19 April Friday

വ്യാജപ്രചാരണങ്ങൾ തിരിച്ചറിയുക

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

 നുണ സത്യമാണെന്നരീതിയിൽ  നിരന്തരം  ആവർത്തിച്ചാൽ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തിൽ, അതിനെ സത്യമെന്നു കരുതി സ്വീകരിക്കാൻ  ജനങ്ങൾ ഉണ്ടാകും എന്നതാണ് അഡോൾഫ് ഹിറ്റ‌്‌ലറെ നയിച്ച വിശ്വാസം. പെരുംനുണയുടെ പ്രയോഗം ഹിറ്റ‌്‌ലറുടെ ആരാധകർ ആവേശപൂർവം ഏറ്റെടുക്കുന്നതും ആ വിശ്വാസംകൊണ്ടാണ്. കേരളത്തിൽ ഹൈന്ദവാരാധനാലയങ്ങളുടെ പണം സർക്കാർ തട്ടിയെടുക്കുന്നു എന്ന ആരോപണം സംഘപരിവാർ നിരന്തരം ഉയർത്തുന്നതാണ്. 'ഹജ്ജിനു സബ്‌സിഡി; ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാരിന് ’ എന്നായിരുന്നു ഒരു ഘട്ടത്തിലെ വലിയ പ്രചാരണം. ശബരിമലയിലെത്തുന്നവർ കാണിക്കയിടരുത് എന്നാണ‌് ഒരുകൂട്ടർ ആവശ്യപ്പെട്ടത്. അങ്ങനെയിടുന്ന കാണിക്ക സർക്കാർ തട്ടിപ്പറിച്ച‌് ധൂർത്തടിക്കും എന്നാണ‌് പ്രചാരണം. ശബരിമലയിലെ വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിന് ക്ഷീണമാകുമെന്നും അതോടെ സർക്കാരിന്റെ വരുമാനം കുറയുമെന്നുമുള്ള കഥകൾ വ്യാപകമായി കേരളത്തിനു പുറത്തും പ്രചരിപ്പിക്കപ്പെട്ടു. പ്രളയദുരന്തത്തിൽനിന്ന് കരകയറാൻ കേരളം ശ്രമിക്കുമ്പോൾ അതിന‌് ഇടങ്കോലിടുന്നവർതന്നെയാണ് ക്ഷേത്രപ്പണം അഹിന്ദുക്കളുടെ ഉന്നമനത്തിനും ഉപയോഗിക്കുന്നു; പള്ളികളിലെ പണം അതത് മതക്കാർ കൊണ്ടുപോകുന്നു എന്ന കഥ പരത്തിയത്.

ശബരിമലയിലെ സ‌്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്ത‌് അസ്വാസ്ഥ്യം സൃഷ്ടിച്ച‌് മുതലെടുപ്പിന് ഇറങ്ങിയവർ നുണകളുടെ ഭാണ്ഡക്കെട്ടാണ് അഴിച്ചത്. വൈകാരികമായ അവതരണമുണ്ടായപ്പോൾ കുറെ ശുദ്ധാത്മാക്കൾ അതിൽ കുരുങ്ങിപ്പോയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ്, ബോർഡിലെയും ശബരിമലയിലെയും വരവ് ചെലവ് കണക്ക‌് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്.  തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലെ 1188 ക്ഷേത്രം പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രത്തിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണെന്നും കഴിഞ്ഞവർഷം സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്കായി 70 കോടി രൂപ സർക്കാർ നൽകിയെന്നും മന്ത്രി വെളിപ്പെടുത്തി.  പൗരന്മാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ക്ഷേത്രങ്ങൾക്ക് അങ്ങോട്ട് സഹായം നൽകുന്നു എന്നു സാരം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട‌് ഗതാഗത, കുടിവെള്ളവിതരണ, മാലിന്യസംസ‌്കരണ, വൈദ്യുതിവിതരണ ആവശ്യങ്ങൾക്കായി ഖജനാവിൽനിന്ന് വൻതുക ചെലവഴിക്കുന്നതും ഇത്തരക്കാർ കണ്ടതായി നടിക്കാറില്ല.
ഇന്ന് സർക്കാർതലത്തിലുള്ള വിവരങ്ങൾ അനായാസം ലഭ്യമാക്കുന്നുണ്ട്. അങ്ങനെ വിവരം അറിയാനുള്ള അവകാശം നിയമാനുസൃതം ഇന്ത്യക്കാരനുണ്ട്. എന്നാൽ, അത്തരം വിവരങ്ങളുടെയോ വസ‌്തുതകളുടെയോ പിൻബലമില്ലാതെ വ്യാജപ്രചാരണം നടത്തി ജനങ്ങളുടെ രോഷം വർഗീയ സംഘർഷത്തിലെത്തിക്കാനുള്ള ആസൂത്രിതനീക്കമാണുണ്ടായത്. കേരളം ഹിന്ദുക്കളെ ശത്രുക്കളായി കാണുന്ന നാടെന്നും മലയാളികൾ അതി സമ്പന്നരെന്നും സഹായങ്ങൾ ആവശ്യമില്ലെന്നും ഇതര രാഷ്ട്രീയപ്രവർത്തകരെ സിപിഐ എം ഉപദ്രവിക്കുന്നു എന്നും ഇവിടത്തെ മുഖ്യമന്ത്രി കൊല്ലപ്പെടേണ്ടയാളാണെന്നും രാജ്യത്താകെ പ്രചരിപ്പിച്ചത് സമീപകാലത്താണ്. അത്തരം പ്രചാരണങ്ങളുടെ ഭാഗംതന്നെയാണ്, ശബരിമല വിധിയുടെ പിന്നാലെ പ്രളയമായി കേരളീയരെ ബാധിക്കുന്നത്. ഈ പ്രളയം അപകടകാരിയാണ്. അത് തിരിച്ചറിഞ്ഞ‌് ജനങ്ങൾ പ്രതികരിക്കേണ്ടതുണ്ട്. ആ നിലയ്ക്ക്, ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട കണക്കുകൾ മന്ത്രിതന്നെ പുറത്തുവിട്ടത് എന്തുകൊണ്ടും പ്രസക്തമായ നടപടിയാണ്. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ജനതയെ യാഥാർഥ്യബോധത്തിലെത്തിക്കാൻ, ഇത്തരം കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

