14 April Sunday

മനുഷ്യത്വം വീണ്ടെടുക്കാന്‍ സ്വാതന്ത്യ്രപ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2016

സ്വാതന്ത്യ്രം ലഭിച്ചിട്ട് 69 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ മറ്റൊരു സ്വാതന്ത്യ്രപ്രഖ്യാപനം നടന്നിരിക്കുന്നു. സംഘപരിവാര്‍ ഭീകരതയില്‍നിന്ന് വിടുതല്‍നേടാനുള്ള ഗുജറാത്തിലെ ദളിതരുടെ ഉജ്വല സമരത്തിന്റെ ഒരു ഘട്ടം പരിസമാപിച്ചത്, തോട്ടിപ്പണിയില്‍നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയപതാക ഉയര്‍ത്തിയതോടെയാണ്. അതേദിവസം ഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍നിന്ന് വന്ന സന്ദേശവും ഈ സ്വാതന്ത്യ്രപ്രഖ്യാപനത്തോട് ഒത്തുപോകുന്നതാണ്. ദളിത്– ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഹ്വാനമാണത്.

 സ്വാതന്ത്യ്രലബ്ധി ഏഴു പതിറ്റാണ്ടിലേക്കെത്തുമ്പോള്‍ രാജ്യം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ രണ്ടു സൂചകമാണ് ഉനയിലെ സ്വാതന്ത്യ്രപ്രഖ്യാപനവും രാഷ്ട്രപതിയുടെ സ്വാതന്ത്യ്രദിന പ്രസംഗവും. കൊടിയ ദാരിദ്യ്രവും പട്ടിണിമരണവും നിയമവിരുദ്ധ ബാലവേലയും നിരക്ഷരതയും തൊഴിലില്ലായ്മയും മൌലികാവകാശ നിഷേധവും അരങ്ങുവാഴുന്ന നാടാണ് ഇന്നും ഇന്ത്യ. പരിഹരിച്ചവയേക്കാള്‍ കൂടുതല്‍ പരിഹരിക്കാനാകാതെ നീറിനില്‍ക്കുന്ന ജീവല്‍പ്രശ്നങ്ങളാണ്. ഇന്ത്യയുടെ രക്ഷകനെന്ന് സ്വയം വാഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി 14 വര്‍ഷം മുഖ്യമന്ത്രിയായിരിക്കുകയും വികസനമാതൃകയെന്ന് കൊട്ടിഘോഷിക്കപ്പെടുകയും ചെയ്ത ഗുജറാത്തിലാണ്, മലംചുമന്ന് അന്നത്തിന് വകതേടുന്ന ദുര്‍ഗന്ധജീവിതം ഇനി ഞങ്ങള്‍ക്കുവേണ്ട എന്ന പ്രഖ്യാപനം മുഴങ്ങിക്കേള്‍ക്കുന്നത്. ചത്ത പശുവിന്റെ തോലെടുത്ത് ജീവിക്കുന്നവന്റെ തൊലിയുരിയുന്ന കാടത്തത്തിനെതിരെ അതേ ഗുജറാത്തില്‍തന്നെയാണ് സമരജ്വാല ആളിപ്പടരുന്നത്.

ദുര്‍ബലവിഭാഗങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നവരെയും പൌരന്മാര്‍ക്കിടയില്‍ അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന രാഷ്ട്രപതിയുടെ ആഹ്വാനം ഇന്നത്തെ ഇന്ത്യയുടെ ഗുരുതരമായ അവസ്ഥയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍കൂടിയാണ്. ജനങ്ങളുടെ ഐക്യത്തെയും സഹവര്‍ത്തിത്വത്തെയും  ഛിദ്രമാക്കാന്‍ പോന്ന വിപല്‍ക്കരമായ ഭീഷണികള്‍ വര്‍ഗീയശക്തികള്‍ ആവര്‍ത്തിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്യ്രം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പ്പം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നു. എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും മറന്ന്, അടിച്ചമര്‍ത്തലുകള്‍ക്ക് കീഴ്പ്പെട്ട്  തങ്ങളുടെ കൊടിപിടിക്കണമെന്നാണ് സംഘപരിവാര്‍ ആഹ്വാനംചെയ്യുന്നത്. വെല്ലുവിളിക്കപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍തന്നെയാണ്. മനുഷ്യന്റെ മൌലികാവകാശങ്ങളാണ് ആക്രമിക്കപ്പെടുന്നത്. അത് തിരിച്ചറിഞ്ഞാണ്, ഉനയില്‍ അസ്മിത (അഭിമാന) മാര്‍ച്ചില്‍ പങ്കെടുക്കാനും പിന്തുണ അറിയിക്കാനും അഭിവാദ്യംചെയ്യാനും ജനങ്ങള്‍ ഒഴുകിയെത്തിയത്. മതാടിസ്ഥാനത്തിലുള്ള എണ്ണക്കണക്കുകള്‍ രാഷ്ട്രീയ സമവാക്യങ്ങളാക്കി മാറ്റാനും മതസ്പര്‍ധ വളര്‍ത്തി അധികാരം നിലനിര്‍ത്താനുമുള്ള ആ നികൃഷ്ട രാഷ്ട്രീയത്തിനെതിരായ കൃത്യമായ ചുവടുവയ്പാണ്, തോട്ടിപ്പണി ഉപേക്ഷിച്ചും പശുക്കളുടെ ജഡം മറവ്ചെയ്യാനില്ലെന്നു പ്രഖ്യാപിച്ചും ദളിത് ജനവിഭാഗങ്ങള്‍ നടത്തുന്നത്.  പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അഭിമാനമാര്‍ച്ചിന് നല്‍കിയ പിന്തുണയും ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.

സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ സാന്നിധ്യമില്ലെങ്കില്‍ ജനാധിപത്യം എന്ന സങ്കല്‍പ്പംതന്നെ അര്‍ഥശൂന്യമാകും. സമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാന്‍ 70 വയസ്സിലെത്തുന്ന സ്വതന്ത്ര ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഇക്കാലംകൊണ്ട്  മനുഷ്യത്വപൂര്‍ണമായ സാമൂഹ്യാവസ്ഥ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നു മാത്രമല്ല, ജനങ്ങള്‍ക്കിടയിലെ സാമൂഹിക– സാമ്പത്തിക അന്തരം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകള്‍ തുടരുകയും ചെയ്യുന്നു. ജനാധിപത്യത്തെയോ മത നിരപേക്ഷതയെയോ ഭരണഘടനാമൂല്യങ്ങളെയോ രാഷ്ട്രപിതാവിന്റെ ചിന്തകളെത്തന്നെയോ അംഗീകരിക്കാത്ത രാഷ്ട്രീയസംവിധാനമാണ് ഇന്ന് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്നത്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ആ രാഷ്ട്രീയമാണ്, അതിന് ചുക്കാന്‍പിടിക്കുന്ന ആര്‍എസ്എസാണ് ജനങ്ങളുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അവര്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. അതിദുര്‍ബല വിഭാഗങ്ങളായ ദളിത് സഹോദരങ്ങള്‍ക്കെതിരെ പരസ്യമായി അവര്‍ തിരിഞ്ഞിരിക്കുന്നു. വര്‍ഗീയവിദ്വേഷം നട്ടുവളര്‍ത്താന്‍ ഗോവധ നിരോധനം എന്ന ആയുധം രാകിമിനുക്കി വീണ്ടും പുറത്തെടുത്ത സംഘപരിവാറിന് ഉഗ്രശേഷിയോടെ ലഭിച്ച പ്രഹരമാണ് ചത്ത പശുവിനെപ്പോലും തൊടാന്‍ തങ്ങളില്ലെന്ന ദളിത് സമൂഹത്തിന്റെ നിലപാട്.

അനേകം കലാപങ്ങള്‍ സംഘടിപ്പിച്ച് വര്‍ഗീയതയുടെ വിളനിലമാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഉത്തര്‍പ്രദേശ് പിടിച്ചുകൊണ്ടാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്. ആ യുപിയില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കാണുന്ന ചിത്രം, കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനിലപാടുകള്‍ക്കെതിരെയും ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെയുമുള്ള ജനമുന്നേറ്റത്തിന്റേതാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തില്‍നിന്ന് ഒരിക്കലും കുതറിമാറില്ലെന്ന് അവര്‍ വിശ്വസിച്ച മോഡിയുടെ സ്വന്തം ഗുജറാത്തിലാണ്, ആര്‍എസ്എസിന്റെ കാല്‍ച്ചുവട്ടില്‍നിന്ന് മണ്ണ് ഇടതടവില്ലാതെ ഒലിച്ചുപോകുന്നത്്. ആനന്ദിബെന്‍ പട്ടേലിന്റെ രാജികൊണ്ടോ മോഡിയുടെ മനംമയക്കുന്ന തള്ളിപ്പറച്ചില്‍കൊണ്ടോ സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിന് മറയിടാനാകില്ലെന്നു സ്ഥാപിക്കുന്ന അനുഭവമാണത്. ഒപ്പം, സംഘപരിവാറിന്റെ കടന്നുകയറ്റങ്ങള്‍ക്കെതിരായ സമരം മനുഷ്യത്വത്തെ വീണ്ടെടുക്കാനുള്ള സമരംകൂടിയണെന്ന ഓര്‍മപ്പടുത്തലുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top