07 July Monday

പത്രങ്ങളും അച്ചടി നിര്‍ത്തുന്നു?

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2016

ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ദിനപത്രം അടുത്തമാസം മുതല്‍ അച്ചടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 26ന് ആയിരിക്കും പത്രത്തിന്റെ അവസാനത്തെ അച്ചടിച്ച രൂപം ഇറങ്ങുക. ഞായറാഴ്ച പതിപ്പ് മാര്‍ച്ച് 20ന് അവസാനമായി പ്രസിദ്ധീകരിക്കും. യുവജനങ്ങളെ ലക്ഷ്യമാക്കി ഇന്‍ഡിപെന്‍ഡന്റ് ആരംഭിച്ച “ഐ എന്ന പത്രം ജോണ്‍സ്റ്റണ്‍ ഗ്രൂപ്പിന് വില്‍ക്കാനും തീരുമാനിച്ചു. വാര്‍ത്തയേക്കാള്‍ വിശകലനങ്ങളും വീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് പത്രം പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുകയാണെന്ന് പത്രഉടമ എവ്ഗെനി ലെബഡേവ് പ്രഖ്യാപിച്ചു. മുഖ്യധാര ദിനപത്രം അച്ചടിനിര്‍ത്തി പൂര്‍ണമായി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നത് ഇതാദ്യം. ലണ്ടന്‍ നഗരത്തിന്റെ പടിഞ്ഞാറുള്ള ബര്‍ക്ക്ഷയര്‍ കൌണ്ടിയില്‍നിന്ന് ഇറങ്ങുന്ന മിറര്‍ പത്ര ഗ്രൂപ്പിന്റെ ഏഴ് പ്രാദേശിക പത്രങ്ങള്‍ രണ്ടുവര്‍ഷം മുമ്പേ പൂര്‍ണമായി ഡിജിറ്റലായി. എന്നാല്‍, അവയൊക്കെ പ്രാദേശിക സ്വഭാവമുള്ള പത്രങ്ങളായിരുന്നു. എന്നാല്‍, റോബര്‍ട്ട് ഫിസ്ക്കും മാത്യു നോര്‍മനും മറ്റും കോളം ഏഴുത്തുകാരായ  ലോകത്തിലെ തന്നെ തലയെടുപ്പുള്ള ഇന്‍ഡിപെന്‍ഡന്റ് പത്രം അച്ചടി നിര്‍ത്തുന്നത് പത്രവ്യവസായത്തിലെ വഴിത്തിരിവിന് നാന്ദികുറിക്കുകയാണ്.  കടലാസില്‍നിന്ന് സ്ക്രീനിലേക്കുള്ള പത്രത്തിന്റെ പരിവര്‍ത്തനം പ്രതീക്ഷയ്ക്കും ആശങ്കകള്‍ക്കും ഇടംനല്‍കുന്നുണ്ട്. 

ഡെയ്ലി ടെലിഗ്രാഫും ടൈംസും മറ്റും പത്രലോകം ഭരിക്കുന്ന ഇംഗ്ളണ്ടില്‍ 1986ലാണ് പുതിയ രൂപത്തിലും ഉള്ളടക്കത്തിലും ഇന്‍ഡിപെന്‍ഡന്റ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ മുഖപത്രമാകാന്‍ വിസമ്മതിച്ച് പത്ര ഉടമയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ സ്വതന്ത്രമായ വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന പത്രമെന്ന നിലയിലാണ് ഇംഗ്ളണ്ടിലെ വായനക്കാരെ പത്രം ആകര്‍ഷിച്ചത്. ഞങ്ങള്‍ സ്വതന്ത്രരാണ്; നിങ്ങളോ” എന്ന ഇന്‍ഡിപെന്‍ഡിന്റെ ചോദ്യം ഒരു തലമുറയെ ശക്തമായി സ്വാധീനിച്ചിരുന്നു. തൊഴില്‍ തര്‍ക്കത്തിന്റെ പേരില്‍ ഡെയ്ലി ടെലിഗ്രാഫ് വിട്ട ആന്‍ഡ്രൂസ് വൈറ്റാം സ്മിത്ത്, സ്റ്റീഫന്‍ ഗ്ളോവര്‍, മാത്യു സിമണ്ട്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ന്യൂസ്പേപ്പറിനെ മികച്ച വ്യൂസ് പേപ്പറാക്കി മാറ്റിയത്.  ഇന്‍ഡിപെന്‍ഡന്റിന്റെ രംഗപ്രവേശത്തോടെ മര്‍ഡോക്കിന്റെ ടൈംസിന്റെയും ഡെയ്ലി ടെലിഗ്രാഫിന്റെയും ഗാര്‍ഡിയന്റെയും സര്‍ക്കുലേഷന്‍ ഇടിഞ്ഞു. ഈ ഘട്ടത്തിലാണ് ടൈംസിന്റെ വില കുത്തനെ കുറച്ച് മര്‍ഡോക്ക് വിലയുദ്ധത്തിന് തുടക്കമിട്ടത്. ഇതിനെ അതിജീവിക്കാന്‍ ഇന്‍ഡിപെന്‍ഡന്റിന് കഴിഞ്ഞെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പത്രത്തിന്റെ പ്രചാരണത്തില്‍ ഇടിവുണ്ടായി. നിലവില്‍ പത്രത്തിന്റെ പ്രചാരം അരലക്ഷത്തിലും കുറഞ്ഞു. മാനേജ്മെന്റിലും മാറ്റങ്ങളുണ്ടായി. 2010ലാണ് റഷ്യന്‍ ദുഷ്പ്രഭുവെന്ന് കുപ്രസിദ്ധനായ അലക്സാണ്ടര്‍ ലെബഡേവ് പത്രം വിലയ്ക്ക് വാങ്ങി മകന്‍ എവ്ഗെനിക്ക് നടത്തിപ്പ് ചുമതല നല്‍കിയത്. എവ്ഗെനി തുടങ്ങിയ ഐ പത്രത്തില്‍നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഇന്‍ഡിപെന്‍ഡന്റ് ഇത്രകാലവും പ്രസിദ്ധീകരിച്ചതത്രെ. പത്രത്തിന്റെ അച്ചടി പൂര്‍ണമായും നിര്‍ത്തിവച്ചത് നിരവധി പത്രപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമായി. മാത്രമല്ല, പത്രകമ്പോളത്തിലെ വൈവിധ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുകയും ചെയ്യും.

