05 December Tuesday

അഭിമാനിക്കാം ഇത്‌ ആരോഗ്യകേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


 

പതിനെട്ട്‌ നാൾമുമ്പ്‌ കൊറോണയെക്കുറിച്ച്‌ ഇവിടെ പ്രതിപാദിക്കുമ്പോൾ കേരളം ഭയാശങ്കകളുടെ മുൾമുനയിലായിരുന്നു. ‘നിതാന്ത ജാഗ്രത വേണം’ എന്നായിരുന്നു അന്ന്‌ ഞങ്ങൾ അഭ്യർഥിച്ചത്‌. ഇന്നിപ്പോൾ  ഭയത്തിന്റെ കാർമേഘങ്ങൾ നീങ്ങി. അതീവ ജാഗ്രത ഇനിയും തുടരണം. ഇത്രയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ വലിയൊരു ആശ്വാസത്തിലേക്ക്‌ കേരളത്തെ കൈപിടിച്ചുകയറ്റിയതിന്‌ ആരോടാണ്‌ നന്ദി പറയേണ്ടത്‌. ‘ആരോഗ്യവകുപ്പുമായി സഹകരിച്ചതിന്‌ നന്ദി’–- ഇതായിരുന്നു രോഗബാധ സംശയിച്ച്‌ നിരീക്ഷണത്തിൽക്കഴിഞ്ഞ  മെഡിക്കൽ വിദ്യാർഥിനിയോട്‌ നമ്മുടെ ആരോഗ്യവകുപ്പ്‌ പറഞ്ഞത്‌. മഹാരോഗത്തിന്റെ ആക്രമണത്തിൽപ്പെടാതെ രക്ഷപ്പെട്ട ആ കുട്ടി ചോദിക്കുന്നു–- ശരിക്കും ഞാൻ അവരോടല്ലേ നന്ദി പറയേണ്ടത്‌.  മഹാദുരന്തമായി മാറിയേക്കാവുന്ന  വൈറസ്‌വ്യാപനം തടയുന്നതിന്‌ ഒരേ മനസ്സായി പ്രവർത്തിച്ച അസംഖ്യം സുമനസ്സുകളോട്‌ ഈ നാടിന്‌ പറഞ്ഞുതീർക്കാനാകാത്ത നന്ദിയുണ്ട്‌. അതിൽ മന്ത്രി കെ കെ ശൈലജ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ വർക്കർവരെയുള്ള ചുമതലക്കാരുണ്ട്‌. ഇതിനുപുറമെ സർക്കാരിന്റെ സർവസന്നാഹവും  പൊതുസമൂഹവും മാധ്യമങ്ങളും എല്ലാം ഒത്തുചേർന്നാണ്‌ ഈ മഹാവിപത്തിനെ പിടിച്ചുകെട്ടിയത്‌.

എന്തുകൊണ്ട്‌ കേരളം എന്ന ചോദ്യം ഇവിടെ ഉയർന്നുനിൽക്കുന്നുണ്ട്‌. എഴുപതിനായിരത്തിനടുത്താണ്‌ ലോകത്ത്‌ കൊറോണ ബാധിതതരുടെ ആകെ എണ്ണം. ഇതിൽ മഹാഭൂരിപക്ഷവും ചൈനയിൽ. മുപ്പതോളം രാജ്യങ്ങളിൽ വൈറസ്‌ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ രോഗബാധ കണ്ടെത്തിയ മൂന്നുപേരും കേരളത്തിൽ നിന്നുള്ളവർ. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ പ്രവിശ്യയിൽ മെഡിക്കൽ പഠനം നടത്തുന്നവരാണ്‌ ഇവർ. ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളിൽനിന്നുള്ള അധികംപേർ വുഹാനിൽ ഇല്ലാതിരിക്കാം എന്നതിനാലാകാം മറ്റെവിടെനിന്നും രോഗബാധ റിപ്പോർട്ട്‌ ചെയ്യപ്പെടാതിരുന്നത്‌. എന്നാൽ, അതിലേറെ പ്രധാനമാണ്‌ തുടക്കംമുതൽ കേരളത്തിലെ ആരോഗ്യവകുപ്പ്‌ കാണിച്ച ജാഗ്രത. വൈറസ്‌ ബാധയ്‌ക്ക്‌ സാധ്യതയുള്ളവരെയും അവരുമായി ഏതെങ്കിലും തരത്തിൽ ഇടപഴകിയവരെയും സമ്പൂർണ നിരീക്ഷണത്തിലും നിയന്ത്രണത്തിലും കൊണ്ടുവരാൻ സാധിച്ചു. ഈ ഹിമാലയൻ ദൗത്യം അണുവിട പിഴവില്ലാതെ പൂർത്തിയാക്കാനായി എന്നതാണ്‌ കേരളത്തിന്റെ നേട്ടം. നിരീക്ഷണത്തിന്‌ വിധേയരാകാൻ പറഞ്ഞ രണ്ടുപേർ സൗദിയിലേക്ക്‌ പോയ സംഭവം മാത്രമാണ്‌ അപവാദം.

