24 September Sunday

ട്രംപിന്റെ കുതന്ത്രം പലസ്തീനെ ഇല്ലാതാക്കാന്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2017


ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ  ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നം വഷളാകുമെന്ന നിരീക്ഷണങ്ങള്‍ശരിവയ്ക്കുന്നതാണ് ദ്വിരാഷ്ട്ര പോംവഴിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം. അമേരിക്ക സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമൊത്ത് വൈറ്റ്ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍വച്ചാണ് അമേരിക്ക വര്‍ഷങ്ങളായി സ്വീകരിക്കുന്ന ദ്വിരാഷ്ട്ര പോംവഴി ഉപേക്ഷിക്കുകയാണെന്ന് ട്രംപ് സൂചിപ്പിച്ചത്. 1993ല്‍ അമേരിക്കയുടെയും മറ്റും നേതൃത്വത്തില്‍ ഒപ്പിട്ട ഓസ്ലോ സമാധാനക്കരാറിലാണ് ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം എന്ന നിലയില്‍ ദ്വിരാഷ്ട്ര വാദം ശക്തമായി മുന്നോട്ടുവയ്ക്കപ്പെട്ടത്. ബ്രിട്ടന്റെയും അമേരിക്കയുടെയും കാര്‍മികത്വത്തില്‍ 1948ല്‍ രൂപീകരിച്ച ഇസ്രയേലിനൊപ്പം പലസ്തീന്‍ രാഷ്ട്രവും രൂപീകരിച്ച് ദശാബ്ദങ്ങളായി അറബ് മേഖലയെ അശാന്തമാക്കുന്ന പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ഓസ്ലോ കരാര്‍ നിര്‍ദേശിച്ചത്. പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്തിനൊപ്പം യിത്സാക്ക് റബീനും ഒപ്പിട്ട ഈ കരാര്‍ പലസ്തീന്‍ പ്രശ്നപരിഹാരത്തിന് വഴിവയ്ക്കില്ലെന്ന് അന്നുതന്നെ ജോര്‍ജ് ഹബ്ബാഷിനെപ്പോലുള്ള ഇടതുപക്ഷപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ശരിവയ്ക്കുന്ന നീക്കമാണിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റില്‍നിന്ന് ഉണ്ടായിട്ടുള്ളത്. വിശ്വസിക്കാന്‍ കൊള്ളാത്ത രാഷ്ട്രമാണ് അമേരിക്കയെന്നായിരുന്നു ഈ വിഭാഗത്തിന്റെ അഭിപ്രായം.

ഇസ്രയേല്‍ എന്ന ഒറ്റരാഷ്ട്രം മതിയെന്ന സമീപനമാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് മുന്നോട്ടുവച്ചത്. അതായത് പലസ്തീനികള്‍ക്ക് ഒരു സ്വതന്ത്രരാഷ്ട്രം വേണ്ടെന്നര്‍ഥം. സ്വന്തം രാജ്യമില്ലാതെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ നിരന്തരപീഡനത്തിനും വേട്ടയാടലിനും വിധേയരായി പലസ്തീനികള്‍ കഴിയണമെന്നര്‍ഥം.  അല്ലെങ്കില്‍ പലായാനം ചെയ്യണം. സാമ്രാജ്യത്വവഞ്ചനയിലൂടെ മാതൃരാഷ്ട്രം നഷ്ടപ്പെട്ട പലസ്തീനികള്‍ക്ക് ഇനിയൊരിക്കലും ആ സ്വപ്നം പൂവണിയാന്‍ അവസരം നല്‍കില്ലെന്നാണ് ട്രംപ് അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. രണ്ടുപേര്‍ക്കുംകൂടി ഒരു രാഷ്ട്രം മതിയെന്ന ട്രംപിന്റെ പ്രഖ്യാപനം, മധ്യപൌരസ്ത്യ ദേശത്തെ കലാപകലുഷമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു വേള ആയുധമെടുത്ത് മാതൃരാഷ്ട്രത്തിനായി പൊരുതിയ പലസ്തീനികളെ ആ പാതയിലേക്ക്് തിരിച്ചുകൊണ്ടുപോകാന്‍മാത്രമേ അമേരിക്കയുടെ ഈ നീക്കം സഹായിക്കൂ. പശ്ചിമതീരത്തിന്റെ ഭരണനിയന്ത്രണമുള്ള പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹമ്മുദ് അബ്ബാസും ഗാസയുടെ ഭരണം നടത്തുന്ന ഹമാസും മാത്രമല്ല ഐക്യരാഷ്ട്രസംഘടനയും ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

പലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പശ്ചിമതീരത്ത് ജൂത ആവാസകേന്ദ്രങ്ങള്‍ നിര്‍മിച്ച് കുടിയേറ്റ കൊളോണിയലിസത്തിനാണ് ഇസ്രയേല്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. 1967ലെ ആറുദിന യുദ്ധത്തിലൂടെയാണ് പശ്ചിമതീരവും കിഴക്കന്‍ ജറുസലേമും ഇസ്രയേല്‍ കീഴടക്കിയത്. തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ ഇസ്രയേലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ട്രംപ് അധികാരമേറിയ ഘട്ടത്തില്‍തന്നെ 6000 ജൂത പാര്‍പ്പിടകേന്ദ്രങ്ങള്‍കൂടി നിര്‍മിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, അംഗീകാരമില്ലാതെ കെട്ടിപ്പൊക്കിയ ജൂത ആവാസകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിയമനിര്‍മാണവും നെതന്യാഹു സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഓരോ ജൂത കുടിയേറ്റകേന്ദ്രവും ഉയരുകയെന്നാല്‍ അത്രയും പലസ്തീന്‍ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കുകയെന്നും അര്‍ഥമുണ്ട്. ഈ വര്‍ഷംമാത്രം 140 പലസ്തീന്‍ ആവാസകേന്ദ്രങ്ങളാണ് ഇസ്രയേല്‍സേന തകര്‍ത്തതത്രേ. കുടിയേറ്റത്തിലൂടെ പലസ്തീന്‍ പ്രദേശങ്ങള്‍ കീഴടക്കുകയെന്ന ഇസ്രയേല്‍നയത്തിന് പച്ചക്കൊടി വീശുന്ന തീരുമാനമായിരുന്നു ഡേവിഡ് ഫ്രീഡ്മാനെ ഇസ്രയേല്‍ അംബാസഡറാക്കാനുള്ള അമേരിക്കയുടെ തീരുമാനം. ഇസ്രയേല്‍ കുടിയേറ്റത്തെ പരസ്യമായി അനുകൂലിക്കുന്ന വ്യക്തിയാണിയാള്‍.മാത്രമല്ല, തീവ്ര ജൂതപ്രസ്ഥാനങ്ങളുമായും ഇസ്രയേല്‍ ഭരണകൂടവുമായി അടുത്ത് ബന്ധമുള്ള ട്രംപിന്റെ മരുമകന്‍ ജാറദ് കുഷ്നറെയാണ് ട്രംപ് പലസ്തീന്‍- ഇസ്രയേല്‍ പ്രശ്നത്തിന്റെ ദൂതനായി നിയമിച്ചിട്ടുള്ളത്. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍നിന്ന് കിഴക്കന്‍ ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് അമേരിക്ക പൂര്‍ണമായും ഇസ്രയേല്‍പക്ഷത്താണെന്നാണ്.

മധ്യപൌരസ്ത്യദേശത്തെ ഏറ്റവും വലിയ ശക്തിയായ ഇറാനെ തളയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ ഈ ഇസ്രയേല്‍പ്രീണനം. ഒബാമ ഭരണകൂടവുമായി  ആണവക്കരാര്‍ ഒപ്പിട്ട് സമാധാനം സ്ഥാപിച്ച ഇറാനെതിരെ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ട്രംപ്, ആ രാജ്യത്തിനെതിരെ സൈനിക ആക്രമണത്തിനായാണ് ഒരുങ്ങുന്നത്. ഭീകരരാഷ്ട്രത്തിന്റെ പട്ടികയില്‍ ഇറാനെ പെടുത്താനും ട്രംപ് തയ്യാറായി. ഷിയാകള്‍ക്ക് ഭരണനേതൃത്വമുള്ള ഇറാന്‍, സിറിയ, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള പടപ്പുറപ്പാടിലൂടെ സൌദി അറേബ്യ ഉള്‍പ്പെടെയുള്ള സുന്നി രാഷ്ട്രങ്ങളെയും ഇസ്രയേലിന്റെ കൂടെനിര്‍ത്താനാണ് അമേരിക്കന്‍ ശ്രമം. ഈ നീക്കത്തില്‍ ഏറ്റവും ആഹ്ളാദിക്കുക ഐഎസ്ഐഎസ് ഭീകരവാദികളായിരിക്കും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായത് ലോകമെങ്ങുമുള്ള വലതുപക്ഷത്തിന്റെ വളര്‍ച്ചയെമാത്രമല്ല, ഭീകരവാദികള്‍ക്കും സഹായകമാണെന്നര്‍ഥം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top