർപ്പുമുട്ടിച്ചാലും ജനങ്ങൾക്ക്‌ അനുവദിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും തുടരാനാണ്‌ എൽഡിഎഫ്‌ തീരുമാനം. ആ ലക്ഷ്യം മുറുകെ പിടിച്ച്‌  ജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോകും. നാനാതുറയിൽപ്പെട്ട ജനങ്ങളും വിവിധ മേഖലയിലെ  ശ്രദ്ധേയ വ്യക്തിത്വങ്ങളും  ജാഥാ സ്വീകരണങ്ങളിലും ലീഡറുമായുള്ള ചർച്ചകളിലും ഭാഗഭാക്കായി. എൽഡിഎഫ്‌ സർക്കാർ തുടരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട അവർ ചില നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തു. കരുത്തിൽ കുരുത്ത പെൺച്ചുവടുകൾ  സ്വീകരണങ്ങളെ അവിസ്‌മരണീയമാക്കി. ആ അർഥത്തിൽ മലപ്പുറം ജില്ലയിലെ കാഴ്‌ച  എടുത്തുപറയേണ്ടതാണ്‌.  സ്‌ത്രീശാക്തീകരണം  അതിപ്രധാനമായാണ്‌ എൽഡിഎഫ്‌ സർക്കാർ കാണുന്നത്‌. അതിന്റെ പ്രതിഫലനമാണ്‌ ജാഥയിലുണ്ടായ വൻ സ്‌ത്രീസാന്നിധ്യം. അത്‌ അഭിമാനകരമാണ്‌. ചുരുക്കത്തിൽ,  കേരളം നെഞ്ചേറ്റിയ മഹാപ്രവാഹം ചരിത്രത്തിന്റെ ഭാഗമാകുമെന്ന്‌ ഉറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top