ചൈനയിൽ നിന്നെത്തിയവരിൽ നല്ലൊരു പങ്കിന്റെയും നിരീക്ഷണ കാലാവധി പൂർത്തിയായിവരികയാണ്‌. സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം കുറച്ചുദിവസം കൊണ്ടുതന്നെ പിൻവലിക്കാൻ സാധിച്ചതും ആരോഗ്യകേരളത്തിന്‌ അഭിമാനമായി

വൈറസ്‌ബാധ സ്ഥിരീകരിക്കപ്പെട്ട മൂന്നുപേരിൽ രണ്ടുപേരും രോഗം ഭേദമായി വീട്ടിലേക്ക്‌ പോയി. മൂന്നാമത്തെ കുട്ടി പുണെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നുള്ള അന്തിമഫലം പ്രതീക്ഷിച്ചിരിക്കുകയാണ്‌. കാരിയർമാരിൽനിന്ന്‌ രണ്ടാംഘട്ടമായി ഒരാളിലേക്കുപോലും  രോഗം പടർന്നില്ലെന്നത്‌  കേരള ആരോഗ്യവകുപ്പിന്റെ വലിയ നേട്ടമായി വിലയിരുത്താം. ഒരു നേഴ്‌സിന്‌ ജീവൻ വെടിയേണ്ടിവന്ന നിപാ പ്രതിരോധത്തെ അപേക്ഷിച്ച്‌ കുറെക്കൂടി മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.  ചൈനയിൽ നിന്നെത്തിയവരിൽ നല്ലൊരു പങ്കിന്റെയും നിരീക്ഷണ കാലാവധി പൂർത്തിയായിവരികയാണ്‌. സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം കുറച്ചുദിവസം കൊണ്ടുതന്നെ പിൻവലിക്കാൻ സാധിച്ചതും ആരോഗ്യകേരളത്തിന്‌ അഭിമാനമായി.

ജനുവരി അവസാന വാരം മുതൽ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ കേരള സർക്കാർ നീങ്ങിയത്‌. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ജില്ലകളിൽ ക്യാമ്പു ചെയ്‌ത്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലടക്കം രോഗികളെ തനിച്ച്‌ പാർപ്പിക്കാവുന്ന വാർഡുകൾ സജ്ജമാക്കി. നാലായിരത്തിലേറെ പേർ നിരീക്ഷണത്തിൽ.  മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ. ആലപ്പുഴയിൽ കെറോണ പരിശോധന സൗകര്യം. വിദ്യാലയങ്ങളിൽനിന്നുള്ള പഠന –- വിനോദ യാത്രകൾ നിർത്തിവച്ചു. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ നടപടികൾ ഫലം ചെയ്‌തു.

കഴിഞ്ഞ ദശകത്തിന്റെ  ആദ്യപകുതിയിൽ ഭീതിവിതച്ച സാർസ്‌ പകർച്ചവ്യാധിയേയും പിന്തള്ളി മരണസംഖ്യ  1665 ആയെങ്കിലും വൈറസ്‌ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവെന്നാണ്‌ ചൈനയിൽനിന്നുള്ള വിവരം. ദിവസങ്ങൾക്കകം പ്രത്യേക ആശുപത്രി സമുച്ചയം നിർമിച്ച്‌  ചികിൽസയും രോഗപ്രതിരോധവും ഫലപ്രദമാക്കുന്നതിൽ ചൈന സർക്കാർ വിജയംവരിച്ചു. രണ്ടുലക്ഷം പേരാണ്‌ അവിടെ നിരീക്ഷണത്തിലുള്ളത്‌. വൈറസ്‌ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോൾ രോഗവ്യാപനവും മരണവും കുറയ്‌ക്കുന്നതിൽ എടുത്തുപറയേണ്ട നേട്ടമാണ്‌ ചൈന കൈവരിച്ചത്‌. കോവിഡ്‌ 19 എന്ന്‌ പുതിയ പേരിട്ട കൊറോണയെ നേരിടാൻ ലോകാരോഗ്യ സംഘടനയും അന്തരാഷ്‌ട്ര സമൂഹവും ചൈനയ്‌ക്ക്‌ അകമഴിഞ്ഞ പിന്തുണയാണ്‌ നൽകിയത്‌.

കൊറോണയ്‌ക്കെതിരെ  നേടിയ വിജയം കേരളത്തെ ഒരിക്കൽക്കൂടി ലോകത്തിന്റെ മുൻനിരയിൽ എത്തിച്ചിരിക്കുന്നു

നിപാ ആക്രമണത്തിന്റെ ഘട്ടത്തിലുള്ളതിനേക്കാൾ മെച്ചപ്പെട്ട പശ്‌ചാത്തല സൗകര്യങ്ങളും ജനങ്ങളുടെ അവബോധവും കൊറോണയെ നേരിടാൻ കേരളത്തിന്‌ കരുത്തുനൽകുന്നുണ്ട്‌. അടുത്ത ജൂണിൽ തോന്നയ്‌ക്കലിൽ ആരംഭിക്കുന്ന അഡ്വാൻസ്‌ഡ്‌ വൈറോളജി ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എൽഡിഎഫ്‌ സർക്കാരിന്റെ മറ്റൊരു സുപ്രധാന കാൽവയ്‌പാണ്‌. മാലിന്യസംസ്‌കരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം, പുഴകളുടെ മലിനീകരണം തടയൽ, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യവസ്‌തുക്കളിലെ മായം തടയൽ, ജൈവകൃഷി തുടങ്ങിയ രംഗങ്ങളിൽ സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന ഇടപെടലുകൾ ഫലപ്രാപ്‌തിയിലെത്താൻ ജനങ്ങളുടെ മുൻകൈ അനിവാര്യമാണ്‌. എങ്കിൽ മാത്രമേ മഹാവ്യാധികൾ പടരുന്നത്‌ തടയാനാകൂ. കൊറോണയ്‌ക്കെതിരെ  നേടിയ വിജയം കേരളത്തെ ഒരിക്കൽക്കൂടി ലോകത്തിന്റെ മുൻനിരയിൽ എത്തിച്ചിരിക്കുന്നു. ഐസൊലേഷൻ വാർഡുകളിൽ ത്യാഗപൂർവം രോഗികളെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്കൊപ്പം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top