29 March Friday

അന്ത്യനാളിലെ തീവെട്ടിക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Friday Mar 18, 2016

പിടിക്കപ്പെട്ടാല്‍ കൊള്ളമുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുക. പിടിക്കപ്പെടുന്നില്ലെങ്കില്‍ കൊള്ളമുതലുമായി രക്ഷപ്പെടുക. കള്ളന്റെ ഈ മനോഭാവവുമായാണ് യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ അവസാനനാളുകള്‍ കൊള്ളയുടേതാക്കി മാറ്റിയിരിക്കുന്നത്. കരുണമുതല്‍ ലോട്ടറിവരെയുള്ള സകല ഇടപാടുകളിലും ഈ തന്ത്രത്തിന്റെ നടപ്പാക്കലാണ് കാണുന്നത്. 

ലോട്ടറിയുടെ കാര്യമെടുക്കുക. സര്‍ക്കാര്‍ പ്രസുകളില്‍ ആവശ്യമായത്ര ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള എല്ലാ സൌകര്യവും നിലനില്‍ക്കെയാണ്, ലോട്ടറി ടിക്കറ്റ് അച്ചടി സ്വകാര്യപ്രസുകള്‍ക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇത് വിവാദമായി. ഇതിനുപിന്നിലെ കോഴ ഇടപാട് പുറത്തുവരുന്ന സ്ഥിതിയായി. ഉടന്‍ ലോട്ടറി സ്വകാര്യമേഖലയ്ക്ക് കൊടുക്കുന്ന പരിപാടി ഉപേക്ഷിച്ചു. ഇത് വിവാദമായിരുന്നില്ലെങ്കിലോ? അച്ചടി ഇതിനകം സ്വകാര്യമേഖലയ്ക്ക് കൈമാറിക്കഴിഞ്ഞേനേ.

സ്വകാര്യമേഖലയ്ക്ക് ലോട്ടറി അച്ചടിക്കല്‍ജോലി കൈമാറുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെബിപിഎസിനും സി ആപ്റ്റിനും വേണ്ടത്ര ലോട്ടറി ടിക്കറ്റുകള്‍ സമയബന്ധിതമായി അച്ചടിച്ചുതരാനുള്ള സൌകര്യമില്ല എന്നാണ്. തീരുമാനം ഉപേക്ഷിച്ച കാര്യം അറിയിച്ച പത്രസമ്മേളനത്തില്‍ ഇതേ മുഖ്യമന്ത്രിതന്നെ പറഞ്ഞത് സമയബന്ധിതമായി ആവശ്യമായത്ര ടിക്കറ്റുകള്‍ കെബിപിഎസും സി ആപ്റ്റും അച്ചടിച്ചുതരുമെന്നതുകൊണ്ടാണ് മുന്‍ തീരുമാനം ഉപേക്ഷിക്കുന്നത് എന്നാണ്. മുഖ്യമന്ത്രി ആദ്യം പറഞ്ഞതു വിശ്വസിക്കണോ, പിന്നീട് പറഞ്ഞതു വിശ്വസിക്കണോ?

കെബിപിഎസിനും സി ആപ്റ്റിനും ടിക്കറ്റ് അച്ചടിച്ചുനല്‍കാനുള്ള സംവിധാനം പര്യാപ്തമായ തോതിലുണ്ട് എന്നാണല്ലോ, രണ്ടാംഘട്ടത്തില്‍ പറഞ്ഞതിനര്‍ഥം. അപ്പോള്‍പ്പിന്നെ വേണ്ടത്ര ടിക്കറ്റ് അച്ചടിച്ചു നല്‍കാന്‍ കെബിപിഎസിനും സിആപ്റ്റിനും ആകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് ആരുടെ, എന്ത് അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെങ്കില്‍ എന്തുകൊണ്ട് തെറ്റിദ്ധരിപ്പിച്ച ആള്‍ക്കെതിരെ നടപടിയുണ്ടായില്ല? നടപടിയുടെ അഭാവത്തില്‍ പൊതുജനം ധരിക്കേണ്ടത്, മുഖ്യമന്ത്രികൂടി ഉള്‍പ്പെട്ട ഒരു സംഘം, സര്‍ക്കാര്‍പ്രസുകളിലെ ടിക്കറ്റ് അച്ചടി സ്വകാര്യപ്രസിലേക്ക് മാറ്റാന്‍ ഉപജാപം നടത്തി എന്നല്ലേ? 3.90 കോടി ടിക്കറ്റാണ് വേണ്ടതെന്നും 3.15 കോടി ടിക്കറ്റ് കെബിപിഎസും 75 ലക്ഷത്തിന്റേത് സിആപ്റ്റും അച്ചടിച്ചുനല്‍കുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്. ഇത്രയും ടിക്കറ്റ് അച്ചടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയില്ലെന്ന് മുമ്പ് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോഴിതാ ഇതിനുപുറമെ 40 ലക്ഷം ടിക്കറ്റുകളുടെകൂടി അച്ചടി ഇതേ പ്രസുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നു. കൈയോടെ പിടികൂടപ്പെട്ടപ്പോഴുള്ള അവസ്ഥയാണ് ഇത്. നേരത്തെയുള്ള നിലയായിരുന്നെങ്കില്‍ ഈ വന്‍കിട അച്ചടി അപ്പാടെ സ്വകാര്യപ്രസുകള്‍ അടിച്ചുമാറ്റുമായിരുന്നു. ഭരണക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിനും സ്വകാര്യനിക്ഷേപത്തിനുള്ള വകയ്ക്കുമായി നല്ല നിലയ്ക്കുള്ള ഒരു കൈക്കോഴ കിട്ടുകയും ചെയ്യുമായിരുന്നു.