അധ്യാപകരുടെ വായടപ്പിച്ച‌് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ നോട്ട് നിരോധം വ്യത്യസ‌്ത തലത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അവ സാമ്പത്തിക സാമൂഹിക  ശാസ്ത്ര ഗവേഷകർക്ക് പഠിക്കാതിരിക്കാനാകില്ല. അത്തരം പഠനത്തിന്റെ ഫലം നോട്ടുനിരോധത്തിന്റെ എല്ലാ വശങ്ങളിലേക്കും വെളിച്ചംവീശുന്നതാകും. ജനങ്ങൾ അനുഭവിച്ച പ്രയാസവും നിരോധനത്തിന്റെ യുക്തിയും അയുക്തികതയും നേട്ടങ്ങളും അപകടങ്ങളും സ്വാഭാവികമായും  ചർച്ച ചെയ്യപ്പെടും.  ആ ചർച്ച അക്കാദമിക‌് സമൂഹത്തിൽ പൊതിഞ്ഞുവയ‌്ക്കേണ്ടതല്ല. അതിൽ സർക്കാരിന് അനുകൂലമായവമാത്രം പുറത്തുവിടുകയും അല്ലാത്തത് മൂടിവയ‌്ക്കുകയും ചെയ്യുന്നത്, അത്തരം പഠനങ്ങളുടെ ഉദ്ദേശ്യശുദ്ധിതന്നെ തകർക്കും. കേന്ദ്രജീവനക്കാർക്കുള്ള  സിവിൽ സർവീസ് പെരുമാറ്റച്ചട്ടം അധ്യാപകർക്കുകൂടി ബാധമാക്കിയ യുജിസി  നടപടി ആ അർഥത്തിലാണ് ജനാധിപത്യവിരുദ്ധവും ദ്രോഹകരവുമാകുന്നത്.  കേന്ദ്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലോ പൊതുസദസ്സുകളിലോ അധ്യാപകർ അഭിപ്രായം പറയുന്നതും വിമർശിക്കുന്നതും കടുത്ത അച്ചടക്കലംഘനമായി കണക്കാക്കുമെന്നാണ് യുജിസിയുടെ തീട്ടൂരം.
ഈ തീരുമാനം നടപ്പാകുന്നതോടെ  സർവകലാശാലകളിൽ രാഷ്ട്രീയ– സാമ്പത്തിക– വിദേശനയങ്ങളിലുള്ള സംവാദങ്ങൾ കുറ്റകരമാവുകയാണ്. നിയമം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം, മാധ്യമപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിലെ ഉന്നതപഠനത്തെയും സംവാദങ്ങളെയും  വിലക്കുന്ന നടപടിയാണിത്. സർക്കാരിന് സ്തുതിഗീതം ആലപിക്കുന്നതുമാത്രമായി ഗവേഷണങ്ങൾ ചുരുങ്ങുമ്പോൾ അക്കാദമിക് സമൂഹത്തിന്റെ ജോലി പബ്ലിക‌് റിലേഷൻസായി മാറും.

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റു മനസ്സിൽനിന്നാണ് ഇത്തരം തീരുമാനങ്ങളുണ്ടാകുന്നത്. സംഘപരിവാർ നയിക്കുന്ന കേന്ദ്ര  സർക്കാരും  അതിന്റെ തണലിൽ അഴിഞ്ഞാടുന്ന വർഗീയശക്തികളെയും തളയ‌്ക്കാനുള്ള വികാരം ജ്വലിച്ചുയരുന്നത് അക്കാദമിക‌് സമൂഹത്തിൽനിന്നാണ‌്.  അസഹിഷ‌്ണുതയെയും ആൾക്കൂട്ട കൊലപാതകങ്ങളെയും എതിർത്ത് രംഗത്തുവന്നത് സർവകലാശാലാ അധ്യാപകരും  ഗവേഷക വിദ്യാർഥികളുംകൂടിയാണ്. 

കൂറ്റൻ അഴിമതികളും കോർപറേറ്റ് സേവയും  നോട്ട‌് നിരോധന ദുരന്തവും  അശാസ്ത്രീയ  ജിഎസ്ടി നടപ്പാക്കലും  അക്കാദമിക‌് സമൂഹത്തിൽനിന്ന് കാര്യകാരണ സഹിതം വിമർശിക്കപ്പെട്ടു. ശാസ്ത്രത്തിനുപകരം അബദ്ധജടിലമായ ആചാരങ്ങളെയും മിത്തുകളെയും ചരിത്രത്തിനു പകരം കെട്ട് കഥകളെയും പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾക്ക‌് പ്രധാന തടസ്സം ജാഗ്രത്തായ അക്കാദമിക് സമൂഹമാണ്.  ഈ 'അലോസര’ങ്ങളെ ഇല്ലാതാക്കാനാണ് പുതിയ നീക്കം. ഭീഷണിപ്പെടുത്തി നാവടക്കാൻ നോക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top