മാറുന്ന ലോകത്തില്‍ പത്രവ്യവസായം ഏങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്നതിന്റെ ചൂണ്ടുപലകയായി ഈ സംഭവത്തെ കാണാം. 35 വയസ്സിന് താഴെയുള്ള തലമുറ അച്ചടിച്ച പത്രം വാങ്ങി വായിക്കാന്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്ന് പല പഠനങ്ങളും പറയുന്നു. ഇതിനര്‍ഥം അവര്‍ വാര്‍ത്തകള്‍ അറിയാന്‍ ഉത്സുകരല്ലെന്നല്ല. മറിച്ച് ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ആപ് വഴിയും മറ്റും വേഗത്തില്‍ത്തന്നെ വാര്‍ത്തകള്‍ അറിയുന്ന തലമുറയായി അവര്‍ മാറിക്കഴിഞ്ഞു. ലോകത്തിലെ പ്രമുഖ പത്രങ്ങള്‍ വെബ്സൈറ്റിലൂടെ വായിക്കാനും അവര്‍ക്ക് കഴിയുന്നു.  ഈ തലമുറയുടെ കണ്ണുകള്‍ ഭൂരിപക്ഷം സമയവും തിരയുന്നത് കംപ്യൂട്ടര്‍, മൊബൈെല്‍ സ്ക്രീനിലായതിനാല്‍ ആ ഇടത്തേക്ക് പത്രത്തെ എത്തിക്കുകയെന്ന പരീക്ഷണമാണ് ഇന്‍ഡിപെന്‍ഡന്റ് നടത്തുന്നത്. ജെയിന്‍ മാര്‍ട്ടിന്‍സണിന്റെ ഭാഷയില്‍ ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ മരണത്തിന് കാരണം ഇന്റര്‍നെറ്റാണ്. അച്ചടി മാധ്യമങ്ങളിലാണ് ഇന്ന് കൂടുതല്‍ പരസ്യം ലഭിക്കുന്നതെങ്കിലും അടുത്ത 25 വര്‍ഷത്തിനകം പരസ്യദാതാക്കള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂടുതലായും പരസ്യം നല്‍കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍, ലോകത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമാണെന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു.

കേരളത്തിലെ പത്രമാധ്യമങ്ങളും ഡിജിറ്റല്‍ പതിപ്പുകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടക്കമിട്ടിട്ടുണ്ട്. അടിസ്ഥാനവര്‍ഗത്തിലേക്ക് വിവരം എത്തിക്കാന്‍ ഇന്നും അച്ചടിമാധ്യമങ്ങള്‍ക്കാണ് ശേഷി. ഡിജിറ്റലിലേക്കുള്ള മാറ്റം പ്രാദേശിക പത്രങ്ങള്‍ക്കാണ് വലിയ ഭീഷണി ഉയര്‍ത്തുക. പതിനഞ്ചാം നൂറ്റാണ്ടില്‍ ജോഹന്നസ് ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചതുമുതല്‍ ആരംഭിച്ച അച്ചടിവിപ്ളവം ഒരു നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top