ഇതേപോലെയാണ് കരുണ എസ്റ്റേറ്റിന്റെ കാര്യവും. ഇവിടെ ചെയ്ത തെറ്റിന്റെ പൂര്‍ണമായ തിരുത്തല്‍ ഉണ്ടായിട്ടില്ലെങ്കിലും ചെയ്തത് പുറത്തുവന്നതിലുള്ള ജാള്യം പ്രകടമാണ്. പരിസ്ഥിതിലോലപ്രദേശമായ നെല്ലിയാമ്പതി വനമേഖലയില്‍ സ്വകാര്യഗ്രൂപ്പ് അനധികൃതമായി കൈവശപ്പെടുത്തിയ 833 ഏക്കര്‍ അവര്‍ക്ക് സര്‍വാധികാരങ്ങളുമുള്ള ഭൂമിയാക്കി മാറ്റാന്‍വേണ്ട ഒത്താശചെയ്തുകൊടുക്കുകയാണ് ഭരണത്തിന്റെ അന്ത്യനാളുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈ ഭൂമി സര്‍ക്കാരിന്റേതല്ലെന്നു പറയുന്ന മുഖ്യമന്ത്രി പോബ്സണ്‍ ഗ്രൂപ്പിന്റെതാണിത് എന്നതിന് തെളിവുണ്ടോ എന്ന കാര്യത്തില്‍ മൌനംഭജിക്കുന്നു. മുഖ്യമന്ത്രി സര്‍ക്കാരിനെതിരെ വാദിക്കുന്ന വിചിത്ര കാഴ്ചയാണ് ഈ പ്രശ്നത്തില്‍ കാണുന്നത്. എസ്റ്റേറ്റ് ഭൂമിയുടെ നികുതിപിരിക്കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ തീരുമാനം.

റവന്യൂവകുപ്പ് ഇക്കാര്യത്തില്‍ പൊതുതാല്‍പ്പര്യങ്ങള്‍ കൈയൊഴിയുകയും സ്വകാര്യഗ്രൂപ്പിന് ഒത്താശചെയ്തുകൊടുക്കുകയുമായിരുന്നു. തെളിഞ്ഞുകഴിഞ്ഞ ഇക്കാര്യം കെപിസിസി പ്രസിഡന്റ് അടക്കം യുഡിഎഫില്‍ത്തന്നെയുള്ള പലരും സ്ഥിരീകരിക്കുന്നു. ഭൂമിയുടെ അവകാശത്തെക്കുറിച്ച് കോടതിമുമ്പാകെ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ത്തന്നെ, പോബ്സ് ഗ്രൂപ്പില്‍നിന്ന് നികുതി പിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഭൂമി പോബ്സ് ഗ്രൂപ്പിന്റേതുതന്നെയെന്ന് അവര്‍ക്ക് സമര്‍ഥിക്കാനുള്ള അവസരമുണ്ടാക്കാന്‍വേണ്ടിയാണ്. സര്‍ക്കാര്‍തന്നെ മുമ്പ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പ്രകാരം ഇത് സര്‍ക്കാര്‍ഭൂമിയാണ്; വനഭൂമിയാണ്. കോടതിവിധിക്ക് കാത്തുനില്‍ക്കാതെ, കോടതിയില്‍ പോബ്സ് ഗ്രൂപ്പിന് ഹാജരാക്കാനുതകുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് ആരെ സഹായിക്കാനാണ്?അത് സര്‍ക്കാര്‍ താല്‍പ്പര്യത്തിന് നേര്‍ വിപരീതമല്ലേ?

ഇത്തരം ചോദ്യങ്ങളുയരുമ്പോള്‍, പ്രതിഷേധമുയരുമ്പോള്‍ നാളെ ഈ നിലപാടും തിരുത്തിയേക്കാം. പ്രതിഷേധമുയര്‍ന്നാല്‍മാത്രം തിരുത്തല്‍. അതല്ലെങ്കില്‍ സര്‍ക്കാര്‍ഭൂമി വിറ്റ് കാശാക്കല്‍. ഈ പരിപാടി അനുവദിച്ചുകൂടാ. കൊള്ളസംഘത്തെ ഇങ്ങനെ വിഹരിക്കാന്‍ അനുവദിച്ചുകൂടാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top