27 April Saturday

പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019



ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതവാർഷികാഘോഷത്തിനാണ് സിപിഐ എം തയ്യാറെടുക്കുന്നത്. കൃത്യം 99 വർഷങ്ങൾക്കുമുമ്പ് ഇതേദിവസമാണ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റ്‌ നഗരത്തിൽവച്ച് ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചത്. 1917 ലെ റഷ്യൻ വിപ്ലവം കെട്ടഴിച്ചുവിട്ട ആവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ഏഴംഗങ്ങളുള്ള പാർടിക്കാണ് അന്ന് രൂപം നൽകിയിരുന്നത്. മുഹമ്മദ് ഷഫീഖാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യ സമ്മേളനം ചേരുന്നത് 1925ൽ കാൺപൂരിലും. ഇന്നത് ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള പ്രസ്ഥാനമായി രാജ്യത്ത് വളർന്നിരിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങൾ തലപൊക്കാൻ തുടങ്ങിയ വേളയിൽത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിരുന്നു. പെഷവാർ(1922–-23), കാൺപൂർ(1923–-24), മീറത്ത്(1929–-33) തുടങ്ങിയ ഗൂഢാലോചന കേസുകൾതന്നെ ഉദാഹരണം. ഈ അടിച്ചമർത്തലുകളെയെല്ലാം അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളർന്നുപന്തലിച്ചത്.

സംഭവബഹുലങ്ങളായ 99 വർഷമാണ് കടന്നുപോയത്. ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് കമ്യൂണിസ്റ്റ്‌ പാർടിയും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുരോഗമന, സാമ്രാജ്യത്വവിരുദ്ധ, ഫ്യൂഡൽവിരുദ്ധമുഖം നൽകുന്നതിൽ വലിയ പങ്കുതന്നെ കമ്യൂണിസ്റ്റ് പാർടികൾക്കുണ്ട്. അതോടൊപ്പം പൂർണ സ്വരാജ് എന്ന മുദ്രാവാക്യം ദേശീയ പ്രസ്ഥാനത്തിന് സമ്മാനിച്ചതും കമ്യൂണിസ്റ്റുകാർതന്നെ. 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിലും 1922 ലെ ഗയ സമ്മേളനത്തിലും ഇതുസംബന്ധിച്ച പ്രമേയം കമ്യൂണിസ്റ്റുകാർ അവതരിപ്പിച്ചുവെങ്കിലും അതംഗീകരിക്കപ്പെട്ടില്ല. 1929ൽ മാത്രമാണ് പൂർണസ്വരാജ് പ്രമേയം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായത്. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ദേശീയ പ്രസ്ഥാനം ഏറ്റെടുക്കുന്നതും കമ്യൂണിസ്റ്റുകാരുടെ സമ്മർദത്തെ തുടർന്നായിരുന്നുവെന്നത് ചരിത്രം.

ഭൂപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് ഫ്യൂഡൽശക്തികളുമായി സന്ധിചെയ്‌ത്‌ ഇന്ത്യൻ ഭരണവർഗം തയ്യാറാകാതിരുന്നപ്പോൾ ആ ലക്ഷ്യം നേടുന്നതിനുവേണ്ടി സായുധമായിപ്പോലും പോരാടുന്നതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായി. പുന്നപ്ര വയലാർ സമരവും തെലങ്കാന പ്രക്ഷോഭവും ബംഗാളിലെ തേഭാഗ സമരവും അസമിലെ സുർമ താഴ്‌വരയിലെ പ്രക്ഷോഭവും മഹാരാഷ്ട്രയിലെ വാർളി പ്രക്ഷോഭവും മറ്റും നയിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. നിരവധി തൊഴിലാളി സമരങ്ങൾക്കും അവർ നേതൃത്വം നൽകി. എണ്ണമറ്റ കർഷക–-തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമ്പോൾത്തന്നെ പാർലമെന്ററി രംഗവും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി ഉപയോഗിച്ചു. ഇതിന്റെ ഫലമായിരുന്നു തെരഞ്ഞെടുപ്പിലൂടെ ആദ്യ കമ്യൂണിസ്റ്റ് പാർടി സർക്കാർ ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ 1957ൽ അധികാരത്തിൽ വന്നത്.

പാർലമെന്ററി രംഗത്ത് ഇന്നുള്ള തിരിച്ചടി ഉൾപ്പെടെ നിരവധി തിരിച്ചടികളും പിന്നോട്ടുപോക്കും ഈ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേരിടേണ്ടി വന്നു. 1964 ലും 1967 ലും ഉണ്ടായ പിളർപ്പുകളും സോവിയറ്റ് യൂണിയന്റെ തകർച്ചയും നവ ഉദാരവൽക്കരണത്തിന്റെയും കോർപറേറ്റ് മാധ്യമങ്ങളുടെയും മത–-വർഗീയ ശക്തികളുടെയും കടന്നാക്രമണവും മറ്റും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് തടയിട്ടു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിനും സിപിഐക്കും കനത്ത തിരിച്ചടിയുണ്ടായി. എന്നാൽ, രാജ്യത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷ പാർടികൾക്ക്‌ ഇത്തരം തിരിച്ചടികൾ പുത്തനല്ല. തിരിച്ചടികളെ നിർഭയം അടിപതറാതെ നേരിട്ടുകൊണ്ടാണ് കമ്യൂണിസ്റ്റ്‌ പാർടി പ്രസ്ഥാനം ലോകമെമ്പാടും വളർന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ തിരിച്ചടികളും കമ്യൂണിസ്റ്റ് പാർടികൾക്ക് അതിജീവിക്കാനാകും.

ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ ആർക്കും തള്ളിക്കളയാനാകില്ല. ഒരു രാഷ്ട്രീയ പാർടിയെന്നതിനേക്കാളും ഒരു പ്രസ്ഥാനമായി പലരും ഇടതുപക്ഷത്തെ വിലയിരുത്തുന്നതും അതുകൊണ്ടാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം നൽകിയ സംഭാവനകൾ വളരെ വലുതാണ്. സമൂഹം, രാഷ്ട്രം, സമ്പദ്‌വ്യവസ്ഥ, മാനുഷിക ബന്ധങ്ങൾ എന്നുവേണ്ട എല്ലാറ്റിനെയുംകുറിച്ച് പുരോഗമനപരമായ ഒരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവയ്‌ക്കുന്നതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യം, സ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിന്നത്‌ കമ്യൂണിസ്റ്റ് പാർടികൾതന്നെ. ജാതിവ്യവസ്ഥയുടെ രൂക്ഷവിമർശകരാകുമ്പോൾത്തന്നെ അയിത്തം ഉൾപ്പെടെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരെയും കമ്യൂണിസ്റ്റുകാർ നിലകൊണ്ടു. നിലവിൽ വർഗീയതയ്‌ക്കെതിരെയും ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തിനെതിരെയും വിട്ടുവീഴ്‌ചയില്ലാതെ പൊരുതി രാജ്യത്ത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതും കമ്യൂണിസ്റ്റ് പാർടികൾ ഉൾപ്പെടുന്ന ഇടതുപക്ഷമാണ്. അതിനിയും തുടരുമെന്ന് ഈയവസരത്തിൽ പ്രതിജ്ഞയെടുക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top